This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൂസിഫെറെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൂസിഫെറെ

Crucifere

ക്രൂസിഫെറെ ശാഖ,ഇല,പുഷ്പം, വിത്ത്

ദ്വിബീജപത്രികളില്‍പ്പെട്ട സസ്യകുടുംബം. 350-ഓളം ജീനസ്സുകളിലായി 2,500 സ്പീഷീസുകളുള്ള ഈ കുടുംബത്തിലെ ചെടികള്‍ ലോകത്തിലെല്ലായിടത്തും വളരുന്നു. ഇന്ത്യയില്‍ 200-ഓളം സ്പീഷീസുകള്‍ ഉണ്ട്. ഏകവര്‍ഷിയോ ദ്വിവര്‍ഷിയോ ആയ ചെടികള്‍ മധ്യമരുരുഹ (mesophyte) സ്വഭാവങ്ങളുള്ളവയാണ്. ചില ചെടികള്‍ക്കു സള്‍ഫറിന്റെ മണമുണ്ട്.

ദ്വിവര്‍ഷികളായ ചെടികള്‍ നാരായവേരില്‍ ഭക്ഷണം ശേഖരിച്ചുവയ്ക്കുന്നു. ഈ കിഴങ്ങ് ഭക്ഷ്യയോഗ്യമാണ്. ഏകാന്തരന്യാസക്രമത്തിലുള്ള ഇലകള്‍ക്കു ഞെട്ടുകളില്ല. കര്‍ണിതപത്രങ്ങള്‍ക്ക് ജാലികാസിരാവിന്യാസം (reticulate venation) ആണ്. ചിലയിനങ്ങളില്‍ അനുപര്‍ണങ്ങളുടെ സ്ഥാനത്ത് ഗ്രന്ഥികളോ ശല്ക്കങ്ങളോ കാണാറുണ്ട്. ചിലതിനു പത്രലഗ്നമുകുളങ്ങള്‍ (epiphyllous buds) ഉണ്ടാകാറുണ്ട്. ഡെന്റേറിയ(Dentaria)യില്‍ ഇലകളുടെ കക്ഷ്യങ്ങളില്‍ ചെറുകന്ദം (bulbils) കാണപ്പെടുന്നു.

സസ്യശരീരം മുഴുവന്‍ വളരെ ചെറിയ ലോമങ്ങളാലാവൃതമാണ്. ഇവ അനേകം കോശങ്ങളുള്ളതോ അല്ലെങ്കില്‍ നക്ഷത്രാകൃതിയിലുള്ളതോ ആയിരിക്കും. ചെടിയുടെ മൈറോസീന്‍ (Myrocin) എന്ന സ്രാവം ക്രൂസിഫെറെ കുടുംബത്തിന്റെ ഒരു പ്രത്യേകതയാണ്.

'കോറിംബ്' (Corymb) ആയോ 'സൈമോസ്-റാസിമോസ്' (Cymose-Racemose) ആയോ പുഷ്പമഞ്ജരിയുണ്ടാകുന്നു. ഇവ ശാഖാഗ്രങ്ങളിലോ കക്ഷ്യങ്ങളിലോ ആയിട്ടാണ്. ദ്വിലിംഗാശ്രയികളും സമമിതങ്ങളുമായ പുഷ്പങ്ങളാണ്. ഉദ്വര്‍ത്തിയും ദ്വികഞ്ചുക(dichlamydcous)വും ആയ പുഷ്പങ്ങള്‍ പര്‍ണങ്ങളും പര്‍ണകങ്ങളുമില്ലാത്തതാണ്. രണ്ടു സ്വതന്ത്ര നിരകളിലായി നാലു ബാഹ്യദളപുടങ്ങളും ഇവയ്ക്കെതിരെ സ്വതന്ത്രങ്ങളായ നാലു ദളങ്ങളും കുരിശാകൃതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഓരോ ദളത്തിനും ദളഫലക(limb)വും നഖര(claw)വും ഉണ്ട്. കുരിശാകൃതി(cruciform)യിലുള്ള ദളങ്ങള്‍ പാര്‍ശ്വന്യാസത്തിലാണ്. ലെപ്പീഡിയത്തിന് ഇതളുകളില്ല. ആറു കേസരങ്ങളുണ്ട്. രണ്ടു കേസരങ്ങള്‍ നീളം കുറഞ്ഞ തന്തുക്കളുള്ളവയും നാലെണ്ണം നീളംകൂടിയ തന്തുക്കളുള്ള(tetradynamous)വയുമാണ്. രണ്ട് അറകളുള്ള ഇവ നെടുകെ പൊട്ടിത്തുറക്കുന്നു.

ജനിപുടത്തിനു രണ്ടു ജനിപര്‍ണങ്ങളുണ്ട്. ജനിപുടം ഉദ്വര്‍ത്തിയാണ്. വര്‍ത്തികയ്ക്ക് നീളം കുറവാണ്. അണ്ഡാശയത്തിന് ആദ്യം ഒറ്റ അറ മാത്രമേ ഉണ്ടാകൂ. പിന്നീട് ഒരു ഉപഭിത്തികൂടി (replum) രൂപമെടുക്കുന്നതിനാല്‍ രണ്ട് അറകളായിത്തീരുന്നു. കേസരങ്ങളുടെ ചുവട്ടിലുള്ള ഗ്രന്ഥികള്‍ തേനുത്പാദിപ്പിച്ച് ബാഹ്യദളങ്ങളുടെ അടിയിലുള്ള കുബ്ജപദ(gibbous bases)ങ്ങളില്‍ ശേഖരിക്കുന്നു.

ഫലങ്ങള്‍ സിലിക്വ (siliqua) ആണ്. ഉണങ്ങി പൊട്ടിത്തെറിക്കുന്ന ഫലങ്ങളുടെ ചുവട്ടില്‍നിന്നു മുകളിലേക്ക് ആണ് പൊട്ടലുണ്ടാവുക. വിത്തുകള്‍ ഉപഭിത്തികളില്‍ ബലമായി ഉറപ്പിച്ചിരിക്കും. ശ്വേതമാംസ്യമില്ലാത്തവയാണ് വിത്തുകള്‍.

സുഗന്ധദ്രവ്യമായും പച്ചക്കറികളായും കിഴങ്ങുവര്‍ഗങ്ങളായും ഈ കുടുംബത്തിലെ ചെടികള്‍ നാണ്യവിളകളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. കടുകില്‍ (Brassica campetris) നിന്നു ഭക്ഷ്യഎണ്ണയെടുക്കുന്നു. മുട്ടക്കൂസ് (Brassica oleracea-Cabbage), കോളിഫ്ളവര്‍ (Cauliflower) എന്നിവ പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇവയുടെ പ്രായപൂര്‍ത്തിയാകാത്ത മുകുളങ്ങളും ശാഖാഗ്രങ്ങളുമാണ് ഇലക്കറിക്ക് ഉപയോഗിക്കുന്നത്. മുള്ളങ്കി (Raphanus sativus), ടര്‍ണിപ്പ് (Brassica rape) എന്നിവയുടെ കിഴങ്ങും വളരെ പ്രധാനപ്പെട്ട പച്ചക്കറിയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍