This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രീന്‍-അക്രോറെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രീന്‍-അക്രോറെ

Kreen-Akrore

ആമസോണ്‍ (Amazon) നദീതടത്തിലെ വനങ്ങളില്‍ വസിക്കുന്ന ഒരു ജനവിഭാഗം. 1973-ലാണ് ഇവര്‍ ആദ്യമായി ബാഹ്യലോകവുമായി ബന്ധപ്പെട്ടത്. സംസാരഭാഷ ജെ (Je) എന്ന പേരില്‍ അറിപ്പെടുന്നു. ഇവരുടെ സമീപവാസികളും ശത്രുക്കളുമായിരുന്ന (Txukahamei) ജനവര്‍ഗത്തിന്റെ ഭാഷയില്‍ ക്രീന്‍-അക്രോറെ എന്നാല്‍ നീളം കുറഞ്ഞ മുടി എന്നാണര്‍ഥം. തെലെസ് പിറെസ് (Telespires) നദിയുടെ കൈവഴിയായ പെയ്ക്സോട്ടോ (Peixoto)യുടെ ഇരുകരകളിലുമായി ഏകദേശം 48 കി.മീ. അകലത്തില്‍ സ്ഥിതിചെയ്യുന്ന രണ്ടു പാര്‍പ്പിടങ്ങളിലായിട്ടാണ് ഇവര്‍ വസിച്ചിരുന്നത്. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ക്കു ശരാശരി രണ്ടു മീറ്റര്‍ ഉയരം ഉണ്ടായിരിക്കും.

സ്ത്രീകള്‍ക്ക് സാമൂഹിക വ്യവസ്ഥിതിയില്‍ പുരുഷന്മാരെക്കാള്‍ താഴ്ന്ന സ്ഥാനമാണുള്ളത്. സസ്യമാംസാദികള്‍ ഭക്ഷിക്കുന്ന ഇവര്‍ കൃഷി നടത്തുകയും വേട്ടക്കായി മൂന്നുമാസത്തോളം സ്ഥിരം പാര്‍പ്പിടം വിട്ടു സഞ്ചരിക്കുകയും ചെയ്യാറുണ്ട്. ഇത്തരം യാത്രകളില്‍ ഉപഭോക്തൃസാധനങ്ങളടങ്ങുന്ന ഭാണ്ഡങ്ങള്‍ പേറിയ സ്ത്രീകള്‍ ഗദകളേന്തിയ പുരുഷന്മാരെ അനുഗമിക്കുന്നു. വളരെ പരിമിതമായ ആവശ്യങ്ങളുള്ള ഇവര്‍ തങ്ങളുടെ ഉപജീവനത്തിനു മുഖ്യമായും വനസമ്പത്തിനെ ആശ്രയിക്കുന്നു. മരത്തിനു മുകളില്‍ വാഴയില മേഞ്ഞ കുടിലുകളാണ് ഇവരുടെ ഭവനങ്ങള്‍. മറ്റ് ആമസോണ്‍ വര്‍ഗങ്ങളെപ്പോലെ കളിമണ്‍പാത്രങ്ങളും ഹാമക്കുകളും (hammocks) ഇവരുടെ ഇടയില്‍ പ്രചാരത്തിലില്ലായിരുന്നു. അതിനാല്‍ ഇവര്‍ ഇലക്കുമ്പിളുകളില്‍ ഭക്ഷണം കഴിക്കുകയും നിലത്തു വാഴയില വിരിച്ചു കിടക്കുകയും ചെയ്തുവന്നു.

1970-കളുടെ ആദ്യഘട്ടത്തില്‍ ആവിഷ്കരിച്ച ആമസോണ്‍ നദീതടവികസനപദ്ധതി ക്രീന്‍ അക്രോറെകളുടെ നിലനില്പിനു ഹാനികരമായിരുന്നു. അവരുടെ പാര്‍പ്പിട പ്രദേശങ്ങളില്‍ റോഡുകളും, റോഡ്-ജങ്ഷനുകളും പദ്ധതികളുടെ ഭാഗമായി നിര്‍മിച്ചിരുന്നു. പെയ്ക്സോട്ടോ നദിയുടെ തീരത്ത് ഒരു അഭയകേന്ദ്രം നിര്‍മിച്ച് ഈ പ്രതിസന്ധിയില്‍ ക്രീന്‍-അക്രോറെകളെ സഹായിക്കുവാന്‍ ശ്രമിച്ചത് ഓര്‍ലന്‍ഡോ (Orlando), ക്ലോഡിയോ (Cloudio) എന്നീ വിലസ് ബൊഅസ് (Villas Boas) സഹോദരന്മാരാണ്. പ്രസ്തുത ജനവര്‍ഗത്തെ സമീപിക്കുവാന്‍ ഇവര്‍ നടത്തിയ ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. ഇന്ത്യന്‍ വംശജരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഫുനായ് (FUNAI-Fundacao Nacional do indio) എന്ന ഗവണ്‍മെന്റ് ഏജന്‍സി ഏര്‍പ്പെടുത്തിയ അപീന മെയ്റെലെസ് (Apoena Meirelles) എന്ന ബ്രസീലിയന്‍ യുവാവാണ് ആദ്യമായി പ്രസ്തുത ദൗത്യത്തില്‍ വിജയിച്ചത്. ഇദ്ദേഹം സൗഹൃദം സ്ഥാപിക്കുന്നതിനായി രണ്ടു ഗ്രാമങ്ങളിലുള്ള ക്രീന്‍-അക്രോറെകളെ സഹായിച്ചു. ഇവരില്‍ ഏതാനും പേര്‍ അഭയകേന്ദ്രത്തിലെത്തിയെങ്കിലും പ്രകൃതിയുമായി ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തിയിരുന്ന ഇവരുടെ ജീവിത ശൈലിക്കു ബാഹ്യലോകവുമായുള്ള ബന്ധം യോജിച്ചതായിരുന്നില്ല. രോഗപ്രതിരോധ നടപടികള്‍ ഒന്നും സ്വീകരിക്കാത്ത ഇവരുടെ വംശനാശത്തിന് ഈ ബാഹ്യലോകബന്ധം മാത്രം മതിയായിരുന്നു.

ഈ അവസരത്തില്‍ ക്ലോഡിയോ വിലാസ് ബൊഅസ് ഇടപെടുകയും, തങ്ങളുടെ പഴയ പരിതഃസ്ഥിതിയിലേക്കു മടങ്ങുവാന്‍ തത്പരരായിരുന്ന ക്രീന്‍-അക്രോറെകളെ താനും സഹോദരനും ചേര്‍ന്നു നിര്‍മിച്ച ക്സിങ്ഗു (Xingu) പാര്‍ക്കിലേക്കു മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. എന്നാല്‍ 320 കി.മീറ്ററോളം അകലെയുള്ള പ്രസ്തുത സങ്കേതത്തിലേക്കു മാറ്റപ്പെടുന്നതിനു മുമ്പ് ഇന്‍ഫ്ളുവന്‍സ പിടിപെട്ട് ഇവരില്‍ കുറേപ്പേരുടെ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. നിലവില്‍ (2012) 374 അംഗങ്ങളാണ് ഈ വര്‍ഗത്തില്‍ ശേഷിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍