This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൊയേഷ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൊയേഷ്യ

Croatia

തെക്കുകിഴക്കന്‍ യൂറോപ്പില്‍, ബാള്‍ക്കന്‍ ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറേ അതിര്‍ത്തിയില്‍ അഡ്രിയാറ്റിക് കടലിനോട് ചേര്‍ന്നു കിടക്കുന്ന ഒരു ജനാധിപത്യ രാജ്യം. രാജ്യത്തെ വന്‍നഗരമായ സാഗ്രെബ് ആണ് തലസ്ഥാനം. വടക്ക് സ്ലോവീനിയയും ഹംഗറിയും കിഴക്ക് സെര്‍ബിയയും തെക്ക് മോണ്ടിനെഗ്രോയുമാണ് അതിരുകള്‍. കിഴക്ക് ഡാന്യൂബ്, ഡ്രാവാ, സാവാ തുടങ്ങിയ നദികള്‍ക്കിടയ്ക്കുള്ള സമൃദ്ധമായ സമതലം മുതല്‍ പടിഞ്ഞാറ് വെനീസ് ഉള്‍ക്കടല്‍ വരെയും അവിടെനിന്ന് കിഴക്കോട്ട് മോണ്ടിനെഗ്രോ വരെയും അര്‍ധചന്ദ്രാകൃതിയില്‍ ക്രൊയേഷ്യ വ്യാപിച്ചു കിടക്കുന്നു. വിസ്തീര്‍ണം: 56,542 ച.കി.മീ.; ജനസംഖ്യ: 4.49 ദശലക്ഷം (2011).

എ.ഡി. 6-ാം ശതകത്തില്‍ ഡാന്യൂബ് താഴ്വരയിലേക്കു കുടിയേറിയ ക്രൊയേഷ്യര്‍, ഒരു മുന്‍ റോമന്‍ പ്രവിശ്യയായ പാനോനിയയിലും ഡാല്‍മേഷ്യയിലും സ്ഥിരതാമസമാക്കി. 7-ാം ശതകത്തില്‍ മതപരിവര്‍ത്തനംവഴി ഇവര്‍ ക്രിസ്തുമതം സ്വീകരിച്ച്, റോമന്‍കത്തോലിക്കരായി. 10-ാം ശതകത്തില്‍ ക്രൊയേഷ്യ ഒരു പ്രത്യേക രാജ്യമായെങ്കിലും 1091-ല്‍ ഹംഗറിയിലെ ലാഡിസ്ലാസ് ക യുദ്ധത്തില്‍ കീഴടക്കി. ഇതിനുശേഷം ഏകദേശം എട്ടു നൂറ്റാണ്ടോളം ഇത് ഹംഗറിയുടെ ഭാഗമായിരുന്നു.

1918 ഒ. 29-ന് ആസ്ട്രിയയും ഹംഗറിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് ക്രൊയേഷ്യ മറ്റു തെക്കന്‍ പ്രദേശങ്ങളുമായി ചേര്‍ന്ന് ഒരു പുതിയ യൂണിയന്‍ രൂപംകൊണ്ടു. ഒരു ദേശീയ കൗണ്‍സിലിനായിരുന്നു ഇതിന്റെ ഭരണഭാരം. 1941 ഏ. 10-ന് സാഗ്രേബില്‍വച്ച് ക്രൊയേഷ്യ ഒരു സ്വതന്ത്ര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.

ആന്ദ്രേ പാവെലിക്കിന്റെ നേതൃത്വത്തിലുള്ള ഒരു ഏകാധിപത്യഭരണമാണ് ഇവിടെ ആദ്യമായി നിലവില്‍വന്നത്. കഠിനമായ ക്രൂരതയുടെയും ഹിംസയുടെയും മാര്‍ഗമായിരുന്നു ഈ പുതിയ ഭരണകൂടത്തിന്റേത്. രണ്ടാംലോകയുദ്ധകാലത്ത് കമ്യൂണിസ്റ്റുകള്‍ പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിച്ച് ക്രൊയേഷ്യയുടെ നിയന്ത്രണം കൈയാളുന്നതിനു ശ്രമിച്ചു. ഇങ്ങനെ ഒരു ദേശീയ വിമുക്തി കൗണ്‍സില്‍ അവിടെ ജന്മമെടുത്തു. 1945-ല്‍ സാഗ്രേബിന്റെ ഭരണം ഈ കൗണ്‍സില്‍ കൈയടക്കി. ക്രൊയേഷ്യയിലെ ആദ്യത്തെ ജനകീയ ഗവണ്‍മെന്റായിരുന്നു ഇത്. തുടര്‍ന്ന് ക്രൊയേഷ്യ മുന്‍ യുഗോസ്ളാവിയയുമായി ചേര്‍ന്ന് ഒരു ജനകീയ റിപ്പബ്ലിക്കായി.

സ്വേച്ഛാധിപതിയായ മാര്‍ഷല്‍ ടിറ്റോയ്ക്കു കീഴില്‍ ക്രൊയേഷ്യ അടക്കമുള്ള ആറ് രാഷ്ട്രങ്ങള്‍ ഒന്നായി നിലനിന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ മരണത്തോടെ (1980) രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. സെര്‍ബിയന്‍ ജനത വിഘടനവാദവുമായി തെരുവിലിറങ്ങി. സെര്‍ബിയയില്‍ സ്ലോബോദന്‍ മിലോസെവിച്ച് അധികാരത്തിലെത്തിയതോടെ ക്രൊയേഷ്യന്‍ ജനതയും സംഘടിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രാജ്യത്ത് വംശീയ പ്രശ്നങ്ങള്‍ തലപൊക്കുകയും സെര്‍ബുകളില്‍നിന്ന് ആക്രമണവും വിവേചനവും നേരിട്ട ക്രൊയേഷ്യന്‍ ജനത ഒരു സ്വതന്ത്ര രാഷ്ട്രമാകാന്‍ താത്പര്യപ്പെടുകയും ചെയ്തു. 1990-ലെ തിരഞ്ഞെടുപ്പ് ഇതിന് അനുകൂല സാഹചര്യമൊരുക്കി. രാജ്യത്തെ ഭൂരിപക്ഷ ജനസമൂഹമായ ക്രൊയേഷ്യന്‍ സെര്‍ബുകളുടെ തീരുമാനത്തിന് വിരുദ്ധമായി യുഗ്ളോസ്ളാവിയയില്‍ നിന്നും വേറിട്ട് സ്വതന്ത്രരാജ്യമാകാന്‍ ക്രൊയേഷ്യന്‍ ജനത തീരുമാനിച്ചു. ഇതേച്ചൊല്ലി ക്രൊയേഷ്യന്‍ ജനതയും സെര്‍ബ് ക്രൊയേഷ്യന്‍ സെര്‍ബുകളും തമ്മില്‍ കലഹങ്ങള്‍ ഉണ്ടായെങ്കിലും 1991-ല്‍ ക്രൊയേഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇതിനെതിരെ യുഗോസ്ളാവിയ അഴിച്ചുവിട്ട സൈനിക നടപടികളോട് ക്രൊയേഷ്യന്‍ സെര്‍ബുകള്‍ പിന്തുണ പ്രഖ്യാപിച്ചു. 1991 മുതല്‍ 95 വരെ നടന്ന സൈനിക നടപടികളില്‍ ഇരുപക്ഷത്തു നിന്നുമായി പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. 1995 ആഗസ്റ്റില്‍ നാറ്റോയുടെ സഹായത്തോടെ ക്രൊയേഷ്യ നയിച്ച തന്ത്രപരമായ സൈനികനീക്കത്തില്‍ സെര്‍ബിയന്‍ ക്രായിന സര്‍ക്കാരിനെ അട്ടിമറിച്ച് ക്രൊയേഷ്യന്‍ ജനത തങ്ങളുടെ സ്വതന്ത്ര രാഷ്ട്രത്തിനെതിരായ ആക്രമണങ്ങളില്‍ നിന്നും മുക്തിനേടി.

നിലവില്‍ യു.എന്‍., ഐ.എം.എഫ്, നാറ്റോ, ലോകവ്യാപാര സംഘടന, ദ് കൗണ്‍സില്‍ ഒഫ് യൂറോപ്പ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളില്‍ ക്രൊയേഷ്യ അംഗമാണ്. ഇതിനു പുറമേ 2013-ഓടെ യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണ അംഗത്വം നേടുമെന്നും കരുതപ്പെടുന്നു.

പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍. 1990-ല്‍ നിലവില്‍വന്ന ഭരണഘടന പ്രകാരം ക്രൊയേഷ്യ ഒരു പരമാധികാര ജനാധിപത്യ രാഷ്ട്രമാണ്. 2000-ല്‍ രാജ്യത്തെ രാഷ്ട്രീയ സംവിധാനം പാര്‍ലമെന്ററി വ്യവസ്ഥയിലേക്കുമാറി. ഏകമണ്ഡല സഭയായ 'സാബോര്‍' ആണ് പാര്‍ലമെന്റ്. പ്രധാനമന്ത്രിയാണ് ഭരണത്തലവന്‍. 4 വര്‍ഷമാണ് സഭയുടെ കാലാവധി. പ്രസിഡന്റിനെ ജനം നേരിട്ട് തിരഞ്ഞെടുക്കുന്നു. അഞ്ചുവര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. തദ്ദേശ ഭരണ സൗകര്യാര്‍ഥം രാജ്യത്തെ 20 കൗണ്ടികളായി വേര്‍തിരിച്ചിരിക്കുന്നു.

ക്രൊയേഷ്യയുടെ സമ്പത്ത് പ്രധാനമായും കൃഷിയെയും കന്നുകാലിവളര്‍ത്തലിനെയും ആശ്രയിച്ചായിരുന്നു. എന്നാല്‍ രണ്ടാം ലോകയുദ്ധത്തിനുശേഷം വ്യവസായങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു. രാജ്യത്തിന്റെ മൂന്നിലൊന്നിലേറെ വനപ്രദേശമുള്ളതിനാല്‍ തടിവ്യവസായം അഭിവൃദ്ധിപ്പെട്ടു. എണ്ണപ്പാടങ്ങള്‍ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. ഇസ്റ്റ്രിയയിലെയും ഡാല്‍മേഷ്യയിലെയും ജനങ്ങള്‍ പരമ്പരാഗതമായി മുന്തിരിയും ഒലീവും കൃഷി ചെയ്യുന്നവരോ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവരോ ആയിരുന്നു. എന്നാല്‍ നൈസര്‍ഗിക ഊര്‍ജസ്രോതസ്സുകളായ ജലശക്തി, കല്‍ക്കരി, ബോക്സൈറ്റ് എന്നിവ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ പെട്ടെന്ന് ജനശ്രദ്ധ പിടിച്ചുപറ്റി. പ്രധാന ജലവൈദ്യുതി നിലയങ്ങള്‍ സെറ്റീനാ, കിര്‍കാ എന്നീ നദികളിലാണ്. ടൂറിസവും ഇപ്പോള്‍ ഏറെ വികസിച്ചിരിക്കുന്നു. പ്രധാന തുറമുഖങ്ങള്‍ റിജേകാ, സാദര്‍, സിബേനിക്, സ്പ്ളിറ്റ്, ദുബ്രോവിനിക് എന്നിവയാണ്. ബാങ്കിങ്, ടൂറിസം, സേവനമേഖലകള്‍ എന്നിവയാണ് രാജ്യത്തെ സാമ്പത്തിക വരുമാനം വര്‍ധിപ്പിച്ചിരുന്ന ഇതര മേഖലകള്‍.

1904-ല്‍ സ്ഥാപിതമായ 'ക്രൊയേഷ്യന്‍ കാര്‍ഷിക സംഘടന'യാണ് പ്രധാന രാഷ്ട്രീയപാര്‍ട്ടി. ക്യൂന (kuna) ആണ് നാണയം. മുഖ്യഭാഷ സെര്‍ബോ-ക്രൊയേഷ്യന്‍ എന്നറിയപ്പെടുന്നു.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍