This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോസിഡലൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോസിഡലൈറ്റ്

Crocidolite

സോഡിയം അയണ്‍ സിലിക്കേറ്റ് എന്ന സങ്കീര്‍ണധാതു. ഘടന: Na2Fe5 [(OH)Si4O11]2 'നീല ആസ്ബസ്റ്റോസ്' എന്നാണ് സാധാരണയായി അറിയപ്പെടുന്നത്.

ക്രോസിഡലൈറ്റും ആമോസൈറ്റും ആംഫിബോള്‍ ഗ്രൂപ്പിലെ തന്തുരൂപത്തിലുള്ള രണ്ട് ആസ്ബസ്റ്റോസ് വകഭേദങ്ങളാണ്. നീലനിറത്തില്‍ കാണുന്ന ക്രോസിഡലൈറ്റ്, ആംഫിബോള്‍ ധാതുവായ റീബക്കൈറ്റില്‍ നിന്നുരുത്തിരിഞ്ഞ അധികരിച്ച തന്തുരൂപ വകഭേദങ്ങളാണ്. മോണോക്ളിനിക് ക്രിസ്റ്റല്‍ സിസ്റ്റത്തില്‍ രൂപംകൊള്ളുന്ന ഇതിന്റെ ക്രിസ്റ്റലുകള്‍ക്ക് തന്തുസദൃശഘടനയാണുള്ളത്. ലാവന്‍ഡര്‍ നീല മുതല്‍ ലോഹിക നീല വരെയുള്ള വിവിധ നിറഭേദങ്ങളില്‍ ക്രോസിഡലൈറ്റ് കാണപ്പെടുന്നു. പട്ടുപോലെ തിളങ്ങുന്ന ഈ ധാതു പലപ്പോഴും മങ്ങിയതരത്തിലും കാണാറുണ്ട്. മോ സ്കെയില്‍ പ്രകാരം കാഠിന്യം 4; ആപേക്ഷികസാന്ദ്രത 3.2-3.8 (110) തലത്തില്‍ പരിപൂര്‍ണ വിദളനം കാണിക്കുന്നു. സൂക്ഷ്മദര്‍ശിനിക്കു കീഴില്‍ ഇത് ബഹുവര്‍ണത (pleochroism) ഏറെ പ്രതിരോധം പ്രകടമാക്കുന്നു. താരതമ്യേന താഴ്ന്ന താപനിലയില്‍പ്പോലും ക്രോസിഡലൈറ്റ് ഉരുകി ഇരുണ്ട സ്ഫടികരൂപത്തിലാകുന്നതിനാല്‍ ഈ ധാതുവിന് താപപ്രതിരോധം കുറവാണെന്ന് മനസ്സിലാക്കാം. ആസ്ബസ്റ്റോസിന്റെ സാധാരണവകഭേദമായ ക്രൈസോറ്റെലിനെക്കാളുമധികം 'വലിവുബലം' (tensile strength) ക്രോസിഡലൈറ്റ് തന്തുക്കള്‍ക്കുണ്ട്. താരതമ്യേന നീളംകൂടിയ ക്രോസിഡലൈറ്റ് തന്തുക്കള്‍ പലപ്പോഴും അനേകം സെ.മീറ്റളോളം വ്യാപിച്ചുകാണുന്നു. ചില സ്ഥലങ്ങളില്‍ ഒരറ്റത്ത് ക്രോസിഡലൈറ്റും മറ്റേ അറ്റത്ത് ആമോസൈറ്റും ചേര്‍ന്ന തന്തുക്കളും കാണാറുണ്ട്. ഇവയ്ക്ക് 'ഡബ്ലറ്റ്സ്' എന്നാണു പേര്‍.

സ്ഥാനീയകായാന്തരണ പ്രക്രിയ (regional metamorphism)യുടെ ഒരുത്പന്നമാണ് ക്രോസിഡലൈറ്റ്. സിലിക്കാമയ-അയോമയ അവസാദങ്ങളുടെ (sileceous-ferrugineous sediments) രൂപാന്തരങ്ങളിലാണ് ഈ ധാതു കാണപ്പെടുന്നത്. അവസാദങ്ങളടിഞ്ഞുകൂടിയതിനു ശേഷം മിതമായ താപ-മര്‍ദാവസ്ഥയില്‍ റീബക്കൈറ്റ് എന്ന ആംഫിബോള്‍ ധാതുവിന്റെ രൂപത്തിലാണ് ക്രോസിഡലൈറ്റ് ക്രിസ്റ്റലീകരണത്തിന്റെ പ്രാരംഭം. തുടര്‍ന്നുള്ള അപരൂപണ പ്രതിബലത്തില്‍ (shearing stress) റീബക്കൈറ്റ് പരലുകള്‍ക്കുണ്ടാകുന്ന അസ്ഥിരതയുടെ ഫലമായി റീബക്കൈറ്റ് തന്തുരൂപത്തിലുള്ള ക്രോസിഡലൈറ്റായി രൂപാന്തരപ്പെടുന്നു. ആല്‍ക്കലി ഗ്രാനൈറ്റുകള്‍, സയനൈറ്റുകള്‍ തുടങ്ങിയ ചില ആഗ്നേയ ശിലകളില്‍ ഒരു അഭികാമ്യധാതുവായും accessory mineral) ഇതു കാണാറുണ്ട്. ഇവിടെ ഇത് റീബക്കൈറ്റിന്റെ സ്ഥാനത്താണ് കാണുക.

നിക്ഷേപങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് തെക്കേ ആഫ്രിക്കയിലുള്ളവയാണ്. ഇവിടെ ഇത് 7.5 സെ.മീ. വരെ വിസ്തൃതമായ ക്രോസ്-തന്തുസിരകളായി അയണ്‍ സ്റ്റോണില്‍ കാണപ്പെടുന്നു. പശ്ചിമ ആസ്റ്റ്രേലിയയിലും ബൊളീവിയയിലും ഈ ധാതു ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍, മൈസൂറിലെ ചിക്കമംഗളൂരിലുള്ള ബാബാബൂദാന്‍ കുന്നുകളില്‍ വ്യാപകമായ ക്രോസിഡലൈറ്റ് നിക്ഷേപങ്ങള്‍ അടുത്തകാലത്തു കണ്ടെത്തുകയുണ്ടായി. ഇവിടെ ബാന്‍ഡഡ് അയണ്‍ സ്റ്റോണുകളിലും ഷെയിലുകളിലും ആമോസൈറ്റും ക്രോസിഡലൈറ്റും കാണപ്പെടുന്നു.

ക്രോസിഡലൈറ്റിന്റെ ക്രോസ്തന്തുക്കള്‍ ക്വാര്‍ട്സിനാല്‍ ആദേശം ചെയ്യപ്പെടുമ്പോള്‍ ഷാറ്റ്വായന്‍ (chatoyant) എന്ന അര്‍ധ-അമൂല്യരത്നം രൂപംകൊള്ളുന്നു. 'കൂഴാങ്കല്ല്' (Tiger's eye), 'ഹോക്സ് ഐ' (Hawk's eye) എന്നീ പേരുകളില്‍ ഇതു പ്രസിദ്ധമാണ്.

ഉപയോഗങ്ങള്‍. നീളമേറിയ തന്തുക്കളെ നൂലാക്കിയെടുത്ത്, പരുത്തി, ഗ്ലാസ്വൂള്‍, കോപ്പര്‍വയര്‍ തുടങ്ങിയ മറ്റു തന്തുപദാര്‍ഥങ്ങളോടൊപ്പമോ അല്ലാതെയോ തുണിനെയ്യുന്നതിന് ഉപയോഗിക്കാറുണ്ട്. ബ്രേക്ക് ലൈനിങ്, ബലമേറിയ പാക്കിങ്, ഗാസ്കറ്റുകള്‍, വൈദ്യുത-അവാഹി പദാര്‍ഥങ്ങള്‍ (electrical insulating materials), സുരക്ഷാവസ്ത്രങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും ക്രോസിഡലൈറ്റ് ഉപയോഗിക്കുന്നു. ഇടത്തരവും നീളം കുറഞ്ഞതുമായ ക്രോസിഡലൈറ്റ് തന്തുക്കളെ, ആസ്ബസ്റ്റോസ് തകിടുകള്‍, ലോഹപാളികളുടെ അരികുകള്‍, കുഴല്‍, തറയോടുകള്‍, ഗാസ്കറ്റ്, കടലാസ് എന്നിവയുടെ നിര്‍മാണത്തിലും താപ ആവാഹികളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും ആസ്ഫാള്‍ട്ട്, പ്ലാസ്റ്റിക്, പെയിന്റ്, ഗ്രീസുകള്‍ എന്നിവയില്‍ ഫില്ലറുകളായും ഉപയോഗിക്കുന്നുണ്ട്.

(ഡോ. എം. സന്തോഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍