This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രുപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രുപ്പ്

Krupp

പതിനാറാം ശ. മുതല്‍ ഉരുക്കു വ്യവസായത്തിലൂടെ വിശ്വപ്രസിദ്ധിനേടിയ ഒരു ജര്‍മന്‍ കുടുംബം. ആയുധനിര്‍മാണ രംഗത്തും സാമൂഹിക പരിഷ്കരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഈ കുടുംബത്തിലെ അഞ്ചുതലമുറകളുടെ പ്രതിനിധികളാണ് ഫ്രീഡറിഷ്, ആല്‍ഫ്രഡ്, ഫ്രീഡറിഷ് ആല്‍ഫ്രഡ്, ബര്‍ത്താ, ആല്‍ഫ്രീഡ് എന്നിവര്‍.

ഫ്രീഡറിഷ് ക്രുപ്പ് (1787-1826). 1787 ജൂല. 17-ന് ജര്‍മനിയിലെ എസ്സന്‍ പട്ടണത്തില്‍ ജനിച്ചു. ഇദ്ദേഹമാണ് ജര്‍മനിയില്‍ ഉരുക്കുവ്യവസായത്തിന് അടിത്തറയിട്ടത്. ഉരുക്കുവ്യവസായത്തില്‍ നന്നേ പുരോഗതി ആര്‍ജിച്ചിരുന്ന ഇംഗ്ലണ്ടിനോട് കിടപിടിക്കുക എന്ന ലക്ഷ്യത്തോടെ യുദ്ധോപകരണങ്ങളും മറ്റും നിര്‍മിക്കാന്‍ പറ്റിയ മേല്‍ത്തരം ഉരുക്കിന്റെ നിര്‍മാണത്തിനായി ഫ്രീഡറിഷ് 1811-ല്‍ ഒരു വ്യവസായശാല ആരംഭിച്ചു. വിപുലമായ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുകയും ബൃഹത്തായ വ്യവസായശാലകള്‍ പണിയുകയും ചെയ്ത് ഈ രംഗത്ത് അഭികാമ്യമായ പുരോഗതി ആര്‍ജിച്ചെങ്കിലും ഫ്രീഡറിഷിന് അന്ത്യനാളുകളില്‍ ഒട്ടേറെ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നു. 1826 ഒ. 8-ന് ഫ്രീഡ്റിഷ് ക്രുപ്പ് അന്തരിച്ചു.

ആല്‍ഫ്രഡ് ക്രുപ്പ് (1812-87). 1812 ഏ. 26-ന് ജനിച്ചു. പിതാവായ ഫ്രീഡ്റിഷ് ക്രുപ്പിന്റെ മരണത്തെത്തുടര്‍ന്ന് 14-ാം വയസ്സില്‍ത്തന്നെ വ്യവസായശാലകളുടെ മേല്‍നോട്ടം വഹിച്ചുതുടങ്ങി. ഉരുക്കുപാളികള്‍ നിര്‍മിക്കുക, പുതിയതരം യന്ത്രോപകരണങ്ങള്‍ നിര്‍മിക്കുക, സര്‍ക്കാര്‍ കമ്മട്ടങ്ങള്‍ക്കാവശ്യമുള്ള സാധനസാമഗ്രികള്‍ നിര്‍മിക്കുക തുടങ്ങി പലതിലേക്കും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല വികസിച്ചു. വിപുലമായ ഒരു ഉപഭോക്തൃശൃംഖല സൃഷ്ടിച്ചെടുത്തതോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ആര്‍ജിക്കുന്നതിനും ആല്‍ഫ്രഡിനു കഴിഞ്ഞു. തീവണ്ടിഎന്‍ജിനുകളുടെയും റെയില്‍ പാളങ്ങളുടെയും ആവിര്‍ഭാവത്തോടെ ഉരുക്കു വ്യവസായമേഖലയില്‍ പുതിയൊരുണര്‍വുണ്ടായി. വാര്‍പ്പിരുമ്പില്‍ നിര്‍മിച്ച റെയില്‍വേ ആക്സിലുകളും സ്പ്രിങ്ങുകളും മാത്രമായിരുന്നു ഈ രംഗത്തെ ആദ്യകാല ഉത്പന്നങ്ങള്‍. ഒന്നായി വാര്‍ത്തെടുത്ത ഉരുക്കു ചക്രങ്ങള്‍ ആല്‍ഫ്രഡാണ് 1852-ല്‍ ആദ്യമായി വിപണിയിലിറക്കിയത്. ഇതു റെയില്‍ ഗതാഗതത്തിന്റെ വേഗതയും സുരക്ഷിതത്വവും ഗണ്യമായി വര്‍ധിപ്പിച്ചു. തുടര്‍ന്ന് ഇദ്ദേഹം തീവണ്ടി ചക്രനിര്‍മാണ രംഗത്ത് പല നൂതനസമ്പ്രദായങ്ങളും ആവിഷ്കരിച്ചു. 1862-69 കാലഘട്ടത്തില്‍ ഉരുക്കു സംസ്കരണ മേഖലയിലും പല നൂതനപ്രവിധികളും ഇദ്ദേഹം ഏര്‍പ്പെടുത്തി. ഉരുക്കു വ്യവസായരംഗത്ത് ശക്തമായ ഒരടിത്തറയിട്ട ഇദ്ദേഹം ഉരുക്കുത്പന്നങ്ങളുടെ ഗുണനിലവാരം നിശ്ചയിക്കുന്നതിനുള്ള ഒരു നിരീക്ഷണശാലയും സ്ഥാപിച്ചു (1863). തുടര്‍ന്ന് ആല്‍ഫ്രഡിന്റെ ശ്രദ്ധ ആയുധ നിര്‍മാണരംഗത്തേക്കു തിരിഞ്ഞു. ഈജിപ്ത്, ബെല്‍ജിയം, റഷ്യ എന്നിവിടങ്ങളില്‍ തന്റെ പടക്കോപ്പുകള്‍ക്കു വിപണി കണ്ടെത്തിയ ഇദ്ദേഹത്തിന്റെ യുദ്ധോപകരണങ്ങള്‍ ഫ്രങ്കോ ജര്‍മന്‍ യുദ്ധകാലത്ത് (1870-71) പ്രശംസ പിടിച്ചുപറ്റി. ലോകത്തെ പ്രഥമ വ്യോമേതരത്തോക്കുകള്‍ ക്രുപ്പ് കമ്പനിയാണ് നിര്‍മിച്ചത്. ഒപ്പം, 4000 യാര്‍ഡ് അകലത്തുള്ള ശത്രുസേനയെതകര്‍ക്കാന്‍ ശക്തിയുള്ള ആയുധങ്ങളും ഫ്രാങ്കോ-ജര്‍മന്‍ യുദ്ധത്തില്‍ രംഗത്തിറക്കുവാന്‍ ക്രുപ്പ് കമ്പനിക്കായി.

ഒരു മനുഷ്യസ്നേഹി ആയിരുന്ന ഇദ്ദേഹം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, വാര്‍ധക്യകാല ആനുകൂല്യങ്ങള്‍, മറ്റു സഹായനിധികള്‍ തുടങ്ങിയവ ഏര്‍പ്പെടുത്തി തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു മാതൃകാപരമായ തുടക്കംകുറിച്ചു. തൊഴിലാളികള്‍ക്കുവേണ്ടി വാസസ്ഥലങ്ങള്‍, ആശുപത്രികള്‍, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ നിര്‍മിച്ചതിലൂടെ ഈ രംഗത്ത് ആല്‍ഫ്രഡ് സ്ഥിരപ്രതിഷ്ഠ നേടി. തന്റെ 14-ാം വയസ്സില്‍ ഏഴ് തൊഴിലാളികളുടെ മാത്രം സഹകരണത്തോടെ വ്യവസായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ആല്‍ഫ്രെഡ് 1887 ജൂല. 14-ന് മരണമടയുമ്പോള്‍ ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ ഒട്ടാകെ 21,000 തൊഴിലാളികള്‍ പണി ചെയ്തിരുന്നു.

ഫ്രീഡറിഷ് ആല്‍ഫ്രഡ് ക്രുപ്പ് (1854-1902). 1854-ല്‍ ഫെ. 17-ന് ജനിച്ചു. പിതാവ് ആല്‍ഫ്രെഡിന്റെ മരണാനന്തരം അല്പകാലം മാത്രം വ്യവസായ സ്ഥാപനങ്ങളുടെ ചുമതല നിര്‍വഹിച്ച ഇദ്ദേഹവും പല നേട്ടങ്ങള്‍ കൈവരിച്ചു. തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങളിലും ഗവേഷണത്തിലും ഇദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. 1902 ന. 22-ന് ഇദ്ദേഹം മരിക്കുമ്പോള്‍ 43000 തൊഴിലാളികള്‍ പ്രവര്‍ത്തിച്ചിരുന്ന വ്യവസായ ശൃംഖലയുടെ സാരഥ്യം ബര്‍ത്താ ക്രുപ്പ് ഏറ്റെടുത്തു.

ബര്‍ത്താ ക്രുപ്പ് (1886-1957). ഫ്രീഡറിഷ് ആല്‍ഫ്രഡ് ക്രുപ്പിന്റെ മരണാനന്തരം മകള്‍ ബര്‍ത്താ സ്ഥാപനങ്ങളുടെ സാരഥ്യം ഏറ്റെടുത്തു (1902). 20-ാം വയസ്സില്‍ ബര്‍ത്താ ക്രുപ്പ് നെതര്‍ലന്‍ഡുകാരനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ഗുസ്താവിനെ വിവാഹം കഴിച്ചു. 1903-ല്‍ ക്രുപ്പ് വ്യവസായ ശൃംഖലയെ ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയായി മാറ്റുകയുണ്ടായി. സ്റ്റെയിന്‍ലസും ഉച്ചതാപസഹവുമായ ഉരുക്കിനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വിശേഷാവകാശം (patent) 1912-ല്‍ ഈ കമ്പനി നേടിയെടുത്തു. ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മന്‍സേന ഉപയോഗിച്ച അത്യാധുനിക യുദ്ധോപകരണങ്ങളിലധികവും ലഭ്യമാക്കിയത് ഇതേ കമ്പനിയാണ്. ഏതാണ്ടിക്കാലത്ത് ഒന്നര ലക്ഷത്തിലേറെ തൊഴിലാളികള്‍ പണിയെടുത്തിരുന്ന ക്രുപ്പ് കമ്പനി വിപണിയിലെത്തിച്ച പാരിസ് ഗണ്‍സ്, കമ്പനിക്ക് പ്രസിദ്ധി നേടിക്കൊടുത്തു. ഒന്നാം ലോകയുദ്ധാനന്തരം പുതിയ പല രംഗത്തേക്കും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. രണ്ടാം ലോകയുദ്ധകാലത്ത് 135 പാന്‍സര്‍ ടാങ്കുകള്‍, 800 എം.എം. റെയില്‍വേ തോക്കുകള്‍ തുടങ്ങിയ യുദ്ധോപകരണങ്ങളും മറ്റും കമ്പനി നിര്‍മിച്ചിരുന്നു. 1957 സെപ്. 21-ന് ബര്‍ത്താ ക്രുപ്പ് അന്തരിച്ചു.

ആല്‍ഫ്രീഡ് ക്രുപ്പ് (1907-67). 1943-ല്‍ കമ്പനി കാര്യങ്ങളുടെ ചുമതല ഏറ്റെടുത്ത ആല്‍ഫ്രീഡിനെ 1947 ആഗസ്റ്റില്‍ യു.എസ്. പട്ടാളക്കോടതി 12 വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചു. ജര്‍മനിയെ ആയുധവത്കരിക്കുന്നതിനായി ശ്രമിച്ചു എന്നതായിരുന്നു ഇദ്ദേഹത്തില്‍ ആരോപിച്ച കുറ്റം. 1951-ല്‍ ചില പരിഗണനകളിലൂടെ സ്വതന്ത്രനായ ആല്‍ഫ്രീഡ് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം കമ്പനി ഭരണം വീണ്ടും ഏറ്റെടുത്തു. തുടര്‍ന്ന് കമ്പനി എല്ലാരംഗത്തും വികസനോന്മുഖമായിക്കൊണ്ടിരുന്നു. 1960-കളില്‍ കമ്പനി സമൂലമായ പരിഷ്കാരങ്ങള്‍ക്കു വിധേയമായി. 1967 ജൂല. 30-ന് ആല്‍ഫ്രീഡ് ക്രുപ്പ് അന്തരിച്ചു.

ലോകയുദ്ധാനന്തരം അമേരിക്കയില്‍ റെയില്‍ ഗതാഗതസംവിധാനം ത്വരിതപ്പെടുത്തിയതില്‍ ക്രുപ്പ് കമ്പനി മുഖ്യപങ്കുവഹിച്ചു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫ്രീഡറിഷ് ക്രുപ്പ് എജി എന്ന പേരില്‍ യൂറോപ്പിലെ ഏറ്റവും വലിയ വ്യവസായ സംരംഭകരായി നിലയുറപ്പിച്ച ക്രുപ്പ് കുടുംബം 1999-ല്‍ തിസ്സെന്‍ എജി (Thyssen AG) യുമായി ലയിച്ച് തിസ്സെന്‍ക്രുപ്പ് എജി (ThyssenKrupp AG) എന്ന വമ്പന്‍ വ്യവസായ ശൃംഖലയായി മാറി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍