This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്ത്വനുകരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്ത്വനുകരണം

ക്രിസ്ത്യന്‍ ഭക്തിസാഹിത്യത്തിലെ ഇമിറ്റാഷിയോ ക്രിസ്റ്റി എന്ന ലത്തീന്‍ കൃതിയുടെ മലയാള പരിഭാഷ. ഇമിറ്റാഷിയോ ക്രിസ്റ്റി 1425-നടുത്ത് ഡെന്മാര്‍ക്കില്‍ വച്ച് തോമസ് അ കെം പിസ് (1380-1471) ആണ് വിരചിച്ചത്. ജെറാര്‍ഡ് ഗ്രൂട്ടെ (1340-84)-യുടെ രചന പകര്‍ത്തുകമാത്രമാണ് തോമസ് ചെയ്തതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ഗ്രന്ഥങ്ങളിലൊന്നാണ് ഇമിറ്റാഷിയോ ക്രിസ്റ്റി.

ഈ ഗ്രന്ഥം നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ലൌകികത്തില്‍നിന്നു മോചനം നേടി ആത്മീയ ജീവിതത്തിനു തയ്യാറെടുക്കാനുള്ള മാര്‍ഗങ്ങളാണ് ആദ്യഭാഗത്തില്‍ വിവരിക്കുന്നത്; രണ്ടാം ഭാഗത്തില്‍ സമര്‍പ്പിതമായ ആത്മീയജീവിതത്തിലേക്കു വഴികാട്ടുന്ന ഉപദേശങ്ങളും. വിശ്വസ്താത്മവിനോടുള്ള ക്രിസ്തുവിന്റെ ആന്തരിക സംഭാഷണം നല്കുന്ന ആത്മീയാശ്വാസത്തെക്കുറിച്ച് മൂന്നാം ഭാഗത്തില്‍ പ്രതിപാദിക്കുന്നു; നാലാം ഭാഗത്തില്‍ ദിവ്യമായ സംഗമത്തില്‍നിന്നു ശക്തി സമ്പാദിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും.

ക്രിസ്തുവിന്റെ ജീവിതത്തെ മാര്‍ഗദര്‍ശകമായി സ്വീകരിക്കുവാന്‍ യോഹന്നാനും മത്തായിയും അവരുടെ സുവിശേഷങ്ങളില്‍ പറയുന്നതുതന്നെയാണ് ഈ കൃതിയിലെയും പ്രമേയം. ഇതിലെ പല സൂക്തങ്ങള്‍ക്കും ഭഗവദ്ഗീതയിലെ ശ്ളോകങ്ങളുമായി അര്‍ഥസാമ്യമുണ്ടെന്നു കാണാം. മധ്യകാല മതചിന്തയുടെയും ആരാധനയുടെയും നവഭക്തി എന്ന ആധ്യാത്മിക പ്രസ്ഥാനത്തിന്റെയും അതിനോടനുബന്ധിച്ചുനടന്ന മതപുനരുത്ഥാനത്തിന്റെയും ഏകദേശ ചിത്രം നല്കുകവഴി ചരിത്രപരമായ ഒരു പ്രാധാന്യം കൂടി ഈ കൃതിക്കുണ്ട്.

ഇമിറ്റാഷിയോ ക്രിസ്റ്റിക്കു ലോക ഭാഷകളിലെല്ലാം പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷില്‍ ദ ഇമിറ്റേഷന്‍ ഒഫ് ക്രൈസ്റ്റ് എന്ന പേരിലാണ് വിവര്‍ത്തനങ്ങള്‍ അറിയപ്പെടുന്നത്. റോമുവാള്‍ ദളൂയിസിന്റെ ക്രിസ്ത്വാനുകാരം (1884), വില്യമിന്റെ മിശിഹാനുകരണം (1948), ടി. ആര്‍. നായരുടെ പദ്യരൂപത്തിലുള്ള ക്രിസ്ത്വാനുകരണം (1958), റവറെന്റ് ഫാദര്‍ മൈക്കല്‍ നിലവരേത്തിന്റെ ക്രിസ്ത്വാനുകരണം (13-ാം പ 1964), എ.വി. തോമസിന്റെ ക്രിസ്ത്വാനുകരണ സംഗ്രഹം (1966) എന്നിവ ഇമിറ്റാഷിയോ ക്രിസ്റ്റിയെ അവലംബിച്ചു മലയാളത്തിലുണ്ടായി ഗ്രന്ഥങ്ങളാണ്.

(ഡോ. ജെ. കട്ടയ്ക്കല്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍