This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോണിക്കിള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോണിക്കിള്‍

Chronicle

പ്രധാനചരിത്രസംഭവങ്ങള്‍ കാലാനുക്രമമായി രേഖപ്പെടുത്തല്‍. ഒരു പ്രത്യേക ഉദ്ദേശ്യമോ ചര്‍ച്ചയോ ഇല്ലാതെ രേഖപ്പെടുത്തുന്നതുകൊണ്ട് ക്രോണിക്കിള്‍ ചരിത്രത്തില്‍ നിന്നു വ്യത്യസ്തമാണ് ധഹിസ്റ്റോറിയ (ചരിത്രം) എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം അന്വേഷണം എന്നാണ്പ. ചരിത്രം മനുഷ്യപ്രവര്‍ത്തനങ്ങളെ വിവരിക്കുക മാത്രമല്ല, അവയെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. എന്നാല്‍ വളരെക്കുറച്ചു ക്രോണിക്കുകള്‍ മാത്രമാണ് ഈ പ്രവണത ഉപേക്ഷിച്ചിട്ടുള്ളത്. ആദ്യകാലം മുതല്‍ക്കുതന്നെ ഒരു രാജകുടുംബത്തെയോ മതത്തെയോ സ്തുതിക്കാനോ ജനങ്ങള്‍ക്കു മാതൃകയാക്കിക്കാണിക്കാനോ അവ ശ്രമിച്ചിരുന്നതായി കാണാം.

ഗ്രീസില്‍ ലെസ്ബോസിലെ ഹെല്ലാനിക്കസ് ആയിരുന്നു ബി.സി 683 മുതല്‍ 404 വരെയുള്ള ഒരു ക്രോണിക്കിള്‍ തയ്യാറാക്കിയത്. എഫോറസ് 750 കൊല്ലക്കാലത്തെ വൃത്താന്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ക്രോണിക്കിളും അപ്പൊളോഡോറസ് (ബി.സി. 2-ാം ശ.) ട്രോയ്നഗരത്തിന്റെ പതനം മുതല്‍ തന്റെ കാലംവരെയുള്ള ഒരു ക്രോണിക്കിളും തയ്യാറാക്കി. റോമിലാകട്ടെ, ആദ്യകാലം മുതല്‍ക്കുതന്നെ പോണ്ടിഫെക്സ്മാക്സിമസ് എന്ന ഉദ്യോഗസ്ഥന്‍ മുന്‍കൊല്ലത്തെ ഉദ്യോഗസ്ഥന്മാരുടെയും പ്രധാനസംഭവങ്ങളുടെയും ലിസ്റ്റ് ഒരു വെള്ള ബോര്‍ഡില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നു നിയമമുണ്ടാക്കിയിരുന്നു. അതിനുശേഷം മുന്‍കാലങ്ങളിലെ സംഭവപരമ്പര രേഖപ്പെടുത്തുന്നതിന് അനല്‍സ് (ചരിത്രാഖ്യാനം) എന്നും വര്‍ത്തമാനസംഭവങ്ങള്‍ രേഖപ്പെടുത്തുന്നതിന് ഹിസ്റ്റോറിയ (ചരിത്രം) എന്നുമുള്ള വ്യത്യസ്തനാമങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പ്രസിദ്ധ റോമന്‍ ചരിത്രകാരനായ ടാസിറ്റസ് ഈ പേരുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

ക്രിസ്ത്യന്‍ ചരിത്രലേഖനവിദ്യയില്‍ സൃഷ്ടി, സ്ഥിതി, അവസാനവിധി എന്നിങ്ങനെ മാനവചരിത്രത്തെ വിഭജിച്ചിരിക്കുന്നു. ആന്റിയോക്കിലെ ബിഷപ്പായ സെന്റ് തിയോഫിലസ് (ഉദ്ദേശം എ.ഡി. 180) എഴുതിയ ക്രോണിക്കിളില്‍, ഹീബ്രുകളുടെ സംസ്കാരവും പ്രാചീനതയും ഊന്നിപ്പറയുകയും, മുന്‍ സാമ്രാജ്യങ്ങളുടെ ഉയര്‍ച്ചയും താഴ്ചയും വിവരിക്കുകയും യേശുക്രിസ്തുവിന്റെ ആഗമനവും ക്രൈസ്തവസഭയുടെ പ്രകടമായ വളര്‍ച്ചയും വിവരിക്കുകയും ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സെന്റ് അഗസ്റ്റിന്‍ സിറ്റി ഒഫ് ഗോഡ് (City of God) എന്ന ഗ്രന്ഥത്തില്‍ ക്രിസ്തുമതത്തിന്റെ ഉദ്ഭവത്തിനും വളര്‍ച്ചയ്ക്കുമുള്ള ദൈവികമാര്‍ഗമായിട്ടാണ് റോമന്‍ സാമ്രാജ്യത്തെ കണ്ടിരുന്നത്. അതേസമയം നിലനിന്നിരുന്ന പുരാതനസാമ്രാജ്യങ്ങളെയും അഗസ്റ്റിന്‍ സ്മരിക്കുന്നുണ്ട്.

യൂറോപ്യന്‍ ക്രോണിക്കിളിന്റെ ശരിയായ മാതൃക സിസേറിയയിലെ യൂസിബിയസിന്റേതായിരുന്നു. അദ്ദേഹം തന്റെ സമകാലീനനായിരുന്ന ആഫ്രിക്കാനസിനെ പിന്തുടര്‍ന്ന് പല പുരാതന ജനതകളുടെയും ചരിത്രം സമാന്തരകോളങ്ങളില്‍ കാലഗണനയനുസരിച്ചു വിവരിച്ചു. മറ്റു യൂറോപ്യന്‍ പുരാവൃത്ത ലേഖകര്‍ ഇത്തരം വൃത്താന്തക്കുറിപ്പുകളെ എ.ഡി. 455 വരെ എത്തിച്ചിരുന്നു; ഇവയില്‍ കണ്ടിരുന്ന പ്രകടമായ ഒരു വ്യത്യാസം യൂറോപ്യന്‍ രാജ്യങ്ങളിലെ വൃത്താന്തങ്ങള്‍ മാത്രമേ ഉള്‍ക്കൊള്ളിച്ചിരുന്നുള്ളൂവെന്നതാണ്.

മധ്യകാലഘട്ടങ്ങളില്‍ ഓരോ രാജ്യവും സമുദായവും അവരുടെ വൃത്താന്തങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു. ഇറ്റലിയില്‍ പോപ്പുമാരുടെ ചരിത്രം വിശദമായിത്തന്നെ എഴുതി സൂക്ഷിച്ചിരുന്നു. ഗോത്തുകള്‍, വിസിഗോത്തുകള്‍, വാന്‍ഡലുകള്‍, ഫ്രാങ്കുകള്‍ എന്നീ സമുദായങ്ങളുടെ പില്ക്കാല ചരിത്രം വിശദമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ബീഡിന്റെ ഇംഗ്ലീഷ് ജനതയുടെ വൈദികചരിത്രം (എ.ഡി. 731) ഇത്തരത്തിലുള്ളതാണ്. അതിലാണ് ഡയനീഷ്യസിന്റെ ക്രിസ്ത്വബ്ദരീതി ആദ്യമായി ഉപയോഗിച്ചിരുന്നത്. ലോര്‍ഷിന്റെ വൃത്താന്തവിവരണം ഫ്രാങ്കുകളുടെ എ.ഡി. 829 വരെയുള്ള ചരിത്രമാണ്.

ആദ്യത്തെ സ്വദേശഭാഷയിലുള്ള ക്രോണിക്കിള്‍ ആംഗ്ലോ-സാക്സണ്‍ ക്രോണിക്കിള്‍ ആയിരുന്നു. മഹാനായ ആല്‍ഫ്രഡിന്റെ കാലത്ത് തുടങ്ങിയ ഈ ക്രോണിക്കിള്‍ എ.ഡി. 1154 വരെ തുടര്‍ന്നു. നോര്‍മന്‍ പ്രഭുക്കന്മാരുടെ പരാക്രമങ്ങള്‍ റൊമാന്‍സ് എന്ന കാവ്യത്തില്‍ 16,547 പദ്യങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നു. നെന്നിയസിന്റെ ഹിസ്റ്റോറിയ ബ്രിട്ടോണം എന്ന കൃതിയാണ് ആര്‍തര്‍ രാജാവിന്റെ വീരകൃത്യങ്ങള്‍ക്കു ജനപ്രീതി നേടിക്കൊടുത്തത്.

ക്രോണിക്കിള്‍ രീതിയിലുള്ള ചരിത്രരചനയ്ക്ക് ഇപ്പോള്‍ പൊതുവേ പ്രചാരം കുറഞ്ഞിരിക്കുന്നു. വളരെ നിഷ്കര്‍ഷയോടെ എഴുതുന്ന ക്രോണിക്കിളുകള്‍ പ്രധാനമായും വൈദികചരിത്രമാണ് വിഷയമാക്കുന്നത്.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍