This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോസൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോസൈറ്റ്

Crocite

ഒരു ക്രോമേറ്റ്ധാതു. ഫോര്‍മുല:PbCrO4. കറുത്തീയത്തിന്റെ (ലെഡ്) അയിരുകള്‍ക്ക് പരിവര്‍ത്തനം സംഭവിച്ചുണ്ടാകുന്ന ഉപധാതുവാണ് ക്രോസൈറ്റ്. 'കുങ്കുമം' എന്നര്‍ഥം വരുന്ന ഗ്രീക് പദത്തില്‍നിന്നാണ് ബേദാങ് എന്ന ശാസ്ത്രജ്ഞന്‍ ക്രോസൈറ്റിന് ഈ പേരു നല്കിയത് (1832). സാധാരണയായി കറുത്തീയത്തിന്റെ കാര്‍ബണേറ്റ്, ടങ്സ്റ്റേറ്റ്, വനഡേറ്റ്, മോളിബ്ഡേറ്റ് തുടങ്ങിയ ധാതുക്കളുമായി കൂട്ടുചേര്‍ന്ന നിലയില്‍ കാണപ്പെടുന്നു. ഓറഞ്ച്, മഞ്ഞ, ചുവപ്പ് തുടങ്ങി ആകര്‍ഷകമായ നിറങ്ങളില്‍ പ്രിസാകാരപരലുകളായി കാണപ്പെടുന്ന ഇവയ്ക്ക് മിനുസമേറി തിളങ്ങുന്ന ഫലകങ്ങളും ഉണ്ടായിരിക്കും. ഒറ്റപ്പെട്ട പരലുകള്‍ ഏകനതാക്ഷങ്ങളാവാം (monoclinal). പൂര്‍ണവളര്‍ച്ച പ്രാപിച്ച പരലുകള്‍ക്കാണ് പ്രിസാകൃതി കൈവരുന്നത്. സംപുഞ്ജിതമോ തരിമയമോ ആയി കാണപ്പെടുന്നതും അസാധാരണമല്ല. ക്രോസൈറ്റ് പരലുകള്‍ക്ക് സ്പഷ്ടമായ വിദളനതലം (cleavage plane) ഉണ്ടായിരിക്കും. കാഠിന്യം: 2.5-3; ആപേക്ഷികഘനത്വം:6. വിവിധരീതിയില്‍ തിളങ്ങുന്ന ക്രോസൈറ്റു പരലുകള്‍ കാചാഭം (vitreous) മുതല്‍ വജ്രാഭം (adamantine) വരെയായി കാണപ്പെടുന്നു. ഓറഞ്ചു നിറത്തിലുള്ള ചൂര്‍ണാഭ (streak) സാധാരണമാണ്. മുഴുത്ത പരലുകള്‍ സുതാര്യങ്ങളായിരിക്കും. വായുവില്‍ തികഞ്ഞ സ്ഥായിത്വം പുലര്‍ത്തുന്ന ക്രോസൈറ്റ് വെള്ളത്തില്‍ ലയിക്കുന്നില്ല.

ഇതിന്റെ കടുത്ത ഓറഞ്ചുനിറമാണ് ഈ പേരിനു കാരണം. വാണിജ്യോപയോഗങ്ങള്‍ ഒന്നുംതന്നെ ക്രോസൈറ്റിനില്ല. ഒരു അപൂര്‍വധാതുവായ ക്രോസൈറ്റ് ഇതിന്റെ ഭംഗി മൂലമാണ് ശേഖരിക്കപ്പെടുന്നത്. ബ്രസീല്‍, ഫിലിപ്പീന്‍സ്, ടാസ്മേനിയ, സിംബാബ്വെ എന്നിവിടങ്ങളില്‍ ക്രോസൈറ്റിന്റെ നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍