This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോസസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോസസ്

Croesus (ഭ.കാ. ബി.സി. 560- ̨546)

ലിഡിയയിലെ അവസാനത്തെ രാജാവ്. മേംനാഡ് രാജവംശത്തിലെ അവസാനത്തെ അംഗമായിരുന്ന ഇദ്ദേഹത്തിന്റെ ഭരണകാലം ബി.സി. 560-546 ആയിരുന്നെന്നു ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. തന്റെ പിതാവായ അലിയാറ്റസ് രാജാവ് തുടങ്ങിവച്ച അയോണിയ ആക്രമണം ക്രോസസ് വിജയകരമായി അവസാനിപ്പിച്ചു. ഇതോടെ ക്രോസസിന്റെ സാമ്രാജ്യാതിര്‍ത്തി ഹാലിസ് നദിവരെ വ്യാപിച്ചു. ഇദ്ദേഹത്തിന്റെ അളവറ്റ ധനം മുഴുവനും, ലിഡിയ, ക്രോസസ്സിന്റെ കാലത്തു നേടിയ വാണിജ്യപരമായ നേട്ടത്തിന്റെ പ്രതീകമാണ്.

മഹാനായ സൈറസ് ചക്രവര്‍ത്തി ലിഡിയ സാമ്രാജ്യം ആക്രമിച്ചു കീഴടക്കിയപ്പോള്‍ (ബി.സി. 549) ക്രോസസ് സൈറസ്സിനെ എതിര്‍ക്കാന്‍ തീര്‍ച്ചപ്പെടുത്തി. അതിനായി ക്രോസസ് ബാബിലോണ്‍, ഈജിപ്ത്, സ്പാര്‍ട്ട എന്നീ രാജ്യങ്ങളുമായി സഖ്യത്തിലേര്‍പ്പെട്ടു. ഡല്‍ഫിയിലെ പ്രസിദ്ധമായ 'ഓറക്കിള്‍'(Oracle) അനുസരിച്ച് ക്രോസസ് കപ്പഡേഷ്യ ആക്രമിച്ചുകൊണ്ട് സൈറസ്സിനെ വെല്ലുവിളിച്ചു. നിഷ്ഫലമായ ഒരു യുദ്ധത്തിനുശേഷം പോഷക സൈന്യങ്ങള്‍ക്കായി ക്രോസസ് തലസ്ഥാനമായ സാര്‍ഡിസ് (Sardis) പട്ടണത്തിലേക്കു മടങ്ങി. ഇവിടെയെത്തിയ ക്രോസസ്സിനെ സൈറസ് ഓര്‍ക്കാപ്പുറത്താക്രമിച്ചു കീഴടക്കി തടവുകാരനാക്കി (ബി.സി. 546).

ക്രോസസ്സിന്റെ പില്ക്കാല ചരിത്രം ഹെറോഡോട്ടസ് പ്രസ്താവിക്കുന്നുണ്ടെങ്കിലും അതിന്റെ സത്യാവസ്ഥ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ക്രോസസ്സിനെ ജീവനോടെ ദഹിപ്പിക്കുന്നതിനാണ് സൈറസ് വിധിച്ചതെന്നു ഹെറോഡോട്ടസ് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ പിന്നീട് ക്രോസസ്സിനെ ശിക്ഷയില്‍നിന്ന് വിമുക്തമാക്കി തന്റെ സുഹൃത്തായി അംഗീകരിച്ചുവെന്നും ഹെറോഡോട്ടസ് തുടര്‍ന്നു രേഖപ്പെടുത്തുന്നു.

എന്നാല്‍ മറ്റൊരു വാദമനുസരിച്ച് ക്രോസസ് തടവില്‍ പിടിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനുവേണ്ടി സ്വന്തം ചിത ഒരുക്കി മരിച്ചുവെന്നതാണ് ദ് ഗ്രേറ്റ് പേര്‍ഷ്യന്‍സ് (The Great Persians)എന്ന കൃതിയില്‍ ജി.ബി. ഗ്രണ്ടി രേഖപ്പെടുത്തിയിരിക്കുന്നത്. ക്രോസസ്സിന്റെ വധശിക്ഷയ്ക്കു വിധിക്കാതെ സൈറസ് ഒരു പ്രവിശ്യാധികാരിയായി അവരോധിക്കുകയാണു ചെയ്തതെന്ന് മറ്റൊരഭിപ്രായവും നിലവിലുണ്ട്.

(ഡോ. എ.ജി. മേനോന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B8%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍