This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രു

Kru

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ലൈബീരിയയുടെ തീരത്തും ഐവറികോസ്റ്റിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും വസിക്കുന്ന ജനവര്‍ഗം. പരസ്പരബന്ധമുള്ള പല ഉപവിഭാഗങ്ങള്‍ ഉള്‍പ്പെട്ട (സക്വെ, ഗ്രേബൊ, ക്രന്‍; ഗെരെ, ബസ, സികൊന്‍; ബെറ്റെ എന്ന മൂന്നു ഗ്രൂപ്പുകള്‍) താണ് ക്രു സമൂഹം. ക്രു എന്ന പേരില്‍ അറിയപ്പെടുന്ന ഇവരുടെ സംസാരഭാഷ, ഗിനിയയിലെ ഭാഷകളുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. ഏതാണ്ട് 16-ാം ശതകത്തോടെ ഇവരുടെ ഇപ്പോഴത്തെ താമസസ്ഥലങ്ങളില്‍ എത്തിയ ക്രുകള്‍ 18-ാം ശ. മുതല്‍ യൂറോപ്യന്‍ കപ്പലുകളില്‍ പണി ചെയ്തുവന്നു. അടിമവ്യാപാരം നിലവിലുണ്ടായിരുന്ന പ്രസ്തുത കാലഘട്ടത്തില്‍ ക്രുകള്‍ അടിമപ്പണിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നതായി കരുതപ്പെടുന്നു. ക്രുകളുടെ നെറ്റിയുടെ മധ്യത്തില്‍ കണ്ടുവരുന്ന നീണ്ട അടയാളം ഇവരെ അടിമകളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ മറ്റു വംശജരെ അടിമകളാക്കിത്തീര്‍ക്കുന്നതില്‍ ഇവര്‍ വെള്ളക്കാരെ സഹായിച്ചിരുന്നു.

ക്രു വംശജരുടെ ഇടയില്‍ പൈതൃകാരാധന, പ്രകൃതി ദേവതകളുടെ ആരാധന തുടങ്ങിയ പരമ്പരാഗത ആചാരങ്ങള്‍ നിലവിലുണ്ട്. ഒരു ചെറിയ വിഭാഗം ക്രുകള്‍ ക്രിസ്തുമത വിശ്വാസികളാണ്.

കൃഷിയും മീന്‍പിടിത്തവുമായിരുന്നു ക്രുകളുടെ പരമ്പരാഗത തൊഴിലുകള്‍. പുരുഷന്മാരില്‍ ഏറിയ പങ്കും യൂറോപ്യന്‍ ചരക്കുകപ്പലുകളില്‍ ജോലി ചെയ്തുവന്നതിനാല്‍ ക്രു സ്ത്രീകളാണ് കൃഷിപ്പണികള്‍ ചെയ്തുവന്നത്. നെല്ല്, നിലക്കടല എന്നിവയായിരുന്നു പ്രധാന കൃഷികള്‍. കൂടാതെ കന്നുകാലി വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ എന്നിവയിലും ക്രു സ്ത്രീകള്‍ വ്യാപൃതരായിരുന്നു. ക്രു സ്ത്രീകള്‍ വേഷവിധാനത്തില്‍ വലിയ ചാതുര്യം പ്രകടിപ്പിച്ചിരുന്നില്ല. ചെളി, മെടഞ്ഞ ഓല എന്നിവകൊണ്ടു നിര്‍മിച്ച് ഓലമേഞ്ഞതോ ഇരുമ്പുമേല്‍ക്കൂരകളോ ഉള്ളവയായിരുന്നു ക്രു ഭവനങ്ങള്‍.

ക്രു വംശജര്‍ അധിവസിക്കുന്ന ഓരോ പട്ടണത്തിലും പരമാധികാരിയായ ഒരു പട്ടണപിതാവും (Koloba), ഓരോ വര്‍ഗത്തിനും ഒരു തലവനും (Panton) ഉണ്ടായിരുന്നു. ഭാഷാഭേദം (dialect), കുടിയേറിപ്പാര്‍പ്പിന്റെ ആചാരമര്യാദകള്‍ തുടങ്ങിയ കാര്യങ്ങളില്‍ സാമ്യമുള്ള പട്ടണങ്ങള്‍ ചേര്‍ന്ന് ഉപജനവര്‍ഗങ്ങള്‍ക്ക് (dako) രൂപം കൊടുത്തിരുന്നു.

രണ്ടാം ലോകയുദ്ധത്തിനുശേഷം സമീപ സ്ഥലങ്ങളില്‍ തുറമുഖങ്ങള്‍, ഖനികള്‍ തുടങ്ങിയ വികസന പദ്ധതികള്‍ നിലവില്‍ വന്നതോടെ ഇവരുടെ പ്രദേശത്തിന്റെ പ്രാധാന്യവും അഭിവൃദ്ധിയും കുറഞ്ഞുവന്നു. തന്മൂലം ക്രു വംശജര്‍ കൂട്ടമായി തൊഴില്‍ തേടി അയല്‍രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുകയും മന്‍റോവിയ (Monrovia) തുടങ്ങിയ സ്ഥലങ്ങളില്‍ ക്രു കോളനികള്‍ക്ക് രൂപംകൊടുക്കുകയും ചെയ്തു. ഇവിടങ്ങളില്‍ ക്രുകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ക്രു കോര്‍പ്പറേഷനുകള്‍ നിലവില്‍ വന്നു. കോര്‍പ്പറേഷന്റെ ഭരണം ഗവര്‍ണര്‍മാര്‍ നടത്തുന്നു. ഓരോ ഉപജനവര്‍ഗത്തെ (Subtribe-dako), പ്രതിനിധീകരിച്ച് ഓരോ കൗണ്‍സിലറും ഗവര്‍ണറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോര്‍പ്പറേഷന്റെ പ്രധാനവരുമാനം യാത്രകഴിഞ്ഞു മടങ്ങുന്ന നാവികരില്‍ നിന്നു ശേഖരിക്കപ്പെടുന്ന ദ്രവ്യമാണ്. കോര്‍പ്പറേഷനുകളുടെ അംഗത്വം വര്‍ഗപ്രകാരമാണെങ്കിലും ക്രു വിഭാഗത്തിലെ എല്ലാ ആളുകളും ഉള്‍ക്കൊള്ളുന്ന പ്രസ്തുത സംഘടനകള്‍ നീതി നിര്‍വഹണം, തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം, സാമൂഹ്യപ്രവര്‍ത്തനം എന്നീ വിവിധ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നു. സമീപകാലം വരെ ലൈബീരിയയുടെ സാമൂഹ്യശ്രേണിയില്‍ നിന്ന് ഒഴിഞ്ഞുനിന്നിരുന്ന ക്രുകള്‍ ഇന്ന് സിവില്‍സര്‍വീസ്, യൂണിവേഴ്സിറ്റി, ഗവണ്‍മെന്റ് തുടങ്ങിയ വിവിധ മണ്ഡലങ്ങളില്‍ ആധികാരിക സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ വിവിധ തൊഴിലുകളിലും കച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നു. ലൈബീരിയയുടെ ആകെ ജനസംഖ്യയുടെ ഏഴുശതമാനത്തോളം വരുന്ന ക്രു ജനസമൂഹം, രാജ്യത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലും സ്വാധീനം ഉറപ്പിച്ചുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B0%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍