This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസോബെറില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസോബെറില്‍

Chrysoberyl

ഓര്‍തോറോംബിക് സിസ്റ്റത്തില്‍ പരല്‍രൂപം പ്രാപിക്കുന്ന ഒരു ധാതു. ഘടന: ആലഅഹ2ഛ4. ക്രിസോബെറിലിന്റെ രത്നവകഭേദങ്ങള്‍ അമൂല്യങ്ങളാണ്.

ക്രിസോബെറില്‍ ക്രിസ്റ്റലുകള്‍ സാധാരണ മുന്‍-പിനാക്കോയ്ഡിനു സമാന്തരമായി ക്രമമായ അടുക്കുകളായും പലപ്പോഴും മിഥ്യാ-ഷഡ്ഭുജ പ്രതിരൂപങ്ങളായും കാണപ്പെടുന്നു. ക്രിസ്റ്റലുകള്‍ പ്രിസാകൃതിയിലുള്ള വിദളനസ്വഭാവം പ്രകടമാക്കുന്നു. കാചദ്യുതി കാണിക്കുന്ന ഈ ക്രിസ്റ്റലുകള്‍ പച്ച, തവിട്ട് തുടങ്ങിയ നിറങ്ങളുടെ വിവിധ ഷേഡുകള്‍ പ്രതിഫലിപ്പിക്കുന്നവയാണ്. കാഠിന്യം 8.5 (മോ സ്കെയില്‍); ആപേക്ഷിക സാന്ദ്രത 3.7-3.8.

ക്രിസോബെലിന് അലക്സാന്‍ഡ്രൈറ്റ്, സൈമഫേന്‍ എന്നിങ്ങനെ രണ്ട് രത്നവകഭേദങ്ങളുണ്ട്. അമൂല്യമായ രത്നക്കല്ലുകളില്‍ ഒന്നായ അലക്സാന്‍ഡ്രൈറ്റ് മരതകപ്പച്ചയുടെ ഒരു വകഭേദമാണ്. കൃത്രിമ പ്രകാശത്തില്‍ ഇത് ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ ബഹുവര്‍ണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഷാറ്റോയന്റിന്റെ സവിശേഷതകള്‍ കാണിക്കുന്നതും ശിവധാതുക്കല്ലുപോലെ തിളക്കമുള്ളതുമായ ഒരു പച്ച വകഭേദമാണ് 'സൈമഭേന്‍ അഥവാ ക്യാറ്റ്സ് ഐ'. ഒരു 'കാബകോണ്‍' പോലെ ഈ ധാതുവിന്റെ ക്രിസ്റ്റല്‍ മുറിക്കുമ്പോള്‍, അതിനു കുറുകെ വീതികുറഞ്ഞ ഒരു പ്രകാശ രശ്മികാണാം. ക്രിസ്റ്റലുകള്‍ക്കുള്ളിലെ സൂക്ഷ്മദ്വാരങ്ങള്‍ സമാന്തരമായി ക്രമത്തില്‍ അണിനിരക്കുന്നതിന്റെ ഫലമായാണ് മേല്പറഞ്ഞ സവിശേഷത രൂപംകൊള്ളുന്നത്.

പെഗ്മറ്റൈറ്റുകളിലും അപൂര്‍വമായി കരിങ്കല്ലുകളിലും (granite) മൈക്കാഷിസ്റ്റുകളിലും കാണപ്പെടുന്ന ഒരു അപൂര്‍വ ധാതുവാണ് ക്രിസോബെറില്‍. സുതാര്യമായവയും ഷാറ്റോയന്റ് ഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവയും വ്യാപകമായ തോതില്‍ രത്നക്കല്ലുകളായി ഉപയോഗിക്കപ്പെടുന്നു. പ്രാഥമിക ശിലകളില്‍ നിന്നോ അരുവികളിലെ ചരലില്‍നിന്നോ ക്രിസാബെറില്‍ രത്നവകഭേദങ്ങളുടെ വന്‍പരലുകളും പരല്‍സമുച്ചയങ്ങളും നവീകരിച്ചെടുക്കുകയാണ് പതിവ്. ശ്രീലങ്കയിലെയും ബ്രസീലിലെയും അരുവികളിലെ ചരലില്‍ ക്രിസോബെറില്‍ നിക്ഷേപങ്ങള്‍ കാണപ്പെടുന്നു. കാനഡ, മഡഗാസ്കര്‍, മ്യാന്‍മര്‍, ജപ്പാന്‍, ആസ്റ്റ്രേലിയ, അയര്‍ലണ്ട്, നോര്‍വേ, ഇറ്റലി, സ്വിറ്റ്സര്‍ലണ്ട്, ജര്‍മനി, ഫിന്‍ലന്‍ഡ്, റഷ്യ തുടങ്ങിയയിടങ്ങളിലും ക്രിസോബെറില്‍ നിക്ഷേപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയില്‍, തെക്കന്‍ കേരളം രത്നഗുണങ്ങളുള്ള ക്രിസോബെറിലിന്റെ ഒരു സമ്പുഷ്ട ഉറവിടം എന്ന നിലയ്ക്ക് പ്രശസ്തമാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍, പെഗ്മറ്റൈറ്റുകളില്‍ നിന്ന് അനധികൃതമായി ക്രിസാബെറില്‍ ഖനനം ചെയ്തുവരുന്നു. ഈ പെഗ്മറ്റൈറ്റുകള്‍, ആര്‍ക്കിയന്‍ മെറ്റാപെലിറ്റിക് നൈസികശിലയായ ഖോണ്ഡലൈറ്റുകളിലെ ഉപരിതല പിളര്‍പ്പുകളില്‍ സ്ഥിതിചെയ്യുന്നു. ഈ പെഗ്മറ്റൈറ്റ് മേഖലയ്ക്ക് 2,500 ച.കി.മീ. വ്യാപ്തിയുണ്ട്. ഈ പെഗ്മറ്റൈറ്റുകളില്‍ ക്രിസോബെറില്‍, ഒരു അഭികാമ്യ ധാതുവായി മറ്റു ധാതുക്കളായ ബെറില്‍, മസ്കവൈറ്റ്, ടൂര്‍മലീന്‍, സിലിമനൈറ്റ്, ആന്‍ഡലൂസൈറ്റ്, കോര്‍ഡിയറൈറ്റ്, കോറന്‍ഡം എന്നിവയോടൊപ്പം കാണപ്പെടുന്നു. കരമനയാറ്, കിള്ളിയാറ്, വാമനപുരമാറ്, നെയ്യാറ് തുടങ്ങിയ നദികളിലെ ചരലില്‍ നിന്നും രത്നഗുണങ്ങളുള്ള ക്രിസോബെറില്‍ ലഭിക്കുന്നു. തിരുവനന്തപുരത്തെ പോത്തന്‍കോട്, അണ്ടൂര്‍ക്കോണം ഭാഗങ്ങളില്‍ കളിമണ്ണിനും കടുപ്പമേറിയ അയോമയ-മണല്‍ക്കല്ലിനും മധ്യേ കാണപ്പെടുന്ന ടെര്‍ഷറി ചരലിലും ക്രിസോബെറില്‍ ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ കേരളത്തിലെ പെഗ്മറ്റൈറ്റുകളില്‍ ക്രിസോബെറില്‍ ഉരുത്തിരിയുന്ന താപമര്‍ദാവസ്ഥകളെക്കുറിച്ചുള്ള ഗവേഷണം വ്യക്തമാക്കുന്നത് ഈ ധാതു 520oC-590oC വരെയുള്ള ഊഷ്മാവിലും 2.8-4.0 കിലോബാര്‍ മര്‍ദത്തിലും രൂപമെടുക്കുന്നു എന്നാണ്. ഈ ധാതുവിന്റെ ഉത്പത്തിക്ക് പ്രസ്തുത പ്രദേശത്തിന്റെ സ്ഥാനീയ കായാന്തരണ പ്രക്രിയയുമായി അഭേദ്യബന്ധമുള്ളതാണെന്നും മേല്പറഞ്ഞ ഗവേഷണങ്ങള്‍ സ്ഥാപിക്കുന്നു. കേരളത്തിലെ ക്രിസോബെറില്‍ പെഗ്മറ്റൈറ്റുകള്‍ ആദ്യകാല-പാലിയോസോയിക് കല്പത്തിലുള്ളവയാണെന്ന് ഭൂകാലക്രമാനുസരണപഠനങ്ങള്‍ (Geochronological studies) വെളിവാക്കുന്നു.

(ഡോ. എം. സന്തോഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍