This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രസ്റ്റേഷ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രസ്റ്റേഷ്യ

Crustacea

ആര്‍ത്രോപ്പോഡ ജന്തുഫൈലത്തിലെ ഒരു ഉപഫൈലം. വൈവിധ്യമാര്‍ന്ന സവിശേഷതകളുള്ള ജലജീവികളുള്‍പ്പെട്ട വിഭാഗമാണിത്. ചിറ്റക്കൊഞ്ച് (Cray fish), ഞണ്ട് (Crab), ചെമ്മീന്‍ (Shrimp), പലയിനം ജലപ്രാണികള്‍ (Water fleas), പാറയിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന ബാര്‍ണക്കിളുകള്‍ തുടങ്ങി നിരവധി ജീവികള്‍ ക്രസ്റ്റേഷ്യ ഉപഫൈലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ക്രസ്റ്റേഷ്യ എന്ന പദത്തിന് തോടു (Crust)പോലെയുള്ള ശരീരകവചമുള്ള ജീവികള്‍ എന്നാണര്‍ഥം. 1756-ല്‍ എം. ബ്രിസണ്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ പദത്തിനു രൂപം നല്കിയത്. 1777-ല്‍ പി. പെന്നന്റ് എന്ന ശാസ്ത്രജ്ഞന്‍ തന്റെ ഗ്രന്ഥത്തില്‍ ഒരു വര്‍ഗനാമമായി ഈ പദം ആദ്യമായി ഉപയോഗിക്കുകയും ചെയ്തു.

വൈവിധ്യമാര്‍ന്ന ജന്തുക്കളുടെ ഒരു സമാഹാരമാണ് ക്രസ്റ്റേഷ്യാവര്‍ഗം. തികച്ചും വ്യത്യസ്തങ്ങളായ പരിതഃസ്ഥിതികളിലും ഇവയെ കണ്ടുവരുന്നു. മിക്കവാറും എല്ലാ സമുദ്രങ്ങളിലും ക്രസ്റ്റേഷ്യാവര്‍ഗത്തിലെ ജന്തുക്കളെ കണ്ടെത്താനാവും. കടലിന്റെ മിക്കവാറും എല്ലാതലങ്ങളിലും ആഴങ്ങളിലും ഇവ ജീവിക്കുന്നുമുണ്ട്. ശുദ്ധജലത്തിലും ഇവയുടെ സംഖ്യ കുറവല്ല. ഒരു കുളത്തിലോ ജലം കെട്ടിക്കിടക്കുന്ന ചെറിയ ഒരു കുഴിയിലോ ഇവയില്‍ ഒരിനത്തെയെങ്കിലും കാണാനാവും. പന്ത്രണ്ടായിരം അടി ഉയരത്തില്‍ വരെയുള്ള മഞ്ഞുരുകിയുണ്ടായ തണുത്ത ജലാശയങ്ങളിലും ഇവ വളരുന്നു. 0o വരെ താപനിലയിലുള്ള ജലത്തിലും ഇവയ്ക്കു ജീവിക്കാനാവും. അതുപോലെതന്നെ 55o വരെ താപനിലയിലുള്ള ഉഷ്ണജലപ്രവാഹങ്ങളിലും ക്രസ്റ്റേഷ്യാവര്‍ഗത്തിലെ ജീവികള്‍ വളരുന്നുണ്ട്. കരയില്‍ മരങ്ങളിലും മലകളിലുംവരെ അപൂര്‍വമായി ഇവയെ കണ്ടെത്താനാവുകയും ചെയ്യും.

ചെകിളകള്‍വഴി ശ്വസനം നടത്തുന്ന ആര്‍ത്രോപ്പോഡ് ജീവികളാണിവ. ഇവയുടെ ബാഹ്യകവചം ബലമേറിയതാണ്. 0.1 മില്ലി മീറ്റര്‍ മുതല്‍ 3.8 മീ. വരെ വിവിധ വലുപ്പമുള്ള ജീവികള്‍ ഈ വര്‍ഗത്തിലുണ്ട്. ക്രസ്റ്റേഷ്യ വര്‍ഗത്തില്‍ 5000-ത്തിലധികം സ്പീഷീസുകള്‍ ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.

കാംബ്രിയന്‍ കല്പത്തിലെ പാറയിടുക്കുകളില്‍ (35 കോടി വര്‍ഷങ്ങള്‍ പഴക്കം) ക്രസ്റ്റേഷ്യാവര്‍ഗത്തിലെ ജീവികളുടെ ജീവാശ്മങ്ങള്‍ (Fossils) കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ഈ വര്‍ഗത്തിലെ പരിണാമപരമായി താഴത്തെ നിലയില്‍ നില്ക്കുന്ന ജീവികളുടെ അവശിഷ്ടങ്ങളാണ് കാണപ്പെട്ടിട്ടുള്ളത്. ഇന്നത്തെ മലാക്കോസ് ട്രാക്കയുമായി വിദൂരബന്ധം പുലര്‍ത്തുന്ന ചില ജീവികളും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഈ ജീവാശ്മങ്ങള്‍ ക്രസ്റ്റേഷ്യാ വര്‍ഗത്തിലെ ജീവികളുടെ ജാതിവൃത്ത(Phylogeny)ത്തിന്റെ ഒരു ഏകദേശസൂചന നല്കുന്നു.

പൊതുഘടന ക്രസ്റ്റേഷനുകള്‍ രൂപത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണെങ്കിലും ശരീരത്തിന് ഒരു പൊതുഘടനയുണ്ട്. ശരീരത്തെ പൊതുവേ തല, വക്ഷസ്, ഉദരം എന്നീ 3 ഭാഗങ്ങളായി തിരിക്കാം. സൊമൈറ്റുകള്‍ എന്നറിയപ്പെടുന്ന ഖണ്ഡങ്ങളായാണ് ശരീരം കാണപ്പെടുന്നത്. ഇവ ചിലയിനങ്ങളില്‍ കൂടിച്ചേര്‍ന്ന നിലയിലോ, മറ്റുചിലയിനങ്ങളില്‍ സ്വതന്ത്രമായോ കാണപ്പെടുന്നു. ഭൂരിഭാഗം ഇനങ്ങളിലും ഓരോ ഖണ്ഡത്തിലും ഒരു ജോടി ഉപാംഗങ്ങള്‍ (appendages) കാണാം. തലയില്‍ 2 ജോടി ശൃംഗിക (antenna) കള്‍ കാണാം. വക്ഷസ്സിലാണ് കാലുകളുള്ളത്. ക്രസ്റ്റേഷ്യകളുടെ ശരീരത്തെ പൊതിഞ്ഞ് കൈറ്റിന്‍ നിര്‍മിതമായ ബലമേറിയ ഒരു ബാഹ്യകവചം കാണപ്പെടുന്നു. ശരീരം നിരവധി ഖണ്ഡങ്ങളാല്‍ രൂപപ്പെട്ടിരിക്കുന്നു. ഈ ഖണ്ഡങ്ങള്‍ സമ്മര്‍ദിതങ്ങളാണ്. ഇവയെ പൊതിഞ്ഞിട്ടുള്ള ബാഹ്യകവചം പലപ്പോഴും ഓരോ ഖണ്ഡങ്ങള്‍ക്കും ചലനക്ഷമത നല്കിക്കൊണ്ടാണ് ഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ക്രസ്റ്റേഷ്യയിലെ ഒരു ജീവിയിലും ഖണ്ഡങ്ങള്‍ തീര്‍ത്തും വ്യതിരക്തങ്ങളല്ല. വിവിധയിനം ക്രസ്റ്റേഷ്യകളില്‍ വിവിധ രീതിയില്‍ ഈ ഖണ്ഡങ്ങള്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നതായി കാണാം. മിക്കവയിലും അഞ്ചുദേഹഖണ്ഡങ്ങള്‍ സംയോജിച്ചാണ് തല രൂപമെടുക്കുന്നത്. മലാക്കോസ്ട്രാക്ക ഉപവര്‍ഗത്തിലെ എല്ലാ ജീവികളിലും ഉടല്‍ഭാഗം (Trunk) രൂപപ്പെടാനായി എട്ട് വക്ഷീയ ഖണ്ഡങ്ങളും ആറോ ഏഴോ ഉദരഖണ്ഡങ്ങളും യോജിക്കുന്നു. മറ്റ് ഉപവര്‍ഗങ്ങളില്‍ വക്ഷസ്, ഉദരം എന്നിവ ഈവിധത്തിലുള്ളവയല്ല. അവയില്‍ ഈ ഭാഗങ്ങള്‍ രൂപമെടുക്കാനാവശ്യമായ ദേഹഖണ്ഡങ്ങളുടെ എണ്ണത്തിലും വ്യത്യാസം കണ്ടുവരുന്നു. ബ്രാങ്കിയോപ്പോഡയില്‍ ഈ ഭാഗത്ത് നാല്പത് ഖണ്ഡങ്ങള്‍ വരെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഗുദം സ്ഥിതിചെയ്യുന്ന പിന്നറ്റം യഥാര്‍ഥത്തിലുള്ള ഒരു ദേഹഖണ്ഡമാണെന്നു പറയാനാവില്ല.

ക്രസ്റ്റേഷ്യാവര്‍ഗത്തിലെ വിവിധ ജീവികളില്‍ കാണപ്പെടുന്ന പൃഷ്ഠകവചം എന്ന പരിരക്ഷക ശരീരഭാഗം പല പ്രത്യേകതകളും ഉള്‍ക്കൊള്ളുന്നു. ഇത് അധ്യാവരണത്തിന്റെ ഒരു മടക്ക് എന്ന നിലയില്‍ തലയുടെ പിന്നറ്റത്തു നിന്നു ഉദ്ഭവിക്കുന്നതാണ്. ഒരു അയഞ്ഞ ദ്വിവാള്‍വ് ഷെല്‍പോലെ ഉടല്‍ഭാഗത്തെയും പാദങ്ങളെയും ആവരണം ചെയ്ത നിലയിലും ഇത് കാണപ്പെടാറുണ്ട്. ചിലപ്പോള്‍ ഇതൊരു മാംസളബഹിരാവരണമെന്ന രൂപത്തിലും കാണപ്പെടുന്നു. മലാക്കോസ്ട്രാക്കയിലെ മിക്ക സ്പീഷീസുകളിലും പൃഷ്ഠകവചം വക്ഷീയഖണ്ഡങ്ങളുമായി മുകള്‍ഭാഗത്ത് യോജിച്ച നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഡെക്കാപ്പോഡയില്‍ ഇരുവശത്തുമുള്ള ഗില്ലുകളെ ഇത് പരിരക്ഷിക്കുന്നു. എന്നാല്‍ ക്രസ്റ്റേഷ്യയിലെ ചില ജീവികളില്‍ ഇപ്രകാരം ഒരു പൃഷ്ഠകവചം കാണാറില്ല; ചിലതില്‍ ഇത് ഒരു അവശോഷാംഗം (Vestigial Organ) എന്ന നിലയിലാണുതാനും.

ജോടിയായിട്ടുള്ള ഘടിതപാദങ്ങള്‍ അഥവാ ഉപാംഗങ്ങള്‍ ഇവയുടെ ഒരു പ്രത്യേകതയാണ്. വിവിധ ജീവികളില്‍ വ്യത്യസ്ത കര്‍മങ്ങളാണ് പലപ്പോഴും ഈ ഉപാംഗങ്ങള്‍ നിര്‍വഹിക്കാറുള്ളതെങ്കിലും അടിസ്ഥാന രൂപഘടനയില്‍ ഇവ സാദൃശ്യം പുലര്‍ത്തുന്നു. ഇവ എല്ലാംതന്നെ ദ്വിശാഖികള്‍ (biramous) ആണ്. ഇവയ്ക്ക് ഒരു വൃന്തക(Peduncle)വും അന്തഃപാദാംശം (Endopodite), ബഹിര്‍പാദാംശം (Exopodite) എന്നീ രണ്ട് ശാഖകളും ഉണ്ട്. വൃന്തകത്തിന്റെ ദൂരസ്ഥാഗ്രത്തില്‍നിന്നാണ് ഈ പാദാംശങ്ങള്‍ ഉദ്ഭവിക്കുന്നത്. പരിണാമപരമായി ഉയര്‍ന്ന് ക്രസ്റ്റേഷ്യകളില്‍ അന്തഃപാദാംശങ്ങള്‍ വിവിധ ഖണ്ഡങ്ങളായി തിരിഞ്ഞിരിക്കുന്നു. അതുപോലെതന്നെ ഈ അന്തഃപാദാംശങ്ങള്‍ വിവിധ കര്‍മങ്ങള്‍ നിര്‍വഹിക്കാനുതകുംവിധം വിവിധ രൂപങ്ങളിലായി പരിവര്‍ത്തിതങ്ങളായിട്ടുമുണ്ട്. സംവേദനം, ശ്വാസോച്ഛ്വാസം, ചലനം, ഭക്ഷ്യശേഖരണം, ശുചീകരണം, പ്രതിരോധം, പ്രത്യുത്പാദനം തുടങ്ങി വിവിധ കര്‍മങ്ങള്‍ ഇപ്രകാരം വിശേഷവത്കരിക്കപ്പെട്ട അന്തഃപാദാംശങ്ങള്‍ നിര്‍വഹിച്ചുവരുന്നുണ്ട്. പ്രായപൂര്‍ത്തിയായ ജീവികളില്‍ ഇവ ഇലപോലെയോ തുഴപോലെയോ ശാഖിതമോ ഒക്കെയായി കാണപ്പെടുന്നു.

ഉപാംഗങ്ങളിലെ ലഘുശൃംഗികകള്‍ (Antennules) മറ്റുള്ളവയില്‍നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. മിക്ക ലാര്‍വകളിലും വളര്‍ച്ചയെത്തിയ ചില ജീവികളിലും ഇത് ഏകശാഖിയാണ്. എന്നാല്‍ മലാക്കോസ്ട്രാക്കയില്‍ ഇത് ദ്വിശാഖിയും പലപ്പോഴും ത്രിശാഖിയും ആയിട്ടാണ് കാണപ്പെടുന്നത്. സിറിപ്പീഡിയയില്‍ ഇത് ജീവിയെ തറയിലോ മറ്റു വസ്തുക്കളിലോ ഉറപ്പിച്ചുനിര്‍ത്താനുള്ള അവയവമായി മാറിയിരിക്കുന്നു. ശൃംഗിക(Antenna)കള്‍ ദ്വിശാഖികളാണ്. ഇവ പലപ്പോഴും സംവേദകാംഗങ്ങളായാണു വര്‍ത്തിക്കാറുള്ളതും, പരോപജീവികളില്‍ മാത്രം ഇവ ജീവിയെ ഉറപ്പിച്ചുനിര്‍ത്താനുള്ള അവയവമായിത്തീര്‍ന്നിട്ടുണ്ട്. മാന്‍ഡിബിളുകള്‍ ദ്വിശാഖികളായ നീന്താനുള്ള അവയവങ്ങളാണ്.

ഉടല്‍ഭാഗത്തെ ഉപാംഗങ്ങളുടെ എണ്ണം പല ജീവികളിലും വ്യത്യസ്തമായിരിക്കുന്നു. ശരീരം ഖണ്ഡങ്ങളായി വ്യതിരിക്തമല്ലാത്ത ഒസ്ട്രാക്കോഡയില്‍ ഇവയുടെ എണ്ണം ഒരിക്കലും രണ്ടില്‍ കൂടാറില്ല. എന്നാല്‍ ബ്രാങ്കിയോപ്പോഡയില്‍ ഇവ അറുപതുജോടി വരെ ആവാറുണ്ട്. ഇവയില്‍ ഒന്നോ രണ്ടോ ജോടികള്‍ വദനാംഗങ്ങളെ സഹായിക്കുന്നു. ഇവ മാക്സിലിപീഡുകള്‍ എന്ന പേരിലാണറിയപ്പെടുന്നത്. മലാക്കോസ്ട്രാക്കയില്‍ വക്ഷീയ ഉപാംഗങ്ങളും ഉദര ഉപാംഗങ്ങളും പ്രത്യേകം വിഭേദിതങ്ങളാണ്. വക്ഷീയ ഉപാംഗങ്ങള്‍ നടക്കുംകാലുകള്‍ (Walking legs) ആയി മാറിയിരിക്കുന്നു. ഡെക്കാപ്പോഡയില്‍ മൂന്നു ജോടി മാക്സിലിപീഡുകളുണ്ട്. അതിനു പിന്നിലുള്ള ഒന്നോ രണ്ടോ മൂന്നോ ജോടികളുടെ അഗ്രങ്ങള്‍ ചവണ(Pincers)കളായി നിലകൊള്ളുന്നു. ഉദര ഭാഗത്തെ ഉപാംഗങ്ങള്‍ എല്ലാം ദ്വിശാഖികളാണ്. ഐസോപ്പോഡയിലും സ്റ്റൊമാറ്റോപോഡയിലും ഇവ ശ്വസനകര്‍മമാണ് നിര്‍വഹിക്കുന്നത്.

പചനവ്യൂഹം ക്രസ്റ്റേഷ്യാവര്‍ഗത്തിലെ ജന്തുക്കളില്‍ പചനവ്യൂഹം ഒരു നീണ്ട നാളിയുടെ രൂപത്തിലാണ് കാണപ്പെടുന്നത്. ഇത് മുന്‍ഭാഗത്ത് അടിയിലേക്കുവളഞ്ഞ് അധരഭാഗത്തായി സ്ഥിതിചെയ്യുന്ന വായുമായി ബന്ധിച്ചിരിക്കുന്നു. വായുടെ ഇരുവശങ്ങളിലും മാന്‍ഡിബിളുകള്‍ എന്ന പേരിലുള്ള ഉപാംഗങ്ങള്‍ കാണപ്പെടുന്നു. അപൂര്‍വം ചില ക്രസ്റ്റേഷ്യകളില്‍ പചനനാളം ചുരുണ്ടനിലയിലും കാണപ്പെടുന്നുണ്ട്. വായുടെ അഗ്രപാളി അഥവാ ഉപരിഓഷ്ഠത്തെ മാംസളലേബ്രം എന്നും താഴത്തെ ഓഷ്ഠത്തെ ഹൈപ്പോസ്റ്റോമ എന്നും പറയുന്നു. ഹൈപ്പോസ്റ്റോമാഭാഗം ചിലപ്പോള്‍ രണ്ടു പാളിയായി വേര്‍തിരിയാറുമുണ്ട്.

ക്രസ്റ്റേഷ്യന്‍ പചനവ്യൂഹത്തെ അഗ്ര-ആന്ത്രം (Foregut), മധ്യ-ആന്ത്രം (Midgut), പശ്ച-ആന്ത്രം (Hindgut) എന്നിങ്ങനെ മൂന്നുഭാഗങ്ങളായി തിരിക്കാവുന്നതാണ്. ഇതില്‍ അഗ്ര-ആന്ത്രത്തിന് ഏതാണ്ട് ഒരു ഗ്രസികാധര്‍മമാണുള്ളത്. ബാക്കി ഭാഗങ്ങള്‍ ആമാശയത്തിന്റെയും മറ്റും ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നു. പരിണാമപരമായി താഴ്ന്ന ജീവികളില്‍ അഗ്ര-ആന്ത്രത്തിനുള്ളില്‍ ചെറിയ രോമസദൃശാവരണം കാണപ്പെടുന്നു. ആഹാരവസ്തുക്കളുടെ ഉള്ളിലേക്കുള്ള ചലനത്തെ സഹായിക്കാനുള്ള ഒരു സംവിധാനമായി ഇതിനെ കണക്കാക്കാവുന്നതാണ്. മറ്റ് ക്രസ്റ്റേഷ്യകളില്‍ പചനവ്യൂഹത്തിന്റെ ആദ്യഭാഗത്തിനുള്ളിലായി മാംസപേശികളാല്‍ ചലിക്കുന്ന പ്ലേറ്റുകളുടെ ഒരു നിരതന്നെയുണ്ട്. ഡെക്കാപ്പോഡയില്‍ ഇത് ഒരു ജഠര-മില്‍ (Gastric mill) ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. മധ്യ-ആന്ത്രത്തിന്റെ ഉള്‍ഭാഗത്തുനിന്നും തള്ളിനില്ക്കുന്ന നാളിരൂപത്തിലുള്ള ഉദ്വര്‍ധങ്ങള്‍ (outgrowths) ദഹനരസങ്ങളെ സ്രവിപ്പിക്കുന്നു. ദഹനത്തെയും ആഗിരണത്തെയും സഹായിക്കാനുള്ള ഒരു സംവിധാനമായിട്ടാണ് ഉദ്വര്‍ധങ്ങള്‍ വര്‍ത്തിക്കുന്നത്.

രക്തചംക്രമണ വ്യൂഹം ക്രസ്റ്റേഷ്യകളില്‍ ഹൃദയം ഒരു ആവരണ കോടരത്തിനുള്ളിലായി സ്ഥിതിചെയ്യുന്നു. ഹൃദയത്തില്‍ നിരവധി രന്ധ്രങ്ങള്‍ (Ostia) ഉണ്ട്. ഈ രന്ധ്രങ്ങള്‍വഴി ഹൃദയം ആവരണകോടരത്തിലെ സിരാരക്തവുമായി (Venous blood) ബന്ധം സ്ഥാപിക്കുന്നു. ആദിമസ്വഭാവമുള്ള ക്രസ്റ്റേഷ്യകളില്‍ ഹൃദയത്തിന് നളികാകാരമാണുള്ളത്. ഇവയില്‍ ഓരോ ശരീരഖണ്ഡത്തിലേക്കും ഹൃദയത്തിന്റെ ഒരു ജോടി രന്ധ്രം തുറക്കുകയും ചെയ്യുന്നു. എന്നാല്‍ മിക്ക ക്രസ്റ്റേഷ്യകളിലും ഹൃദയത്തിന്റെ നീളം ചുരുങ്ങിയിരിക്കുന്നു; രണ്ടോ മൂന്നോ രന്ധ്രങ്ങള്‍ മാത്രമേ കാണാറുമുള്ളു. വളരെ ചെറിയ ചില ക്രസ്റ്റേഷ്യകളില്‍ ഹൃദയംതന്നെ കാണപ്പെടുന്നില്ല. ഇവിടെ പചനവ്യൂഹത്തിന്റെയും മൊത്തം ശരീരത്തിന്റെയും ചലനങ്ങള്‍ രക്തത്തിന്റെ ഒഴുക്കിന് സഹായകമാകുന്നു. ക്രസ്റ്റേഷ്യാവര്‍ഗത്തിലെ ജന്തുക്കളുടെ രക്തത്തിന് ഹീമോസയാനിന്‍ എന്ന ശ്വസന വര്‍ണകത്തിന്റെ സാന്നിധ്യംമൂലം നീലനിറമാണുള്ളത്. എന്നാല്‍ എറിത്രോക്രൂറിയോണ്‍ (Erythrocrurion) ഉള്ള അപൂര്‍വം ചില ജീവികളിലെ രക്തത്തിന്റെ നിറം ചുവപ്പാണ്.

ശ്വസനവ്യൂഹം മിക്ക ക്രസ്റ്റേഷ്യകളും ഗില്ലുകളുപയോഗപ്പെടുത്തി ശ്വസനകര്‍മം നിര്‍വഹിക്കുന്ന ജല ജീവികളാണ്. ശരീരോപരിതലത്തിലൂടെയോ ഉപരതിലത്തിലെ നിര്‍ദിഷ്ട ഭാഗങ്ങളിലൂടെയോ ഗില്ലുകളിലൂടെയോ ഇവ ഓക്സിജന്‍ വലിച്ചെടുക്കുന്നു. കരയില്‍ ജീവിതം നയിക്കുന്ന ചില ക്രസ്റ്റേഷ്യകളില്‍ ശ്വസനാവയവങ്ങളുടെ വിശേഷവത്കരണവും ദൃശ്യമാണ്. ഉദര-ഉപാംഗങ്ങളില്‍ ശ്വസനത്തിനായി പ്രത്യേക സംവിധാനങ്ങളുള്ള ജീവികളും ഇവയുടെ കൂട്ടത്തിലുണ്ട്.

നാഡീവ്യൂഹം സാധാരണ നാഡീഗുച്ഛികകളില്‍ നിന്നും അല്പം വലുപ്പംകൂടി കാണപ്പെടുന്ന ഒരു അധിഗ്രസിക ((Suprao-esophageal) ഗുച്ഛികയെ ഇവയുടെ മസ്തിഷ്കമായി കണക്കാക്കാവുന്നതാണ്. ഗ്രസികയെ ചുറ്റി സംയോജകപേശിയാല്‍ നിര്‍മിതമായ ഒരു വളയം ഇതുമായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതില്‍നിന്നും ഒരു അധര-തന്ത്രികാരജ്ജു (Ventral nerve chord) ജീവിയുടെ ശരീരത്തിന്റെ പിന്നറ്റത്തേക്ക് നീണ്ടുകിടക്കുന്നു. ഇതിന് ഓരോ ശരീരഖണ്ഡത്തിലും ഓരോ നാഡീഗുച്ഛിക വീതവും ഉണ്ട്.

ഈ കേന്ദ്രനാഡീഘടനയെക്കൂടാതെ ഏതാനും സവിശേഷ സംവേദകാംഗങ്ങള്‍കൂടി ക്രസ്റ്റേഷ്യകളില്‍ കാണപ്പെടുന്നു. കണ്ണുകള്‍, ലഘുശൃംഗികകള്‍, ശൃംഗികകള്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ലഘുശൃംഗികകള്‍ അഥവാ ആന്റെന്യൂളുകള്‍ പലപ്പോഴും രുചി അറിയാനുള്ള അവയവമായും സംതുലനാവസ്ഥ നിലനിര്‍ത്താനുള്ള അവയവമായും (statocysts) മറ്റും വര്‍ത്തിക്കാറുണ്ട്. ശരിയായ അര്‍ഥത്തില്‍ ശ്രവണശക്തി ഇവയ്ക്കുണ്ടോ എന്ന കാര്യം വ്യക്തമല്ലെങ്കിലും ഇവയുടെ ചില ഉപാംഗങ്ങളും മറ്റു ശരീരഭാഗങ്ങളും ചില പ്രത്യേക ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബാഹ്യ ഉദ്ദീപനങ്ങളെ മനസ്സിലാക്കിയെടുക്കാനുള്ള ശൂകം (Setae) പോലുള്ള അവയവങ്ങളും പല ക്രസ്റ്റേഷ്യകളിലും കാണപ്പെടുന്നു. കാഴ്ചശക്തി പ്രദാനം ചെയ്യാനായി രണ്ടിനം നേത്രങ്ങള്‍ ഇവയില്‍ കണ്ടുവരുന്നുണ്ട്; അയുഗ്മിതമധ്യ നേത്രങ്ങളും യുഗ്മിത സംയുക്തനേത്രങ്ങളും. ആദ്യ ലാര്‍വല്‍ ഘട്ടങ്ങളിലാണ് അയുഗ്മിത മധ്യനേത്രങ്ങള്‍ ഉണ്ടാകാറുള്ളത്. ഇവ അപൂര്‍വം ചിലയിനങ്ങളില്‍ യുഗ്മിത സംയുക്ത നേത്രങ്ങളോടൊപ്പം പ്രായപൂര്‍ത്തിയായ ജീവികളില്‍ തുടര്‍ന്നു കാണാറുമുണ്ട്. യുഗ്മിത സംയുക്തനേത്രങ്ങള്‍ വൃന്തകങ്ങളുടെ അറ്റത്തായോ സ്ഥാനബദ്ധമായോ കണ്ടുവരുന്നു. ഇവ ഇന്‍സെക്ടകളില്‍ കാണപ്പെടുന്ന നേത്രങ്ങളുടെ സമാനഘടനയുള്ളവയുമാണ്.

പ്രത്യുത്പാദനവ്യൂഹം ക്രസ്റ്റേഷ്യകളില്‍ ലിംഗവ്യത്യാസം പ്രകടമാണ്. സാധാരണഗതിയില്‍ ആണ്‍ജീവി പെണ്‍ജീവിയെക്കാള്‍ വലുതായിരിക്കും. എന്നാല്‍ പരോപജീവനസ്വഭാവമുള്ള ചില ക്രസ്റ്റേഷ്യകളില്‍ വലുപ്പമേറിയ പെണ്‍ജീവിക്കു മുകളില്‍ പറ്റിപ്പിടിച്ചു ജീവിക്കുന്ന മുരടിച്ച ശരീരഘടനയുള്ള ആണിനെ കാണാനാവും. ചില ക്രസ്റ്റേഷ്യകളില്‍ ജനനാംഗരന്ധ്രത്തിനു സമീപത്തുള്ള ചില ഉപാംഗങ്ങള്‍ ശുക്ളനിക്ഷേപത്തനായി വിശേഷവത്കരിക്കപ്പെട്ടിരിക്കുന്നു. മറ്റു ചിലവയില്‍ ചില ഉപാംഗങ്ങള്‍ ആലിഗകാംഗങ്ങള്‍ (Claspers) ആയി മാറിയിട്ടുമുണ്ട്.

ബാര്‍ണക്കിള്‍ തുടങ്ങിയ സിറിപ്പീഡിയകളില്‍ ഉഭയലിംഗത(Hermaphroditism) യാണുള്ളത്. പരിണാമപരമായി താണപടിയിലുള്ള ചില ക്രസ്റ്റേഷ്യകളിലും പരോപജീവികളിലും ഇപ്രകാരം ഉഭയലിംഗത കാണപ്പെടുന്നുണ്ട്. ബ്രാക്കിയോപ്പോഡ, ഒസ്ട്രാക്കോഡ എന്നിവയില്‍ അനിഷേകജനനം (Parthenogenesis) ആണുള്ളത്. ഇവയില്‍ തലമുറകളുടെ ഏകാന്തരണവും ദര്‍ശിക്കാനാവും.

ഒരു നല്ല പങ്ക് ക്രസ്റ്റേഷ്യകളിലും നിക്ഷേപത്തിനുശേഷവും പെണ്‍ജീവിതന്നെ അണ്ഡങ്ങളെ വിരിയുംവരെ വഹിച്ചുകൊണ്ടു നടക്കുകയാണു ചെയ്യുന്നത്. ഏതാനും ചില ജീവികളില്‍ ജലത്തില്‍ സ്വതന്ത്രമായി അണ്ഡങ്ങളെ വിക്ഷേപിക്കുന്ന സ്ഥിതിയും കണ്ടുവരുന്നുണ്ട്. ഒസ്ട്രാക്കോഡ തുടങ്ങിയവയില്‍ ഷെല്ലിന്റെ വാല്‍വുകള്‍ക്കിടയിലായി അണ്ഡത്തെ സൂക്ഷിക്കുന്നു. സിറിപ്പീഡിയയില്‍ പ്രാവാരഗുഹിക(Mantle Cavity)യ്ക്കുള്ളിലാണ് അണ്ഡത്തെ സൂക്ഷിക്കുന്നത്. എന്നാല്‍ കോപ്പിപ്പോഡ തുടങ്ങിയവയില്‍ ജനനാംഗഖണ്ഡത്തില്‍ കാണപ്പെടുന്ന പ്രത്യേക അണ്ഡാവരണത്തിലാണിത് സൂക്ഷിക്കപ്പെടുക. മലാക്കാസ്ട്രാക്ക, പെരാക്കാരിഡ എന്നിവയുടെ ശരീരത്തിന്റെ അടിഭാഗത്തായി ഒരു മുട്ടയറ (Brood Pouch) തന്നെ കാണപ്പെടുന്നു. വക്ഷീയ ഉപാംഗങ്ങളും ആധാരഭാഗവുമായി ബന്ധപ്പെട്ട പ്ലേറ്റുകള്‍ ഒന്നിനു മുകളില്‍ ഒന്നായി അതിവ്യാപിച്ചാണ് ഈ മുട്ടയറ രൂപമെടുക്കുന്നത്. പാന്‍കാരിഡയുടെ പൃഷ്ഠകവചം വീര്‍ത്ത് ജീവിയുടെ ശരീരത്തിന്റെ മുകള്‍ഭാഗത്തായി ഒരു മുട്ടയറ ഉണ്ടാവാറുണ്ട്. ഡെക്കാപ്പോഡയില്‍ പെണ്‍ജീവിയുടെ ഉദര ഉപാംഗവുമായി ബന്ധപ്പെട്ടാണിതു കാണാറുള്ളത്.

മുട്ടവിരിഞ്ഞ് മാതൃജീവിയുമായി ഘടനാപരമായ യാതൊരു സാദൃശ്യവും പുലര്‍ത്താത്ത സൂക്ഷ്മ ജീവികള്‍ പുറത്തുവരുന്നു. ഇത് സ്വതന്ത്രമായി നീന്തി നടക്കുന്ന ലാര്‍വകളുടെ ഏതാനും ഘട്ടങ്ങളിലൂടെ കടന്നാണ് വളര്‍ച്ച പൂര്‍ത്തിയാക്കുന്നത്. മുട്ടയില്‍നിന്നും വെളിയില്‍വരുന്ന ആദ്യഘട്ട ലാര്‍വയെ നോപ്ലിയസ് (Nauplius) എന്നു വിളിക്കുന്നു. അണ്ഡാകാരത്തിലുള്ള അഖണ്ഡശരീരമാണ് ഇതിനുള്ളത്. ഒരു മധ്യനേത്രവും മൂന്നു ജോടി നീന്താനുള്ള ഉപാംഗങ്ങളും ഇവയ്ക്കുണ്ട്. ഭ്രൂണശരീരഖണ്ഡങ്ങളുടെ സൂചനയാണ് ഈ മൂന്നു ജോടി ഉപാംഗങ്ങള്‍ നല്കുന്നത്. ആദ്യ ഉപാംഗം ഏകശാഖിയായ ലഘുശൃംഗിക അഥവാ ആന്റെന്യൂള്‍ ആണ്. അടുത്തത് ദ്വിശാഖികളായ ശൃംഗികയും മാന്‍ഡിബിളുമാണ്. സ്വതന്ത്രമായി നീന്തിനടക്കുന്ന നോപ്ലിയസിന്റെ നീന്താനുള്ള അവയവങ്ങളാണ് ഈ മൂന്നുജോടി ഉപാംഗങ്ങള്‍. പരിവര്‍ധനം പുരോഗമിക്കുന്നതോടെ നോപ്ലിയസ് നിരവധി പ്രാവശ്യം പാട കൊഴിച്ചില്‍ (moulting) നടത്തുന്നു. ഇതോടൊപ്പം ലാര്‍വയ്ക്ക് നീളം വര്‍ധിക്കുകയും ചെയ്യുന്നു. ലാര്‍വയുടെ പിന്നറ്റം പതിയെ ഖണ്ഡങ്ങളായി തിരിയാനും തുടങ്ങും. ഓരോ പാടകൊഴിച്ചില്‍ നടക്കുമ്പോഴും പുതിയ ശരീരഖണ്ഡങ്ങള്‍ ചേര്‍ക്കപ്പെടുന്നു. പുതിയ ഉപാംഗങ്ങള്‍ മുകുളരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും അവ വളര്‍ന്നു വികസിച്ച് ശരീരഖണ്ഡങ്ങളില്‍ പ്രത്യേക സ്ഥാനങ്ങളിലാവുകയും ചെയ്യും. പൃഷ്ഠകവചം പതുക്കെ പിന്നിലേക്ക് വളര്‍ന്നു നീണ്ട് ശരീരത്തിന്റെ പിന്‍ഭാഗങ്ങളെയും ആവരണം ചെയ്യുന്നു. തലയുടെ ഭാഗത്ത് യുഗ്മനേത്രങ്ങള്‍ പ്രത്യക്ഷപ്പെടുകയും ലാര്‍വാഘട്ടത്തിന്റെ അവസാനത്തോടെ മാതൃജീവിക്ക് സദൃശമായ ജീവി ഉരുത്തിരിയുകയും ചെയ്യുന്നു. ഒരു നല്ല പങ്ക് ക്രസ്റ്റേഷ്യകളിലും ജീവിതചക്രത്തിന്റെ ആദ്യഘട്ടങ്ങള്‍ മുട്ടയ്ക്കുള്ളില്‍ വച്ചുതന്നെ തരണം ചെയ്യുകയും കുറേക്കൂടി വികസിച്ച ഘടനയുള്ള ലാര്‍വ പുറത്തുവരികയും ചെയ്യുന്നു. ഇവിടെ പാടകൊഴിച്ചിലിലൂടെ വളര്‍ച്ച മുഴുമിപ്പിക്കപ്പെടുന്നു.

കേരളതീരത്തു കാണപ്പെടുന്ന സമുദ്രവിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒരിനമായ നാരന്‍, പൂവാലന്‍, കഴന്തന്‍, ചൂടന്‍ എന്നീ നാലിനം കൊഞ്ചുകളിലും ജീവിതചക്രം നാലിനം ലാര്‍വാഘട്ടങ്ങളിലൂടെയാണ് പൂര്‍ത്തിയാകുന്നത്. മുട്ട വിരിഞ്ഞ് പുറത്തുവരുന്ന സൂക്ഷ്മജീവിയായ നോപ്ലിയസ് എന്ന ആദ്യലാര്‍വാഘട്ടം നിരവധി പാടകൊഴിച്ചിലിലൂടെ പ്രോട്ടോസോയിയാ എന്ന രണ്ടാംഘട്ടത്തില്‍ പ്രവേശിക്കുന്നു. ഇത് 96 മണിക്കൂര്‍ നേരത്തിനുശേഷം മൈസിസ് ദശയിലേക്കു കടക്കും. ഇതിനുശേഷം നിരവധി പാടകൊഴിച്ചിലിലൂടെ ഇത് ആകൃതിയിലും പ്രകൃതിയിലും വളര്‍ന്ന കൊഞ്ചിന്റെ ഭാവങ്ങള്‍ കൈവരിക്കുന്നു. അനുകൂലസാഹചര്യം ലഭ്യമായാല്‍ ഈ ലാര്‍വാഘട്ട പരിസമാപ്തിക്ക് രണ്ടു മുതല്‍ മൂന്നു വരെ ആഴ്ച വേണ്ടിവരും.

ക്രസ്റ്റേഷ്യാവര്‍ഗത്തിലെ വിവിധ ജീവികളുടെ ജീവിതചക്രഘട്ടങ്ങള്‍ തീര്‍ത്തും വ്യത്യസ്തങ്ങളാണ്. ഇവയുടെ കൂട്ടത്തില്‍ ഏറ്റവും ലളിതജീവിതചക്രം ഉള്ളവ മുതല്‍ സങ്കീര്‍ണജീവിതചക്രം ഉള്ളവവരെയുണ്ട്. നോപ്ലിയസ് ലാര്‍വാഘട്ടം ഉള്ളവയും ഈ ഘട്ടം മുട്ടയ്ക്കുള്ളില്‍വച്ചു തന്നെ നടത്തുന്നവയും ഉണ്ട്. നോപ്ലിയസ്ഘട്ടം ഏതുവിധത്തിലായാലും അതിനുശേഷം ചില പ്രത്യേക ലാര്‍വാഘട്ടങ്ങളാണ് ചില ജീവികളില്‍ കാണപ്പെടുന്നത്. ഇത് ബാര്‍ണക്കിളുകളില്‍ സൈപ്രിസ് ലാര്‍വ എന്നും ലോബ്സ്റ്ററുകളില്‍ ഫില്ലോസോമാ എന്നും സ്റ്റൊമാറ്റോപോഡയിലെ ഷ്രിംപുകളില്‍ എറിക്ത്സ്, അലിമ ലാര്‍വകള്‍ എന്നും ഞണ്ടുകളില്‍ സോയിയ, മെഗാലോപ്പാ ലാര്‍വകള്‍ എന്നും അറിയപ്പെടുന്നു. ഇവയില്‍ ഫിലോസോമാ ലാര്‍വയ്ക്ക് ഇലയുടെ ആകൃതിയാണുള്ളത്; ശരീരം സുതാര്യമാണുതാനും. ക്രസ്റ്റേഷ്യയിലെ മിക്ക ലാര്‍വായിനങ്ങളും വേലാപവര്‍ത്തി (Pelagic) ജീവിതമാണ് നയിക്കാറുള്ളത്. ഈ ജീവിതത്തിനുവേണ്ട പ്രത്യേക വിശേഷവത്കരണങ്ങളും ഇവയുടെ ഘടനയില്‍ സംഭവിച്ചിട്ടുമുണ്ട്.

വര്‍ഗീകരണം ക്രസ്റ്റേഷ്യാ ജന്തുവര്‍ഗത്തിന്റെ വര്‍ഗീകരണത്തില്‍ ഒരു ഏകതാനത കാണപ്പെടുന്നില്ല. വിവിധരീതിയിലുള്ള വര്‍ഗീകരണങ്ങള്‍ വിവിധ ഗ്രന്ഥങ്ങളില്‍ കാണപ്പെടുന്നുണ്ട്. 1806-ല്‍ ലാട്രീയ്ലി (Latreille) എന്ന ജന്തുശാസ്ത്രജ്ഞന്‍ ക്രസ്റ്റേഷ്യാവര്‍ഗത്തെ എന്റമോസ്ട്രാക്ക, മലാക്കോസ്ട്രാക്ക എന്നിങ്ങനെ രണ്ടായി തിരിക്കുകയുണ്ടായി. വൈവിധ്യമാര്‍ന്ന സ്വഭാവവിശേഷങ്ങളുള്ള ജന്തുക്കളുടെ സങ്കീര്‍ണ സമാഹാരം മാത്രമാണ് എന്റമോസ്ട്രാക്കയെന്ന് മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഈ ജന്തുക്കളെയെല്ലാം ഒരൊറ്റ വിഭാഗത്തിനുള്ളില്‍ വര്‍ഗീകരിച്ചൊതുക്കുക ശാസ്ത്രീയമല്ലെന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി. ഇന്ന് ക്രസ്റ്റേഷ്യാ ഉപഫൈലത്തെ കെഫാലോക്കാരിഡ (Cephalocarida), ബ്രാങ്കിയോപോഡ (Branchiopoda), ഒസ്ട്രാക്കോഡ (Ostracoda), റെമിപീഡിയ (Remipedia), മാക്സില്ലോപോഡ (maxillopoda) മലാക്കോസ്ട്രാക്ക (Malacostraca) എന്നിങ്ങനെ 6 ഉപവര്‍ഗങ്ങളായിട്ടാണ് തിരിച്ചിട്ടുള്ളത്. പരക്കെ അംഗീകാരം സിദ്ധിച്ചിട്ടുള്ള വര്‍ഗീകരണവും ഇതുതന്നെയാണ്. ക്രസ്റ്റേഷ്യയെ ഒരു വര്‍ഗമായി പരിഗണിക്കുന്ന ശാസ്ത്രജ്ഞരും കുറവല്ല.

വളരെയധികം സാമ്പത്തികപ്രാധാന്യമുള്ള ജീവികളെ ഉള്‍ക്കൊള്ളുന്ന ജന്തുവര്‍ഗം എന്ന നിലയില്‍ ക്രസ്റ്റേഷ്യയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. സമുദ്രജലത്തില്‍ വേലാപവര്‍ത്തി ജീവിതം നയിക്കുന്ന ക്രസ്റ്റേഷ്യകള്‍ നിരവധിയാണ്. ഇവ മത്സ്യങ്ങളുടെ ആഹാരം എന്ന നിലയില്‍ പ്രയോജനപ്പെട്ടുവരുന്നു.

മനുഷ്യനു പ്രയോജനകാരികളും സാമ്പത്തിക പ്രാധാന്യമുള്ളവയും ആയ ധാരാളം ക്രസ്റ്റേഷ്യകളും ഉണ്ട്. കൊഞ്ചിനങ്ങള്‍, ഞണ്ടുവര്‍ഗങ്ങള്‍, ലോബ്സ്റ്ററുകള്‍ തുടങ്ങി മനുഷ്യന്‍ ആഹാരാവശ്യങ്ങള്‍ക്കുപയോഗിക്കുന്നവയും നിരവധിയാണ്. ഇന്ത്യയിലെ സമുദ്രവിഭവങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാനം കൊഞ്ചിനുണ്ട്. കൊഞ്ചുത്പാദകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം വര്‍ഷങ്ങളായി ഒന്നാമതുതന്നെയാണ്. അന്താരാഷ്ട്ര വിപണിയില്‍ അധിക ഡിമാന്റുള്ള ഇവ വളരെയധികം വിദേശനാണ്യവും നേടിത്തരുന്നുണ്ട്. നോ. ആര്‍ത്രോപ്പോഡ; കൊഞ്ച്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍