This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്മസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്മസ്

യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ അനുസ്മരണദിനം. ഡിസംബര്‍ 25-ന് ആണ് ക്രിസ്മസ് ആഘോഷിച്ചുവരുന്നത്. ക്രിസ്റ്റസ്-മെസ്സെ (Christes-Maesse) എന്നീ രണ്ട് ഇംഗ്ലീഷ് വാക്കുകള്‍ ചേര്‍ന്നാണ് 'ക്രസ്മസ്' എന്ന പദം ഉണ്ടായിട്ടുള്ളത്. 'ക്രിസ്തുവിന്റെ ആഗമനം', 'ജനനം' എന്നാണ് ഇതിന്റെ അര്‍ഥം.

ക്രിസ്തുവിന്റെ ജനനകാലത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ടെങ്കിലും ബി.സി. 6-ാം വര്‍ഷത്തിനടുത്ത് ബെത്ലഹേമില്‍ (പലസ്തീനിലെ) ജനിച്ചു എന്നാണ് പ്രബലവിശ്വാസം. ക്രിസ്തുവിന്റെ ജന്മദിനം ഡിസംബര്‍ 25-ന് തന്നെയാണോ എന്നതിനെക്കുറിച്ചും ഏകാഭിപ്രായം ഇല്ല. കന്യകാമറിയം യേശുക്രിസ്തുവിന്റെ മാതാവാകുമെന്ന സന്തോഷ സന്ദേശം ഗബ്രിയേല്‍ മാലാഖവഴി ദൈവം മറിയത്തിനു നല്കിയത് വസന്തകാല സമരാത്രമായ (Spring equinox) മാര്‍ച്ച് 25-ന് ആയിരുന്നുവെന്നും അതിനുശേഷം 9 മാസം കഴിഞ്ഞു ഡിസംബര്‍ 25-ന് യേശുക്രിസ്തു ബെത്ലഹേമില്‍ ജാതനായി എന്നുമാണ് പുരാതന ക്രൈസ്തവ വിശ്വാസം. ക്രിസ്മസ് ഡിസംബര്‍ 25-ന് ആഘോഷിക്കുന്നതിനു ഈ വിശ്വാസം ഒരു പ്രമുഖകാരണമാണ്. പ്രാചീന റോമാക്കാരുടെ സൂര്യോത്സവമാണ് ക്രിസ്മസ് ഡിസംബര്‍ 25-ന് ആഘോഷിക്കുന്നതിനു പ്രേരകമായതെന്നാണ് മറ്റൊരു വാദം. അജയ്യനായ സൂര്യദേവന്റെ ജന്മോത്സവം (Natalis Solis Invicti) പുരാതന റോമന്‍ മതോത്സവങ്ങളില്‍ സുപ്രധാനമായിരുന്നു. സൂര്യന്റെ ദക്ഷിണായനവുമായി ബന്ധപ്പെടുത്തി മകരസംക്രാന്തിദിനമായി (winter solstice) ഡിസംബര്‍ 25 അത്യാഡംബരപൂര്‍വം റോമാക്കാര്‍ ആചരിച്ചിരുന്നു. കൂടാതെ ഡിസംബര്‍ 17 മുതല്‍ ഡിസംബര്‍ 24 വരെ 'ശനിയുത്സവവും'(Saturnalia) അവര്‍ ആഘോഷിച്ചിരുന്നു. അങ്ങനെ റോമാസാമ്രാജ്യത്തിലെങ്ങും ഉത്സവാന്തരീക്ഷം സജീവമായിരുന്ന ഡിസംബര്‍ 25-ന് യേശുക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുവാന്‍ റോമിലെ മാര്‍പ്പാപ്പയായ ഗ്രിഗരിയും പിന്‍ഗാമികളും ക്രിസ്ത്യാനികള്‍ക്ക് അനുവാദവും പ്രോത്സാഹനവും നല്കി; റോമില്‍ ആദ്യശതകങ്ങളില്‍ ക്രിസ്ത്യാനികള്‍ ഒരു ന്യൂനപക്ഷം ആയിരുന്നു. ആര്‍ത്തുല്ലസിച്ച് ഉത്സവമാഘോഷിക്കുന്ന അക്രൈസ്തവരായ റോമാക്കാരോടൊത്ത് ക്രൈസ്തവോചിതമായി സന്തോഷിക്കുന്നതിനുവേണ്ടിയാണ് ഡിസംബര്‍ 25-ന് (സൂര്യോത്സവദിനം) ക്രിസ്മസ് ആചരിക്കാന്‍ പാശ്ചാത്യ ക്രിസ്തുസഭ നിശ്ചയിച്ചത്. പാശ്ചാത്യ ക്രൈസ്തവസഭയുടെ ഈ നിശ്ചയം പൌരസ്ത്യ ക്രൈസ്തവസഭകളും യഥാകാലം സ്വാഗതം ചെയ്തു. സൂര്യോത്സവകാലത്ത് റോമാക്കാര്‍ വീടും പരിസരങ്ങളും അടിച്ചു വൃത്തിയാക്കി ദീപങ്ങള്‍കൊണ്ട് അലങ്കരിക്കുകയും അന്യോന്യം സമ്മാനദാനം നടത്തുകയും വിഭവസമൃദ്ധമായ വിരുന്ന് ആസ്വദിക്കുകയും ചെയ്തിരുന്നു. ഇക്കാലത്ത് അടിമകള്‍ക്കും കുറേയെല്ലാം സ്വാതന്ത്യ്രം അനുവദിച്ചിരുന്നു. ഓട്ടം, ചാട്ടം, ഉഷ്ണജല ക്രീഡകള്‍, കളിവിനോദങ്ങള്‍, ഗുസ്തി മുതലായവയും സൂര്യോത്സവത്തിന്റെ ഭാഗമായിരുന്നു. 4-ാം ശതകത്തോടെ റോമാസാമ്രാജ്യത്തില്‍ ക്രൈസ്തവ ഭൂരിപക്ഷം ഉണ്ടായപ്പോള്‍ ഈ പരിപാടികള്‍ ഒരു പരിധിവരെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായിത്തീര്‍ന്നു.

റോമാചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റയിന്‍ ക്രിസ്തുവര്‍ഷം 313-ല്‍ പുറപ്പെടുവിച്ച 'മിലാന്‍ വിളംബരം' വഴി റോമാസാമ്രാജ്യത്തിലെങ്ങും ക്രിസ്തുമതം അംഗീകൃതമായതു മുതലാണ് പാശ്ചാത്യലോകത്ത് ക്രിസ്മസ് ആഘോഷത്തിന് പ്രചാരം സിദ്ധിച്ചത്. റോമില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിനെപ്പറ്റിയുള്ള ആദ്യപരാമര്‍ശം കാണുന്നത് എ.ഡി. 336-ലെ ഒരു രേഖയിലാണ്. അക്കാലത്ത് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ഡിസംബര്‍ 25-ന് ക്രിസ്മസ് ആചരിക്കുന്നതിന്റെ ഔചിത്യം എടുത്തുപറയുന്നുണ്ട്. ക്രിസ്തുവിന്റെ ജനനം ഡിസംബര്‍ 25-നു തന്നെയെന്ന അദ്ദേഹത്തിന്റെ അഭിപ്രായം പിന്നീട് പല പണ്ഡിതന്മാരും നിരാകരിച്ചു. ഈജിപ്തിലെ അലക്സാണ്ട്രിയയില്‍ ജനു. 6-ന് ആയിരുന്നു ക്രിസ്മസ് ആചരണം. പൌരസ്ത്യ പണ്ഡിതന്മാര്‍ യേശുക്രിസ്തുവിനെ അന്വേഷിച്ചു വന്നു കണ്ടുപിടിച്ച് ആരാധിക്കുന്ന സംഭവത്തെ അനുസ്മരിപ്പിക്കുന്ന 'എപ്പിഫനി' അഥവാ 'ദെനഹാ'ത്തിരുനാളിനാണ് അവര്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നത്.

ഇന്നു ലോകത്തെമ്പാടും ക്രിസ്മസ് ആഘോഷിച്ചുവരുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ക്രിസ്മസ് ആഘോഷം തുടങ്ങുന്നു. വീടുകളുടെയും കടകളുടെയും മുറ്റത്തും മരങ്ങളുടെ കൊമ്പത്തും സ്ഥാപനങ്ങളുടെ മുകളിലുമൊക്കെ അന്നുമുതല്‍ നക്ഷത്രവിളക്കുകള്‍ തിളങ്ങിത്തുടങ്ങുന്നു. ശാന്തിയും സമാധാനവും മനുഷ്യഹൃദയങ്ങളില്‍ പകരുക എന്നതാണ് ആഘോഷത്തിന്റെ പ്രാധാന്യം. കൂടിക്കാഴ്ചകളുടെയും പുനഃസമാഗമങ്ങളുടെയും കാലമാണ് ക്രിസ്മസ്. ആശംസാകാര്‍ഡുകള്‍ അയയ്ക്കുക, ക്രിസ്മസ് കരോളുകള്‍ ഒത്തുചേര്‍ന്ന് ആലപിക്കുക, ക്രിസ്മസ് വൃക്ഷം സ്ഥാപിക്കുക, ക്രിസ് (പുല്‍ക്കൂട്) പണിതു പ്രദര്‍ശിപ്പിക്കുക, ക്രിസ്മസ് പപ്പായെ കടകളിലും മറ്റും ഇരുത്തുക എന്നിവ ക്രിസ്മസ് ആഘോഷങ്ങളിലെ ചില പ്രധാന പരിപാടികളാണ്.

(ഡോ. ജെ. കട്ടയ്ക്കല്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍