This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രാന്‍ബറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രാന്‍ബറി

Cranberry

ക്രാന്‍ബറി ഫലങ്ങള്‍

വാക്സിനിയേസി (Vacciniaceae) സസ്യകുടുംബത്തില്‍പ്പെട്ട ഒരിനം പടരുന്ന വള്ളിച്ചെടി. ക്രെയിന്‍ബറി എന്നും പേരുണ്ട്. ഇവയുടെ ഫലങ്ങളുടെ വളഞ്ഞ ഞെടുപ്പുകള്‍ക്ക് കൊക്കിന്റെ (Crane) കഴുത്തിനോടു സാദൃശ്യമുള്ളതിനാലാവണം ഈ പേരു ലഭിച്ചത്. ശാ.നാ. ഓക്സികോക്കസ് വാക്സിനിയം (Oxycoccus vaccinium). ജന്മദേശം വടക്കേ അമേരിക്കയാണ്. ചതുപ്പുനിലങ്ങളില്‍ നന്നായി വളരും. വരള്‍ച്ചയുള്ള സ്ഥലങ്ങളില്‍ ഇതു കൃഷിയോഗ്യമല്ല. അതിശൈത്യമുള്ള പ്രദേശങ്ങളില്‍ മഞ്ഞുമൂലം ചെടികള്‍ക്കു കേടുവരാതിരിക്കാന്‍ നിലത്തു മണല്‍ വിരിക്കാറുണ്ട്. പടര്‍ന്നു വളരുന്ന ഈ ചെടികള്‍ക്കു ചെറിയ നിത്യഹരിത ഇലകളാണുള്ളത്. പുഷ്പങ്ങള്‍ ചെറുതും ഭംഗിയുള്ളവയുമാണ്. ഉരുണ്ടതോ സ്വല്പം നീണ്ടതോ ആയ ചുവന്ന ഫലങ്ങളാണിവയ്ക്കുള്ളത്.

അമ്ളാംശമുള്ള ഫലങ്ങള്‍ക്കായി (acid fruit) യു.എസ്സില്‍ ഈ ചെടി ധാരാളം നട്ടുവളര്‍ത്തിവരുന്നു. ശരത്കാലത്ത് മൂപ്പെത്തുന്ന ഫലങ്ങള്‍ വസന്തകാലംവരെ സൂക്ഷിച്ചുവയ്ക്കുന്നു. സോസുകള്‍, ജെല്ലികള്‍, അടകള്‍, മധുരപലഹാരങ്ങള്‍ തുടങ്ങിയവയുണ്ടാക്കാന്‍ ഫലങ്ങള്‍ ഉപയോഗിച്ചുവരുന്നു. ഫലത്തിന് അമ്ളാംശം കൂടുതലുള്ളതിനാല്‍ പാകംചെയ്യാതെ ഭക്ഷിക്കാറില്ല. യൂറോപ്പില്‍ വിരളമായേ ഈ ചെടി കൃഷി ചെയ്യുന്നുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍