This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൊമാറ്റിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൊമാറ്റിന്‍

ഒരു ഡീ ഓക്സി റൈബോ ന്യൂക്ലിയോപ്രോട്ടീന്‍ കോംപ്ലക്സ്, ഇതില്‍ ഡീ ഓക്സി റൈബോ ന്യൂക്ലിക് അമ്ളവും ഹിസ്റ്റോണ്‍ എന്ന അടിസ്ഥാന പ്രോട്ടീനും മറ്റു പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു. എന്‍സൈമുകളുടെ ആക്രമണങ്ങളില്‍ നിന്ന് ഡി.എന്‍.എ. തന്മാത്രകളെ സംരക്ഷിക്കുകയാണ് ഹിസ്റ്റോണ്‍ ഒഴികെയുള്ള പ്രോട്ടീനുകളുടെ പ്രധാനധര്‍മം. സവിശേഷവും സങ്കീര്‍ണവുമായ ഷുഗര്‍ പ്രോട്ടീന്‍ പോളിമറുകളാണ് ഡി.എന്‍.എ. തന്മാത്രകള്‍. ഇവയുടെ ഓരോ തന്മാത്രയിലും നിരവധി ലക്ഷം ന്യൂക്ലിയോറ്റൈഡ് യൂണിറ്റുകള്‍ രണ്ടു ചുരുണ്ട ഇഴകളായി അടുക്കിവച്ചിരിക്കുന്നു. ഈ ഇഴകളില്‍ ഫോസ്ഫേറ്റ് യൂണിറ്റുകളും ഡീ ഓക്സി റൈബോസ് യൂണിറ്റുകളും ഒന്നിടവിട്ടാണിരിക്കുന്നത്. നൈട്രജന്‍ അടങ്ങിയ ക്ഷാരങ്ങള്‍ തന്മാത്രയുടെ ചുരുളിന്റെ അക്ഷത്തിലേക്കു തള്ളിയിരിക്കുന്നു. ഈ ക്ഷാരങ്ങളുടെ പൂര്‍വാപരക്രമമാണ് ഒരു ജീവിയുടെ 'ജനറ്റിക് കോഡ്' തീരുമാനിക്കുന്നത്.

ക്രൊമാറ്റിന്‍, ജന്തുക്കളുടെയും സസ്യങ്ങളുടെയും കോശ ന്യൂക്ലിയസ്സുകളിലാണിരിക്കുന്നത്. ജീവജാലങ്ങളുടെ പാരമ്പര്യസവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന വസ്തുവാണിത്. കോശങ്ങളില്‍ അത് എല്ലായ്പോഴും ഒരേ രൂപത്തിലല്ല സ്ഥിതിചെയ്യുന്നത്. സാധാരണ കോശങ്ങളില്‍ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന ദൈര്‍ഘ്യമേറിയ ശൃംഖലിത തന്തുക്കളുടെ രൂപത്തില്‍ ന്യൂക്ലിയസ് മുഴുവന്‍ വ്യാപിച്ച നിലയിലാണ് ഇതു കാണപ്പെടുന്നത്. ക്രോമാനിമാറ്റ എന്നു വിളിക്കപ്പെടുന്ന ഇതിനെ സാധാരണ മൈക്രോസ്കോപ്പുകൊണ്ട് കാണാനാവില്ല. ജൈവരാസപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള പ്രതലവിസ്തീര്‍ണം ലഭ്യമാക്കുന്നതിനുവേണ്ടിയായിരിക്കണം സാധാരണ കോശങ്ങളില്‍ ക്രോമാറ്റിന്‍, ക്രൊമാനിമാറ്റയുടെ രൂപത്തിലിരിക്കുന്നത്. കോശവിഭജനത്തിനു സമമാകുമ്പോള്‍ ക്രോമാനിമാറ്റകള്‍ സ്പ്രിങ്ങുപോലെ ചുരുളുകയും ന്യൂക്ലിയോപ്രോട്ടീന്‍ മാട്രിക്സുകള്‍ കൊണ്ടു മൂടപ്പെടുകയും ചെയ്യുന്നു. അങ്ങനെയാണ് കോശന്യൂക്ലിയസ്സില്‍ ദണ്ഡുകളുടെ ആകൃതിയുള്ള ക്രോമസോമുകളുണ്ടാകുന്നത്.

ക്രോമസോമുകള്‍ വളരെ ചെറുതാണെങ്കിലും അവയുടെ പുറത്തുള്ള ന്യൂക്ലിയോപ്രോട്ടീന്‍ മാട്രിക്സ് ജൈവസ്റ്റെയിന്‍ പിടിപ്പിക്കുമ്പോള്‍ കടുത്ത നിറമുള്ളതായി മാറുന്നതുകൊണ്ട് സൂക്ഷ്മദര്‍ശിനിയിലൂടെ ദൃശ്യമാകും. ക്രോമസോം, ക്രൊമാറ്റിന്‍ എന്നീ പേരുകള്‍തന്നെ വളരെവേഗം സ്റ്റെയിന്‍ പിടിക്കുക എന്ന സവിശേഷമായ ഗുണവിശേഷത്തെ അടിസ്ഥാനപ്പെടുത്തി നല്കിയതാണ്. ക്രോമസോമുകളില്‍ പാരമ്പര്യ സവിശേഷതകളുടെ ഏകകങ്ങളായ ജീനുകള്‍ സ്ഥിതിചെയ്യുന്നു. ഓരോ ജീവിയിലും നിരവധി ജീനുകളുണ്ടായിരിക്കും. ഒരു മനുഷ്യകോശത്തില്‍ പതിനായിരത്തിലധികം ജീനുകളുണ്ട്.

ജൈവസ്റ്റെയിനുകളോടുള്ള പ്രതിപ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തി ക്രൊമാറ്റിനുകളെ രണ്ടായി തരംതിരിക്കാം; യൂ ക്രൊമാറ്റിനും ഹെറ്ററോക്രൊമാറ്റിനും (eu chromatin and hetero chroma- tin). എല്ലാ ഭാഗങ്ങളിലും ഏതാണ്ട് ഒരേപോലെ സ്റ്റെയിന്‍ പിടിപ്പിക്കാന്‍ കഴിയുന്നതാണ് യൂ ക്രൊമാറ്റിന്‍. ക്രോമസോമിന്റെയും ക്രോമാനിമാറ്റയുടെയും സിംഹഭാഗവും ഇതായിരിക്കും. ഹെറ്ററോക്രൊമാറ്റിനില്‍ സ്റ്റെയിനിങ് ഏകതാനമായി നടക്കുകയില്ല. സെന്‍ട്രോമിയറിനു സമീപത്തായി കാണപ്പെടുന്ന ഈ വസ്തുവില്‍ ജനറ്റിക് ഘടകങ്ങളുടെ അളവ് താരതമ്യേന കുറവാണ്.

ക്രമഭംഗം (Mitosis), ക്രമാര്‍ധഭംഗം (Meiosis) എന്നിങ്ങനെ രണ്ടുതരം കോശവിഭജനമുണ്ട്. ലൈംഗിക പ്രജനനവേളയില്‍ നടക്കുന്ന കോശവിഭജനാണ് ക്രമാര്‍ധഭംഗം സാധാരണ നടക്കുന്ന കോശവിഭജനം ക്രമഭംഗവും. ക്രമഭംഗത്തില്‍ ഓരോ ക്രോമസോമിലെയും ക്രൊമാറ്റിഡ് ജോടികള്‍ വേര്‍പെട്ട് കോശത്തിന്റെ രണ്ടറ്റങ്ങളിലേക്കു പോകുന്നു. തുടര്‍ന്ന് കോശം രണ്ടാവുകയും മാതൃകോശത്തിലുള്ളത്ര ക്രോമസോം സംഖ്യയുള്ള രണ്ടു പുതിയ കോശങ്ങള്‍ സ്വതന്ത്രപ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും. ഓരോ സ്പീഷീസിനും ക്രോമസോം സംഖ്യ സ്ഥിരമായിരിക്കും. ലൈംഗികപ്രജനനം നടക്കുന്ന ജന്തുക്കളില്‍ ഡിപ്ലോയിഡ് സംഖ്യം (2n) ക്രോമസോമുകളാണുള്ളത്. ഉദാ. മനുഷ്യരില്‍ ഈ സംഖ്യ 46 ആണ്. എന്നാല്‍ അണ്ഡത്തിലും ബീജത്തിലും ക്രോമസോം സംഖ്യ ഇതിന്റെ പകുതി; അതായത് ഹാപ്ലോയിഡ് സംഖ്യ (n) മാത്രമായിരിക്കും. ക്രമാര്‍ധഭംഗം നടക്കുമ്പോള്‍ അണ്ഡവും ബീജവും പരസ്പരം സംയോജിക്കുന്നു. അപ്പോള്‍ ക്രോമസോം ഇരട്ടിക്കല്‍, ക്രൊമാറ്റിനിന്റെ പരസ്പരം കൈമാറ്റം, ക്രൊമാറ്റിഡ് ജോടികളുണ്ടാകല്‍, കോശവിഭജനം തുടങ്ങിയ പ്രക്രിയകള്‍ നടക്കുകയും അങ്ങനെ പുതിയ ജീവിക്ക് ഡിപ്ലോയിഡ് സംഖ്യ (n) ക്രോമസോമുകള്‍ തിരിച്ചുകിട്ടുകയും ചെയ്യുന്നു.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍