This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്റ്റൊബലൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്റ്റൊബലൈറ്റ്

അത്യുന്നതോഷ്മാവില്‍ സ്ഥിരമായി വര്‍ത്തിക്കുന്ന ഒരു സിലിക്കാ-ബഹുരൂപകം (ഫോളിമോര്‍ഫ്). മറ്റൊരു സിലിക്കാ-പോളിമോര്‍ഫായ ട്രിഡിമൈറ്റ് 1470 oC വരെ ചൂടാകുമ്പോഴാണ് ക്രിസ്റ്റൊബലൈറ്റ് ഉണ്ടാകുന്നത്. ലളിതരാസ ഫോര്‍മുല: S1> O2.

ഫോം റാഥ് എന്ന ശാസ്ത്രജ്ഞന്‍ മെക്സിക്കോയിലെ സെറോ സാന്‍ ക്രിസ്റ്റോബല്‍ എന്ന സ്ഥലത്തുനിന്നാണ് ആദ്യമായി ഈ ധാതു കണ്ടുപിടിച്ചത്. സ്ഥലനാമത്തില്‍ നിന്നാണ് ഈ പേര് ലഭിച്ചത്.

ക്രിസ്റ്റൊബലൈറ്റ് രണ്ടുരൂപത്തില്‍ കാണപ്പെടുന്നു: ത്രിസമലംബാക്ഷമായ (isometric) 'ഹൈ അഥവാ ബീറ്റാക്രിസ്റ്റൊബലൈറ്റ്'; ചതുഷ്കോണീയമായ (tetragonal) 'ലോ അഥവാ ആല്‍ഫാ-ക്രിസ്റ്റൊബലൈറ്റ്'. സംക്രമണ താപനിലയായ 1470 oC-ല്‍ ട്രിഡിമൈറ്റ്, ഹൈ-ക്രിസ്റ്റൊബലൈറ്റിനു രൂപം നല്കുന്നു. ഇത്രവരെ ചൂടായശേഷം 268oC-ഓളം തണുപ്പിച്ചാലും ഇതിന്റെ സ്ഥിരസ്വഭാവം പെട്ടെന്നു നഷ്ടപ്പെടുകയില്ല. അത് മിതസ്ഥായിയായി (metastable) നിലനില്ക്കുന്നു. എന്നാല്‍ താപനില ഇത്രയുമാകുമ്പോഴേക്ക് ബീറ്റാ-ക്രിസ്റ്റൊബലൈറ്റ് ക്രമേണ ആല്‍ഫാ-ക്രിസ്റ്റൊബലൈറ്റായി മാറും. ഒരു സ്ഥിരമര്‍ദത്തില്‍ താപനിലയ്ക്ക് വ്യത്യാസം വരുത്തിയാല്‍ തദനുസൃതമായി ആല്‍ഫാ-ബീറ്റാ ഇനങ്ങള്‍ക്കും വ്യത്യാസം സംഭവിക്കുന്നതായി കാണാം.

പാല്‍വര്‍ണമാണ് ഈ ധാതുവിന്; വെട്ടിയോ മുറിച്ചോ പിളര്‍ക്കാന്‍ എളുപ്പമല്ല.

ഉയര്‍ന്ന താപനിലയില്‍ ഉരുകിയുറഞ്ഞുണ്ടായ ആഗ്നേയശിലകളില്‍ പരുക്കന്‍ പരലുകളായി ഈ ധാതു സ്ഥിതിചെയ്യുന്നു. രാസസംയുക്ത രൂപത്തില്‍ ജലമുള്‍ക്കൊള്ളുന്ന 'ഓപ്പലി'ന്റെയും (ശിവധാതുക്കല്ല്) സിലിക്ക സിന്ററുകളുടെയും (തിളച്ചുരുകിക്കിടക്കുന്ന ധാതുജലത്തില്‍നിന്ന് അടിഞ്ഞുകൂടി പരലാകാരമാകുന്നതാണ് സിന്റര്‍) നിക്ഷേപങ്ങളിലും ക്രിസ്റ്റൊബലൈറ്റ് കണ്ടെത്താം. ലസറ്റൈറ്റ് എന്ന് പേരുള്ള ഒരു ജടിലയിനം ആല്‍ഫാ-ക്രിസ്റ്റൊബലൈറ്റ് റയോലൈറ്റിന്റെയും ഫെല്‍സ്പാറിന്റെയും ലാവകളില്‍ സാധാരണമാണ്. നോ. ക്വാര്‍ട്സ്

(എന്‍.ജെ.കെ. നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍