This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രീ

Cree

ഒരു ആല്‍ഗോണ്‍ക്വേന്‍ (Algonquian) ഇന്ത്യന്‍ ജനവര്‍ഗം. വടക്കേ അമേരിക്കയില്‍ ഹഡ്സണ്‍ ഉള്‍ക്കടലിന്റെ ചുറ്റുമായി നിവസിക്കുന്ന ആല്‍ഗോണ്‍ക്വേന്‍ ഇന്ത്യന്‍ ജനവിഭാഗത്തിലെ പതിനൊന്ന് ഗോത്രങ്ങളാണ് ക്രീ, ഷോണി, ഒജിസ്വ, മിക്മാക്, സോക്ദെല,വെയ്ര്‍, മസാച്ചുസെറ്റ്, ഷൈയീന്‍ (Chcyenne), ബ്ലാക്ക്ഫുട്, അരാപ്പഹോ, അല്‍ഗോങ്കിന്‍ എന്നിവ. മുമ്പ് റെഡ് നദിക്കും സസ്കാചേവന്‍ (Saskatchewan) നദിക്കും ഇടയ്ക്കുള്ള വിസ്തൃതമായ ഭൂപ്രദേശം ക്രീ ജനവര്‍ഗത്തിന്റെ അധീനതയിലായിരുന്നു. മലവര്‍ഗക്കാരായ ഇവരുടെ ക്രീ ഭാഷയ്ക്ക് ഒജിബ്വാ ഭാഷയോടു സാദൃശ്യമുണ്ട്.

അന്തഃഛിദ്രങ്ങളുടെ ഫലമായി ക്രീ ജനവര്‍ഗം പല ശാഖകളായി പിരിഞ്ഞു. തുടക്കത്തിലെ ആല്‍ഗോണ്‍ക്വേന്‍ ഇന്ത്യന്‍ വിഭാഗത്തിലെ ഈ ജനവര്‍ഗം വൈരുധ്യപൂര്‍ണമായ കൂട്ടങ്ങളുടെ കെട്ടുറപ്പുകുറഞ്ഞ ഒരു സഞ്ചയമായിരുന്നു. ചര്‍ച്ചില്‍ നദിക്കു തെക്ക്, ഹഡ്സന്‍ ഉള്‍ക്കടല്‍ മുതല്‍ പടിഞ്ഞാറു മാനട്ടോവ വരെ വ്യാപിച്ചിരുന്ന ഒരു മേഖലയിലാണ് ഇവര്‍ വസിച്ചുപോന്നത്. പില്‍ക്കാലത്തു ക്രീ ജനവര്‍ഗത്തിലെ ഒരു വിഭാഗം, കാട്ടുപോത്തുകളെ വേട്ടയാടുന്നതില്‍ തത്പരരായിത്തീരുകയും സമതലങ്ങളില്‍ പാര്‍പ്പുറപ്പിക്കുകയും ചെയ്തു. ഈ വിഭാഗത്തെ പ്ളെയിന്‍സ് ക്രീ എന്നു വിശേഷിപ്പിക്കുന്നു.

പിന്നീട് അസിനിബോയ്ന്‍ (Assiniboin) ജനവിഭാഗം ഡക്കോട്ട കുലത്തില്‍നിന്നു വേര്‍പെട്ട് ക്രീ ജനവിഭാഗത്തിന്റെ അധീനതയിലായി, ഈ ഭൂപ്രദേശത്ത് താമസം ആരംഭിച്ചു. ഇവരുമായി സഖ്യമുണ്ടാക്കിയ ക്രീ ജനവര്‍ഗക്കാര്‍ ഡക്കോട്ട, ബ്ലാക്ക് ഫുട് തുടങ്ങിയ വിഭാഗക്കാരുമായി സമരങ്ങളില്‍ ഏര്‍പ്പെട്ടുപോന്നു.

ക്രീ ജനവര്‍ഗക്കാര്‍ക്ക് പൂര്‍വ വനപ്രദേശമാതൃകയിലുള്ള സംസ്കാരമാണുള്ളത്. എന്നാല്‍ പ്രതികൂല സാഹചര്യം കാരണം ചോളക്കൃഷി നടത്താന്‍ കഴിയാതിരുന്നത് മാത്രമാണ് മുന്‍ മാതൃകാ സംസ്കാരത്തില്‍ നിന്ന് ഇവരെ വേര്‍തിരിച്ചിരുന്ന ഏക ഘടകം. കിഴക്കന്‍ ക്വിബക്കിലെ ക്രീ ജനവര്‍ഗത്തിന്റെ അംഗബലം 15,000 മാത്രമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B0%E0%B5%80" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍