This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രേഷ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രേഷ്

Creche

ശിശുസംരക്ഷണകേന്ദ്രം. തൊഴിലാളി ക്ഷേമനിയമങ്ങളുടെ ആവിര്‍ഭാവത്തിനുമുമ്പ് സ്ത്രീത്തൊഴിലാളികളുടെ കുട്ടികളുടെ സ്ഥിതി വളരെ ശോചനീയമായിരുന്നു. തൊഴില്‍സമയത്ത് സ്ത്രീത്തൊഴിലാളികളുടെ പിഞ്ചുകുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഫാക്ടറി ഉടമകള്‍ കൈക്കൊണ്ടിരുന്നില്ല. ഉപജീവനാര്‍ഥം തൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ സമയത്ത് തങ്ങളുടെ കുട്ടികളെ ഫാക്ടറി പരിസരത്തെ അനാരോഗ്യകരമായ ചുറ്റുപാടില്‍ വളര്‍ത്തേണ്ടതായി വന്നിരുന്നു. പുകയും പൊടിയും നിറഞ്ഞ ഫാക്ടറി അന്തരീക്ഷം കുട്ടികളില്‍ രോഗങ്ങള്‍ക്ക് ഇടവരുത്തി. പരിചരിക്കാന്‍ ബന്ധുക്കളോ കേന്ദ്രങ്ങളോ ഇല്ലാതിരുന്ന ചില തൊഴിലാളികള്‍ മയക്കുമരുന്നുകള്‍ നല്കി തങ്ങളുടെ കുട്ടികളെ ഉറക്കിയിരുന്നു.

ഫാക്ടറി നിയമങ്ങള്‍ നടപ്പില്‍ വന്നതോടെയാണ് ഇതിനൊരറുതി ഉണ്ടായത്. 30-ലധികം സ്ത്രീകള്‍ പണിയെടുക്കുന്ന ഓരോ ഫാക്ടറിയിലും ആറു വയസ്സിനുതാഴെയുള്ള കുട്ടികളുടെ സംരക്ഷണാര്‍ഥം ക്രേഷുകള്‍ ഉണ്ടായിരിക്കണമെന്ന് ഇന്ത്യയിലെ ഫാക്ടറി ആക്റ്റ്, 1948-ലെ 48-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. വേണ്ടത്ര സ്ഥലം, വായു, വെളിച്ചം, ആരോഗ്യകരമായ അന്തരീക്ഷം, ശുചിത്വം എന്നിവ ക്രേഷില്‍ ഉണ്ടായിരിക്കണം. കുട്ടികളുടെ പരിചരണത്തിനു ശിശുസംരക്ഷണത്തില്‍ പരിശീലനം നേടിയ സ്ത്രീകളെ നിയമിക്കുകയും വേണം.

കുട്ടികള്‍ക്കാവശ്യമായ പാലും മറ്റു ഭക്ഷണസാധനങ്ങളും നല്കാനും അവര്‍ക്ക് യഥാസമയം വസ്ത്രങ്ങള്‍ മാറ്റാനും അവ വൃത്തിയാക്കാനും ക്രേഷില്‍ സൗകര്യമുണ്ട്. കുട്ടികളെ ഉറക്കുന്നതിനുള്ള തൊട്ടിലുകളും ഉണ്ടായിരിക്കും. നിശ്ചിത ഇടവേളകളില്‍ അമ്മമാര്‍ക്ക് ക്രേഷിലെത്തി തങ്ങളുടെ കുട്ടികള്‍ക്ക് ആഹാരം കൊടുക്കാന്‍ ഫാക്ടറി സൗകര്യം നല്കണമെന്നും വ്യവസ്ഥയുണ്ട്.

സംഘടിത തൊഴില്‍ മേഖലകള്‍ വ്യാപിച്ചതോടെ, ശിശുക്കള്‍ക്കായുള്ള പകല്‍ പരിചരണ കേന്ദ്രങ്ങള്‍ (Day Care Centre) പൊതുവില്‍ ക്രേഷ് എന്ന വിശേഷണം നേടുകയുണ്ടായി. കുട്ടികളുടെ അവകാശം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളുടെയും മനുഷ്യാവകാശ നിയമങ്ങളുടെയും ആവിര്‍ഭാവത്തിന്റെ വെളിച്ചത്തില്‍ ലോകത്തെ എല്ലാ രാഷ്ട്രങ്ങളിലും കുട്ടികളുടെ പരിചരണത്തിന്റെ കാര്യത്തില്‍ പൂര്‍വാധികം ശക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ആരോഗ്യകരമായ ചുറ്റുപാട്, മലിനീകരണവിമുക്തമായ പ്രദേശം, സുരക്ഷിതമായ കെട്ടിടം, പോഷകാഹാരം, പ്രതിരോധകുത്തിവയ്പുകള്‍, പ്രത്യേക വാഹനസൗകര്യം, കുട്ടികളുടെ പരിചരണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ ആനുകൂല്യങ്ങള്‍ തുടങ്ങിയവയ്ക്ക് ദേശീയ തലത്തില്‍ പ്രത്യേക നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും രൂപമെടുത്തിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B0%E0%B5%87%E0%B4%B7%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍