This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രീറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രീറ്റ്

Crete

കിഴക്കന്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ഒരു ഗ്രീക്ക് ദ്വീപ്. ഗ്രീക്കു ദ്വീപുകളില്‍ ഏറ്റവും വലുപ്പമേറിയതാണ് ക്രീറ്റ്. മെഡിറ്ററേനിയന്‍ സമുദ്രത്തിലെ ദ്വീപുകളില്‍ അഞ്ചാംസ്ഥാനമാണ് ക്രീറ്റിനുള്ളത്. ഈജിയന്‍ കടലിന്റെ 'കൈ' എന്നു വിശിഷിപ്പിക്കാവുന്ന ക്രീറ്റ്-കടല്‍, ദ്വീപിനെ ഗ്രീസില്‍ നിന്നു വേര്‍തിരിക്കുന്നു. 8,336 ച.കി.മീ. വിസ്തീര്‍ണമുള്ള ക്രീറ്റ് വലുപ്പത്തില്‍ കണക്റ്റിക്കട്ടിന്റെ ഏതാണ്ട് മൂന്നില്‍ രണ്ടോളമേ വരൂ. തലസ്ഥാനം: ഇറാക്ലിയോണ്‍ (Iraklion); ജനസംഖ്യ: 6,21,340 (2011).

പര്‍വതങ്ങള്‍ നിറഞ്ഞതാണ് ക്രീറ്റിലെ ഭൂപ്രകൃതി. ദ്വീപിന്റെ 49 ശതമാനവും കുന്നുകളാണ്. വൃക്ഷങ്ങള്‍ ഇവിടെ തീരെ കുറവാണ്. വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിയുന്ന പൊക്കം കുറഞ്ഞയിനം ചെടികളാണ് അപൂര്‍വമായെങ്കിലും കാണാന്‍ കഴിയുക. അതിനാല്‍ പൊതുവേ ഇത് ഊഷരഭൂമിയാണെന്നു തോന്നും. സമുദ്രനിരപ്പില്‍ നിന്ന് 2,456 മീറ്ററിലേറെ ഉയരമുള്ള മൗണ്ട് ഈധിയാണ് (Mount Idhi) ഏറ്റവും പൊക്കം കൂടിയ പര്‍വതശൃംഗം. 2,340 മീറ്ററിലേറെ ഉയരമുള്ള അനേകം ഗിരിശൃംഗങ്ങള്‍ വേറെയുമുണ്ട്. നദികളുടെ എണ്ണം വളരെ കുറവാണ്; ഉള്ളതുതന്നെ വളരെ നീളം കുറഞ്ഞവയും. മെഡിറ്ററേനിയന്‍ പ്രദേശങ്ങളുടെ പ്രത്യേകതയായ വരണ്ട്, കടുത്ത ഉഷ്ണമുള്ള വേനല്‍ക്കാലവും പൊതുവേ സുഖകരമായ ശീതകാലവുമാണ് ക്രീറ്റിലേയും കാലാവസ്ഥ. വളരെ കുറച്ചു മഴയേ ലഭിക്കുന്നുള്ളൂ.

ക്രീറ്റിലെ ജനങ്ങള്‍ മുഖ്യമായും കര്‍ഷകരാണ്. വളരെ ചെറിയ പ്രദേശങ്ങളാണ് കൃഷിക്കുപയോഗിക്കുക. ഒലിവ്, ഗോതമ്പ്, മുന്തിരി, പുളിരസമുള്ളഫലങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാന കാര്‍ഷിക വിളകള്‍. രണ്ടുതരം ആടുകളെയും വളര്‍ത്തുന്നുണ്ട്. ഇവയില്‍ നിന്ന് തങ്ങള്‍ക്കാവശ്യമായ പാല്‍, മാംസം, കമ്പിളി എന്നിവ ജനങ്ങള്‍ക്കു ലഭിക്കുന്നു. കയറ്റുമതിക്കുവേണ്ടി ഒലിവ്, മുന്തിരി എന്നിവ സംസ്കരിച്ചെടുക്കല്‍, കരകൗശലവസ്തു നിര്‍മാണം, അപൂര്‍വം ചില വീട്ടുപകരണങ്ങളുടെ നിര്‍മാണം എന്നിവ മാത്രമാണ് ക്രീറ്റിലെ വ്യാവസായികോത്പന്നങ്ങള്‍.

ഭരണസൗകര്യാര്‍ഥം ദ്വീപിനെ നാല് പ്രാദേശിക യൂണിറ്റുകളായി തിരിച്ചിരിക്കുന്നു (മാനിയ, ഹെറക്ലിയോണ്‍, ലാസിത്തി, റെതിനോ). ജനങ്ങളധികവും ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലുമായിവസിക്കുന്നു. ഹെറക്ലിയോണും (കാന്‍ഡിയ എന്നും ഇതിനു പേരുണ്ട്). ഖാനിയയു(കാനിയ)മാണ് പ്രധാന നഗരങ്ങള്‍.

യൂറോപ്പിലെ ഏറ്റവും പുരാതനമായ മിനോവന്‍ സംസ്കാരത്തിന്റെ കേന്ദ്രമായിരുന്നു ക്രീറ്റ്. ബി.സി. 2500 മുതല്‍ 1400 വരെയായിരുന്നു ഈ സംസ്കാരത്തിന്റെ സുവര്‍ണകാലഘട്ടം. ക്രീറ്റില്‍ നിന്നും ഉദ്ദേശം112 കി.മീ. വടക്കായുള്ള ഥേറാദ്വീപിലെ ഒരു അഗ്നിപര്‍വതസ്ഫോടനത്തില്‍ ഈ മഹത്തായ സംസ്കാരം നശിച്ചു. അതിനുശേഷം ശതാബ്ദങ്ങളോളം ക്രീറ്റ് ഗ്രീസില്‍ നിന്നുവന്ന മൈസീനിയരുടെ അധീനതയിലായിരുന്നു. ബി.സി. 1100-ഓടെ ഗ്രീസിലെ ഡോറിയന്‍ വംശജര്‍ ക്രീറ്റ് കീഴടക്കി. അടുത്ത 2000 വര്‍ഷങ്ങള്‍ ക്രീറ്റ് മാറിമാറി ഗ്രീസ്, റോം, ബൈസാന്തിയന്‍ സാമ്രാജ്യം, വെനീസ്, തുര്‍ക്കി എന്നിവരുടെ കൈകളിലായി. 1913-ഓടെ ഈ ദ്വീപ് ഗ്രീസിനു തിരികെ ലഭിച്ചു. എലഫ്തരെയോസ് വെനിസൊലസ് എന്ന നേതാവ് ദ്വീപിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

1900-ങ്ങളുടെ ആദ്യം സര്‍ ആര്‍തര്‍ ഇവാന്‍സ്, നോസസ് എന്ന മിനോയന്‍ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഇതോടെ ക്രീറ്റ് ഭൂഗര്‍ഭഗവേഷണങ്ങളുടെ കേന്ദ്രമായി മാറി. ഒരു വിനോദസഞ്ചാര കേന്ദ്രംകൂടിയാണിത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍