This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോമിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോമിയം

ഒരു ലോഹം. അറ്റോമിക സംഖ്യ 24; അറ്റോമിക ഭാരം 51.996. ആവര്‍ത്തനപ്പട്ടികയില്‍ ഗ്രൂപ്പ് VI-ല്‍ മോളിബ്ഡിനം, ടങ്സ്റ്റണ്‍ എന്നീ മൂലകങ്ങളുടെ കൂടെയാണ് ക്രോമിയത്തിന്റെ സ്ഥാനം. അറ്റോമിക ഭാരം 50, 52, 53, 54 എന്നിവയുള്ള ഐസോടോപ്പുകള്‍ സ്ഥിരതയുള്ളവയാണ്.

നീല കലര്‍ന്ന വെള്ളനിറമുള്ള ഈ ലോഹം കടുപ്പമേറിയതാണ്. ക്രിസ്റ്റലുകള്‍ക്ക് ക്യൂബിക ആകൃതിയാണ്. പ്രധാന സ്രോതസ് ക്രോമൈറ്റ് ആണ്. ഇലക്ട്രോപ്ലേറ്റിങ്ങിനും കൂട്ടുലോഹങ്ങളുടെ നിര്‍മാണത്തിനും ഇത് ഉപയോഗിക്കുന്നു.

സൈബീരിയയില്‍ നിന്നു കിട്ടിയ ക്രോകോയ്സൈറ്റി (crocoisite, ലെഡ് ക്രോമേറ്റ്)നെപ്പറ്റി 1762-ല്‍ ലെഹ്മാന്‍ (Lehman) വിവരിച്ചിട്ടുണ്ട്. 1798-ല്‍ ക്രോകോയ് സൈറ്റില്‍ ക്രോമിയം ഉള്ളതായി എല്‍.എല്‍. വാക്വെലിന്‍ (L.N. Vauquelin) കണ്ടെത്തി. ക്രോമാ-കോളാര്‍ (Chroma-Colar) എന്ന ഗ്രീക് വാക്കില്‍നിന്നാണ് പേരിന്റെ ഉദ്ഭവം. ക്രോമിയം ട്രൈഓക്സൈഡ് കാര്‍ബണ്‍ ചേര്‍ത്തു ചൂടാക്കിയാണ് ആദ്യം ക്രോമിയം വേര്‍തിരിച്ചെടുത്തത്. 1854-ല്‍ ക്രോമസ്-ക്ലോറൈഡ് ലായനിയുടെ വൈദ്യുതവിശ്ലേഷണം വഴി ശുദ്ധമായ ക്രോമിയം വേര്‍തിരിക്കപ്പെട്ടു. ഗോള്‍ഡ്സ്മിറ്റ് 1898-ല്‍ അലുമിനോ തെര്‍മൈറ്റ് പ്രക്രിയ ഉപയോഗിച്ചും Cr2O3 + 2Al → Al2O3 + 2Cr. ഉരുകല്‍നില 1900 ± 10oC; തിളനില 2400oC; ആപേക്ഷിക ഘനത്വം 6.92-7.14. അയോണീകരണ പൊട്ടന്‍ഷ്യല്‍ 6.74 ഇലക്ട്രോണ്‍ വോള്‍ട്ട്.

ഗുണധര്‍മങ്ങള്‍. ഏറെ സ്ഥിരതയുള്ള ലോഹമാണ് ക്രോമിയം. അന്തരീക്ഷവായുവിലെ ഘടകങ്ങളുമായി പ്രതിപ്രവര്‍ത്തനമൊന്നുമില്ല. ഈര്‍പ്പം നിറഞ്ഞ വായുവില്‍ ഓക്സീകരിക്കപ്പെടുന്നില്ല. എന്നാല്‍ ശക്തമായി ചൂടാക്കിയാല്‍ ഓക്സീകരിക്കപ്പെടും.

4Cr + 3O2 → 2Cr2O3

നൈട്രജന്‍, കാര്‍ബണ്‍, സിലിക്കണ്‍, ബോറോണ്‍ എന്നീ മൂലകങ്ങളുമായി കൂടിച്ചേര്‍ന്ന് യൗഗികങ്ങള്‍ ഉണ്ടാകുന്നു.

നേര്‍ത്ത അമ്ലങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് ക്രോമിയം ലവണങ്ങളുണ്ടാകുന്നു. നേര്‍ത്ത ഹൈഡ്രോക്ലോറിക് അമ്ലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഹൈഡ്രജന്‍ പുറത്തുവരുന്നു.

Cr + 2HCl → CrCl2 + H2

ക്രോമസ് ക്ലോറൈഡിന്റെ നീല ലായനിയാണ് കിട്ടുന്നത്. ഈ ലായനി പതുക്കെ വായുവിലെ ഓക്സിജനെ ആഗിരണം ചെയ്ത് പച്ച ക്രോമിക് ക്ലോറൈഡ് ലവണലായനിയായി മാറുകയും ചെയ്യും. ഗാഢ അമ്ലങ്ങളുമായും പ്രതിപ്രവര്‍ത്തിക്കും. ഹൈഡ്രോക്ലോറിക് അമ്ലവുമായി ചേര്‍ന്ന് ക്ലോറൈഡും സള്‍ഫ്യൂറിക് അമ്ലവുമായി ചേര്‍ന്ന് സള്‍ഫേറ്റുമാണ് ഉണ്ടാകുന്നത്. നൈട്രിക് അമ്ലവുമായുള്ള പ്രവര്‍ത്തനം വ്യത്യസ്തമാണ്. ഒരു കഷണം ക്രോമിയം ഗാഢ നൈട്രിക് അമ്ലത്തില്‍ മുക്കിനോക്കിയാല്‍ പ്രതിപ്രവര്‍ത്തനമൊന്നും നടക്കുന്നില്ലെന്നു കാണാം. ഈ കഷണം പിന്നീട് നേര്‍ത്ത ഹൈഡ്രോക്ലോറിക് അമ്ലത്തിലോ മറ്റ് അമ്ലങ്ങളിലോ ഇട്ടാലും രാസപ്രവര്‍ത്തനം നടക്കുകയില്ല. ക്രോമിയത്തിന് ഉദാസീനത (Passivity) കൈവന്നതാണ് കാരണം. ഗാഢ നൈട്രിക് അമ്ലം ക്രോമിയത്തെ ഓക്സീകരിക്കും. അങ്ങനെയുണ്ടാകുന്ന ഓക്സൈഡിന്റെ പാട ലോഹത്തെയാകെ പൊതിയുന്നു. ബാക്കിയുള്ള ലോഹത്തെ രാസപ്രവര്‍ത്തനത്തില്‍ നിന്നു തടയാന്‍ ഈ സംരക്ഷകപാടയ്ക്ക് കഴിയുന്നു. ഇതാണ് ഉദാസീനതയ്ക്കു കാരണം.

ക്രോമിയം ലവണങ്ങള്‍ക്ക് നിറമുണ്ട്. അവ ബോറാക്സ്ബീഡ് പരീക്ഷണത്തില്‍ നീലനിറത്തിലുള്ള ഒരു ബീഡ് (bead) തരുന്നു.

പ്രധാനമായും മൂന്ന് ഓക്സീകരണ അവസ്ഥകളാണ് ക്രോമിയം പ്രദര്‍ശിപ്പിക്കുന്നത്: +2, +3, +6 എന്നിവ. ഇവയില്‍ ആദ്യത്തേത് നീലക്രോമസ് ലവണങ്ങള്‍ തരുന്നു. മിക്ക ക്രോമസ് ലവണങ്ങളും ജലലായനിയില്‍ അസ്ഥിരമാണ്. അന്തരീക്ഷ ഓക്സിജന്‍ ഇതിനെ ഓക്സീകരിച്ച് പല ക്രോമിക് ലവണങ്ങളാക്കുന്നു. ക്രോമസ് ഓക്സൈഡിന്റെ അവസ്ഥയും ഇതുതന്നെയാണ്. അത് എളുപ്പം ഓക്സീകരിക്കപ്പെട്ട് ക്രോമിക് ഓക്സൈഡായി മാറും. ഇക്കാരണത്താല്‍ ക്രോമസ് ലവണങ്ങള്‍ നിരോക്സീകാരകങ്ങളാണ്.

ക്രോമിയം ലവണങ്ങള്‍ പൊട്ടാസ്യം നൈട്രേറ്റ് ചേര്‍ത്തു ചൂടാക്കിയാല്‍ മഞ്ഞ പൊട്ടാസ്യം ക്രോമേറ്റാകുന്നു. ഇവിടെ ഓക്സീകരണ അവസ്ഥ +6 ആണ്. എല്ലാ ക്രോമിയം ലവണങ്ങളും സോഡിയം പെറോക്സൈഡ് ചേര്‍ത്തു ചൂടാക്കിയാല്‍ മഞ്ഞ സോഡിയം ക്രോമേറ്റാകും. ക്രോമിയത്തിന്റെ ജലലായനികളെയും സോഡിയം പെറോക്സൈഡ് ചേര്‍ത്തു ചൂടാക്കി സോഡിയം ക്രോമേറ്റാക്കാം. ഒരു ക്രോമേറ്റു ലായനിയില്‍ അല്പം ഹൈഡ്രജന്‍ പെറോക്സൈഡും കുറച്ച് ഈഥറും ചേര്‍ത്തു കുലുക്കുക. മീതെയുളള ഈഥര്‍ സ്തരത്തിനു നീലനിറം കിട്ടും. ഇതു ക്രോമിയത്തിനുള്ള ഒരു പരീക്ഷണമാണ്.

മഞ്ഞ ക്രോമേറ്റു ലായനികളിലേക്ക് ഏതെങ്കിലും ലെഡ് ലവണലായനി ചേര്‍ത്താല്‍ ഒരു മഞ്ഞ അവക്ഷിപ്തം കിട്ടും. ഇത് ലെഡ് ക്രോമേറ്റാണ്. ക്രോമിയത്തിന്റെ പരിമാണാത്മകനിര്‍ണയം താഴെപ്പറയുന്നതുപോലെ ചെയ്യാം.

ക്രോമിയം സാമ്പിളിനെ സോഡിയം പെറോക്സൈഡ് ചേര്‍ത്ത് ഓക്സീകരിക്കുക. അധികമുള്ള പെറോക്സൈഡ് തിളപ്പിച്ചു കളഞ്ഞശേഷം ആസിഡ് ചേര്‍ത്ത് അയൊഡിനും തയോസള്‍ഫേറ്റും ഉപയോഗിച്ചോ ഫെറസ് സള്‍ഫേറ്റും പെര്‍മാങ്ഗനേറ്റും ഉപയോഗിച്ചോ വ്യാപ്തമാപന നിര്‍ണയം നടത്താം. സോഡിയം ക്രോമേറ്റിനെ ലെഡ്ക്രോമേറ്റാക്കി ഭാരമാപന നിര്‍ണയവും നടത്താവുന്നതാണ്.

ഉപസ്ഥിതി. ക്രോമിയം സ്വതന്ത്രാവസ്ഥയില്‍ കണ്ടുവരുന്നില്ല. എന്നാല്‍ ഇത് ധാരാളമായി വ്യാപിച്ചു കിടക്കുന്നുണ്ട്. പുഷ്യരാഗ (Ruby)ത്തിന് ചുവപ്പും മരതകത്തിന് പച്ചയും മറ്റു ചില ഖനിജങ്ങള്‍ക്ക് അവയുടെ നിറവും ഉള്ളത് ക്രോമിയം ഓക്സൈഡ് അവയില്‍ അടങ്ങിയിട്ടുള്ളതുകൊണ്ടാണ്.

ക്രോമൈറ്റ്. ക്രോമിയത്തിന്റെ വാണിജ്യപ്രധാനമായ ഏകസ്രോതസ്സാണ് ക്രോമൈറ്റ് (FeO, Cr2, O3). റൊഡേഷ്യ, ഫിലിപ്പീന്‍സ്, റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇന്ത്യ, ക്യൂബ എന്നിവിടങ്ങളില്‍നിന്ന് ഇത് കുഴിച്ചെടുക്കുന്നു. ക്രോമിയത്തിന്റെ അളവനുസരിച്ച് ക്രോമൈറ്റ് അയിരിനെ വിവിധ ഗഡുക്കളായി തിരിച്ചിട്ടുണ്ട്.

നിഷ്കര്‍ഷണം. ക്രോമിയം അയിരില്‍ നിന്നു ലോഹം വേര്‍തിരിച്ചെടുക്കുന്നതിന് പ്രധാനമായും മൂന്നു മാര്‍ഗങ്ങളുണ്ട്. ഒന്ന് സിലിക്കോ-തെര്‍മൈറ്റ് പ്രക്രിയയാണ്. ക്രോമൈറ്റില്‍ നിന്ന് ക്രോമിയം ഓക്സൈഡ് വേര്‍പെടുത്തിയെടുക്കുന്നു. ക്രോമിയം ഓക്സൈഡും സിലിക്കണും ചേര്‍ത്തു ചൂടാക്കിയാണ് ഇതു സാധിക്കുന്നത്.

2Cr2 O3 + 3Si → 4Cr + 3Si O2

അലുമിനോ-തെര്‍മൈറ്റ് പ്രക്രിയയാണ് മറ്റൊന്ന്. ക്രോമിയം ഓക്സൈഡും അലുമിനിയവും ചേര്‍ത്തു ചൂടാക്കി ക്രോമിയം ഉണ്ടാക്കുന്നു.

Cr2O3 + 2Al → 2Cr + Al2O3

വിദ്യുത്-അപഘടനംവഴിയും ലോഹം നിര്‍മിച്ചെടുക്കാം. തുടക്കവസ്തു ക്രോമിയം ഓക്സൈഡു തന്നെ. ക്രോമിയം സള്‍ഫേറ്റില്‍ ക്രോമിയം ഓക്സൈഡു ലയിപ്പിച്ച ലായനിയാണ് ഇലക്ട്രോലൈറ്റ്. ലെഡ് ആനോഡുകളാണ് വൈദ്യുത വിശ്ലേഷണത്തിന് ഉപയോഗിക്കുന്നത്. ഈ രീതിയിലാണ് പ്രധാനമായും ഇലക്ട്രോപ്ലേറ്റിങ് നടത്തുന്നത്.

ക്രോമിയം സംയുക്തങ്ങള്‍. നിരവധി സംയോജകതകള്‍ പ്രദര്‍ശിപ്പിക്കുന്ന മൂലകമാണ് ക്രോമിയം. പല ഓക്സീകരണ അവസ്ഥകളിലുള്ള സംയുക്തങ്ങള്‍ അതിനു സാധ്യമാണ്. ഇവയില്‍ പ്രധാനം +2, +3, +6 എന്നീ ഓക്സീകരണ അവസ്ഥകളാണ്. +2 യൗഗികങ്ങള്‍ നിരോക്സീകാരികളും +6 യൗഗികങ്ങള്‍ ഓക്സീകാരികളുമാണ്.

ക്രോമസ് സംയുക്തങ്ങള്‍ (Cr2+). ഇവ താരതമ്യേന അസ്ഥിരമാണ്. ഫെറസ് യൗഗികങ്ങളോടാണ് ഇവയ്ക്ക് കൂടുതല്‍ സാമ്യം. അന്തരീക്ഷവായുവില്‍ ഇവ എളുപ്പം ഓക്സീകരിക്കപ്പെട്ട് ക്രോമിക് (Cr3+) യൗഗികങ്ങളാവുന്നു. ക്രോമസ് യൗഗികങ്ങളുടെ നിറം നീലയാണ്. നീല ക്രോമസ് ക്ലോറൈഡു ലായനി വെറുതെ വച്ചിരുന്നാല്‍ അതു പതുക്കെ പച്ച ക്രോമിക് ലവണലായനിയാകുന്നതു കാണാം. ക്രോമിക് ലവണങ്ങളുടെ നിരോക്സീകരണം വഴിയാണ് ക്രോമസ് ലവണങ്ങള്‍ നിര്‍മിക്കുന്നത്.

ക്രോമിക് സംയുക്തങ്ങള്‍. ഇവയാണ് ക്രോമിയത്തിന്റെ പ്രധാന ലവണങ്ങള്‍. ക്രോമിയം ഹൈഡ്രോക്സൈഡി(Cr(OH)3)ന്റെ ലവണങ്ങളാണ് ക്രോമിക് ലവണങ്ങള്‍.

Cr(OH)3 + 3HCl → CrCl3 + 3H2O

പക്ഷേ ക്രോമിയം ഹൈഡ്രോക്സൈഡിന് ഉഭയധര്‍മിസ്വഭാവമാണുള്ളത്. അമ്ലത്തില്‍ ലയിച്ചു ലവണങ്ങള്‍ തരുന്നതുപോലെ അത് ആല്‍ക്കലിയില്‍ ലയിച്ച് ക്രോമൈറ്റുകള്‍ തരുന്നു. ഇത് സോഡിയം പെറോക്സൈഡോ ഹൈഡ്രജന്‍ പെറോക്സൈഡോ പോലുള്ള ഓക്സീകാരകങ്ങളുടെ സാന്നിധ്യത്തിലാണെങ്കില്‍ കിട്ടുന്നത് ക്രോമേറ്റ് ആണ്; +6 ഓക്സീകരണ അവസ്ഥയിലുള്ള ക്രോമിക് അമ്ലത്തിന്റെ ലവണം.

ക്രോമിയത്തിന് ഗ്രൂപ്പ് VI-ലെ മറ്റു മൂലകങ്ങളെപ്പോലെ ഐസോപോളി അമ്ലങ്ങളും ലവണങ്ങളും ഉണ്ടാക്കാനുള്ള കഴിവുണ്ട്. ഡൈക്രോമേറ്റുകള്‍ അത്തരം യൗഗികങ്ങള്‍ക്ക് ഉദാഹരണമാണ്. അമ്ലമാധ്യമത്തില്‍ ഇതു ഡൈക്രോമേറ്റായും ക്ഷാര മാധ്യമത്തില്‍ ക്രോമേറ്റായും നിലനില്‍ക്കുന്നു. ക്രോമൈല്‍ യൗഗികങ്ങള്‍ മറ്റൊരു തരമാണ്. CrO22+ എന്ന ഗ്രൂപ്പ് അടങ്ങിയിട്ടുള്ളവയാണ് ക്രോമൈല്‍ ക്ലോറൈഡ് തുടങ്ങിയ ക്രോമൈല്‍ യൗഗികങ്ങള്‍. ക്രോമിയം നിരവധി കോംപ്ലക്സുകള്‍ നല്കുന്നു. NH3,CN-, CNS- തുടങ്ങിയ ലിഗാന്‍ഡുകളുമായി ചേര്‍ന്നുള്ള നിരവധി ക്രോമിയം കോംപ്ലക്സുകളുണ്ട്. കോ-ഓര്‍ഡിനേഷന്‍ സംഖ്യ പൊതുവേ ആറ് ആണ്. ഇക്കൂട്ടത്തില്‍പ്പെടുന്ന ഒരു ക്രോമിയം കോംപ്ലക്സാണ് ക്രോമിയം കാര്‍ബൊണൈല്‍ [Cr(CO)6]. നിറമില്ലാത്ത ഒരു ക്രിസ്റ്റലീയ പദാര്‍ഥമായി ഇതു നിര്‍മിച്ചെടുക്കാവുന്നതാണ്.

ഓക്സൈഡുകള്‍. ക്രോമിയത്തിന്റെ ഓക്സൈഡുകള്‍ ക്രോമിക് ഓക്സൈഡ് Cr2O3, ക്രോമിക് ആന്‍ ഹൈഡ്രൈഡ് CrO3 എന്നിവയാണ്. ക്രോം അയേണ്‍ അയിരില്‍നിന്നോ ക്രോമിയം യൗഗികങ്ങള്‍ ചൂടാക്കിയോ ക്രോമിക് ഓക്സൈഡുണ്ടാക്കാം.

Na2Cr2O7 + S → Na2SO4 + Cr2O3

ഇത് ഒരു പച്ച വര്‍ണവസ്തുവായി ഉപയോഗിക്കുന്നു. അമ്ലങ്ങളിലും ക്ഷാരങ്ങളിലും ലയിക്കുന്ന ഒരു ഉഭയധര്‍മി പദാര്‍ഥമായ CrO3 ക്രോമിക് അമ്ലം എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്റെ നിറം ചുവപ്പാണ്. ഡൈക്രോമേറ്റും സാന്ദ്ര സള്‍ഫ്യൂറിക് അമ്ലവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം കൊണ്ടാണ് ഇതുണ്ടാകുന്നത്.

Na2Cr2O7 + 2H2SO4 → 2NaHSO4 + 2CrO3 + H2O

ക്രോമിയം പ്ലേറ്റിങ്ങിലും കാര്‍ബണികസംശ്ലേഷണത്തിലും ഇതുപയോഗിക്കുന്നു.

ക്രോമിയം ക്ലോറൈഡുകള്‍. പ്രധാനപ്പെട്ടത് ക്രോമിക് ക്ലോറൈഡാണ്. ക്രോമിക് ഓക്സൈഡും കാര്‍ബണും ചേര്‍ത്ത് ക്ലോറിനില്‍ ചൂടാക്കി നിര്‍മിക്കാം.

Cr2O3 + 3C + 3Cl2 → 2CrCl3 + 3CO

ക്രോമിക് ക്ലോറൈഡിന്റെ ജലലേയത്വം വളരെ കുറവാണ്. നിരവധി ജലയോജിത ലവണങ്ങള്‍ ലഭ്യമാണ്.

പച്ച ക്രോമിക് ക്ലോറൈഡിനെ നിരോക്സീകരിച്ചാല്‍ നീല ക്രോമസ് ക്ലോറൈഡുണ്ടാക്കാം. ഇതു തീരെ അസ്ഥിരമാണ്.

ക്രോമിയത്തിന്റെ മറ്റൊരു ക്ലോറൈഡാണ് ക്രോമൈല്‍ ക്ലോറൈഡ്. ഏതെങ്കിലും ക്രോമേറ്റ് അഥവാ ഡൈക്രോമേറ്റ്, സാന്ദ്ര സള്‍ഫ്യൂറിക്കമ്ളവും സോഡിയം ക്ലോറൈഡും ചേര്‍ത്തു ചൂടാക്കുമ്പോള്‍ ക്രോംമൈല്‍ ക്ലോറൈഡ് ബാഷ്പമുണ്ടാകുന്നു. ഇതു തണുത്താല്‍ കടുംചുവപ്പു ദ്രാവകംകിട്ടും.

ക്രോമേറ്റുകള്‍ വളരെ പ്രധാനപ്പെട്ട യൗഗികങ്ങളാണ് ക്രോമേറ്റുകളും ഡൈക്രോമേറ്റുകളും. ക്രോം മഞ്ഞ എന്നറിയപ്പെടുന്ന ലെഡ്ക്രോമേറ്റ് ഒരു മഞ്ഞ വര്‍ണവസ്തുവായി (crocoite) ഉപയോഗിക്കുന്നു. ഏതെങ്കിലും ക്രോമിയം ലവണമോ ക്രോമിയം ഓക്സൈഡോ സോഡിയം പെറോക്സൈഡുപയോഗിച്ച് ഓക്സീകരിച്ചാല്‍ സോഡിയം ക്രോമേറ്റ് കിട്ടും. സോഡിയം ക്രോമേറ്റിന്റെ മഞ്ഞ ലായനിയില്‍ പൊട്ടാസ്യം ക്ലോറൈഡ് ചേര്‍ത്താണ് പൊട്ടാസ്യം ക്രോമേറ്റ് ഉണ്ടാക്കുന്നത്. കൂടാതെ അമോണിയം ക്രോമേറ്റ്, ബേരിയം ക്രോമേറ്റ്, സില്‍വര്‍ ക്രോമേറ്റ് എന്നിവയും പ്രധാനപ്പെട്ട ക്രോമേറ്റുകളാണ്.

ക്രോമേറ്റുകളില്‍ അമ്ലം ചേര്‍ത്ത് എളുപ്പം ഡൈക്രോമേറ്റുകളുണ്ടാക്കാം. പൊട്ടാസ്യം ഡൈക്രോമേറ്റ് (K2Cr2O7) രസതന്ത്രപരീക്ഷണശാലയില്‍ വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ്. പ്രധാനപ്പെട്ട മറ്റൊന്നാണ് അമോണിയം ഡൈ ക്രോമേറ്റ്. ഇതു ചൂടാക്കിയാല്‍ ക്രോമിയം ഓക്സൈഡായി മാറും. പ്രതിപ്രവര്‍ത്തനം അഗ്നിപര്‍വതസ്ഫോടനത്തോടു സാദൃശ്യമുള്ളതാണ്.

(NH4)2Cr2O7 → N2 + Cr2O3 + 4H2O

അമോണിയം ഡൈക്രോമേറ്റും അമോണിയം തയോസയനേറ്റും ചേര്‍ന്നു കിട്ടുന്ന കടുംചുവപ്പു ക്രിസ്റ്റലാണ് റൈനെക്കെ ലവണം (Reinecke salt).

(NH4)2 [Cr(NH3)2(SCN)4] H2O

സള്‍ഫേറ്റ് ക്രോമിയം സള്‍ഫേറ്റ് നിരവധി ആലങ്ങള്‍ തരുന്നു. അമോണിയം സള്‍ഫേറ്റും ക്രോമിയം സള്‍ഫേറ്റും അടങ്ങുന്ന അമോണിയം ക്രോമിയം ആലം (പച്ച), പൊട്ടാസ്യം സള്‍ഫേറ്റും ക്രോമിയം സള്‍ഫേറ്റുമടങ്ങുന്ന പൊട്ടാസ്യം ക്രോം ആലം (വയലറ്റ്) എന്നിവയാണ് പ്രധാനം. പൊട്ടാസ്യം ഡൈ ക്രോമേറ്റിനെ സള്‍ഫര്‍ ഡൈ ഓക്സൈഡുപയോഗിച്ച് നിരോക്സീകരിച്ച് പൊട്ടാസ്യം ക്രോം ആലം (K2SO4 Cr2 (SO4)3 24 H2O) ഉണ്ടാക്കാം. അതുപോലെതന്നെ അമോണിയം ഡൈ ക്രോമേറ്റില്‍ നിന്ന് അമോണിയം ക്രോം ആലവും നിര്‍മിക്കാം. ഈ ആലങ്ങളെല്ലാം ക്രോമിയം സള്‍ഫേറ്റിന്റെ [Cr2 (SO4)3]  ഇരട്ട ലവണങ്ങളാണ്.

ഉപയോഗങ്ങള്‍. ക്രോമിയം ലോഹം ഇലക്ട്രോപ്ലേറ്റിങ്ങിനും കൂട്ടുലോഹങ്ങളുടെ നിര്‍മാണത്തിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പല ക്രോമിയം ലവണങ്ങളും വര്‍ണകങ്ങളാണ്.

കൂട്ടുലോഹങ്ങള്‍. ക്രോമിയത്തിന്റെ ഏറ്റവും പ്രധാന കൂട്ടുലോഹം ഫെറോക്രോം ആണ്; ക്രോമിയം സ്റ്റീലുകളുടെയെല്ലാം തുടക്കവസ്തു. ക്രോം അയേണ്‍ അയിര് (ക്രോമൈറ്റ്) കരി ചേര്‍ത്ത് നിരോക്സീകരിച്ചാണ് ഫെറോക്രോം ഉണ്ടാക്കുന്നത്. ഇത് ഇരുമ്പുമായി ചേര്‍ത്ത് പറ്റിയ അനുപാതം ക്രോമിയമടങ്ങിയിട്ടുള്ള ക്രോമിയം സ്റ്റീലുകളുണ്ടാക്കുന്നു. ഗ്യാസ് ടര്‍ബൈനുകള്‍, ഓയില്‍ റിഫൈനറി ഉപകരണങ്ങള്‍, സ്റ്റീം വാല്‍വുകള്‍ എന്നിവയുടെ നിര്‍മാണത്തിന് ക്രോമിയം സ്റ്റീലുകള്‍ ഉപയോഗിക്കുന്നു. കോബാള്‍ട്ടും ക്രോമിയവും ചേര്‍ത്ത് നിരവധി കൂട്ടുലോഹങ്ങള്‍ സാധ്യമാണ്. ഇവയ്ക്ക് അമ്ല പ്രതിരോധശേഷിയുണ്ട്. ടങ്സ്റ്റണ്‍, മോളിബ്ഡിനം എന്നിവയുമായി ചേര്‍ത്തും ക്രോമിയം കൂട്ടുലോഹങ്ങളുണ്ടാക്കുന്നു. ഇത്തരം കൂട്ടുലോഹങ്ങള്‍ക്കു കടുപ്പം കൂടുതലാണ് എന്ന മെച്ചമുണ്ട്.

വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ക്രോമിയം കൂട്ടുലോഹമാണ് നിക്രോം. ക്രോമിയവും നിക്കലുമാണ് ഇതിലെ പ്രധാനഘടകങ്ങള്‍. 65 ശതമാനം നിക്കല്‍, 15-20 ശതമാനം ക്രോമിയം, ബാക്കി ഇരുമ്പ് എന്ന അനുപാതത്തിലുള്ള നിക്രോമിനു വളരെ ഉയര്‍ന്ന താപ പ്രതിരോധശക്തിയും വൈദ്യുത പ്രതിരോധവുമുണ്ട്. വൈദ്യുത അടുപ്പുകളിലും മറ്റും നിക്രോം കമ്പികളാണ് ചൂടാക്കാന്‍ ഉപയോഗിക്കുന്നത്.

ക്രോമിയം ലോഹത്തിന് ഉയര്‍ന്ന ക്ഷാരണ പ്രതിരോധശക്തിയുണ്ട്. ഇത് ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ക്രോമിയം പ്ലേറ്റുചെയ്ത നിരവധി നിത്യോപയോഗ വസ്തുക്കള്‍ വിപണിയിലെത്തുന്നത്. കാഴ്ചയില്‍ തിളങ്ങുന്നവയും തുരുമ്പു പിടിക്കാത്തവയുമായ ക്രോമിയം പൂശിയ സ്റ്റീല്‍ ഉപകരണങ്ങള്‍, വാച്ചുകള്‍ എന്നിവ ഉദാഹരണങ്ങളാണ്.

ക്രോം അമ്ലങ്ങളും ലവണങ്ങളുമായുള്ള സമ്പര്‍ക്കത്താല്‍ ക്രോമിയം വിഷബാധ ഉണ്ടാകാവുന്നതാണ്. തത്ഫലമായി ത്വക്കിലും മൂക്കിന്റെ പാത്തിയിലും വ്രണങ്ങള്‍ ഉണ്ടാകുന്നു. ത്വക്കിനുള്ളിലേക്കു ഈ രാസപദാര്‍ഥങ്ങള്‍ പ്രവേശിക്കുന്നത് തടയുന്ന ക്രീമുകള്‍ ഉപയോഗിച്ചും ശാരീരിക ശുചിത്വം പാലിച്ചും സുരക്ഷാവസ്ത്രങ്ങള്‍, കൈയുറകള്‍ എന്നിവ ഉപയോഗിച്ചും ഈ വിഷബാധയില്‍നിന്നും രക്ഷനേടാന്‍ സാധിക്കും. നോ. ക്രോം വര്‍ണകം, ക്രോം സ്റ്റീല്‍

(പി.കെ. രവീന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍