This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രേറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രേറ്റര്‍

Crater

അരിസോണ ക്രേറ്റര്‍

ഭൂമിയുടെ ഉപരിതലത്തില്‍ ഏതാണ്ട് വൃത്താകാരത്തില്‍, കുത്തനെയുള്ള വശങ്ങളോടുകൂടി കാണപ്പെടുന്ന ഗര്‍ത്തം അഥവാ താഴ്ച (depression). ക്രേറ്റുകള്‍ സാധാരണയായി രണ്ടുതരത്തില്‍ രൂപംകൊള്ളുന്നു. ഉല്‍ക്കകള്‍പോലുള്ള അന്യവസ്തുക്കള്‍ ഭൂമിയുടെ പ്രതലത്തില്‍ ശക്തിയായി പതിക്കുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷഫലമായി രൂപംകൊള്ളുന്ന ഗര്‍ത്തങ്ങള്‍ ആണ് ആദ്യത്തേത്. അഗ്നി പര്‍വതശിഖരങ്ങളില്‍ കാണപ്പെടുന്ന തടങ്ങളും ക്രേറ്ററുകളാണ്.

സ്ഫോടനം നടന്ന അഗ്നിപര്‍വതങ്ങളില്‍നിന്ന് ലാവ പുറത്തുവന്നശേഷം അവയുടെ മുകള്‍ഭാഗം ഉള്ളിലേക്കു താഴുമ്പോള്‍ ക്രേറ്ററുകള്‍ രൂപംകൊള്ളുന്നു. അഗ്നിപര്‍വതനാളത്തിനു നേരെ മുകളിലായി, ചുവടുരുണ്ട വലിയ ഒരു പാത്രത്തിന്റെ ആകൃതിയിലാണ് ഇവ കാണപ്പെടുന്നത്. ഈ ക്രേറ്ററുകളുടെ അരികുകള്‍ ഉരുകിയ ലാവയും പൈറോക്ലാസ്റ്റിക് ശിലകളും ഇടകലര്‍ന്നു രൂപംകൊണ്ടവയായിരിക്കും. എന്നാല്‍ ഇവ തമ്മിലുള്ള അനുപാതം വിവിധതരം അഗ്നിപര്‍വതങ്ങളില്‍ വ്യത്യസ്തമാകുന്നു. ചില ക്രേറ്ററിന്റെ അരികുകള്‍ ലാവയാല്‍ നിര്‍മിതമായതും മറ്റു ചിലതിന്റേത് പൈറോക്ലാസ്റ്റിക് പദാര്‍ഥങ്ങളാല്‍ മാത്രം നിര്‍മിതമായതുമായിരിക്കും. അസാധാരണമാംവിധം ശക്തിയേറിയ സ്ഫോടനത്തില്‍, ചിലപ്പോള്‍ ക്രേറ്ററുകളുടെ അരികുകളിലെ ചില ഭാഗങ്ങള്‍ കൂടി തെറിച്ചുപോയി എന്നുവരാം. യു.എസ്സിലെ ഓറിഗണിലുള്ള ക്രേറ്റര്‍തടാകം ഉദ്ദേശം 6,600 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇപ്രകാരം രൂപംകൊണ്ടതാണ്. പില്‍ക്കാലത്ത് ജലംനിറഞ്ഞ് ഈ ഗര്‍ത്തം 52 ച.കി.മീ. വിസ്തൃതിയുള്ള ഒരു തടാകമായി മാറി. അഗ്നിപര്‍വതശിഖരങ്ങളില്‍ കാണപ്പെടുന്ന വന്‍ക്രേറ്ററുകളെ കാല്‍ഡെറാ എന്നു പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ കാല്‍ഡെറാ, ഇന്തോനേഷ്യയിലെ സുമാത്രയിലുള്ള ടോബയാണ്. ഇതിന് 1,775 ച.കി.മീ. വിസ്തൃതിയുണ്ട്.

ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ക്രേറ്ററുകള്‍ 1.6 കി.മീ. മുതല്‍ 80 കി.മീ. വരെ വ്യാസമുള്ളവയാണ്. അരസോണയിലെ 1,050 മീ. വ്യാസമുള്ള ഉല്‍ക്കാക്രേറ്ററിന് അണ്ഡാകാരമാണുള്ളത്. വടക്കന്‍ കാനഡയിലെ ന്യൂ ക്വിബെക് ക്രേറ്ററിന് 3.2 കി.മീ. വ്യാസവും, 390 മീ. ആഴവുമുണ്ട്. ഇതിന്റെ പകുതിയോളം ജലം നിറഞ്ഞിരിക്കുന്നു. മാനിറ്റോബയിലെ 'വെസ്റ്റ്ഹാക്ക്' തടാകം ഇത്തരത്തില്‍ ക്രേറ്ററില്‍നിന്നുമുണ്ടായതാണെന്നു കരുതപ്പെടുന്നു. ഏകദേശം വൃത്താകൃതിയിലുള്ള ഇതിന് 110 മീ. ആഴമുണ്ട്. 4 കി.മീ. വ്യാസവും 150 മീ. ആഴവുമുള്ള ഫ്ളിന്‍ ക്രീക്ക് ക്രേറ്റര്‍ വളരെ പഴക്കമുള്ളതാണ്.

ചന്ദ്രനില്‍ നടത്തിയ പഠനങ്ങളും ഉപഗ്രഹഫോട്ടോകളും ചന്ദ്രന്റെ ഉപരിതലത്തിലും ക്രേറ്ററുകള്‍ ഉണ്ടെന്നുവ്യക്തമാക്കുന്നു. ഏതാനും മീറ്റര്‍ മുതല്‍ കിലോമീറ്ററുകളോളം വ്യാസവും ആഴവുമുള്ള ക്രേറ്ററുകള്‍ ഇതില്‍പ്പെടുന്നു. ചന്ദ്രനിലുള്ള പ്രധാനപ്പെട്ട വന്‍ക്രേറ്ററുകള്‍ 256 കി.മീ. വ്യാസമുള്ള സൈനസ് ഇറിഡം, 488 കി.മീ. വ്യാസമുള്ള മെറീ ക്രൈസിയം, 2,308 കി.മീ. വ്യാസമുള്ള മെറീ ഇംബ്രിയം എന്നിവയാണ്. ചന്ദ്രനിലെ ക്രേറ്ററുകള്‍ ഉല്‍ക്കകളുടെ സംഘട്ടനഫലമായുണ്ടാകുന്നവയാണെന്നാണ് സൂചന.

മുന്‍ സോവിയറ്റ് യൂണിയന്‍ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്റെ സ്മരണാര്‍ഥം ചന്ദ്രനിലെ ഒരു ക്രേറ്ററിന് 'ഗഗാറിന്‍ ക്രേറ്റര്‍' എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍