This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിമിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിമിയ

Crimea

യുക്രെയ്നിലെ ഒരു സ്വയംഭരണ റിപ്പബ്ലിക്. റഷ്യന്‍ ഭാഷയില്‍ ക്രൈമി (krym) എന്നറിയപ്പെടുന്നു. കരിങ്കടലിന്റെ ഉത്തരതീരത്തിനും, അസോവ് കടലിന്റെ (Azov sea) പശ്ചിമതീരത്തിനും മധ്യേ ആണ് ഈ ഉപദ്വീപ് സ്ഥിതിചെയ്യുന്നത്. അതിരുകള്‍: കിഴക്ക് അസോവ്കടല്‍; പടിഞ്ഞാറും തെക്കും കരിങ്കടല്‍; വടക്ക് പെരകോപ് മുനമ്പ്. ക്രിമിയയുടെ മൊത്തം വിസ്തൃതി: 26,200 ച.കി.മീ. ആണ്. 8 കി.മീ വീതിയുള്ള പെരെകോപ് മുനമ്പ് മുഖേന (Perekop Isthumus) ക്രിമിയ പ്രധാന കരഭാഗവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇതിന്റെ കിഴക്കന്‍ മുനമ്പ് കെര്‍ച്ച് ഉപദ്വീപിലാണ്. ഇതിന് വിപരീതദിശയില്‍ റഷ്യയിലെ ടാമന്‍ ഉപദ്വീപ് സ്ഥിതിചെയ്യുന്നു. കെര്‍ച്ചിനും ടാമന്‍ ഉപദ്വീപിനും മധ്യേ കരിങ്കടലിനെയും അസോവ് കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കെര്‍ച്ച് ജലസന്ധി സ്ഥിതിചെയ്യുന്നു. തലസ്ഥാനം: സിംഫെറോപൂള്‍ (Simferopol); ജനസംഖ്യ: 20,31,000 (2007).

ചിത്രം:Map_-page_390.png‎

കടല്‍ത്തീരം. ഉള്‍ക്കടലുകളും തുറമുഖങ്ങളും കൊണ്ട് സമ്പന്നമാണ് ക്രിമിയയുടെ കടല്‍ത്തീരം. തുറമുഖങ്ങളില്‍ ഭൂരിഭാഗവും പടിഞ്ഞാറ് പെരെകോപ് മുനമ്പിലെ കര്‍കിനിറ്റ് ഉള്‍ക്കടലിലും തെക്കുപടിഞ്ഞാറ് കലാമിത ഉള്‍ക്കടലിലുമാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. യുപട്ടോറിയയും സെവാസ്ടോമോളുമാണ് ഇവിടത്തെ പ്രധാന തുറമുഖങ്ങള്‍. രാജ്യത്തിന്റെ വടക്ക് അറാബത്ത് ഉള്‍ക്കടലും തെക്ക് കപ് ഉള്‍ക്കടലും സ്ഥിതിചെയ്യുന്നു. ഫിയോഡോസിയയാണ് തെക്കന്‍ മേഖലയിലെ പ്രധാന തുറമുഖം.

ക്രിമിയന്‍ പര്‍വതനിരകള്‍. രാജ്യത്തിന്റെ തെക്കു കിഴക്കന്‍ തീരം സമുദ്രത്തില്‍ നിന്നും സമാന്തരശ്രേണിയില്‍ വര്‍ത്തിക്കുന്ന പര്‍വതങ്ങളാല്‍ വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഇവ ക്രിമിയന്‍ പര്‍വതനിരകള്‍ എന്നപേരില്‍ അറിയപ്പെടുന്നു. ഈ പര്‍വതങ്ങളെ പിന്‍പറ്റി ദിദ്വീയ പര്‍വതങ്ങളും കാണപ്പെടുന്നു. പര്‍വതപ്രദേശം ഒഴികെയുള്ള 75 ശതമാനം കരഭാഗവും അര്‍ധ ആര്‍ദ്ര പ്രിയറി കരയാണ്. രാജ്യത്തിന്റെ തെക്കുഭാഗത്തേക്ക് നീണ്ടുകിടക്കുന്ന പോണ്‍ടിക് സ്റ്റെപ്സിന്റെ ഭാഗമാണിത്. 600 മുതല്‍ 750 മീ. വരെയാണ് പര്‍വതങ്ങളുടെ ശരാശരി ഉയരം. തെക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ഇവയ്ക്ക് താരതമ്യേന ഉയരം കുറവ്.

പുരാതന സിത്തിയന്‍ സംസ്കാരത്തിന്റെ ഭാഗമായ നിരവധി ശവക്കല്ലറകള്‍ ക്രിമിയന്‍ സ്റ്റെപ്സിലുടനീളം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്രിമിയന്‍ പര്‍വതനിരകള്‍ക്കപ്പുറമുള്ള ഭൂപ്രദേശം ഭൂപ്രകൃതിയില്‍ വേറിട്ടുനില്‍ക്കുന്നു. ഇവിടെ തീരദേശത്തിന്റെ ഇടുങ്ങിയ മുനമ്പും പര്‍വതങ്ങളുടെ ചരിവും സംഗമിക്കുന്ന മാതൃകയിലാണ് ഭൂമിയുടെ കിടപ്പ്. റിവേറ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഭൂപ്രദേശം തെക്കുകിഴക്കന്‍ തീരത്തെ സാറിച്ച് മുനമ്പില്‍ നിന്നും തെക്ക് ഫിയോഡോസിയ വരെ വ്യാപിച്ചിരിക്കുന്നു. രാജ്യത്തെ വേനല്‍ക്കാല വിനോദസഞ്ചാര സങ്കേതങ്ങള്‍ എല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ഈ മേഖലകളിലാണ്. ഇവയ്ക്കു പുറമേ ക്രിമിയന്‍ ടാട്ടാര്‍ ഗ്രാമങ്ങള്‍, പളളികള്‍, ദൈവശാസ്ത്രപഠനകേന്ദ്രങ്ങള്‍, റഷ്യന്‍ രാജകൊട്ടാരങ്ങള്‍, പ്രഭുക്കന്മാരുടെ കൊട്ടാരങ്ങള്‍, മനോഹരമായ ഗ്രീക്ക്-മധ്യകാല കൊട്ടാരങ്ങള്‍ എന്നിവയും ഇവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ക്രിമിയയിലെ ഇരുമ്പും ധാതു നിക്ഷേപങ്ങളധികവും കാണപ്പെടുന്നത് ക്രിമിയന്‍ പര്‍വതപ്രദേശങ്ങളിലാണ്.

കാലാവസ്ഥ മിതശീതോഷ്ണ വന്‍കരകാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണ് ക്രിമിയ. എന്നാല്‍ രാജ്യത്തിന്റെ തെക്കന്‍ തീരത്ത് ആര്‍ദ്രതയേറിയ ഉപോഷ്ണ മേഖലാകാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കരിങ്കടലില്‍ നിന്നുള്ള വരണ്ട കാറ്റാണ് ഇതിന് നിദാനം. വേനല്‍ക്കാലത്ത് താപനില 28oC വരെ ഉയരുകയും ശൈത്യത്തില്‍-0.3oC വരെ താഴുകയും ചെയ്യും. എന്നാല്‍ തെക്കന്‍ തീരത്ത് താപനിലയുടെ 4oC വരെ മാത്രമേ കുറയുന്നുള്ളൂ. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ 400 മില്ലി മീറ്റര്‍ എന്ന നിരക്കില്‍ മഞ്ഞുവീഴ്ചയും സാധാരണമാണ്. എന്നാല്‍ തെക്കന്‍ തീരദേശത്താണ് മഞ്ഞുവീഴ്ച കൂടുതല്‍ (വര്‍ഷത്തില്‍ 1,050 മി.മീ വരെ). സവിശേഷമായ ഈ കാലാവസ്ഥമൂലം ദക്ഷിണ ക്രിമിയന്‍ തീരം യുക്രെയ്ന്‍, റഷ്യന്‍ വിനോദ സഞ്ചാരികളുടെ പ്രധാന കടല്‍ത്തീരവും സൂര്യസങ്കേതവുമാണ്.

ജനങ്ങള്‍ വിവിധ വംശീയ വിഭാഗങ്ങള്‍ ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശമാണ് ക്രിമിയ. റഷ്യന്‍ വംശജര്‍ക്കാണ് ജനസംഖ്യയില്‍ ഭൂരിപക്ഷം (58.23 ശ.മാ), യുക്രെയ്നിയന്‍ (24.32 ശ.മാ.), ക്രിമിയന്‍ ടാട്ടാര്‍സ് (12.1 ശ.മാ), ബെലാറഷ്യന്‍സ് (1,44 ശ.മാ), ടാട്ടാര്‍സ് (0.54 ശ.മാ.), അമേരിക്കന്‍സ് (0.43 ശ.മാ.), ജൂതര്‍ (0.22 ശ.മാ.) എന്നീ വിഭാഗങ്ങളും ക്രിമിയയില്‍ നിവസിക്കുന്നുണ്ട്. ഇവര്‍ക്കു പുറമേ നാമമാത്രമായി ബ്ളാക്സീ ജര്‍മന്‍സ്, റൊമാനിപീപ്പിള്‍ പോള്‍സ്, അസര്‍ബൈജാനിസ്, കൊറിന്‍സ്, ഗ്രീക്കുകാര്‍, ഇറ്റാലിയന്‍സ് എന്നീ വിഭാഗങ്ങളും ക്രിമിയയിലുണ്ട്.

ഭാഷാ യുക്രെയ്ന്‍ ഗവണ്‍മെന്റിന്റെ ഭാഷയായ യുക്രെയ്നിയന്‍ ആണ് ക്രിമിയയുടെ ഔദ്യോഗിക ഭാഷ. എന്നാല്‍ സെന്‍സസ് രേഖകള്‍ സൂചിപ്പിക്കുന്നത് 77 ശ.മാ. പേരും റഷ്യന്‍ ഭാഷയെ അവരുടെ ദേശീയ ഭാഷയായി അംഗീകരിക്കുന്നു എന്നാണ്. എന്നാല്‍ ഗവണ്‍മെന്റിന്റെ എല്ലാ വ്യവഹാരങ്ങളും നടക്കുന്നത് റഷ്യന്‍ ഭാഷയിലാണെന്ന വ്യത്യാസവുമുണ്ട്. വിദ്യാഭ്യാസ മാധ്യമവും ഗവണ്‍മെന്റ് വ്യവഹാരങ്ങളും യുക്രെയ്നിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അത് വേണ്ടെത്ര വിജയിക്കുന്നില്ല. ക്രിമിയന്‍ ടാട്ടാറാണ് വ്യാപകമായി പ്രചാരത്തിലുള്ള മറ്റൊരു ഭാഷ.

സമ്പദ് വ്യവസ്ഥ വിനോദസഞ്ചാരവും കൃഷിയുമാണ് ക്രിമിയന്‍ സമ്പദ്വ്യവസ്ഥയുടെ രണ്ടു പ്രധാന ശാഖകള്‍. റിപ്പബ്ലിക്കിന്റെ വടക്കന്‍ മേഖലയിലാണ് വ്യവസായശാലകള്‍ അധികവും കേന്ദ്രീകരിക്കുന്നത്. റെയില്‍വേയ്ക്കും അനുബന്ധ മേഖലകള്‍ക്കുമാണ് വ്യവസായ മേഖലയില്‍ മുന്‍തൂക്കം. ഇവയ്ക്കു പുറമേ ആഹാരപദാര്‍ഥങ്ങളുടെ ഉത്പാദനം, രാസവസ്തുക്കളുടെ നിര്‍മാണം, എന്‍ജിനീയറിങ്, ലോഹപ്പണി, ഇന്ധന ഉത്പാദന വ്യവസായം തുടങ്ങിയവയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നു. എന്നാല്‍ ഉത്പാദന മേഖലയില്‍ 60 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലാണ്.

ഭക്ഷ്യധാന്യം, പച്ചക്കറികള്‍, ഉദ്യാനപരിപാലനം, വൈന്‍ നിര്‍മാണം, കന്നുകാലിവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, ചെമ്മരിയാട് വളര്‍ത്തല്‍ എന്നിവയ്ക്കാണ് കാര്‍ഷികമേഖലയില്‍ പ്രാമുഖ്യം. ഉപ്പ്, പോര്‍ഫറി, ചുണ്ണാമ്പുകല്ല്, ഇരുമ്പ്, കല്ല് എന്നിവയും ക്രിമിയയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

ക്രിമിയയിലെ എല്ലാ അധിവാസ കേന്ദ്രങ്ങളും ബസ് സര്‍വീസുകളാല്‍ പരസ്പരം ബന്ധിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യത്തില്‍ ട്രോളിബസുകള്‍ സര്‍വീസ് നടത്തുന്നത് ക്രിമിയയിലാണ്. സിംഫെറോപൂള്‍ മുതല്‍ യള്‍ട്ട വരെ നീളുന്ന ഈ ബസ് സര്‍വീസിന്റെ ദൈര്‍ഘ്യം 96 കിലോ മീറ്ററാണ്. സിംഫെറോപൂള്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും ആരംഭിക്കുന്ന ഈ സര്‍വീസ് പര്‍വതനിരകള്‍ക്ക് മുകളിലൂടെ കടന്നാണ് യള്‍ട്ടായില്‍ എത്തുന്നത്. യള്‍ട്ട, ഫിയോഡോസിയ, കെര്‍ച്ച്, സെവാസ്റ്റോപൂള്‍, കോര്‍ണോ മോര്‍സ്കെ, യെവ്പാട്ടോറിയ എന്നീ തുറമുഖങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ട് കപ്പല്‍ ഗതാഗതവും ക്രിമിയയില്‍ നിലവിലുണ്ട്.

ക്രിമിയയിലെ ആദിമ നിവാസികള്‍ സിമേറിയന്മാരാണ് (Cimmerians). ബി.സി.6-ാം ശതകത്തോടുകൂടി ഗ്രീക്കുകാര്‍ ക്രിമിയയയില്‍ കോളനികള്‍ സ്ഥാപിച്ചു. ബി.സി.1-ാം ശതകത്തിനുശേഷം റോമാക്കാര്‍ ക്രിമിയ കീഴടക്കി. റോമാക്കാരുടെ ശക്തി ക്ഷയിച്ചതോടുകൂടി ക്രിമിയ ബൈസാന്തിയന്‍ അധീനതയിലായി. തുടര്‍ന്ന് എ.ഡി. 13-ാം ശ. വരെ ഹൂണന്മാരും ഖാസറുകളും (ജൂതവര്‍ഗം) പെച്ചനേഗുകളും (ഏഷ്യന്‍ വര്‍ഗം) ഇവിടെ ആധിപത്യം സ്ഥാപിച്ചു. 13-ാം ശതകത്തിനുശേഷം മംഗോളിയന്‍ വംശം (ടാട്ടറുകള്‍) ക്രിമിയ ഭരിച്ചു. 1475 മുതല്‍ 1774 വരെ തുര്‍ക്കികള്‍ ക്രിമിയയില്‍ പരമാധികാരം സ്ഥാപിച്ചു. 1783-ല്‍ ക്രിമിയ റഷ്യയുടെ ഭാഗമായി മാറി. 1853 മുതല്‍ 56 വരെ ഇംഗ്ലണ്ട്, ഫ്രാന്‍സ്, തുര്‍ക്കി, സാര്‍ഡീനിയ എന്നീ രാഷ്ട്രങ്ങള്‍ സംയുക്തമായി റഷ്യയ്ക്കെതിരായി യുദ്ധം ചെയ്തു. ഇതാണ് ക്രിമിയന്‍ യുദ്ധം. 1856-ലെ പാരിസ് സമാധാന ഉടമ്പടിയോടുകൂടിയാണ് യുദ്ധം അവസാനിച്ചത്. 1921-ല്‍ ക്രിമിയയെ റഷ്യന്‍ സോവിയറ്റ് ഫെഡറേറ്റഡ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ കീഴിലുള്ള ഒരു സ്വയംഭരണറിപ്പബ്ലിക്കാക്കി മാറ്റി. രണ്ടാം ലോകയുദ്ധകാലത്ത് ക്രിമിയയിലെ സെവാസ്റ്റപൂളിനുവേണ്ടി ജര്‍മനിയുമായി ഘോരയുദ്ധം നടന്നു. 1945-ല്‍ ക്രിമിയ റഷ്യയുടെ ഒരു പ്രവിശ്യയായിത്തീരുകയും 1954-ല്‍ യുക്രെയ്നിയന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ കീഴിലാവുകയും ചെയ്തു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ 1990 കളുടെ തുടക്കത്തില്‍ ക്രിമിയ ഒരു സ്വയംഭരണ റിപ്പബ്ലിക്കായി മാറി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍