This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രാസുലേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രാസുലേസി

Crassulaceae

ദ്വിബീജ പത്രികളില്‍പ്പെട്ട റോസേലിസ് ഗോത്രത്തിലെ ഒരു സസ്യകുടുംബം. ഓര്‍പ്പൈന്‍ ഫാമിലി (Orpine family) എന്നും അറിയപ്പെടുന്ന ഇതില്‍ മുപ്പതോളം ജീനസ്സുകളും ആയിരത്തിലധികം സ്പീഷീസുകളുമുണ്ട്. ഇവയില്‍ അധികവും ഓഷധികളും കുറ്റിച്ചെടികളുമാണ്; ചിലയിനങ്ങള്‍ ആരോഹികളും. വരണ്ട പ്രദേശങ്ങളിലാണ് സമൃദ്ധമായി വളരാറുള്ളത്. ഇവയുടെ ഇലകളും കാണ്ഡവും മാംസളമായിരിക്കും. ലോകത്തിലെല്ലായിടങ്ങളിലും ധാരാളമായി വളരുന്നുണ്ടെങ്കിലും ആസ്റ്റ്രേലിയയിലും ഓഷ്യാനയിലും ഇവയിലെ ഒറ്റ ഇനങ്ങള്‍പോലും കാണപ്പെടുന്നില്ല.

ക്രാസുല (Crassula), സെഡം (Sedum), കലാന്‍ഗെ (Kalanchoe), ബ്രയോഫില്ലം (Bryophyllum), സെംപെര്‍വൈവം (Sempervivum) തുടങ്ങിയവയാണ് ക്രാസുലേസി കുടുംബത്തില്‍പ്പെടുന്ന പ്രധാന ഇനങ്ങള്‍. ഇവയുടെ സരളവും മാംസളവുമായ ഇലകള്‍ക്ക് അനുപര്‍ണങ്ങളില്ല. ഏകാന്തരാന്യാസത്തിലോ സമ്മുഖമായോ ആണ് ഇലകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഏകലിംഗാശ്രയികളായ സസ്യങ്ങളില്‍ ഏകലിംഗിപുഷ്പങ്ങളാണെങ്കിലും ഭൂരിപക്ഷം ഇനങ്ങളിലും ദ്വിലിംഗപുഷ്പങ്ങളാണുള്ളത്. ബാഹ്യദളങ്ങളും ദളങ്ങളും എണ്ണത്തില്‍ തുല്യമായിരിക്കും. കേസരങ്ങള്‍ രണ്ടു നിരകളിലായി ക്രമീകരിച്ചിരിക്കുന്നു. ദളങ്ങളും കേസരങ്ങളും ജനിയും സമാനുപാതമായിരിക്കും. ജനിയുടെ ആധാരഭാഗത്തായി തേനുത്പാദിപ്പിക്കുന്ന ഗ്രന്ഥികളുണ്ട്. ഏകകോശ ഉദ്വര്‍ത്തി അണ്ഡാശയമാണ് ഈ സസ്യങ്ങളില്‍ കാണപ്പെടുന്നത്. വര്‍ത്തികയും വര്‍ത്തികാഗ്രവും ഒന്നുമാത്രമേയുള്ളൂ. ഫലം ഒരു ഫോളിക്കിള്‍ (Follicle) ആയിരിക്കും. ബീജാന്നം മാംസളമാണ്.

ഈ സസ്യകുടുംബത്തിലെ മിക്ക ഇനങ്ങളും അലങ്കാരച്ചെടികളായി പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്തപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍