This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോക്കഡീലിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോക്കഡീലിയ

Crocodelia

ഇഴജന്തുക്കളുടെ ഒരു ഗോത്രം. റെപ്റ്റീലിയ ജന്തുവര്‍ഗത്തിലെ ആര്‍ക്കോസോറിയ ഉപവര്‍ഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഗോത്രത്തിലെ പ്രധാന അംഗങ്ങള്‍ മുതല, ചീങ്കണ്ണി, ഗാവിയല്‍ എന്നീ ജലജീവികളാണ്. ഇവയില്‍ മിക്കതും ജലസ്ഥലവാസികളാണെന്നും പറയാം; ജലജീവിതത്തിനോടാണ് കൂടുതല്‍ ആഭിമുഖ്യം കാണിക്കാറുള്ളതെന്നുമാത്രം.

ചിത്രം:Pag465_Scree01.png‎

ക്രോക്കഡീലിയ ഗോത്രത്തിന് അതിപുരാതനമായ ഒരു ജീവാശ്മചരിത്രമാണുള്ളത്. ട്രയാസിക് യുഗത്തില്‍ നിന്ന് ഇതാരംഭിക്കുന്നു. മുതലകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ട്രയാസിക് യുഗത്തിലാണെന്നാണ് കരുതപ്പെടുന്നത്. ആര്‍ക്കോസോറിയ ഉപവര്‍ഗം വൈവിധ്യം ഏറെയുള്ള ജീവികളുടെ ഒരു സമൂഹമാണ്. അതിനാല്‍ ഏതെങ്കിലും ഒരു പൊതുസ്വഭാവം ഇവയെപ്പറ്റി കണ്ടുപിടിക്കുക പ്രയാസമാണ്. ഈ ഉപവര്‍ഗത്തിലെതന്നെ ഗോത്രമായ ക്രോക്കഡീലിയയിലെ പ്രധാന ജീവിയിനമായ മുതലയുടെ ഇന്നുള്ള പിന്‍ഗാമികള്‍ മറ്റ് റെപ്റ്റൈലുകളില്‍ നിന്നും വളരെയേറെ വ്യത്യസ്തമായിരിക്കുന്നു. പരിണാമപരമായി പരിശോധിക്കുമ്പോള്‍ മുതല, ചീങ്കണ്ണി, ഗാവിയല്‍ എന്നിവയെല്ലാം ഇയോസൂച്ചിയയില്‍ നിന്ന് തീക്കോഡോണ്‍ടുകള്‍ വഴി ജന്മമെടുത്തതാവണമെന്നാണ് കരുതുന്നത്. ഇന്നുള്ളതിനെക്കാള്‍ വളരെ വിപുലമായി ഈ ഗോത്രത്തിലെ ജീവികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും ഒരുകാലത്ത് കണ്ടുവന്നിരുന്നു എന്നും ജീവാശ്മപഠനങ്ങള്‍ വെളിവാക്കുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന എട്ടു ജീനസുകളിലായുള്ള ഇരുപത്തിരണ്ടോളം സ്പീഷീസുകള്‍ ആഫ്രിക്ക, ഏഷ്യ, ആസ്റ്റ്രേലിയ, യു.എസ്. എന്നീ ഭൂഖണ്ഡങ്ങളിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ഒരു ലവണജല ചീങ്കണ്ണിസ്പീഷീസ് ഫിജിദ്വീപുകള്‍ക്കു സമീപത്തായും കണ്ടുവരുന്നു.

ക്രോക്കഡീലിയ ഗോത്രത്തിലെ ഇന്നു ജീവിച്ചിരിക്കുന്ന അംഗങ്ങളുടെ ശരീരഘടന പല്ലികളോട് സാദൃശ്യം പുലര്‍ത്തുന്നു. ഇവയുടെ തല നീണ്ടതാണ്. വാല് പാര്‍ശ്വസമ്മര്‍ദിതവും ജലത്തില്‍ ഒരു തുഴപോലെ ഉപയോഗിക്കാന്‍ പറ്റിയതുമാണ്. മുന്‍കാലില്‍ അഞ്ചും പിന്‍കാലില്‍ നാലും വിരലുകളാണിവയ്ക്കുള്ളത്. പിന്‍കാലിലെ വിരലുകള്‍ ജാലിതങ്ങളും (Webbed) ആണ്. മോന്തയുടെ അഗ്രത്തിലായിട്ടാണ് നാസാദ്വാരങ്ങള്‍ കാണപ്പെടുന്നത്. കണ്ണുകള്‍ ചെറിയവയാണ്. ശ്രവണദ്വാരത്തില്‍ അടയ്ക്കാന്‍ പാകത്തിലുള്ള ഒരു ചര്‍മവാല്‍വുണ്ട്. തലയുടെ മുകള്‍ഭാഗം ആവരണം ചെയ്തിരിക്കുന്ന ചര്‍മം ഒഴികെ ബാക്കിഭാഗത്തെ ശരീരചര്‍മത്തെ പൊതിഞ്ഞ് കട്ടിയേറിയ പ്ലേറ്റുകളുടെയോ ഷീല്‍ഡുകളുടെയോ നിരകള്‍ കാണപ്പെടുന്നു. ചില സ്പീഷിസുകളില്‍ ശരീരത്തിനു പുറത്തും ഉദരഭാഗങ്ങളിലും ഈ പ്ലേറ്റുകള്‍ അസ്ഥീഭവനത്തിലൂടെ കട്ടിയേറിയ ആവരണമായി മാറിയിട്ടുണ്ട്.

ക്രോക്കഡീലിയയിലെ സ്പീഷീസുകളുടെ തലയോടിന് ശരീരത്തിന്റെ മുന്‍ഭാഗത്തേക്കു തള്ളിനില്ക്കുന്ന ഒരു മോന്ത (snout) ഭാഗമുണ്ട്. ടെംപൊറല്‍ ഭാഗത്തില്‍ അസ്ഥികളുടെ രണ്ട് ആര്‍ച്ചുകളും കാണപ്പെടുന്നു. പ്രീമാക്സില്ലറി-മാക്സില്ലറി-പാലറ്റൈന്‍-ടെറിഗോയ്ഡ് അസ്ഥികളുടെ മധ്യഭാഗവികാസത്തിലൂടെ ഉണ്ടായിത്തീര്‍ന്ന ദ്വിതീയപാലറ്റ് (താലു) വദനഗഹ്വരത്തെ രണ്ടു വ്യത്യസ്തഭാഗങ്ങളായി തിരിക്കുന്നു. അസ്ഥികളാല്‍ രൂപപ്പെട്ട പാലറ്റിന്റെ മുകള്‍ഭാഗം മുന്‍ അഗ്രത്തായുള്ള നാസാദ്വാരം മുതല്‍ പിന്നിലെ നേത്രകോടരഭാഗംവരെ നീണ്ടുകിടക്കുന്ന ഒരു വായുസഞ്ചാരനാളമായി മാറിയിരിക്കുന്നു. പാലറ്റിന്റെ താഴത്തെഭാഗം വായയുടെ സാധാരണ കര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നു. വായുനാളം തുറക്കുന്ന തൊണ്ടഭാഗത്തുള്ള ഒരു വാല്‍വുനാളത്തെയും വായയെയും തമ്മില്‍ വേര്‍തിരിച്ചുനിര്‍ത്തുന്നു. തലയുടെ കൂടുതല്‍ ഭാഗവും ജലത്തില്‍ താണിരുന്നാലും ശ്വസനം തടസ്സമില്ലാതെ നടത്തുവാന്‍ ഈ ജീവികളെ പാലറ്റിന്റെ ഈ സംവിധാനങ്ങള്‍ സഹായിക്കുന്നു.

ക്രോക്കഡീലിയ ഗോത്രത്തിലെ ജീവികള്‍ മാംസാഹാരികളാണ്. ഷഡ്പദങ്ങള്‍, ചിപ്പിയിനങ്ങള്‍, മത്സ്യങ്ങള്‍, സസ്തനികള്‍ എന്നിവയെ ഇവ ഇരയാക്കുന്നു. ഇവയുടെ നാക്ക് പ്രത്യേകരീതിയിലുള്ളതാണ്. ചെറിയതും പരന്നതുമായ നാക്ക് വായയുടെ അടിയിലായി ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഇത് മുമ്പിലേക്ക് തള്ളാന്‍ സാധിക്കുകയുമില്ല.

ഇവയുടെ ഹൃദയത്തിന് നാലറകളുണ്ട്. ഇടതുവലതു വെന്‍ട്രിക്കിളുകള്‍ തമ്മില്‍ ഫൊറാമന്‍പാനിസ്സേ എന്നു പേരുള്ള ചെറിയ ഒരു ദ്വാരംവഴി ബന്ധപ്പെട്ടിരിക്കുന്നു. മൂത്രാശയം ഇവയില്‍ കാണാറില്ല. ലിസാഡുകളിലും പാമ്പുകളിലും കാണപ്പെടുന്നതുപോലെ ജോടിയായിട്ടല്ല, ഒറ്റയായിട്ടാണ് ഇവയുടെ പുരുഷലിംഗം കാണപ്പെടുന്നത്. ഇവയുടെ ഗുദദ്വാരം നെടുകെയായിട്ടാണ് സ്ഥിതിചെയ്യുന്നത്.

പ്രജനനകാലം അടുക്കുമ്പോള്‍ ഈ ഗോത്രത്തിലെ ആണ്‍ജീവികള്‍ കരയില്‍ ചില പ്രത്യേകസ്ഥലം തെരഞ്ഞെടുക്കുന്നു. അവിടേക്കു കടക്കുന്ന സ്വവര്‍ഗത്തിലെ മറ്റു ജീവികളെപ്പോലും ഇവ ആക്രമിച്ച് ഓടിക്കാറുണ്ട്. രാത്രിയില്‍ ഇവയുടെ ശബ്ദവും ഈ കാലത്ത് ഉയര്‍ന്നുകേള്‍ക്കാനാവും. ആന്തരികബീജസങ്കലനമാണ് നടക്കാറുള്ളത്. മുട്ടകള്‍ക്ക് കട്ടിയേറിയ പുറന്തോടുണ്ടായിരിക്കും. ഈ മുട്ടകള്‍ ഭൂമിയില്‍ ഉണ്ടാക്കുന്ന കുഴികളിലോ അഴുകുന്ന സസ്യഭാഗങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന കൂടുപോലെയുള്ള സ്ഥലത്തോ നിക്ഷേപിക്കപ്പെടുന്നു. പെണ്‍ജീവികളാണ് പലപ്പോഴും മുട്ട കാത്തുസൂക്ഷിക്കാറുള്ളത്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ പെണ്‍ജീവി സമീപത്തായുള്ള ജലത്തിലേക്ക് നടത്തിക്കൊണ്ടുപോകുന്നു. നടക്കാനും നീന്താനും പഠിപ്പിക്കുന്നതും മാതാവുതന്നെ.

ക്രോക്കഡീലിയ ഗോത്രത്തെ ക്രോക്കൊഡൈലിഡേ, ഗാവിയാലിഡേ എന്നീ രണ്ടു കുടുംബങ്ങളായി തിരിച്ചിരിക്കുന്നു. ഈ രണ്ടു കുടുംബങ്ങളിലുമായി ആകെ എട്ടു ജീനസ്സുകളാണുള്ളത്. ക്രോക്കൊഡൈലിഡേ കുടുംബത്തെ വീണ്ടും ക്രോക്കൊഡൈലിനേ എന്നും അലിഗേറ്ററിനേ എന്നും രണ്ട് ഉപവിഭാഗങ്ങളായും തിരിച്ചിട്ടുണ്ട്. ഇതില്‍ ക്രോക്കൊഡൈലിനേയിലാണ് യഥാര്‍ഥ ചീങ്കണ്ണികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ ഉപവിഭാഗമായ അലിഗേറ്ററിനേയില്‍ മുതലകളാണുള്ളത്.

ഗാവിയാലിഡേ കുടുംബത്തില്‍ ഇന്ത്യയിലും വടക്കന്‍ മ്യാന്‍മറിലും കാണപ്പെടുന്ന ഗാവിയാലിസ് ഗാഞ്ചെറ്റിക്കസ് എന്ന ശാസ്ത്രനാമമുള്ള ഒരേയൊരു ജീനസുമാത്രമാണുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍