This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രാന്തിവൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രാന്തിവൃത്തം

Ecliptic

ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍, സൂര്യന്‍ ഖഗോളത്തിലൂടെ പ്രത്യക്ഷ വാര്‍ഷിക ചലനം നടത്തുന്ന മഹാവൃത്തം. ബഹിരാകാശത്തു നിന്നു നോക്കുമ്പോള്‍, ഭൂമിയുടെ ഭ്രമണപഥം ഉള്‍ക്കൊള്ളുന്ന തലം ഖഗോളത്തിലേക്കു നീട്ടിയാല്‍ അതു വാനഗോളത്തെ ഛേദിക്കുന്ന മഹാവൃത്തം. ചന്ദ്രന്‍ പ്രത്യക്ഷത്തില്‍ ഈ വൃത്തം മുറിച്ചു കടക്കുമ്പോള്‍ ഗ്രഹണം (eclipse) സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇംഗ്ലീഷില്‍ ഇതിന് 'എക്ലിപ്റ്റിക്'(ecliptic) എന്നു പേരിട്ടിരിക്കുന്നു. മലയാളത്തില്‍ 'രവിമാര്‍ഗം'എന്നും വിശേഷിപ്പിക്കാറുണ്ട്.

ഭൂമിയില്‍ നിന്നു കാണുന്നതനുസരിച്ചുള്ള ക്രാന്തിവൃത്തത്തിന്റെ വിശദീകരണം ഇനി പറയും പ്രകാരമാണ്; വാനഗോളത്തിലെ നിശ്ചലങ്ങളായ നക്ഷത്രങ്ങളെ അപേക്ഷിച്ചുള്ള സൂര്യന്റെ സ്ഥാനം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും. ഈ സ്ഥാനങ്ങള്‍ ചേര്‍ന്ന് ഒരു വര്‍ഷം കൊണ്ട് ഖഗോളത്തില്‍ ഒരു വലിയ വൃത്തം ഉണ്ടാകുന്നു. ഇതാണ് ക്രാന്തിവൃത്തം. പ്രത്യക്ഷത്തില്‍ കാണുന്നത് ഇങ്ങനെയാണെങ്കിലും യഥാര്‍ഥത്തില്‍ സൂര്യന്‍ നിശ്ചലമാണ്. സൂര്യന്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന പ്രതീതി ഉളവാകുന്നത് സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ വാര്‍ഷിക ചലനംമൂലമാണ്.

ഭൂമിയുടെ ഭ്രമണപഥത്തിന് ലംബമായി സൂര്യനില്‍ നിന്ന് ഒരു രേഖ വരച്ചാല്‍ അത് ഖഗോളത്തെ വടക്കും തെക്കും രണ്ടുബിന്ദുക്കളില്‍ സ്പര്‍ശിക്കും. ഈ ബിന്ദുക്കളെ ക്രാന്തിവൃത്തധ്രുവങ്ങള്‍ (ecliptic poles) എന്നു വിളിക്കുന്നു. ഭൂമിയുടെ ഭ്രമണപഥത്തിന്റെ സ്ഥിരതയുടെ ഫലമായി ക്രാന്തിവൃത്തത്തിലും ക്രാന്തിവൃത്ത ധ്രുവങ്ങളിലും ദീര്‍ഘമായ കാലഘട്ടത്തിനിടയ്ക്കുപോലും കാര്യമായ മാറ്റമൊന്നും സംഭവിക്കുന്നില്ല. ഇക്കാരണത്താല്‍ ക്രാന്തിവൃത്തത്തെ അടിസ്ഥാനമാക്കിയുള്ള ഒരു നിര്‍ദേശാങ്ക പദ്ധതി (co-ordinate system) വളരെ പ്രചാരത്തിലായിട്ടുണ്ട്. ഇതനുസരിച്ച് ഖഗോള മധ്യരേഖയ്ക്ക് (celestial equator) 23o 26.6' ചരിഞ്ഞാണ് ക്രാന്തിവൃത്തം സ്ഥിതിചെയ്യുന്നത്. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവാണ് ഇതിനു കാരണം. ഈ ചരിവുകൊണ്ട് മേല്പറഞ്ഞ രണ്ടു മഹാവൃത്തങ്ങള്‍ (ഖഗോള മധ്യരേഖയും ക്രാന്തിവൃത്തവും) രണ്ടിടത്ത് കൂട്ടിമുട്ടുന്നു. അവയിലൊന്നാണ് മേഷരാശിയിലെ ആദ്യ ബിന്ദു (first point of Aries) എന്നറിയപ്പെടുന്നത്. ക്രാന്തിവൃത്തത്തിലൂടെ സഞ്ചരിക്കേ സൂര്യന്‍ ഖഗോളമധ്യരേഖയെ തെക്കുനിന്നു വടക്കോട്ടു മുറിച്ചുകടക്കുന്ന ബിന്ദുവാണിത്. മാര്‍ച്ച് 21-നാണ് ഇതു സംഭവിക്കുക. ഇതിനു വസന്തവിഷുവം (Vernal equinox) എന്നും പറയാറുണ്ട്. സൂര്യന്‍ ഖഗോള മധ്യരേഖയെ വടക്കുനിന്നു തെക്കോട്ടു മുറിച്ചു കടക്കുന്ന ശരദ് വിഷുവം (Autumnal equinox) ആണ് തുലാംരാശിയിലെ ആദ്യ ബിന്ദു (first point of Libra). സെപ്തംബര്‍ 22-നാണ് ഇത് സംഭവിക്കുന്നത്. ഖഗോള മധ്യരേഖയില്‍വരുന്ന മാറ്റങ്ങള്‍ നിമിത്തം മേല്പറഞ്ഞ രണ്ടു ബിന്ദുക്കളും 72 വര്‍ഷംകൊണ്ട് 10 എന്ന തോതില്‍ മാറിക്കൊണ്ടിരിക്കും. മുമ്പ് മേടം രാശിയുടെ ആദ്യബിന്ദുവില്‍ (മേഷാദി-first point of Aries)ആയിരുന്ന വസന്തവിഷുവസ്ഥാനം ഇപ്പോള്‍ മീനാദിയില്‍ നിന്ന് 7o മാറിയാണ് സ്ഥിതിചെയ്യുന്നത്. അതുപോലെ, ശരദ്വിഷുവസ്ഥാനം തുലാബിന്ദുവില്‍ (first point of Libra നിന്ന് കന്നിയില്‍ എത്തിയിരിക്കുന്നു.

ജ്യോതിശ്ശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട രണ്ടു നിര്‍ദേശാങ്ക പദ്ധതികളും മേല്‍ വിവരിച്ച രണ്ടു ബിന്ദുക്കളില്‍ നിന്നാണ് തുടങ്ങുന്നത്. ഒരു പദ്ധതി അടിസ്ഥാനമാക്കിയിട്ടുള്ളത് ഖഗോള മധ്യരേഖയെ ആണ്. മറ്റേതു ക്രാന്തിവൃത്തത്തെയും, ഭൂഗോളത്തിലെ അക്ഷാംശവും രേഖാംശവും പോലെയാണു ഖഗോളത്തിലെ നിര്‍ദേശാങ്കങ്ങളും. ഒരു നക്ഷത്രത്തിന്റെ, മധ്യരേഖയെ അടിസ്ഥാനമാക്കിയുള്ള നിര്‍ദേശാങ്കങ്ങള്‍ ഇനി പറയും പ്രകാരമാണ്; മേഷരാശിയിലെ ആദ്യബിന്ദുവില്‍ നിന്നു മധ്യരേഖയിലൂടെ കിഴക്കോട്ടുള്ള കോണികദൂരം (angular distance) ആണ് 'റൈറ്റ് അസെന്‍ഷന്‍'. മധ്യരേഖയില്‍ നിന്നു നക്ഷത്രത്തിലേക്കുള്ള കോണികദൂരമാണ് ഡെക്ലിനേഷന്‍ (declination). ഈ രണ്ടു നിര്‍ദേശാങ്കങ്ങളുടെ സഹായത്തോടെ ഏതു നക്ഷത്രത്തിന്റെയും സ്ഥാനം നിര്‍ണയിക്കാന്‍ കഴിയും. ക്രാന്തിവൃത്തത്തെ അടിസ്ഥാനമാക്കിയുള്ള നിര്‍ദേശാങ്കങ്ങള്‍ക്കും മേഷരാശിയിലെ ആദ്യബിന്ദു തന്നെയാണ് ഉദ്ഭവസ്ഥാനമായി (origin) എടുക്കുന്നത്. കോണികദൂരം അളക്കുന്നത് ക്രാന്തിവൃത്തത്തിലൂടെയും അതിനുലംബമായും ആണെന്നുമാത്രം. ഈ നിര്‍ദേശാങ്കങ്ങള്‍ക്ക് ഖഗോളഅക്ഷാംശം എന്നും ഖഗോള രേഖാംശം എന്നും ആണ് പേര്. ക്രാന്തിവൃത്ത നിര്‍ദേശാങ്ക പദ്ധതിയാണ് പാശ്ചാത്യ രാജ്യങ്ങളില്‍ അധികവും ഉപയോഗിച്ചു പോന്നിട്ടുള്ളത്. ചൈനയിലാകട്ടെ എക്കാലത്തും മധ്യരേഖാ നിര്‍ദേശാങ്കപദ്ധതിയാണ് പ്രചാരത്തിലുള്ളത്.

(പ്രൊഫ. എസ്.ജി.എസ്. ശര്‍മ; വി. ശശികുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍