This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്റ്റലൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്റ്റലൈറ്റ്

ധാതുക്കളുടെ അതിസൂക്ഷ്മവും അപുഷ്ടവുമായ പരലുകള്‍ക്കു പൊതുവേ പറയുന്ന പേര്. ആഗ്നേയശിലകളിലെ തിളങ്ങുന്ന ചെറുകണികകളാണിവ. പാറകളുടെ സൂക്ഷ്മഘടനയെയും വര്‍ഗീകരണത്തെയും മറ്റും പറ്റി പഠിക്കാനുപയോഗിക്കുന്ന പിറ്റ്രോഗ്രെഫിക് മൈക്രോസ്കോപ്പുകള്‍ ഉപയോഗിച്ചു മാത്രമേ ക്രിസ്റ്റലൈറ്റുകളെ തിരിച്ചറിയാന്‍ കഴിയൂ. ക്രിസ്റ്റലൈറ്റുകളും മൈക്രോലൈറ്റുകളും ഒന്നാണെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മൈക്രോലൈറ്റുകള്‍ ക്രിസ്റ്റലൈറ്റുകളെക്കാള്‍ വളരെ വലുതായിരിക്കുന്നതുമൂലം മൈക്രോലൈറ്റുകളുടെ പ്രകാശിക ഗുണധര്‍മങ്ങള്‍ അളന്നു കണ്ടുപിടിക്കാനാവും.

സവിശേഷസാഹചര്യങ്ങളില്‍ ദ്രവരൂപത്തിലുള്ള ശിലകള്‍ അതിവേഗം തണുത്തുറഞ്ഞു രൂപപ്പെടുന്ന പാറകളിലാണ് ക്രിസ്റ്റലൈറ്റുകള്‍ കാണപ്പെടുന്നത്. അഗ്നിപര്‍വതങ്ങളില്‍ നിന്നൊഴുകിവരുന്ന ലാവ ഉറഞ്ഞുണ്ടാകുന്ന പാറകള്‍ ഇതിന് ഉദാഹരണമാണ്. ദ്രവരൂപത്തിലിരുന്ന ശില ക്രിസ്റ്റലീകരിക്കാന്‍ തുടങ്ങി എന്നതിന്റെ തെളിവാണ് പാറയിലുള്ള ക്രിസ്റ്റലൈറ്റുകളുടെ സാന്നിധ്യം. അതിവേഗം തണുത്തുറഞ്ഞുണ്ടാകന്ന പാറകളില്‍ ഇത്തരത്തിലുള്ള അനേകായിരം സൂക്ഷ്മ പരലുകളുള്ളതുകാരണം അവയുടെ പരല്‍ഘടനയ്ക്ക് ഏകതാനത ഉണ്ടായിരിക്കുകയില്ല. എന്നാല്‍ സാവധാനം തണുത്തുറഞ്ഞുണ്ടാകുന്ന പാറകളില്‍ പൂര്‍ണവളര്‍ച്ചയെത്തിയ വലിയ പരലുകളാണുണ്ടാകുന്നത്.

പലതരം ക്രിസ്റ്റലൈറ്റുകളുണ്ട്. രൂപപരമായ സവിശേഷതകളെ ആസ്പദമാക്കി അവയെ വര്‍ഗീകരിച്ച് നാമകരണം ചെയ്തിരിക്കുന്നു. ഒരു ധാതുവിലുള്ള ക്രിസ്റ്റലൈറ്റുകള്‍ക്കും അതേ ധാതുവിന്റെ തന്നെ പൂര്‍ണവളര്‍ച്ചയെത്തിയ പരലുകള്‍ക്കും തമ്മില്‍ ആകൃതിയില്‍ സാരമായ വ്യത്യാസമുണ്ട്. അണ്ഡാകൃതിയോ ഗോളാകൃതിയോ ഉള്ള ക്രിസ്റ്റലൈറ്റുകളെ ഗ്ളോബുലൈറ്റുകള്‍ എന്നു വിളിക്കുന്നു. തൂവല്‍പോലെയോ പൂവിന്റെ ഇതളുകള്‍പോലെയോ ഇരിക്കുന്നവയാണ് സ്കോപ്പുലൈറ്റുകള്‍. നീളം കൂടിയവയും തീരെ ചെറിയവയുമായ നിരവധി ക്രിസ്റ്റലൈറ്റുകള്‍ ചേര്‍ന്നുണ്ടാകുന്ന ദണ്ഡുപോലുള്ള ക്രിസ്റ്റലൈറ്റുകളാണ് ബാസിലൈറ്റുകള്‍. നീളമുള്ളതും കൂര്‍ത്തതോ ഉരുണ്ടതോ ആയ അഗ്രങ്ങളുള്ളതും ബലോണൈറ്റുകള്‍ എന്നറിയപ്പെടുന്നു. ബലോണൈറ്റുകളെ വീണ്ടും ലോങ്ഗുലൈറ്റുകള്‍, സ്പീക്കുലൈറ്റുകള്‍, ക്ളാവലൈറ്റുകള്‍ എന്ന് മൂന്ന് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ലോങ്ഗുലൈറ്റുകള്‍ നീണ്ടിരിക്കുന്നതും സ്പിക്കുലൈറ്റുകള്‍ രണ്ടറ്റവും കൂര്‍ത്തിരിക്കുന്നതും ക്ളാവലൈറ്റുകള്‍ മധ്യഭാഗം ഇടുങ്ങിയും രണ്ടഗ്രം ഉരുണ്ടും ഇരിക്കുന്നതുമാണ്.

ക്രിസ്റ്റലൈറ്റുകളുടെ വേഗത്തില്‍ പുഷ്ടിപ്പെടുന്ന വശങ്ങള്‍ ചെറുതും സാവകാശം പുഷ്ടിപ്പെടുന്ന വശങ്ങള്‍ വലുതുമാകുന്നു. ക്രിസ്റ്റലൈറ്റുകള്‍ക്ക് പൊതുവേ സാധാരണ പരലുകളെക്കാള്‍ നീളം കൂടുതലാണ്. ബാസിലൈറ്റ് വിഭാഗത്തില്‍പ്പെട്ട ക്രിസ്റ്റലൈറ്റുകളുടെ വശങ്ങള്‍ നല്ലവണ്ണം പുഷ്ടിപ്പെട്ടതായിരിക്കും. ഫെറൈറ്റ് തുടങ്ങിയ ധാതുക്കളുടെ പരലുകള്‍ക്ക് ക്രിസ്റ്റലൈറ്റുകളടങ്ങിയ പോളിക്രിസ്റ്റലൈന്‍ ഘടനയാണുള്ളത്. ചില പോളിമറുകളുടെ സാന്ദ്രലായനികളെ സമ്മര്‍ദംപോലുള്ള ഏതെങ്കിലുമൊരു യാന്ത്രികബലത്തിന്റെ സാന്നിധ്യത്തില്‍ സാന്ദ്രീകരിക്കുമ്പോഴുണ്ടാകുന്ന ഖരവസ്തുക്കള്‍ക്ക് പാര്‍ശ്വസ്ഥക്രമം (lateral order) മാത്രമേ കാണുകയുള്ളൂ. അതിനു കാരണം ഇവയില്‍ ക്രിസ്റ്റലൈറ്റുകളാല്‍ നിര്‍മിതമായ സുദീര്‍ഘമായ ശൃംഗലകളാണുള്ളത് എന്നതാണ്.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍