This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൂയിസര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രൂയിസര്‍

ക്രൂയിസര്‍ യുദ്ധക്കപ്പല്‍

ഇടത്തരം യുദ്ധക്കപ്പല്‍. വിമാനവാഹിനിക്കപ്പിലിനെക്കാള്‍ ചെറുതും ഡിസ്ട്രോയറിനെക്കാള്‍ വലുതുമായ ക്രൂയിസര്‍ വളരെ വേഗതയുള്ള ഇനമാണ്. ആദ്യകാലങ്ങളില്‍ ഈടുറ്റ യുദ്ധക്കപ്പലുകള്‍ക്കുള്ള പൊതുനാമമായിരുന്നു ക്രൂയിസര്‍. എന്നാല്‍, 1880-നുശേഷമാണ് ഇപ്പോള്‍ പ്രചാരത്തിലുള്ള രീതിയില്‍ പ്രത്യേകതരം യുദ്ധക്കപ്പലുകള്‍ക്കുമാത്രം ക്രൂയിസര്‍ എന്ന പേര് ഉപയോഗിച്ചുതുടങ്ങിയത്. ആദ്യം ബ്രിട്ടനും തുടര്‍ന്ന് യു.എസ്സും ആധുനികതരം ക്രൂയിസറുകള്‍ നിര്‍മിച്ചു. എന്നാല്‍ ഇന്നു മിക്കവാറും എല്ലാ പ്രമുഖ രാഷ്ട്രങ്ങള്‍ക്കും ക്രൂയിസറുകളുണ്ട്.

ആദ്യകാല ക്രൂയിസര്‍ വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പലുകള്‍, യുദ്ധക്കപ്പല്‍വ്യൂഹത്തിന്റെ കണ്ണുകള്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ശത്രുക്കളുടെ യുദ്ധക്കപ്പല്‍വ്യൂഹം കണ്ടെത്തുന്നതിനും വ്യാപാരക്കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുന്നതിനുമാണ് ആദ്യകാല ക്രൂയിസറുകള്‍ ഉപയോഗപ്പെടുത്തിയിരുന്നത്. ആദ്യകാലത്ത്, ക്രൂയിസറുകള്‍ നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കാറില്ലായിരുന്നു. മറ്റു യുദ്ധക്കപ്പലുകള്‍ക്ക് സിഗ്നലുകള്‍ നല്കുക, യുദ്ധക്കപ്പലുകള്‍ തമ്മിലുള്ള ആശയവിനിമയം നടത്തുക മുതലായ ജോലികള്‍ മാത്രമാണ് ക്രൂയിസറുകള്‍ നിര്‍വഹിച്ചിരുന്നത്. അമേരിക്കന്‍ വിപ്ലവകാലത്ത് ഉപയോഗിച്ചിരുന്ന പല പ്രശസ്ത യുദ്ധക്കപ്പലുകളും ഇടത്തരത്തിലുള്ളവയായിരുന്നു.

1861-65 കാലത്തുനടന്ന അമേരിക്കന്‍ സിവില്‍ യുദ്ധത്തില്‍ നിര്‍ണായകവിജയങ്ങള്‍ നേടുവാനുപകരിച്ച അലബാമ, ഫ്ളോറിഡ, ഷെനാന്‍ഡൊ, ജോര്‍ജിയ മുതലായ ക്രൂയിസറുകള്‍ ശത്രുക്കള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. ഇതിനെത്തുടര്‍ന്നാണ് ക്രൂയിസറുകളുടെ പ്രചാരം വര്‍ധിക്കാനിടയായത്. യുദ്ധത്തില്‍ അതിപ്രധാനമായ പങ്കുവഹിക്കാന്‍ ക്രൂയിസറുകള്‍ക്കു കഴിയുമെന്ന് സൈനികവിദഗ്ധന്മാര്‍ക്ക് ഇതോടെ ബോധ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് അനേകം രാജ്യങ്ങള്‍ ക്രൂയിസറുകളുടെ നിര്‍മാണത്തിന് പരമപ്രാധാന്യം നല്കാന്‍ തുടങ്ങി.

1880-കളില്‍ ക്രൂയിസര്‍ നിര്‍മാണത്തിന് വ്യാപകമായി ഉരുക്കുപയോഗിക്കാനാരംഭിച്ചു. 10 സെ.മീ. വരെ കനത്തിലുള്ള കവചിത ഡെക്കുകളോടുകൂടിയ ക്രൂയിസറുകളും പ്രചാരത്തില്‍ വന്നു. തുടര്‍ന്ന്, ഇരുവശങ്ങളിലും കവചിത ബെല്‍റ്റുകളോടും ഒന്നോ ഒന്നിലധികമോ കവചിത ഡെക്കുകളോടുംകൂടിയ ക്രൂയിസറുകളും നിര്‍മിക്കപ്പെട്ടു. 1900 വരെ ഇത്തരം ക്രൂയിസറുകള്‍ ശത്രുവ്യാപാരക്കപ്പലുകളെ നശിപ്പിക്കുന്നതിനും, ശത്രു ക്രൂയിസറുകള്‍ക്കെതിരെ പോരാടുന്നതിനും, സ്വന്തം കപ്പലുകള്‍ക്കു സംരക്ഷണം നല്‍കുന്നതിനുമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ടോര്‍പ്പിഡോകളുടെ ആവിര്‍ഭാവത്തോടെ ഇത്തരം ക്രൂയിസറുകള്‍ ഫലപ്രദമല്ലെന്നു തെളിഞ്ഞു. ക്രൂയിസറുകള്‍ക്ക് ടോര്‍പ്പിഡോകളില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ കൂടുതല്‍ വേഗതയും, വളരെയേറെ വെടിമരുന്ന് ഉള്‍ക്കൊള്ളാനുള്ള കഴിവും കൂടിയേതീരൂ എന്നും ബോധ്യമായി.

1901-ലാണ് ബ്രിട്ടീഷ് റോയല്‍ നേവി ആധുനികതരത്തില്‍പ്പെട്ട ക്രൂയിസറിന്റെ നിര്‍മാണത്തിനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്തത്. മണിക്കൂറില്‍ 23 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയും 4,000 മുതല്‍ 14,000 ടണ്‍ വരെ ഭാരം വഹിക്കാനുള്ള കഴിവുമുള്ളവയായിരുന്നു ഇതനുസരിച്ച് നിര്‍മിച്ച ക്രൂയിസറുകള്‍. 1910 ആയപ്പോഴേക്കും ബ്രിട്ടന് 144-ഉം ഫ്രാന്‍സിന് 49-ഉം ജര്‍മനിക്ക് 25-ഉം യു.എസ്സിന് 22-ഉം ക്രൂയിസറുകളുണ്ടായിരുന്നു.

ഒന്നാം ലോകയുദ്ധം. 1914-ല്‍ ഒന്നാം ലോകയുദ്ധം ആരംഭിക്കുമ്പോള്‍, 30 മുതല്‍ 35 വരെ സെ.മീ. വ്യാസമുള്ള തോക്കുകളും 28 നോട്ടിക്കല്‍ മൈല്‍വരെ വേഗതയും 30,000 ടണ്‍ വരെ ഭാരംവഹിക്കാനുള്ള കഴിവുമുള്ള ക്രൂയിസറുകളും ബ്രിട്ടണ്‍ നിര്‍മിച്ചുകഴിഞ്ഞിരുന്നു. ഇത്തരം 40 ക്രൂയിസറുകളാണ് ഒന്നാം ലോകയുദ്ധാരംഭത്തില്‍ ബ്രിട്ടന്റെ കൈവശമുണ്ടായിരുന്നത്.

എല്ലാ ജര്‍മന്‍ വാണിജ്യക്കപ്പലുകളും നിഷ്പക്ഷ തുറമുഖങ്ങളിലടുപ്പിച്ചു സുരക്ഷിതമാക്കിയിടാന്‍ 1914 ആഗ. 4-ന് ജര്‍മനി ഉത്തരവു പുറപ്പെടുവിച്ചു. ബ്രിട്ടന്‍ സമുദ്രാധിപത്യം പുലര്‍ത്തിയതുകൊണ്ടാണ് ഇപ്രകാരം ഒരുത്തരവു പുറപ്പെടുവിക്കാനിടയായത്. അന്യ സമുദ്രഭാഗങ്ങളില്‍ കിടന്നിരുന്ന ആറു ജര്‍മന്‍ ക്രൂയിസറുകള്‍ ബ്രിട്ടീഷ് വാണിജ്യക്കപ്പലുകള്‍ക്കെതിരെ യുദ്ധം ചെയ്തുകൊണ്ടിരുന്നു. ബ്രിട്ടന് ലോകവ്യാപകമായി നാവികസങ്കേതങ്ങളുടെയും കല്‍ക്കരിസംഭരണ കേന്ദ്രങ്ങളുടെയും ഒരു ശൃംഖല തന്നെയുണ്ടായിരുന്നു. ഈ കേന്ദ്രങ്ങളും സങ്കേതങ്ങളും തമ്മില്‍ കേബിള്‍വഴി ബന്ധിപ്പിച്ചുകൊണ്ട് വാര്‍ത്താവിനിമയം നടത്താന്‍ വേണ്ട സജ്ജീകരണങ്ങളും ബ്രിട്ടന്‍ ചെയ്തുകഴിഞ്ഞിരുന്നു. ജര്‍മന്‍ സൈനികനീക്കങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അപ്പപ്പോള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കാന്‍ ഇതുമൂലം ബ്രിട്ടനു കഴിയുകയും ചെയ്തു. കാള്‍സ്റൂനെ എന്ന ബ്രിട്ടീഷ് ക്രൂയിസര്‍ യുദ്ധം ആരംഭിച്ച് മൂന്നു മാസങ്ങള്‍ക്കകം ശത്രുരാജ്യങ്ങളുടെ 17 കപ്പലുകള്‍ പിടിച്ചെടുക്കുകയും, എമ്ഡന്‍ എന്ന ജര്‍മന്‍ ക്രൂയിസര്‍ ശത്രുരാജ്യങ്ങളുടെ 15 കപ്പലുകള്‍ നശിപ്പിക്കുകയും ചെയ്തു. ബ്രിട്ടന് ആറ് യുദ്ധക്രൂയിസറുകളും അഞ്ച് വ്യാപാര ക്രൂയിസറുകളും യുദ്ധത്തില്‍ നഷ്ടപ്പെട്ടു.

ഒന്നാം ലോകയുദ്ധത്തിനുശേഷം. 1921-22-ല്‍ നടന്ന വാഷിങ്ടണ്‍ കോണ്‍ഫ്രന്‍സ് യുദ്ധക്കപ്പല്‍ ഉള്‍പ്പെടെയുള്ള നാവിക യുദ്ധോപകരണങ്ങളുടെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയുണ്ടായി. 14,000 ടണ്ണില്‍ കൂടുതല്‍ ഭാരംവരുന്ന ക്രൂയിസറുകളുടെ നിര്‍മാണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാനും തീരുമാനിച്ചു. ഈ നിയന്ത്രണത്തിന്റെ ഫലമായി ഭാരംകുറഞ്ഞ ലോഹങ്ങള്‍ ക്രൂയിസര്‍ നിര്‍മാണത്തിനുപയോഗിക്കാന്‍ നിര്‍ബന്ധിതമാവുകയും, തത്ഫലമായി നിര്‍മാണം വളരെ ചെലവേറിയതാവുകയും ചെയ്തു. യുദ്ധാവശ്യങ്ങള്‍ക്കുള്ള ക്രൂയിസറുകളുടെ നിര്‍മാണത്തിലേര്‍പ്പെടുത്തിയ പരിധി എടുത്തുകളയാന്‍ ഒരു ശ്രമം 1927-ല്‍ ചേര്‍ന്ന ജനീവാ കോണ്‍ഫറന്‍സില്‍ നടക്കുകയുണ്ടായെങ്കിലും അതു വിജയിച്ചില്ല.

രണ്ടാം ലോകയുദ്ധം. 1939-ല്‍ രണ്ടാംലോകയുദ്ധം ആരംഭിക്കുമ്പോള്‍ ബ്രിട്ടന് 80-ഓളവും ആസ്റ്റ്രേലിയ, ന്യൂസിലന്‍ഡ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കെല്ലാംകൂടി 20-ഓളവും യുദ്ധ ക്രൂയിസറുകള്‍ ഉണ്ടായിരുന്നു. ജര്‍മനിക്കാകട്ടെ, 10,000 ടണ്‍ ഭാരവഹനശേഷിയുള്ള മൂന്നു കവചിത ക്രൂയിസറുകളുണ്ടായിരുന്നു. അര ഡസനോളം നിര്‍മാണത്തിലും. ജപ്പാന് 29-ഉം യു.എസ്സിന് 37-ഉം ക്രൂയിസറുകള്‍ ഉണ്ടായിരുന്നു. രണ്ടാംലോകയുദ്ധം ആരംഭിച്ചപ്പോള്‍ യുദ്ധക്കപ്പലുകളുടെ നിര്‍മാണത്തില്‍ വാഷിങ്ടണ്‍ കോണ്‍ഫറന്‍സ് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും രാഷ്ട്രങ്ങള്‍ കാറ്റില്‍ പറത്തുകയും ചെയ്തു. ക്രൂയിസറുകളില്‍ 40 സെ.മീ. വരെ വ്യാസമുള്ള തോക്കുകള്‍ ഘടിപ്പിക്കുന്ന രീതിയും രണ്ടാം ലോകയുദ്ധത്തോടെ പ്രചാരത്തില്‍ വന്നു.

രണ്ടാംലോകയുദ്ധത്തിനുശേഷം. 1945-ല്‍ രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോള്‍ യു.എസ്. ഒട്ടേറെ ക്രൂയിസറുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. എന്നാല്‍, ഇതിനുശേഷം പുതിയവയുടെ നിര്‍മാണത്തില്‍ യു.എസ്. ശ്രദ്ധിച്ചുതുടങ്ങിയത് 1957-ല്‍ മാത്രമാണ്. അണുശക്തികൊണ്ട് ഓടുന്ന ക്രൂയിസറിന്റെ നിര്‍മാണപ്രവര്‍ത്തനത്തിലാണ് യു.എസ്. ശ്രദ്ധ കേന്ദ്രീകരിച്ചത്. 1957-ല്‍ ബ്രിട്ടന്‍ മൂന്നു പുതിയ ക്രൂയിസറുകള്‍ നിര്‍മിച്ചു. യു.എസ്സിനുള്ളതിനെക്കാള്‍ വളരെ കൂടുതല്‍ ക്രൂയിസറുകളും ഡിസ്ട്രോയറുകളും നിര്‍മിക്കാന്‍ 1960-കളായപ്പോള്‍ സോവിയറ്റ് യൂണിയന് കഴിഞ്ഞു. 1960-കളായപ്പോള്‍ ക്രൂയിസറുകളോളം തന്നെ പ്രാധാന്യം ഡിസ്ട്രോയറുകളും നേടുകയുണ്ടായി. എങ്കിലും നാവികയുദ്ധത്തില്‍ ക്രൂയിസറുകള്‍ക്കുള്ള നിര്‍ണായക പങ്ക് രണ്ടാംലോകയുദ്ധത്തില്‍ തെളിഞ്ഞു. അണുശക്തികൊണ്ടു പ്രവര്‍ത്തിക്കുന്ന ക്രൂയിസറുകളും ഗൈഡഡ് മിസൈലുകള്‍ വഹിക്കുന്ന യുദ്ധക്രൂയിസറുകളും ഇപ്പോള്‍ യു.എസ്സിനും റഷ്യയ്ക്കുമുണ്ട്. ഇന്ത്യയ്ക്ക് ഒരു ഡസനോളം ക്രൂയിസറുകളാണുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍