This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രീക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രീക്ക്

Creek

ഒരു അമേരിന്ത്യന്‍ ജനവര്‍ഗം. യു.എസ്സിലെ പ്രാകൃതജനസമൂഹങ്ങളുടെ ശക്തവും വലുതുമായ രാഷ്ട്രീയസഖ്യത്തില്‍പ്പെട്ടവരാണ് ക്രീക്കുകാര്‍. അമേരിക്കയിലെ ജോര്‍ജിയ (Georgia), അലബാമ (Alabama) എന്നീ പ്രദേശങ്ങളിലാണ് ഇവര്‍ ആദ്യകാലങ്ങളില്‍ വസിച്ചിരുന്നത്. വിവിധ ജാതികളുടെ ഒരു സങ്കരമായിരുന്നു ക്രീക്ക് വര്‍ഗം. കോസ (Coosa), കവേത (Coweta), കസിഹ്ത (Kasihta), അലബാമ (Alabama), കോസതി (Kosati), ഹിത്ഛിതി (Hitchiti), യസമേ (Yamassee), നത്ഛേസ് (Natchez), യൂഛി (Yuchi) തുടങ്ങിയവയാണ് ഇവയില്‍ മുഖ്യം. ഉയര്‍ന്ന ജാതിയില്‍പ്പെട്ട ക്രീക്കുകാരെ കൂസ (Kusa) എന്നും താണജാതിക്കാരായ ക്രീക്കുകാരെ കവിത (Kavita) എന്നും വിളിക്കുന്നു. ഒച്ചീസ് (Ochese) ക്രിക്കെന്നും ഇവരെ വിശേഷിപ്പിച്ചിരുന്നു.

പണ്ടുകാലത്ത് ഓരോ കുടുംബത്തിനും സാധാരണയായി വിസ്താരമുള്ളതും തണുപ്പുകാലത്തും ഉഷ്ണകാലത്തും ഉപയോഗിക്കാന്‍ തരത്തിലുള്ളവയുമായ രണ്ടുതരം വീടുകളാണുണ്ടായിരുന്നത്. ആദ്യവിഭാഗം വീടുകള്‍ മരത്തൊലികൊണ്ടോ പുല്ലുകൊണ്ടോ മേഞ്ഞതും വൃത്താകൃതിയിലുള്ളതുമാണ്. വീടിന്റെ അകഭിത്തിക്കുമുകളിലായി ഒരു തട്ട് ഉണ്ടാക്കി ഇവര്‍ അതിനു മുകളില്‍ കിടന്നുറങ്ങിയിരുന്നു. ചൂടുകിട്ടാനായി നടുവില്‍ തീയും കത്തിക്കുന്നു. ഉഷ്ണകാലത്ത് ഇവര്‍ ദീര്‍ഘചതുരാകൃതിയിലുള്ള കെട്ടിടങ്ങളില്‍ താമസിക്കാറുണ്ടായിരുന്നു. ക്രീക്കുകാര്‍ ആചാരപരമായി കൂടുന്ന സ്ഥലത്തു നാലു മുറികള്‍ ഉണ്ടായിരുന്നു. മുഖ്യന്മാര്‍, ഭടന്മാര്‍, സാധാരണക്കാര്‍, ഇങ്ങനെ പദവി അനുസരിച്ച് ഈ സ്ഥലം വിഭജിച്ചിരുന്നു.

ക്രീക്കുകാര്‍ക്ക് ഇംഗ്ലീഷുകാരോടു മമത ഉണ്ടായിരുന്നെങ്കിലും സ്പാനിഷുകാരുമായി എന്നും ശത്രുതയിലായിരുന്നു. 1812-15 കാലഘട്ടത്തില്‍ അമേരിക്കക്കാരുമായി ഉണ്ടായ യുദ്ധത്തില്‍ ആന്‍ഡ്രൂ ജാക്സണ്‍ ഇവരെ പരാജയപ്പെടുത്തി. ക്രീക്കുകാരുടെ ഒരു പ്രധാനപ്പെട്ട നേതാവായിരുന്നു ഒപോഥിലയഹോളോ (Opothleyaholo). അമേരിന്ത്യനായ ഇദ്ദേഹം ക്രീക്ക് യുദ്ധം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് ക്രീക്കുകാര്‍ വിഭജിക്കപ്പെടുകയും മൂന്നിലൊന്ന് ആളുകള്‍ക്ക് ഇദ്ദേഹം നേതൃത്വം നല്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ കുറേ ക്രീക്കുകാര്‍ ഫ്ളോറിഡായിലേക്കു പോയി. 1813-ല്‍ ക്രീക്ക് ഇന്ത്യക്കാര്‍ ഫോര്‍ട്ട് മിംസ് (Fort Mims) കീഴടക്കുകയും കാവല്‍ സേനകളെ കൊല ചെയ്യുകയും ചെയ്തു. ക്രീക്ക് യുദ്ധത്തിന്റെ ഫലമായി ഇവര്‍ തങ്ങളുടെ താമസസ്ഥലം വിട്ട് ഒക്ലഹോമ നീങ്ങാന്‍ നിര്‍ബന്ധിതരായി. അവിടെ ഇന്ന് (2012) അവരുടെ ജനസംഖ്യ അറുപതിനായിരത്തോളമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍