This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൊമാറ്റോഗ്രാഫി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൊമാറ്റോഗ്രാഫി

മിശ്രിതങ്ങളില്‍നിന്ന് ഘടകങ്ങളെ വേര്‍തിരിക്കാനുള്ള ആധുനികസങ്കേതം. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തില്‍ മിഖായേല്‍ സ്വെറ്റ് (Mikhail Tswett) എന്ന റഷ്യന്‍ സസ്യശാസ്ത്രജ്ഞനാണ് മിശ്രിതങ്ങളുടെ ഒരു അപഗ്രഥനമാര്‍ഗമായി ക്രൊമാറ്റോഗ്രാഫി വികസിപ്പിച്ചെടുത്തത്. സസ്യദ്രവങ്ങളിലെ ചായങ്ങള്‍ വേര്‍തിരിച്ചെടുക്കാനാണ് സ്വെററ് ഇത് പ്രയോജനപ്പെടുത്തിയത്. കൂടാതെ അദ്ദേഹം ഈ പ്രതിഭാസത്തെ ശരിയായി വ്യാഖ്യാനിക്കുകയും അതിന് ഇന്നുള്ള പേര് നല്കുകയും ചെയ്തു. 'ക്രൊമാറ്റോഗ്രാഫി' എന്ന വാക്ക് വര്‍ണവസ്തുക്കളെ വേര്‍തിരിക്കുന്ന മാര്‍ഗം എന്നു ധ്വനിപ്പിക്കുന്നുണ്ടെങ്കിലും വര്‍ണരഹിതവസ്തുക്കള്‍ക്കും ഇത് പ്രയോഗസാധ്യമാണെന്ന് സ്വെറ്റ് മനസ്സിലാക്കിയിരുന്നു.

ഭിന്നരൂപവും (heterogeneous) അന്യോന്യം കൂടിക്കലരാത്തതുമായ രണ്ടു ഫേസുകള്‍ (phases) ക്കിടയില്‍ നടക്കുന്ന വിശ്ലേഷണംമൂലം ഒരു മിശ്രിതത്തിലുള്ള വിഭിന്ന രാസഘടകങ്ങളെ വേര്‍തിരിക്കുന്ന പ്രക്രിയയാണ് ക്രൊമാറ്റോഗ്രാഫി. സാധാരണ വിശ്ലേഷണത്തിന് ഒരു ഫേസിനെ അചലമായും മറ്റേതിനെ ചലനരൂപത്തിനും ആണ് ഉപയോഗിക്കുന്നത്. സ്ഥിരഫേസി (stationary phase)ലൂടെ ചലനഫേസിലെ വസ്തുവിനെ കടത്തിവിടുന്നു. മിശ്രിതത്തിലെ ഓരോ രാസഘടകത്തിനും സ്ഥിരഫേസിനോടുള്ള ആകര്‍ഷണം വ്യത്യസ്തമായതിനാല്‍ വേര്‍തിരിക്കല്‍ സാധ്യമാകുന്നു. ഉദാഹരണത്തിന് ഘടകവസ്തുവിന് സ്ഥിരഫേസ് വസ്തുവിനോടുള്ള ആഭിമുഖ്യം (affinity) അധികമാണെങ്കില്‍ ചലനഫേസിലൂടെയുള്ള അതിന്റെ നീക്കം മന്ദഗതിയിലായിരിക്കും.

ചലനഫേസ് വാതകമോ ദ്രാവകമോ ആകാം. തദനുസൃതമായി നടക്കുന്ന വേര്‍തിരിക്കല്‍ പ്രക്രിയകളെ യഥാക്രമം വാതകക്രൊമാറ്റോഗ്രാഫി എന്നും ദ്രാവകക്രൊമാറ്റോഗ്രാഫി എന്നും വിളിക്കുന്നു.

മാര്‍ഗങ്ങള്‍. മുകളില്‍ വിവരിച്ച രീതിയിലുള്ള ഭിന്നരൂപമായ സ്ഥിരചലന ഫേസുകളുടെ സങ്കലനത്തിന് നാലു സാധ്യതകളുണ്ട്. 'ദ്രാവകം-ഖരം', 'വാതകം-ഖരം', വാതകം-ദ്രാവകം', 'ദ്രാവകം-ദ്രാവകം' എന്നിങ്ങനെ. ഇവയില്‍ ആദ്യത്തേത് ചലനഫേസും രണ്ടാമത്തേത് സ്ഥിരഫേസും ആണ്. ഇങ്ങനെ നാലുരീതിയിലുള്ള ക്രൊമാറ്റോഗ്രാഫിക് മാര്‍ഗങ്ങളും സാധ്യമാണ്. ആദ്യം പറഞ്ഞ ഖരവസ്തു സ്ഥിരഫേസായുള്ള ക്രൊമാറ്റോഗ്രാഫികളില്‍ വേര്‍തിരിക്കേണ്ട മിശ്രിതത്തിലെ തന്മാത്രകളെ രന്ധ്രസാന്ദ്രമായ (porous) ഒരു ഖരവസ്തുവിന്റെ പ്രതലവുമായി ഭൗതികമായി പ്രതിപ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. ഈ പ്രതിഭാസത്തിന് അധിശോഷണം (adsorption) എന്നാണ് പേര്. തന്മൂലം ഈ മാര്‍ഗങ്ങളെ, 'അഡ്സോര്‍പ്ഷന്‍ ക്രൊമാറ്റോഗ്രാഫി' എന്നും പറയാറുണ്ട്. സ്ഥിരഫേസ് വസ്തുവിന് ഭിന്നഘടകങ്ങളില്‍ ഭിന്നബലത്തിലുള്ള അധിശോഷണശേഷിയാണുള്ളത്. ഇതാണ് ചലനമാധ്യമത്തിലൂടെയുള്ള അവയുടെ നീക്കത്തിന്റെ വേഗത നിര്‍ണയിക്കുന്നത്.

ഒടുവില്‍ പറഞ്ഞ (ദ്രാവകം സ്ഥിരഫേസ് വസ്തുവായുള്ള) രണ്ടു ക്രൊമാറ്റോഗ്രാഫികളില്‍ ദ്രാവക തന്മാത്രകളെ നിഷ്ക്രിയമായ (inert) ഒരു ഖരപദാര്‍ഥത്തിന്റെ പ്രതലത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു. അഥവാ ഖരവസ്തു ദ്രാവകത്തിന് ഒരു താങ്ങായി വര്‍ത്തിക്കുന്നു. ഈ സ്ഥിരഫേസ് ദ്രാവകത്തിലെ ഭിന്നവസ്തുക്കളുടെ ലയനശേഷിയാണ് വേര്‍തിരിക്കലിന് കാരണമാവുന്നത്. അതായത് രണ്ടു തലങ്ങള്‍ക്കിടയില്‍ നടക്കുന്ന ഘടക തന്മാത്രകളുടെ വ്യത്യസ്ത അംശനമാണ് (partition) വേര്‍തിരിക്കല്‍ സാധ്യമാകുന്നത്. ഇക്കാരണത്താല്‍ ഇവയെ അംശനക്രൊമാറ്റോഗ്രാഫി എന്നു പറയുന്നു. ലേയങ്ങളുടെ (solute) ചലനവേഗത, പ്രസ്തുതമായ യുഗ്മതലങ്ങളിലെ അവയുടെ താപഗതിക അംശനഗുണാങ്കത്തോട് (സൂചകമൂല്യം) ബന്ധപ്പെട്ടിരിക്കുന്നു.

ഉപയോഗങ്ങള്‍ വേര്‍തിരിക്കലിനുള്ള ഒരു മാര്‍ഗമായാണ് ക്രൊമാറ്റോഗ്രാഫി ആവിഷ്കരിക്കപ്പെട്ടതെന്നു പറഞ്ഞുവല്ലോ. പക്ഷേ നിലവിലുള്ള അവക്ഷിപ്തപ്പെടുത്തല്‍ (precipitation), പരലാക്കല്‍ (crystallisation), ആംശിക സ്വേദനം (fractional distillation) തുടങ്ങിയ മാര്‍ഗങ്ങള്‍ക്കില്ലാത്ത ചില സവിശേഷതകള്‍ ക്രൊമാറ്റോഗ്രാഫിക്കുണ്ട്. ഒന്നാമതായി, മിശ്രിതഘടകങ്ങളെയെല്ലാം തന്നെ ഒറ്റയടിക്ക് വെവ്വേറെയാക്കാം. കൂടാതെ നിലവിലുള്ള മാര്‍ഗങ്ങള്‍ പരാജയപ്പെടുന്നിടത്തും ഈ മാര്‍ഗം വിജയകരമായി പ്രയോഗിക്കാം. ഘടകങ്ങളെ അളന്നു നിര്‍ണയിക്കുന്നതിനുപോലും ഈ മാര്‍ഗം ഉപയോഗിക്കാം. ദൈനംദിന അപഗ്രഥന പ്രക്രിയകള്‍ക്കായി ക്രൊമാറ്റോഗ്രാഫിയെ യന്ത്രവത്കരിക്കാന്‍ (auto make) ആവും എന്നതാണ് സര്‍വോപരി പ്രാധാന്യമര്‍ഹിക്കുന്നത്. ചലന-സ്ഥിരഫേസുകളുടെ എണ്ണമറ്റ മിശ്രണ സങ്കലനസാധ്യതകള്‍, നിരവധി സാങ്കേതികമാര്‍ഗങ്ങള്‍, ലേയനിര്‍ണയമാര്‍ഗത്തിന്റെ വൈവിധ്യം തുടങ്ങിയ കാരണങ്ങളാല്‍ നൂറുകണക്കിന് ജൈവാജൈവ (organic and inorganic) രാസവസ്തുക്കളെ വേര്‍തിരിക്കുവാന്‍ ക്രൊമാറ്റോഗ്രാഫി വിജയകരമായി പ്രയോജനപ്പെടുത്താം. ഇവയില്‍ ലഘുവാതകങ്ങള്‍ തൊട്ട് തന്മാത്രാ ഭാരംകൂടി പോളിമറുകള്‍, പ്രോട്ടീനുകള്‍, ന്യൂക്ലിക് അമ്ളങ്ങള്‍ എന്നിവവരെ ഉള്‍പ്പെടുന്നു. വ്യാവസായിക മേഖലകളില്‍ ഉപയോഗിക്കുന്ന ഗാഢലായനികള്‍ തൊട്ട് അവിശ്വസനീയമാംവണ്ണം കുറഞ്ഞ ലയനസാന്ദ്രതയുള്ള (ഉദാഹരണത്തിന് 10-15ഗ്രാം) മിശ്രിതങ്ങള്‍വരെ ക്രൊമാറ്റോഗ്രാഫിയുടെ അതിര്‍ത്തിക്കുള്ളിലാണ്.

അധിശോഷണ അംശനപ്രക്രികളെ ആശ്രയിച്ചു നടക്കുന്നതുകൊണ്ട്, എതിര്‍ദിശയില്‍, അതിസൂക്ഷ്മമായ ക്രൊമാറ്റോഗ്രാഫിക് മാര്‍ഗങ്ങളുപയോഗിച്ച്, ഈ പ്രതിഭാസങ്ങള്‍ പഠനവിധേയമാക്കാനും കഴിയും.

അടിസ്ഥാന പ്രവിധികള്‍ എല്യൂഷന്‍ (elution) ആണ് ക്രൊമാറ്റോഗ്രാഫിയില്‍ ഉപയോഗിക്കുന്ന പ്രധാന പ്രവിധി (technique). ഇതില്‍, വേര്‍തിരിക്കേണ്ട മിശ്രിതം ഒരു ക്രൊമാറ്റോഗ്രാഫിക് മാധ്യമത്തിന്റെ ഒരറ്റത്ത് (അധി)നിവേശിപ്പിക്കുന്നു. അനന്തരം ചലനഫേസ് വസ്തുവായി ഉപയോഗിക്കുന്ന ദ്രാവകമോ വാതകമോ അതിലൂടെ കടത്തിവിടുന്നു. മിശ്രിതഘടകങ്ങള്‍ അതോടൊപ്പം സ്ഥിരവസ്തുവിന്റെ തടത്തിലൂടെ നീങ്ങുന്നു. വേര്‍തിരിക്കല്‍ സംഭവിക്കുന്നു.

ചിത്രം:Pg460_for1.png‎

വാതകക്രൊമാറ്റോഗ്രാഫിയില്‍ ചലനഫേസ് രാസപരമായി നിര്‍ഗുണവും നിഷ്ക്രിയവും ആയ ഒരു അജൈവവാതകമായിരിക്കും. അധിശോഷണമാധ്യമത്തിലൂടെ ഘടകവസ്തുക്കളെ വഹിച്ചുകൊണ്ടുപോകുക മാത്രമായിരിക്കും അതിന്റെ ധര്‍മം. എന്നാല്‍ ദ്രാവക ക്രൊമാറ്റോഗ്രാഫിയില്‍ സ്ഥിരഫേസിലെ ലഭ്യമായ ഇടങ്ങള്‍ക്കുവേണ്ടി ചലനഫേസ് വസ്തുവിന്റെയും ഘടകങ്ങളുടെയും തന്മാത്രകള്‍ തമ്മില്‍ മത്സരമുണ്ടാകുന്നു. ഇത് വേര്‍തിരിക്കലിനെ ത്വരിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാം.

സ്വെറ്റ് വികസിപ്പിച്ചെടുക്കുന്നതിന് സദൃശമായ ഒരു രീതിയാണിത്. നീളവും ഒരേ വ്യാസവുമുള്ള ഒരു ഗ്ലാസ് ട്യൂബാണ് സ്ഥിരഫേസ് വസ്തുവിന്റെ കോളമുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ട്യൂബിന്റെ ഒരഗ്രം വ്യാസം കുറഞ്ഞ് ഒരു ദ്വാരമായിരിക്കുന്നു. ഈ ദ്വാരം താഴെയാകത്തക്കവണ്ണം ട്യൂബിനെ ലംബമായി ഉറപ്പിക്കുക, അതിനുശേഷം ദ്വാരം ഉള്ളില്‍നിന്ന്, പഞ്ഞികൊണ്ടുണ്ടാക്കിയ അടപ്പുകൊണ്ട് മൂടുക. അതിനു മീതെ ട്യൂബിനുള്ളില്‍ പഞ്ചസാര (sucrose)യുടെ നേര്‍ത്ത പൊടികൊണ്ട് (ഏതാണ്ട് 4/5 ഭാഗം) നിറയ്ക്കുക. ഇതാണ് സ്ഥിരഫേസ്. സസ്യസത്ത് ലായനി ഈ കോളത്തിന്റെ അഗ്രഭാഗത്ത് അല്പം ഒഴിക്കുക. പെട്രോളിയം ഈഥറും അഞ്ചുശതമാനം നോര്‍മല്‍ പ്രൊപ്പനോളും കലര്‍ന്ന മിശ്രിതമാണ് ചലനഫേസ് ആയി ഉപയോഗിക്കുന്നത്. ഇതു കോളത്തിലൂടെ ഒഴുകാന്‍ തുടങ്ങുമ്പോള്‍, സസ്യവര്‍ണങ്ങള്‍ വ്യതിരിക്തമായ നാടകളായി വേര്‍തിരിയുന്നു. ഉദാഹരണത്തിന് (a)-യില്‍ മൂന്നു നാടകളേ ഉള്ളൂ. ഈ നാടകള്‍ താഴേക്കു നീങ്ങുന്നതിനനുസരിച്ച് (b)-യില്‍ വ്യക്തമായ ആറു നാടകള്‍ കാണാം; (c)-യില്‍ ഈ നാടകള്‍ ഒന്ന് മറ്റൊന്നില്‍നിന്ന് വേര്‍തിരിഞ്ഞിരിക്കുന്നു. അതായത് എല്യൂഷന്‍ തുടരുന്തോറും ഘടകങ്ങളുടെ വേര്‍തിരിയല്‍ കൂടുതല്‍ സൂക്ഷ്മമാകുന്നു. സ്ഥിരചലനഫേസ് വസ്തുക്കളുടെ രാസസ്വഭാവം വേര്‍തിരിക്കല്‍ പ്രക്രിയയില്‍ നിര്‍ണായക ഘടകമാണെന്നു പറഞ്ഞുവല്ലോ. കൂടുതല്‍ വിശദമാക്കിയാല്‍, ധ്രുവീകരണമില്ലാത്ത (non-polar) വസ്തുക്കള്‍ ധ്രുവീകരണമുള്ള (polar)വയെക്കാള്‍ വേഗത്തില്‍ മാധ്യമത്തിലൂടെ സഞ്ചരിക്കുന്നു. സമാനവസ്തുക്കള്‍ പരസ്പരം ആകര്‍ഷിക്കുന്നു, അന്യോന്യം ലയിപ്പിക്കുന്നു എന്ന രസതന്ത്രസത്യം ക്രൊമാറ്റോഗ്രാഫിയില്‍ സാമാന്യേന പ്രാവര്‍ത്തികമാക്കാം. അതുപോലെ ഒരു പ്രത്യേക സ്ഥിരചലനഫേസ് യുഗ്മത്തില്‍ (pair) വേര്‍പിരിയാത്ത വസ്തുക്കളെ മറ്റു സങ്കലനങ്ങള്‍ ഉപയോഗിച്ച് വേര്‍പെടുത്താം.

വേര്‍തിരിക്കപ്പെട്ട ഘടകങ്ങളെ, തുടര്‍ച്ചയായ എല്യൂഷന്‍ വഴിയോ അഥവാ കോളം ഉണക്കിയെടുത്ത്, നാടകള്‍ വേര്‍തിരിച്ച് ലായകങ്ങളില്‍ ലയിപ്പിച്ചോ ശേഖരിക്കാം.

ആധുനിക യന്ത്രവത്കൃത സംവിധാനങ്ങളിലും ഇതേ തത്ത്വമാണ് പ്രാവര്‍ത്തികമാക്കുന്നതെങ്കിലും 'കോളം ക്രൊമാറ്റോഗ്രാഫിക് സംവിധാനത്തിന്റെ ഒരു കരടുരേഖയാണ് ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്. ഇതിന് പല മെച്ചങ്ങളുമുണ്ട്. ഒന്നാമതായി ചലനഫേസ് വസ്തുവിന്റെ പ്രവാഹവേഗത നിയന്ത്രിക്കാന്‍ കഴിയും. കൂടാതെ കോളത്തിനു പുറത്തെത്തുന്ന ഘടകലായനി തുടര്‍ച്ചയായി അപഗ്രഥനവിധേയമാകുന്നു. രാസസ്വഭാവസവിശേഷതകളെ വൈദ്യുതസിഗ്നലുകളാക്കി മാറ്റുന്ന ഒരു സൂചിക (indicator) ഉപയോഗിക്കാം. സര്‍വോപരി ഘടകനിര്‍ണയവും അവയുടെ വേര്‍തിരിക്കലും ഒന്നിച്ചു സാധ്യമാകുന്നു. ഡിറ്റക്ടറുകളില്‍നിന്ന് ഘടകങ്ങളെപ്പറ്റി ലഭ്യമാകുന്ന ഗ്രാഫിന് 'എല്യൂഷന്‍ ക്രൊമാറ്റോഗ്രാം' എന്നു പറയുന്നു. ഡിറ്റക്ടറുകളുടെ ഉപയോഗത്തിനുദാഹരണമായി നാഫ്ത്താ ക്വിനോണ്‍, ഓര്‍ത്തോ, മെറ്റാ, പാരാനൈട്രോ അനിലീനുകള്‍ എന്നിവയുടെ മിശ്രിതം വേര്‍തിരിക്കുമ്പോള്‍ ഒരു അള്‍ട്രാവയലറ്റ് ഡിറ്റക്ടര്‍ ഉപയോഗിക്കാം. ലായകം ഈ രശ്മികളെ വളരെക്കുറച്ചേ ആഗിരണം ചെയ്യാവൂ. ആരോമാറ്റിക് വലയമുള്ളതുകൊണ്ട് മറ്റെല്ലാ സംയുക്തങ്ങളും അള്‍ട്രാവയലറ്റ് രശ്മികളെ വ്യത്യസ്ത ആവൃത്തികളില്‍ ആഗിരണം ചെയ്യുകയും തത്ഫലമായി ഗ്രാഫില്‍ ആഗിരണശിഖരങ്ങള്‍ (absorption peaks) ലഭിക്കുകയും ചെയ്യുന്നു.

ചിത്രം:Pg_461_for_2.png

ക്രൊമാറ്റോഗ്രാഫിയില്‍ സ്ഥിരഫേസ് വസ്തുവിനെ കോളങ്ങളായി മാത്രമല്ല, പരന്ന തട്ടുകളുടെ രൂപത്തിലും ഉപയോഗിക്കാം. ഈ വിഭാഗത്തിന് രണ്ട് അവാന്തരങ്ങളുണ്ട്-ഒന്ന് പേപ്പര്‍ ക്രൊമാറ്റോഗ്രാഫി, മറ്റേത് നനുത്തപാളി ക്രൊമാറ്റോഗ്രാഫി (Thin Layer Chromatography-TLC).

പേപ്പര്‍ ക്രൊമാറ്റോഗ്രാഫി. 1940-കളുടെ ആരംഭത്തില്‍ ബ്രിട്ടീഷ് ജൈവരസതന്ത്രജ്ഞരായ എ.ജെ.പി. മാര്‍ട്ടിനും, ആര്‍.എല്‍.എം. സിഞ്ജും ചേര്‍ന്നാണ് ഈ മാര്‍ഗം ആവിഷ്കരിച്ചത്. അംശനക്രൊമാറ്റോഗ്രാഫിയുടെ വെളിച്ചംകണ്ട ആദ്യത്തെ ആവിഷ്കാരവും ഇതുതന്നെയായിരുന്നു.

ചിത്രം:Pg_461_for_3.png‎

ചിത്രത്തില്‍ പേപ്പര്‍ ക്രൊമാറ്റോഗ്രാഫി സംവിധാനത്തിന്റെ ലഘുവായ ഒരു മാതൃക കാണിച്ചിരിക്കുന്നു.

ഈര്‍പ്പമുള്ള പരിതോവസ്ഥയില്‍ (atmosphere) സമതുലനപ്പെടുത്തിയ ഒരു ഫില്‍റ്റര്‍ പേപ്പര്‍ നാടയുടെ ഒരഗ്രത്തായി ഒരു ഋജുരേഖയില്‍ കാണിച്ചിരിക്കുന്ന മാതിരി വേര്‍തിരിക്കേണ്ട മിശ്രിതത്തിന്റെ സാമ്പിളിനെയും മാനക വസ്തുക്കളെയും(standards) പൊട്ടുകളാ (spots) യി അടയാളപ്പെടുത്തുക. മിശ്രിതത്തില്‍ ഉണ്ടെന്നു സംശയിക്കപ്പെടുന്ന വസ്തുക്കളായിരിക്കും മാനകമായി ഉപയോഗിക്കുന്നത്. ഇതിനെ ഡെവലപ് ചെയ്യാനുള്ള ചേമ്പറില്‍ (ഒരു ഗ്ലാസ് പാത്രമാണ് ഇതിനുപയോഗിക്കുന്നത്) ചലനഫേസ് വസ്തു (ദ്രാവകം) എടുത്തശേഷം, ചേമ്പര്‍ മൂടുന്ന അടപ്പില്‍നിന്ന് ക്ലിപ്പുകള്‍ ഉപയോഗിച്ച് തൂക്കിയിടുന്നു. പിന്നീട് ക്രമേണ ക്ലിപ്പുകള്‍ താഴ്ത്തി പേപ്പറിന്റെ കീഴഗ്രം ദ്രാവകത്തില്‍ മുട്ടിച്ചുവയ്ക്കുന്നു. പേപ്പറല്ല, അതിന്മേല്‍ അധിശോഷണം ചെയ്യപ്പെട്ട ജലമാണ് സ്ഥിരഫേസ്. ഒരു താങ്ങായി വര്‍ത്തിക്കുകയും ക്യാപ്പില്ലറി(നാളി) പ്രവര്‍ത്തനംമൂലം ചലനഫേസ് വസ്തുവിനെ കടത്തിവിടുകയും മാത്രമാണ് പേപ്പറിന്റെ ധര്‍മം. ചലനഫേസ് വസ്തുവായി ഓര്‍ഗാനിക് (ജൈവ) ലായകങ്ങളോ, ലായകമിശ്രിതങ്ങളോ ആണ് സാധാരണ ഉപയോഗിക്കാറ്. ലായകം പേപ്പറിലൂടെ മുകളിലോട്ട് സഞ്ചരിക്കുന്നതിനുസൃതമായി ഘടകങ്ങള്‍ വേര്‍തിരിയുന്നത് ജലവും ഈ ലായകവും തമ്മിലുള്ള അംശനംമൂലമാണ്. ക്രൊമാറ്റോഗ്രാഫി തുടങ്ങുംമുമ്പും പിമ്പുമുള്ള പേപ്പര്‍ ക്രൊമാറ്റോഗ്രാഫിന്റെ മാതൃകകള്‍ ചിത്രം എ-യിലും ബി-യിലും യഥാക്രമം കാണിച്ചിരിക്കുന്നു. ബി-യില്‍ മിശ്രിതം നാലു ഘടകങ്ങളായി വേര്‍തിരിഞ്ഞിരിക്കുന്നു. അതില്‍ രണ്ടും നാലും യഥാക്രമം S(i), S(ii) എന്നീ മാനകവസ്തുക്കളാവാന്‍ സാധ്യതയുണ്ടെന്നും ബി-യില്‍ നിന്നുകാണാം. പക്ഷേ ഈ അനുമാനത്തെ മറ്റ് അപഗ്രഥനമാര്‍ഗങ്ങളിലൂടെ സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു. വര്‍ണമില്ലാത്ത വസ്തുക്കളെ പേപ്പറിന്മേല്‍ ഏതെങ്കിലും ഇന്‍ഡിക്കേറ്റര്‍ വസ്തു സ്പ്രേ ചെയ്തും തിരിച്ചറിയാം.

തിന്‍ലെയര്‍ ക്രൊമാറ്റോഗ്രാഫി (TLC) ഈ ഉപാധിയില്‍ ഒരു നിലംബന വസ്തുവിന്റെ നേരിയ പാളിയാണ് സ്ഥിരഫേസ് വസ്തുവായി ഉപയോഗിക്കുന്നത്. ഒരു ദ്രാവകത്തില്‍ മിശ്രണപ്പെട്ടും എന്നാല്‍ വിലയിക്കാതെയും കിടക്കുന്ന വസ്തുവിനാണ് നിലംബനം (suspension) എന്നു പറയുന്നത് (ഉദാ. സിലിക്കാജെല്‍, അലുമിനാജെല്‍). സ്ഥിരഫേസ് വസ്തുവിനെ ലോഹംകൊണ്ടോ സ്ഫടികംകൊണ്ടോ ഉള്ള പ്ലേറ്റുകളിന്മേലാണ് നേരിയ പാളിയായി പൂശുന്നത്. നിലംബന വസ്തുവിന്റെ കണങ്ങള്‍ക്ക് ഏതാനും മൈക്രോണുകളുടെ വലുപ്പമേ കാണൂ. അതുപോലെ നേരിയ പാളിക്ക് ഏകദേശം 250 μ (106 മീ.) വരെ കനമാണ് അനുയോജ്യം. നിലംബന വസ്തു അനുയോജ്യമായ ഒരു ദ്രാവകവുമായി കൂട്ടിക്കലര്‍ത്തി പ്ലേറ്റുകളിന്മേല്‍ തുല്യഘനത്തില്‍ പൂശി ഉണക്കിയെടുക്കുന്നു. ക്യാപ്പില്ലറി പ്രവര്‍ത്തനംമൂലം പ്ലേറ്റിലൂടെ മുകളിലേക്കു കയറുന്ന ദ്രാവകമായിരിക്കും ചലനഫേസ്. സാമാന്യേന സിലിക്കാജല്‍, അലുമിനാ, സെല്ലുലോസ് പൊടി, സെല്ലുലോസിന്റെ ഉത്പന്നങ്ങള്‍ (derivative-തദ്ഭവങ്ങള്‍) ഇവയാണ് സാധാരണയായി ഉപയോഗിക്കുന്ന സ്ഥിരഫേസ് വസ്തുക്കള്‍, സിലിക്കാജല്‍, അലുമിനാ ഇവയ്ക്ക് ജൈവലായകങ്ങളും, സെല്ലുലോസിനും സെല്ലുലോസ് ഉത്പന്നങ്ങള്‍ക്കും ജലവുമാണ് ഏറ്റവും യോജിച്ച ചലനഫേസുകള്‍. പേപ്പര്‍ ക്രൊമാറ്റോഗ്രാഫിയും TLC-യും തമ്മില്‍ വളരെയേറെ സാമ്യമുണ്ടെങ്കിലും സ്ഥിരഫേസായുപയോഗിക്കാവുന്ന വസ്തുക്കളുടെ വൈവിധ്യം, വേര്‍തിരിക്കപ്പെട്ട വസ്തുക്കള്‍ തിരിച്ചറിയാനുള്ള എണ്ണമറ്റ മാര്‍ഗങ്ങള്‍ ഇവയൊക്കെ കണക്കിലെടുത്താല്‍ ഠഘഇ തന്നെയാണ് കൂടുതല്‍ മെച്ചപ്പെട്ടത്.

വിളംബഘടകം (Retardation Factor-RF) സ്ഥിരഫേസിന്മേല്‍ വേര്‍തിരിക്കപ്പെട്ട വസ്തുവിന്റെ സ്പോട്ട് സഞ്ചരിച്ച അനുപാതത്തെയാണ് വിളംബഘടകം അഥവാ ഞഎ മൂല്യം എന്നുപറയുന്നത്. വര്‍ണരഹിത ഘടകങ്ങള്‍ ദര്‍ശനീയമാക്കാനുള്ള ഒരു മാര്‍ഗം അള്‍ട്രാവയലറ്റ് വെളിച്ചത്തില്‍ ക്രൊമോറ്റോഗ്രാഫിക് പേപ്പറോ പ്ലേറ്റോ നോക്കുകയാണ്. ഇന്‍ഡിക്കേറ്ററുകള്‍ സ്പ്രേ ചെയ്തും ഇതു സാധ്യമാണെന്നു പറഞ്ഞുവല്ലോ. വസ്തുവിന്റെ വര്‍ണസാന്ദ്രത തിട്ടപ്പെടുത്തി അതിന്റെ മിശ്രിതത്തിലുള്ള അളവും നിര്‍ണയിക്കാന്‍ കഴിയും.

വാതക ക്രൊമാറ്റോഗ്രാഫി (Gas Chromatography) ഇവിടെ വാഹകവാതകം (carrier gas) എന്ന പേരിലും അറിയപ്പെടുന്ന ചലനഫേസ് ഹീലിയം, നൈട്രജന്‍, ആര്‍ഗണ്‍, ഹൈഡ്രജന്‍ തുടങ്ങിയ ഏതെങ്കിലും നിഷ്ക്രിയവാതകമായിരിക്കും. സിലിണ്ടറില്‍ നിന്നുള്ള വാതകപ്രവാഹത്തെ ഒരു റഗുലേറ്റര്‍ ഉപയോഗിച്ച് കൂട്ടുകയോ കുറയ്ക്കുകയോ സ്ഥിരമായ വേഗതയില്‍ നിര്‍ത്തുകയോ ചെയ്യാം. വേര്‍തിരിക്കല്‍ നടക്കുന്നത് വാതകാവസ്ഥയിലായതുകൊണ്ട് താപനില അവശ്യം നിയന്ത്രിക്കേണ്ടതുണ്ട്. അപഗ്രഥനവിധേയമാക്കേണ്ട മിശ്രിതത്തെ ഒരു റബ്ബര്‍ സ്തരത്തിലൂടെ നിശ്ചിത താപനിലയില്‍ പ്രവഹിക്കുന്ന വാതകത്തിലേക്ക് നിവേശിപ്പിക്കുന്നു. ഇതിന് വ്യാപ്തം അളക്കാവുന്ന ഒരു സിറിഞ്ചാണ് ഉപയോഗിക്കുന്നത്. മൈക്രോലിറ്ററോളം സൂക്ഷ്മമായി വാതകങ്ങളുടെയും ദ്രാവകങ്ങളുടെയും വ്യാപ്തം അളന്നെടുക്കാനും ഇന്‍ജക്ടു ചെയ്യാനും ഇന്നു സാധ്യമാണ്. വാതകാവസ്ഥയിലായ മിശ്രിതം സാമ്പിള്‍ കോളത്തിലേക്കു കടക്കുന്നതനുസരിച്ച് വേര്‍തിരിക്കലും നടക്കുന്നു. വാതകാവസ്ഥയില്‍ ഉള്ള മിശ്രിതഘടകങ്ങളെ ഡിറ്റക്ടര്‍ ഉപയോഗിച്ച് തിരിച്ചറിയുന്നു. ഇതിനായി ഘടകതന്മാത്രകളുടെ പലേ സ്വഭാവങ്ങളും ഡിറ്റക്ടറില്‍ പ്രയോജനപ്പെടുത്തുന്നു.

വേര്‍തിരിക്കലിനുള്ള കോളങ്ങള്‍ വാതകക്രൊമാറ്റോഗ്രാഫിയില്‍ പ്രധാനമായി മൂന്നു തരത്തിലുള്ള കോളങ്ങള്‍ ഉപയോഗിക്കപ്പെടുന്നു: (1) പായ്ക്കുചെയ്യപ്പെട്ട (packed) കോളങ്ങള്‍ (2) ക്യാപ്പില്ലറി കോളങ്ങള്‍, (3) രന്ധ്രസാന്ദ്രമായ (porous) പാളിയുള്ള ക്യാപ്പില്ലറി കോളങ്ങള്‍. ചിത്രത്തില്‍ അവയുടെ പരിച്ഛേദങ്ങള്‍ കാണിച്ചിരിക്കുന്നു.

ചിത്രം:Pg_462_for02.png‎

ഒന്നാമത്തെ ഇനത്തില്‍, തനിരൂപത്തിലുള്ള അധിശോഷണവസ്തു ഉള്ളില്‍ നിറഞ്ഞ നീണ്ട കുഴലുകളാണ് കോളങ്ങളെങ്കില്‍ രണ്ടാമത്തേതില്‍ ഉള്‍ഭിത്തിയില്‍ അധിശോഷണവസ്തുവിന്റെ നേരിയ പടലംപൂശിയ നീണ്ട കുഴലുകളാണ്. അധിശോഷണവസ്തു ഏറിയകൂറും എളുപ്പം വാതകാവസ്ഥയിലാകാത്ത ദ്രാവകങ്ങളായിരിക്കും. (a) യിലെ കുഴലുകള്‍ക്ക് 1-5 വരെ മീ. നീളവും 1-8 മില്ലിമീറ്റര്‍ വരെ വ്യാസവും ഉള്ളപ്പോള്‍ (b)യില്‍ 20-100 വരെ മീ. നീളവും 0.2-0.8 മില്ലിമീറ്റര്‍ വരെ വ്യാസവും ഉള്ളവയായിരിക്കും. (c)യിലുള്ള കോളങ്ങള്‍ മേല്പറഞ്ഞ രണ്ടു വര്‍ഗങ്ങളുടെയും ഒരേകദേശ സങ്കരമാണ്. വര്‍ധിച്ച വാതകസുതാര്യതകൊണ്ടും കുഴലുകളുടെ നീളക്കൂടുതല്‍ കൊണ്ടും മറ്റുള്ളവയെക്കള്‍ വേര്‍തിരിക്കലിന് പ്രാപ്തമാണ് ക്യാപ്പില്ലറി കോളങ്ങള്‍. പായ്ക്കുചെയ്യപ്പെട്ട കോളങ്ങളില്‍ 20-30 വരെ ഘടകങ്ങള്‍ വേര്‍തിരിക്കാനാവുമ്പോള്‍ ക്യാപ്പില്ലറി കോളങ്ങളില്‍ നൂറുകണക്കിന് ഘടകങ്ങളെ വരെ വേര്‍തിരിക്കാനാവും.

ഡിറ്റക്ടറുകള്‍ ഘടകങ്ങളെ വേര്‍തിരിച്ചറിയാനും മിശ്രിതത്തില്‍ അവയുടെ അളവു നിര്‍ണയിക്കാനും വിവിധ തത്ത്വങ്ങളെ അവലംബിച്ചുള്ള ഡിറ്റക്ടറുകളുണ്ട്. ഇവയില്‍ ഏറ്റവും സൂക്ഷ്മതയുള്ളവ വാതകാവസ്ഥയിലുള്ള അയൊണൈസേഷനെ(ionisation) ആസ്പദമാക്കിയവയാണ്. ഒരു ഹൈഡ്രജന്‍ വാതകജ്വാലയിലൂടെ പദാര്‍ഥങ്ങളുടെ അയോണുകള്‍ കടന്നുപോകുമ്പോള്‍ ഇലക്ട്രോഡുകള്‍ ഉപയോഗിച്ച് അതിന്റെ ചാലകതയിലുണ്ടാകുന്ന മാറ്റം അളന്നാണ് ഇത് സാധ്യമാക്കുന്നത്. ചാലകതയിലെ വ്യത്യാസത്തിനനുസൃതമായി കിട്ടുന്ന സിഗ്നലിനെ സംവര്‍ധനം ചെയ്തു രേഖപ്പെടുത്തുന്നു. ഓര്‍ഗാനിക് സംയുക്തങ്ങള്‍ തിരിച്ചറിയുന്നതിലാണ് ഈ മാര്‍ഗം ഏറ്റവും വിജയകരമായിരിക്കുന്നത്. അകാര്‍ബണിക സംയുക്തങ്ങളെ തിരിച്ചറിയാന്‍ മറ്റു പല മാര്‍ഗങ്ങളും ഉപയോഗിക്കുന്നു (ഉദാ. താപചാലകത). സള്‍ഫര്‍, ഫോസ്ഫറസ്, നൈട്രജന്‍, ഹാലജനുകള്‍ ഇവയിലടങ്ങിയ സംയുക്തങ്ങളെ പ്രത്യേകം തിരിച്ചറിയാന്‍ കഴിവുള്ള ഡിറ്റക്ടറുകളുമുണ്ട്.

പരിമിതികള്‍ ഒരു മാനകവസ്തുവിന്റെ ക്രൊമാറ്റോഗ്രാം ശിഖരത്തിനു സമാനമായ ശിഖരം അപഗ്രഥന വിധേയമാക്കുന്ന സാമ്പിളില്‍ കിട്ടുന്നതുകൊണ്ടുമാത്രം അതിന്റെ രാസഘടനയ്ക്ക് അസന്ദിഗ്ധമായ തെളിവാകുന്നില്ല. രാസഘടന വ്യത്യസ്തമാര്‍ഗങ്ങളിലൂടെ നിര്‍ണയിച്ചാണ് മതിയായ തെളിവ് സൃഷ്ടിക്കുന്നത്. മിശ്രിതഘടകങ്ങളെപ്പറ്റി ശരിയാക്കാന്‍ സാധ്യത ഏറിയ ഒരു അനുമാനത്തിലെത്താനേ ഗ്യാസ്ക്രൊമാറ്റോഗ്രാം സഹായിക്കുന്നുള്ളൂ. സാധാരരീതിയില്‍, അപഗ്രഥന താപനില 250oC-ല്‍ അധികമാകാന്‍ പാടില്ലെന്നതാണ് മറ്റൊരു പരിമിതി.

ദ്രാവക ക്രൊമാറ്റോഗ്രാഫി ഇതില്‍ ചലനഫേസ് വസ്തു കോളങ്ങളിലൂടെ ഗുരുത്വാകര്‍ഷണം കൊണ്ടോ കൃത്രിമമായുണ്ടാക്കിയ സമ്മര്‍ദം ഉപയോഗിച്ചോ അരിച്ചിറങ്ങാന്‍ അനുവദിക്കുന്നു. പ്രവേശബിന്ദുവില്‍ അന്തരീക്ഷമര്‍ദത്തെക്കാള്‍ ഉയര്‍ന്ന മര്‍ദമുണ്ടാക്കാന്‍ കഴിയുന്ന പമ്പുസെറ്റുകളും മൈക്രോണുകള്‍ മാത്രം കണികാവലുപ്പ (particle size)മുള്ള സ്ഥിരഫേസ് വസ്തുവും ഇതിന്റെ പ്രയോഗസാധ്യത ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുന്നു.

ദ്രാവകക്രൊമാറ്റോഗ്രാഫിയില്‍ പരക്കെ പ്രയോഗത്തിലിരിക്കുന്ന രണ്ടു മാര്‍ഗങ്ങളാണ് അയോണ്‍ എക്സ്ചേഞ്ച് (വിനിമയം) ക്രൊമാറ്റോഗ്രാഫിയും ജെല്‍ ക്രൊമാറ്റോഗ്രാഫിയും.

അയോണ്‍ വിനിമയ ക്രൊമാറ്റോഗ്രാഫി (Ion Exchange Chromatography) ബഹുവിധ ചാര്‍ജുള്ള സാമ്പിള്‍ഘടകങ്ങളും അയോണീകരിക്കപ്പെട്ട ക്രൊമാറ്റോഗ്രാഫിക് മാധ്യമവും തമ്മിലുള്ള അയോണിക ആകര്‍ഷണത്തിലെ സവിശേഷതകളെയാണ് ഇതില്‍ ആധാരമാക്കിയിരിക്കുന്നത്. അയോണിക വിനിമയങ്ങള്‍ അഥവാ അയോണുകളുടെ പരസ്പര മാറ്റത്തിനു സഹായിക്കുന്ന വസ്തുക്കള്‍ രണ്ടു തരത്തിലുണ്ട്-കാറ്റയോണിക്കുകളുടെ ആനയോണിക്കുകളും. അയോണ്‍ മാറ്റപദാര്‍ഥങ്ങളുടെ ഘടനയില്‍ ഒരു ഓര്‍ഗാനിക് പോളിമര്‍ 'അസ്ഥികൂടവും' അതിന്റെ രന്ധ്രസാന്ദ്രമായ പ്രതലത്തില്‍ അമ്ളമയമോ ക്ഷാരമയമോ (acidic or basic) ആയ വിനിമയബിന്ദുക്കളും (sites) ആണുള്ളത്. ഈ വിനിമയ പദാര്‍ഥങ്ങള്‍ അവയുടെ അയോണുകളെ ചലനഫേസ് വസ്തുവിലുള്ള ഘടകത്തിന്റെ അയോണുകളുമായി പരസ്പരം മാറ്റുന്നു. ഈ മാറ്റപ്രക്രിയ നിയതമായി വേര്‍തിരിഞ്ഞ അയോണുകളുടെ മണ്ഡലങ്ങള്‍ (zones) ഉണ്ടാക്കുന്നു. ഉദാഹരണമായി നാലു ക്ഷാരലോഹങ്ങളുടെ വേര്‍തിരിക്കല്‍ എടുക്കുക. ശക്തിയേറിയ ഒരു കാറ്റയോണ്‍ വിനിമയ കോളത്തിലേക്ക് NaCl, KCl, RbCl, CsCl (സോഡിയം, പൊട്ടാസ്യം, റുബീഡിയം, സീഷിയം എന്നിവയുടെ ക്ലോറൈഡുകള്‍) എന്നിവയുടെ ഒരു ലായനി നിവേശിപ്പിക്കുക. ചലനതല വസ്തുവായി ഹൈഡ്രോക്ലോറിക് അമ്ളത്തിന്റെ ലായനിയാണ് ഉപയോഗിക്കുന്നത്. ലോഹ അയോണുകള്‍ക്കെല്ലാം '+1' ചാര്‍ജാണ് ഉള്ളതെങ്കിലും, സോഡിയം, പൊട്ടാസ്യം, റുബീഡിയം, സീഷിയം എന്നീ ക്രമത്തിലാണ് അവ വേര്‍തിരിയുന്നത്. അയോണിക് വ്യാസാര്‍ധത്തിലെ ഏറ്റക്കുറച്ചിലു(വ്യത്യാസം)കളാണ് ഇതിനു കാരണം.

ജെല്‍ ക്രൊമാറ്റോഗ്രാഫി (Gel Chromatography) ഇതിനെ ജെല്‍ ഉപയോഗിച്ചുള്ള അരിക്കല്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. 1950-കളില്‍ ഇതിന്റെ ആവിര്‍ഭാവത്തിനിപ്പുറം ജൈവരസതന്ത്രത്തിലെ (Bio Chemistry) ഭീമതന്മാത്രകളുടെ പഠനത്തില്‍ അവിശ്വസനീയമായ സാധ്യതകളും പുരോഗതിയും ഇതുണ്ടാക്കിയിരിക്കുന്നു. രന്ധ്രസാന്ദ്രമായ (porous) ഒരു ജെല്‍ മാധ്യമത്തിലൂടെ ഊര്‍ന്നുപോകാനുള്ള ശേഷി വ്യത്യസ്തമാണ് എന്നത് ഇതിലെ മൗലിക തത്ത്വമത്രേ. (ചിത്രം)

ചിത്രം:Pg463_for01.png‎

ഏറ്റവും ചെറിയ തന്മാത്രകള്‍ക്ക് ജെല്‍ രന്ധ്രങ്ങളിലൂടെ നിസ്സാരമായി ജെല്‍കണങ്ങളുടെ ഉള്ളില്‍ കടക്കാം. ഇടത്തരം തന്മാത്രകള്‍ക്ക് ഇതു പറ്റുമെങ്കിലും അതിനുള്ള കഴിവു കുറവാണ്. വന്‍തന്മാത്രകള്‍ക്കാവട്ടെ, ഈ സുഷിരങ്ങളിലൂടെ കടക്കുവനേ പറ്റില്ല. തന്മൂലം ഭീമ(വന്‍) തന്മാത്രകള്‍ ജെല്ലിനുള്ളില്‍ താരതമ്യേന കുറച്ചുസമയമേ കഴിയുന്നുള്ളൂ. തന്മാത്ര ചെറുതാകുന്തോറും അവയെ അരിച്ചുവിടുവാന്‍ ജെല്‍ കൂടുതല്‍ കൂടുതല്‍ സമയം എടുക്കുന്നു. അങ്ങനെ തന്മാത്രകളെ അവയുടെ വലുപ്പം അനുസരിച്ച് വേര്‍തിരിക്കുന്ന ഒരു സംവിധാനമാണുള്ളത്. ഭീമമായ സമ്മര്‍ദമുപയോഗിക്കുമ്പോള്‍ ജെടല്‍കണങ്ങളുടെ ബാഹ്യരൂപം സ്ഥിരമായി നിര്‍ത്താന്‍ സാധ്യമല്ലെന്നതാണ് ഇതിന്റെ പ്രധാന പരമിതി.

പ്രായോഗികോപയോഗങ്ങള്‍ ക്രൊമാറ്റോഗ്രാഫിയുടെ ദ്രുതവികാസം കൊണ്ടും പ്രയോഗംകൊണ്ടും സ്പര്‍ശിക്കപ്പെടാത്ത മേഖലകള്‍ രസതന്ത്രത്തിലോ ബന്ധപ്പെട്ട ശാസ്ത്രശാഖകളിലോ കാണാന്‍ വിഷമമാണ്. തന്മാത്രാവലുപ്പം വളരെ കുറഞ്ഞ അജൈവ വാതകങ്ങള്‍ തൊട്ട് ലക്ഷക്കണക്കിന് തന്മാത്രാഘനം മതിക്കുന്ന പ്രോട്ടീനുകള്‍, ന്യൂക്ലിക് അമ്ളങ്ങള്‍ എന്നിവയെവരെ വിജയകരമായി വേര്‍തിരിക്കാന്‍ ക്രൊമാറ്റോഗ്രാഫിയിലെ മാര്‍ഗങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. ഇവയില്‍ ഗ്യാസ്(വാതക) ക്രൊമാറ്റോഗ്രാഫിയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. കേവലപൂജ്യത്തിനടുത്ത താപനിലകളില്‍ (near absolute zero-0oK) ഹൈഡ്രജനെയും അതന്റെ മറ്റ് ഐസോടോപ്പുകളെയും വേര്‍തിരിക്കാന്‍ സാധ്യമാണെന്നത് ഈ മാര്‍ഗത്തിന്റെ സൂക്ഷ്മതയ്ക്കുദാഹരണമാണ്. ദ്രാവക ക്രൊമാറ്റോഗ്രാഫിയാകട്ടെ വാതക ക്രൊമാറ്റോഗ്രാഫിയുടെ പൂരകപ്രക്രിയയായിട്ടാണ് ഉപയോഗിക്കാറ്; ചിലപ്പോഴൊക്കെ അത് പരാജയപ്പെടുന്നിടത്തും. ജീവ വൈദ്യശാസ്ത്രത്തില്‍ (bio medicine) പരിശോധന, രോഗനിര്‍ണയം, ഔഷധങ്ങളുടെ സ്ക്രീനിങ് എന്നീ മേഖലകളിലെല്ലാം ക്രൊമാറ്റോഗ്രാഫി സ്ഥാനമുറപ്പിച്ചിരിക്കുന്നു. ഫോറന്‍സിക്, സ്പേസ്, ഭൂഗര്‍ഭരസതന്ത്രശാസ്ത്രങ്ങളിലും ഒരു അനിവാര്യസങ്കേതമായി ഇത് ചെന്നെത്തിയിരിക്കുന്നു.

അന്തരീക്ഷവായുവിലെ വ്യാവസായികമാലിന്യങ്ങളെ തിരിച്ചറിയാനും അവയുടെ അളവു നിര്‍ണയിക്കാനും, വികസിത രാജ്യങ്ങളില്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നുണ്ട്.

(ഡോ.എം.എന്‍. ആര്‍. നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍