This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്തുമതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ക്രിസ്തുമതം

ലോകത്തിലെ ഏറ്റവും പ്രബലമായ ഒരു മതം. ഇത് ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ഈ മതത്തെ സംബന്ധിക്കുന്ന എല്ലാ വസ്തുതകളും നസ്രായനായ യേശുക്രിസ്തുവിന്റെ 'പുനരുത്ഥാന' വിശ്വാസത്തിലധിഷ്ഠിതമാണ്. ക്രിസ്തുമതത്തെ സംബന്ധിക്കുന്ന എല്ലാ വസ്തുതകളും ഈ ലേഖനത്തില്‍ പ്രതിപാദിക്കുക ദുഷ്കരമാണ്. ചില ക്രൈസ്തവവിശ്വാസപ്രമാണങ്ങളുടെ ഒരു ലഘുവിവരണം മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ.

മതവിശ്വാസം

'മനുഷ്യാവതാരം ചെയ്ത ദൈവസുതനാണ് യേശുക്രിസ്തു; മാനവരാശിയെ മുഴുവന്‍ സനാതന സൌഭാഗ്യത്തില്‍ എത്തിക്കാന്‍ തിരുവവതാരം ചെയ്ത ക്രിസ്തു സ്ഥാപിച്ചതാണ് ക്രിസ്തുമതം'. ക്രിസ്തുവിന്റെ പരിപൂര്‍ണ ദൈവത്വത്തിലും ക്രിസ്തു സ്ഥാപിച്ച സഭയിലുമുള്ള ഈ വിശ്വാസം ക്രിസ്തുമതത്തിന്റെ ആധാരശിലയാണ്.

പലസ്തീന്റെ വടക്കുഭാഗത്തുള്ള 'സിസറിയാ ഫിലിപ്പി'യില്‍ യേശു ശിഷ്യന്മാരോടു 'മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്' എന്ന് ചോദിച്ചതിന് 'നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു' (മത്താ. 16:16) എന്നു പത്രോസ് മറുപടി പറഞ്ഞു. പത്രോസിന്റെ ആ വാക്കുകളാണ് ക്രിസ്തുവിന്റെ ദൈവത്വത്തിലുള്ള വിശ്വാസത്തിന് അടിസ്ഥാനം. ലോകജനസംഖ്യയില്‍ മൂന്നിലൊരുഭാഗം വരുന്ന 170 കോടിയോളം ജനങ്ങള്‍, ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നു. ലോകമതങ്ങളില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള ക്രിസ്തുമതത്തിന്റെ ഉദ്ഭവവും സ്വഭാവവും വളര്‍ച്ചയും അദ്ഭുതകരമാണ്; അതിന്റെ ദൈവികോത്പത്തിയുടെ തെളിവായി ക്രൈസ്തവദാര്‍ശനികര്‍ ഇതിനെ ചൂണ്ടിക്കാണിക്കുന്നു. യു.എസ്., ബ്രിട്ടന്‍ മുതലായ രാഷ്ട്രങ്ങളുടെ മതം മാത്രമല്ല, അക്ഷരാര്‍ഥത്തില്‍ ആഗോളവ്യാപകമാണ് ക്രിസ്തുമതം. യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും ആസ്റ്റ്രേലിയയിലും വിദൂരദ്വീപുകളിലും ജപ്പാനിലും കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ റഷ്യയിലും പോളണ്ടിലുമെല്ലാം ക്രിസ്തുമതം ഇന്ന് ഒരു നിര്‍ണായകശക്തിയായി അംഗീകരിക്കപ്പെടുന്നു.


ബൈബിള്‍

ക്രിസ്തുമതത്തിന്റെ ആധാരഗ്രന്ഥം 'ബൈബിള്‍' ആണ്. 1300-ലധികം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നതും പ്രതിവര്‍ഷം കോടിക്കണക്കിനു പ്രതികള്‍ വിറ്റഴിയുന്നതുമായ ബൈബിള്‍, വിശ്വസാഹിത്യത്തിലെ ഒരു പ്രമുഖഗ്രന്ഥമായി കരുതപ്പെടുന്നു. 'പഴയനിയമം', 'പുതിയ നിയമം' എന്നീ രണ്ടു ഭാഗങ്ങള്‍ ചേര്‍ന്നതാണ് ബൈബിള്‍. 'ബിബ്ലിയോന്‍' എന്ന ഗ്രീക്കുവാക്കില്‍നിന്ന് നിഷ്പന്നമായ 'ബൈബിളി'ന്റെ മൂലാര്‍ഥം പുസ്തകമെന്നാണ്. ബൈബിളിന്റെ പൂര്‍വഭാഗമായ പഴയനിയമം (old testament) യഹൂദരുടെയും മതഗ്രന്ഥമാണ്. ഉത്പത്തിമുതല്‍ 'മക്കബായര്‍' വരെയുള്ള വിഭാഗങ്ങള്‍ (books) ചേര്‍ന്നതാണ് പഴയനിയമം (പ്രൊട്ടസ്റ്റന്റുകാരുടെ പഴയനിയമത്തില്‍ മക്കബായര്‍ ചേര്‍ത്തിട്ടില്ല. ഏതൊക്കെ ഗ്രന്ഥങ്ങളാണ് ബൈബിളില്‍ ചേര്‍ക്കേണ്ടത് എന്ന കാര്യത്തില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നു. 66 പുസ്തകങ്ങള്‍ എല്ലാപേരും അംഗീകരിക്കുന്നു. എന്നാല്‍ റോമന്‍ കത്തോലിക്കാസഭയും ഓര്‍ത്തഡോക്സ് സഭകളും വേറെ ചില പുസ്തകങ്ങള്‍കൂടി ഉള്‍പ്പെടുത്തുന്നു. ഈ പുസ്തകങ്ങള്‍ക്ക് പ്രൊട്ടസ്റ്റന്റുകാര്‍ അപ്പോക്രീഫാ എന്നു പറയുന്നു. കത്തോലിക്കര്‍ ഇവയെ ഡ്യൂട്രോ കാനോനിക്കന്‍ എന്നു വിളിക്കുന്നു). യേശുവിന്റെ ജീവിതത്തെയും പ്രബോധനങ്ങളെയും ഉള്‍ക്കൊള്ളുന്ന നാലു 'സുവിശേഷങ്ങളും' 'അപ്പസ്തോല പ്രവൃത്തികളും' ക്രിസ്തുശിഷ്യന്മാരുടെയും പ്രത്യേകിച്ച് വിശുദ്ധ പൗലൂസിന്റെ ലേഖനങ്ങളും, വെളിപാട് പുസ്തകവും ചേര്‍ന്നതാണ് പുതിയനിയമം. തെറ്റുതിരുത്തലിനും ശാസനത്തിനും സത്യപ്രബോധനത്തിനും ധാര്‍മിക ജീവിതപ്രചോദനത്തിനും പ്രയോജനപ്പെടുന്നതാണ് ദൈവവചനമായ 'ബൈബിള്‍' എന്ന പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ അനുസ്മരിച്ച്, ക്രിസ്ത്യാനികള്‍ അനുദിന ബൈബിള്‍ പാരായണത്തില്‍ താത്പര്യം കാട്ടുന്നു (2 തിമൊ. 3:16). ക്രിസ്തുമതത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും ബൈബിള്‍ സംപൂജ്യമായ ദൈവവചനമാണ്.

വിശ്വാസാനുഷ്ഠാനങ്ങള്‍

ക്രിസ്തുമതത്തിന്റെ പ്രധാനതത്ത്വങ്ങള്‍ അഥവാ പ്രബോധനങ്ങള്‍ 'വിശ്വാസപ്രമാണത്തില്‍' സംഗ്രഹിച്ചിട്ടുണ്ട്. അനുഷ്ഠാനങ്ങളില്‍ പലതും പഴയനിയമത്തിലെ 'പത്തു ദൈവപ്രമാണ'ങ്ങളെ ആസ്പദമാക്കിയുള്ളവയാണ്; ക്രിസ്തു പ്രബോധനങ്ങളില്‍നിന്നു നിഷ്പന്നമായ 'കൂദാശ' അനുഷ്ഠാനങ്ങളുമുണ്ട്. ക്രിസ്തുമതത്തിന്റെ ആദിശതകം മുതല്‍ സഭയോടു ചേരുന്നവര്‍ക്ക് 'ജ്ഞാനസ്നാനം' (Baptism) അഥവാ 'മാമ്മോദീസ' നല്കിയിരുന്നു.

കൂദാശാനുഷ്ഠനങ്ങളോടനുബന്ധിച്ച് പുരാതനസഭകളില്‍ വിശ്വാസപ്രമാണം ചൊല്ലിവരുന്നു. സര്‍വചരാചരസ്രഷ്ടാവും പരിപാലകനുമായ ദൈവത്തിലുള്ള വിശ്വാസം പ്രഖ്യാപിക്കുകയും ദൈവപുത്രനായ ക്രിസ്തുവിന്റെ മനുഷ്യാവതാരം, പീഡാസഹനം, കുരിശുമരണം, പുനരുത്ഥാനം, സ്വര്‍ഗാരോഹണം, പിതാവിന്റെ വലതുഭാഗത്തുള്ള ഇരിപ്പ്, രണ്ടാമത്തെ വരവ് എന്നിവ ഏറ്റുപറയുകയും, പരിശുദ്ധാത്മാവിലും കാതോലികവും അപ്പസ്തോലികവുമായ ഏക വിശുദ്ധസഭയെയും പാപമോചനത്തിനുള്ള ഏക മാമ്മോദീസയിലും മരിച്ചവരുടെ പുനരുത്ഥാനത്തിലും നിത്യജീവനിലും വിശ്വസിച്ചേറ്റുപറയുകയും ചെയ്യുകയാണ് ഇവിടെ പ്രധാനം.

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യത്യസ്ത 'ക്നൂമാകള്‍' (persons) ഏകദൈവമായി ആരാധിക്കപ്പെടുന്നു. ഇതത്രേ ത്രിത്വസ്തുതി(trinity)യുടെ നിദാനം. വിശുദ്ധ സഭയുടെ അംഗത്വം പ്രദാനം ചെയ്യുന്ന 'മാമ്മോദീസ' ത്രിത്വത്തിന്റെ നാമത്തിലാണ് നിര്‍വഹിക്കപ്പെടുന്നത്. 'പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍' എന്നത്, എല്ലാ ക്രിസ്തുമത കര്‍മങ്ങളുടെയും പ്രാരംഭവാക്യമാണ്.

ക്രിസ്തീയ ജീവിതാനുഷ്ഠാനങ്ങളധികവും പുരാതന ഇസ്രയേല്‍ക്കാര്‍ക്ക് (യഹൂദന്മാര്‍ക്ക്) മോശവഴിയായി ദൈവം നല്കിയ 'പത്തുകല്പന'കളില്‍ അധിഷ്ഠിതമാണ്:

1.നിന്റെ ദൈവമായ കര്‍ത്താവ് ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്;

2.മേല്‍ ആകാശത്തിലെങ്കിലും, താഴെ ഭൂമിയിലെങ്കിലും, ഭൂമിക്കടിയില്‍ വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ ഉണ്ടാക്കുകയോ വന്ദിക്കുകയോ സേവിക്കുകയോ അരുത്;

3.ദൈവതിരുനാമം വൃഥാ പ്രയോഗിക്കരുത്;

4.ശാബ്ബത്നാളിനെ ശുദ്ധീകരിക്കാന്‍ ഓര്‍ക്ക;

5.നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്കുക;

6.കൊല ചെയ്യരുത്;

7.വ്യഭിചാരം ചെയ്യരുത്;

8.മോഷ്ടിക്കരുത്;

9.കള്ളസാക്ഷി പറയരുത്;

10.കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുത്; അവന്റെ ഭാര്യയെയോ മറ്റുള്ള ഒന്നിനെയുമോ ആഗ്രഹിക്കരുത്. (പുറപ്പാട്, 20:1-17) എന്നിവയാണ് ഈ പത്തു പ്രമാണങ്ങള്‍. ഈ പത്തു പ്രമാണങ്ങളെ രണ്ടു പ്രമാണങ്ങളായി സംഗ്രഹിച്ചിരിക്കുന്നു.

എല്ലാത്തിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുക; തന്നെ താന്‍ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെയും സ്നേഹിക്കുക.

ദൈവസ്നേഹ-പരസ്നേഹ പ്രമാണങ്ങളെ പ്രായോഗികജീവിതത്തില്‍ പകര്‍ത്തുന്നതിനായി, സഭ ആരംഭകാലം മുതല്‍ പലവിധ പരോപകാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സ്ഥാപനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ആതുരാലയങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മുതലായവ ഇതില്‍പ്പെടുന്നു. മനുഷ്യരുടെ മാനസികാന്ധത നീക്കി, ദൈവസ്നേഹ-പരസ്നേഹപ്രവര്‍ത്തനങ്ങള്‍ക്ക് അവരെ പ്രചോദിപ്പിക്കുകയും അവരെ ഉത്തമപൗരന്മാരാക്കിത്തീര്‍ക്കുകയും ചെയ്യുകയാണ് ക്രൈസ്തവവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൌലികമായ ലക്ഷ്യം.

ഏകദൈവവിശ്വാസം

അസന്ദിഗ്ധമായ ഏകദൈവവിശ്വാസത്തില്‍ അടിയുറച്ചതാണ് ക്രിസ്തുമതം. ദൈവവും ദൈവത്തിന്റെ വചനമായ ക്രിസ്തുവും സാരാംശത്തില്‍ സമത്വമുള്ളവരാണ്. സര്‍വാധിനാഥനും സര്‍വവ്യാപിയുമായ ദൈവത്തിന്റെ സാന്നിധ്യം അനുസ്യൂതം അനുസ്മരിച്ചു ജീവിക്കാന്‍, ബൈബിള്‍ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു. സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള അന്തരത്തെപ്പറ്റി ഊന്നിപ്പറയുകയും, മനുഷ്യജീവിതസൗഭാഗ്യത്തിന് ദൈവപ്രസാദത്തിന്റെ ആവശ്യം പ്രഘോഷിക്കുകയും ചെയ്യുന്ന ഏകദൈവവിശ്വാസമാണ് ക്രിസ്തുമതത്തിന്റേത്. അതിനാല്‍ സൃഷ്ടിയെ സ്രഷ്ടാവായി, മനുഷ്യനെ ദൈവമായി പ്രതിഷ്ഠിക്കുന്ന 'വിശ്വദേവതാവാദ' (Pantheism)ത്തിന് ക്രിസ്തുമതത്തില്‍ സ്ഥാനമില്ല. ദൈവം വാത്സല്യനിധിയായ പിതാവാണെന്നും പുത്രനായ യേശുക്രിസ്തു (അവതീര്‍ണദൈവം) കാരുണ്യവാരിധിയായ മാനവപരിത്രാതാവാണെന്നും ദൈവത്തിന്റെ സ്നേഹപരിപാലനം (Divine Providence) ഒരിക്കലും നമ്മെ കൈവിടുകയില്ലെന്നുമുള്ള അചഞ്ചല ക്രൈസ്തവ വിശ്വാസം, ഏതു ദുര്‍ഘടസന്ധിയിലും ആശ്വാസവും ആനന്ദവും നല്കും എന്ന് ക്രിസ്ത്യാനികള്‍ കരുതുന്നു. അതേസമയം 'മനുഷ്യനെ ദൈവത്തിന്റെ ആലയ'മായി ക്രിസ്തുമതം അംഗീകരിക്കുന്നുണ്ടുതാനും. 'നിങ്ങള്‍ സജീവദൈവത്തിന്റെ ആലയങ്ങളാണ്', 'എന്റെ അനുശാസനങ്ങള്‍ അനുസരിക്കുന്നവനില്‍, എന്റെ പിതാവും ഞാനും പരിശുദ്ധാത്മാവും വന്ന് അധിവാസമുറപ്പിക്കും', 'ദൈവരാജ്യം നിങ്ങളില്‍ത്തന്നെയാണ്', ക്രിസ്തുമതം മനുഷ്യനിലെ ദൈവത്വംതന്നെയാണ്. ക്രിസ്തുമതം മനുഷ്യലിനെ ദൈവത്വം ഊന്നിപ്പറയുന്നതിനോടൊപ്പം, ദൈവത്തിന്റെ സര്‍വാതിശായിത്വവും (transcendence) അദ്വിതീയത്വവും (uniqueness) ഊന്നിപ്പറയുന്നു. മനുഷ്യനിലെ ദൈവാധിവാസവും (immanence) സര്‍വാതിശയത്വവും തമ്മില്‍ രഞ്ജിപ്പിക്കാന്‍ ക്രൈസ്തവദാര്‍ശനികര്‍ യത്നിക്കുന്നു. ക്രിസ്തുമതത്തിന്റെ വിശുദ്ധ ത്രിത്വ (Holy Trinity)ത്തെപ്പറ്റിയുള്ള പ്രബോധനവും ഏകദൈവവിശ്വാസത്തിന് കോട്ടം വരുത്തുന്നില്ല; പൂര്‍ത്തീകരിക്കുകയേ ചെയ്യുന്നുള്ളു; വിശുദ്ധ ത്രിത്വത്തിലെ ക്നൂമാകള്‍ മൂന്നു ദൈവങ്ങളല്ല; മറിച്ച് ഏകത്വത്തില്‍ ത്രിത്വവും ത്രിത്വത്തിന്‍ ഏകത്വവുമായി നിലകൊള്ളുന്ന ദൈവമാണ്.

ക്രൈസ്തവതത്ത്വവികാസം

ക്രൈസ്തവതത്ത്വവികാസം (Dogmatic Progress). മനുഷ്യന്റെ നിത്യരക്ഷയ്ക്കാവശ്യമായ എല്ലാ തത്ത്വങ്ങളും സത്യങ്ങളും ക്രിസ്തുവില്‍ക്കൂടി ദൈവം ആവിഷ്കരിച്ചിട്ടുണ്ടെന്നതാണ് ക്രൈസ്തവപ്രബോധനം. ദൈവശാസ്ത്രജ്ഞന്മാരുടെ പരിചിന്തനം, ശാസ്ത്രജ്ഞാനത്തിന്റെ വികസനം മുതലായവ ആവിഷ്കൃതസത്യങ്ങളെ കൂടുതല്‍ ആഴത്തില്‍ ഗ്രഹിക്കുന്നതിന് സഭയ്ക്ക് പ്രചോദനവും സഹായവും നല്കുന്നു. മൌലികവീക്ഷണത്തിനു കോട്ടം തട്ടാതെ, സ്ഥലകാലസാഹചര്യങ്ങള്‍ക്കനുസൃതമായി ക്രൈസ്തവതത്ത്വങ്ങളെ വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്നതിന്, മേല്പറഞ്ഞ ആഴമേറിയ അവഗാഹം സഹായിക്കുന്നു. അതുകൊണ്ടാണ്, ക്രിസ്തുചിന്തകനായ ഒറിജന്‍ 3-ാം ശതകത്തില്‍ ഇങ്ങനെ പ്രസ്താവിച്ചത്; 'പഴയ തത്ത്വങ്ങളുടെ അക്ഷരാര്‍ഥത്തിലുള്ള പുനഃപ്രകാശനമല്ല ക്രിസ്തുസഭ നിര്‍വഹിക്കേണ്ടത്; പ്രത്യുത ദൈവാനുഗ്രഹത്തിന്റെ സഹായത്തോടെ, ക്രൈസ്തവ പ്രബോധനങ്ങളിലെ ശാശ്വതമൂല്യങ്ങളെ പുതിയ രൂപത്തില്‍ അവതരിപ്പിച്ച്, സഭ നവീനത്വം കൈവരിക്കണം'. ഈ അടിസ്ഥാനത്തില്‍ ആധുനികശാസ്ത്രം നല്കുന്ന അറിവുകളെ പുതിയ വീക്ഷണകോണത്തില്‍ക്കൂടി കാണാന്‍ ക്രിസ്തുസഭയ്ക്ക് ഇന്നു സാധിക്കും.

കൂദാശാനുഷ്ഠാനങ്ങള്‍

മനുഷ്യവര്‍ഗത്തിന്റെ രക്ഷയ്ക്കാവശ്യമായ കൃപാമാര്‍ഗങ്ങളായി യേശുക്രിസ്തു കല്പിച്ചു നിശ്ചയിച്ച മതകര്‍മങ്ങള്‍ക്കാണ്, ക്രൈസ്തവഭാഷയില്‍ 'കൂദാശകള്‍' അഥവാ 'സംസ്കാര'ങ്ങള്‍ (Sacraments) എന്നു പറയുന്നത്. 'കൂദാശ' എന്ന സുറിയാനി പദത്തിനു 'പവിത്രീകരണ കര്‍മം' അഥവാ 'സംസ്കാരകര്‍മം' എന്നാണു വാച്യാര്‍ഥം. വിവിധ ക്രൈസ്തവസഭകള്‍ തമ്മില്‍, കൂദാശകളുടെ കൃത്യസംഖ്യയെപ്പറ്റി അഭിപ്രായവ്യത്യാസമുണ്ട്. ക്രിസ്താനികളുടെ ഭൂരിപക്ഷസഭയായ കത്തോലിക്കാസഭയും അതിപുരാതനമായ സുറിയാനി ഓര്‍ത്തഡോക്സ് സഭയും അംഗീകരിച്ച് അനുഷ്ഠിക്കുന്ന കൂദാശകള്‍ ഏഴെണ്ണമാണ്. പ്രൊട്ടസ്റ്റന്റ് സഭകള്‍ പൊതുവേ രണ്ടു കൂദാശകളെ (ജ്ഞാനസ്നാനവും ക്രിസ്തുവിന്റെ തിരുവത്താഴവും) മാത്രമേ അംഗീകരിക്കുന്നുള്ളൂ. മാമ്മോദീസാ അഥവാ ജ്ഞാനസ്നാനം (Baptism), മുമ്പിലത്തെ ഒപ്രുശ്മാ അഥവാ സ്ഥൈര്യലേപനം (Confirmation), കുമ്പസാരം അഥവാ പാപസമ്മതം (confession), കുര്‍ബാന അഥവാ ദിവ്യകാരുണ്യം (Holly Communion or Holy Eucharist), വൈദികപട്ടം അഥവാ പൗരോഹിത്യം (Priesthood), വിവാഹം (Matrimony), രോഗീലേപനം അഥവാ 'അന്ത്യകൂദാശ' (Anointing the sick) എന്നിവയാണ് സപ്തകൂദാശകള്‍ (നോ. കൂദാശകള്‍)

പരിണാമവികാസങ്ങള്‍

ആദിമസഭ. ക്രിസ്തുമതത്തിന്റെ ആദ്യനൂറ്റാണ്ടുകളില്‍ റോമാസാമ്രാജ്യം അതിന്റെ പ്രതാപത്തിന്റെ അത്യുച്ചകോടിയിലായിരുന്നു. റോമാക്കാരുടെ അഭിവൃദ്ധമായ റോഡ് ഗതാഗതവും സമുദ്രസഞ്ചാരവും അന്താരാഷ്ട്ര സാംസ്കാരിക ബന്ധങ്ങളുമെല്ലാം പില്ക്കാലത്ത് ക്രിസ്തുമതത്തിന്റെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനും സഹായകമായി. പഴയ ഗ്രീക്ക്-റോമന്‍ മതങ്ങളില്‍ നിലവിലിരുന്ന 'അനുഭൂതിപ്രസ്ഥാനങ്ങളും' (mystery cults) ക്രിസ്തുമത വളര്‍ച്ചയ്ക്കു കളമൊരുക്കി. അനുഭൂതിപ്രസ്ഥാനങ്ങള്‍ അവയുടെ അനുയായികളുടെ മതാഭിവാഞ്ഛയ്ക്കു മതിയായ സന്തര്‍പ്പണം നല്കാന്‍ അശക്തങ്ങളായിരുന്നതാണ് ഇതിനു കാരണം. പഴയ ഗ്രീക്ക്-റോമന്‍ മതാനുയായികളില്‍ ചിലര്‍ യഹൂദമതത്തിലേക്കു തിരിഞ്ഞെങ്കിലും, യഹൂദരുടെ പരിച്ഛേദനാദി കര്‍മാനുഷ്ഠാനങ്ങളുടെ (rituals) അമിതപ്രാധാന്യവും ശുഷ്കമായ ആരാധനാരീതിയുമൊക്കെ നവാഗതരില്‍ വിരസതയുളവാക്കി. ആ ഘട്ടത്തിലാണ് യഹൂദമതത്തിന്റെ പരിഷ്കരിച്ച പതിപ്പ് എന്ന് ആദ്യം തോന്നിച്ച ക്രിസ്തുമതം, റോമാസാമ്രാജ്യത്തിലും റോമാക്കാരുടെ അധിനിവേശിത പ്രദേശങ്ങളിലും രംഗപ്രവേശം ചെയ്യുന്നത്. യഹൂദമതസ്ഥരുടെ 'പഴയനിയമ'ത്തിനു പുറമേ, യേശുക്രിസ്തുവിന്റെ പ്രോജ്ജ്വലമായ ജീവിത-പ്രബോധന-മരണ-ഉത്ഥാനവിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'പുതിയ നിയമ'വും ചേര്‍ന്ന് ക്രിസ്തുമത ഗ്രന്ഥമായ 'പൂര്‍ണ ബൈബിള്‍' പ്രചാരത്തില്‍ വന്നു. സമ്പൂര്‍ണമായ ബൈബിള്‍ ക്രൈസ്തവേതരര്‍ക്കും വളരെ ആകര്‍ഷകമായിത്തീര്‍ന്നു.

യേശുക്രിസ്തുവിന്റെ ശിഷ്യന്മാരുടെയും അവരുടെ പിന്‍ഗാമികളുടെയും ഉജ്ജ്വലതീക്ഷ്ണതയാണ് ക്രിസ്തുമതത്തിന്റെ ശീഘ്രപ്രചാരണത്തിനു വഴിതെളിച്ച മറ്റൊരു കാരണം. ക്രിസ്തുശിഷ്യരില്‍ പ്രമുഖര്‍ പത്രോസും പൗലോസും (St. Peter and St. Paul) ആണ്. ഇവരുടെ തീക്ഷ്ണതയേറിയ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് റോമാസാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമതം വളരെവേഗം പ്രചരിച്ചത്. പൗലോസും പത്രോസും എ.ഡി. 67-ല്‍ നീറോയുടെ ഭരണകാലത്ത് രക്തസാക്ഷികളായി മാറുന്നതുവരെ സുവിശേഷപ്രസംഗം നടത്തി ക്രിസ്തുമതം പ്രചരിപ്പിച്ചിരുന്നു. ഇവരുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് റോമാസാമ്രാജ്യത്തിലെങ്ങും ക്രിസ്തുമതം വീണ്ടും ശക്തിപ്രാപിച്ചു. യേശുക്രിസ്തുവിന്റെ ദ്വാദശശിഷ്യഗണത്തിലെ മറ്റു ശിഷ്യന്മാരും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചെന്ന് സുവിശേഷം പ്രസംഗിച്ച് ക്രിസ്തുമതം പ്രചരിപ്പച്ച് രക്തസാക്ഷിത്വം വരിച്ചു. ഇപ്രകാരം കേരളത്തിലെത്തിയ ക്രിസ്തുശിഷ്യനാണ് മാര്‍തോമാശ്ളീഹാ. ക്രി.വ. 52-ല്‍ അദ്ദേഹം കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയതായി കരുതപ്പെടുന്നു. ഏതാണ്ട് ഇരുപതു സംവത്സരക്കാലം ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ സുവിശേഷ പ്രഘോഷണം നടത്തിയ തോമാശ്ളീഹാ ക്രി.വ. 72-ല്‍ തമിഴ്നാട്ടിലെ മൈലാപ്പൂരില്‍ രക്തസാക്ഷിയായി മരിച്ചു എന്നു വിശ്വസിച്ചുവരുന്നു.

ആദ്യകാല ക്രൈസ്തവസഭാസമ്മേളനങ്ങള്‍ യഹൂദരുടെ 'സിനഗോഗ്' സമ്മേളനങ്ങളോടു സാധര്‍മ്യം വഹിക്കുന്നവയായിരുന്നു. ഓരോരോ പ്രാദേശിക സഭകളിലെ നേതാക്കന്മാരെ 'മൂപ്പന്മാര്‍' അഥവാ 'വൃദ്ധന്മാര്‍' (Prebyters) എന്നു വിളിച്ചിരുന്നു; ആതുരശുശ്രൂഷയ്ക്കും മറ്റുമായി 'ഡീക്കന്മാര്‍' എന്നൊരു കൂട്ടരുമുണ്ടായിരുന്നു. 'ബിഷപ്പന്മാര്‍' (Episcopois, മെത്രാന്മാര്‍), 'പുരോഹിതന്മാര്‍' (Presbyters) എന്നിവര്‍ തമ്മില്‍ ആദ്യകാലസഭകളില്‍ പറയത്തക്ക വ്യത്യാസമില്ലായിരുന്നുവെന്ന് ചിലര്‍ പറയുന്നു; എങ്കിലും മെത്രാന്മാര്‍ പുരോഹിതന്മാരില്‍ നിന്നു വ്യത്യസ്തമായ ധര്‍മകര്‍മാദികള്‍ അനുഷ്ഠിച്ചിരുന്നതായി രേഖകള്‍ കാണുന്നു. സഭാനേതൃത്വം മെത്രാന്മാര്‍ക്ക് ആയിരുന്നു ('ബിഷപ്പ്' എന്ന വാക്കിന്റെ മൂലഗ്രീക്കുരൂപമായ 'എപ്പിസ്കോപ്പോസ്' എന്ന പദത്തിന്റെ അര്‍ഥംതന്നെ 'മേല്‍നോട്ടക്കാരന്‍' എന്നാണ്).

ക്രിസ്തുമതത്തിന്റെ വളര്‍ച്ചയുടെ പ്രാരംഭദശകളില്‍ത്തന്നെ ഛിദ്രങ്ങളും തലപൊക്കിത്തുടങ്ങിയിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം റോമന്‍ ചക്രവര്‍ത്തിമാരുടെ നിര്‍ദേശമനുസരിച്ച് സഭാധികാരികള്‍ 'സാര്‍വത്രിക സഭാസമ്മേളനങ്ങള്‍' (Ecumenical Councils) വിളിച്ചുകൂട്ടുകയും പലവിധ താത്ത്വികവിവാദങ്ങള്‍ക്കു സമാധാനം കണ്ടെത്തുകയും ചെയ്തിരുന്നു. ഇങ്ങനെ കോണ്‍സ്റ്റന്റയിന്റെ നിര്‍ദേശമനുസരിച്ച് ക്രി.വ. 325-ല്‍ നിഖ്യായില്‍ സമ്മേളിച്ച പ്രഥമ സാര്‍വത്രിക കൗണ്‍സില്‍, ക്രിസ്തുവിന്റെ ദൈവ-മനുഷ്യസ്വഭാവങ്ങളെക്കുറിച്ചു ദൈവശാസ്ത്രവിശദീകരണങ്ങള്‍ നല്കി. 318 മെത്രാന്മാര്‍ ഈ കൗണ്‍സിലില്‍ പങ്കെടുത്തു. അതിനുശേഷം 381-ല്‍ തിയഡോഷ്യസ് ചക്രവര്‍ത്തിയുടെ നിര്‍ദേശപ്രകാരം കോണ്‍സ്റ്റാന്റിനോപ്പിളിലും പിന്നീട് എഫേസുസീലും (448) കല്‍ക്കദോനിയയിലും (451) സാര്‍വത്രിക കൗണ്‍സിലുകള്‍ സമ്മേളിച്ചു.

സന്ന്യാസാശ്രമങ്ങളും ക്രൈസ്തവചിന്തയും. ക്രിസ്തുമതത്തിന്റെ ആദ്യശതകത്തില്‍ത്തന്നെ ലൌകികതയ്ക്ക് എതിരെ ഒരു വെല്ലുവിളിയായി അനേകം സന്ന്യാസാശ്രമങ്ങള്‍ രൂപംകൊണ്ടു. ആദ്യകാലത്ത് മതപീഡനം ഭയന്ന് റോമില്‍ നിന്ന് ഓടിപ്പോയ പല ക്രൈസ്തവസിദ്ധന്മാരും ഈജിപ്തിലെ വിജന-മരുപ്രദേശങ്ങളില്‍ അഭയം കണ്ടെത്തി, ധ്യാനാത്മകജീവിതം നയിച്ചിരുന്നു. പിന്നീട് ഈ താപസന്മാര്‍ പലരും ഒരുമിച്ചുചേര്‍ന്ന് സമൂഹാത്മകമായ ആശ്രമജീവിതം നയിക്കാന്‍ തുടങ്ങി. ആഫ്രിക്കന്‍ മരുഭൂമിയില്‍ തപശ്ചര്യകളനുഷ്ഠിച്ചു ജീവിച്ച 'പക്കോമിയസ്' ആണ് ക്രൈസ്തവസന്ന്യാസിമാരില്‍ പ്രഥമഗണനീയന്‍. പക്കോമിയസിന്റെ സമകാലികനായിരുന്ന 'മരുഭൂമിയിലെ അന്തോനീസ്' ആയിരുന്നു സന്ന്യാസത്തിന്റെ മറ്റൊരു പ്രണേതാവ്. എങ്കിലും സിസറിയയിലെ വിശുദ്ധ ബാസില്‍ എഴുതിയ 'സന്ന്യാസ നിയമസംഹിത'യാണ് പില്ക്കാല ക്രൈസ്തവ സന്ന്യാസസമൂഹങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കിയത്. വിശുദ്ധ ബാസിലിന്റെ നിയമസംഹിതയെ അല്പം പരിഷ്കരിച്ച് നൂര്‍സിയയിലെ വിശുദ്ധ ബെനഡിക്റ്റ് രചിച്ച 'റെഗുളാ മോണാക്കോറം' (Regula Monachorum), പാശ്ചാത്യക്രൈസ്തവസഭ സന്ന്യാസജീവിതത്തിന് ആധാരമായിത്തീര്‍ന്നു. ഈ സന്ന്യാസിമാരെല്ലാവരും ക്രൈസ്തവസഭയെ നാനാപ്രകാരേണ ധന്യരാക്കി. പ്ളേറ്റോയുടെ ചിന്തയുടെ സ്വാധീനത്തില്‍വന്ന മഹാസിദ്ധനും സന്ന്യാസിയും പണ്ഡിതനുമായ സെന്റ് അഗസ്റ്റിന്‍, തന്റെ അനേകം ബൃഹദ്ഗ്രന്ഥങ്ങള്‍ കൊണ്ട് 'ലാറ്റിന്‍' ക്രിസ്തുസഭയെ വളരെ ധന്യമാക്കി. അയര്‍ലണ്ടുകാരനായ സ്കോട്ടസഹരിജേന, കാന്റര്‍ബറിയിലെ വിശുദ്ധ ആന്‍സലം (Anselm), വിശുദ്ധ ബൊനെവെഞ്ചര്‍ (Bonaventure) മുതലായ സന്ന്യാസിമാരും പ്രമുഖരായ പല പൗരസ്ത്യപണ്ഡിതന്മാരും തങ്ങളുടെ അസാമാന്യ പാണ്ഡിത്യവും പരിശുദ്ധിയുംകൊണ്ട് ക്രിസ്തുമതത്തെ ധന്യമാക്കി. പില്ക്കാലത്ത് ക്രൈസ്തവസന്ന്യാസിനികളും മതപ്രചരണരംഗത്തു വന്നു. 'കാതറൈന്‍ ഒഫ് സീയെന്നാ', 'ജോവാന്‍ ഒഫ് ആര്‍ക്ക്', 'ആവിലായിലെ മദര്‍ തെരേസ' തുടങ്ങിയ സന്ന്യാസിനികള്‍ ലോകപ്രശസ്തരാണ്. പ്രസ്തുത സന്ന്യാസിനീ-സന്ന്യാസിമാരുടെ കൃതികളെ ഇന്നും പണ്ഡിതലോകം അവധാനപൂര്‍വം അപഗ്രഥിച്ചു പഠിക്കുന്നു. നോ. ക്രൈസ്തവ സഭകള്‍

(ഡോ. ജെ. കട്ടയ്ക്കല്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍