This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രയോലൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രയോലൈറ്റ്

Cryolite

ഒരു സോഡിയം അലുമിനിയം ഫ്ളൂറൈഡ് ധാതു: ചമ3 അഹ എ6. ഹാലൊജന്‍ വാഹിയായ അപൂര്‍വം നൈസര്‍ഗിക ധാതുക്കളിലൊന്ന്.

'മഞ്ഞുകല്ല്' (ice stone) എന്നര്‍ഥം വരുന്ന ഗ്രീക്പദത്തില്‍നിന്നാണ് ക്രയോലൈറ്റ് എന്ന പേരിന്റെ നിഷ്പത്തി. നിറമില്ലാത്ത അവസ്ഥ മുതല്‍ വെളുത്ത നിറത്തില്‍ വരെ കാണപ്പെടുന്ന ക്രയോലൈറ്റ് ക്രിസ്റ്റലുകള്‍ കാഴ്ചയില്‍ മഞ്ഞുകല്ലുകള്‍ക്ക് സദൃശമായിരിക്കുന്നതാണ് ഈ പേരിനാധാരം. എന്നാല്‍, വളരെ അപൂര്‍വമായ തവിട്ടുനിറവും ചുവപ്പും കറുപ്പുനിറംപോലും ഉള്ള ക്രിസ്റ്റലുകള്‍ കാണാറുണ്ട്. ഈ ധാതുവിന്റെ അപവര്‍ത്തനാങ്കം (refractive index) 1.388 ആണ്. ഇത് ജലത്തിന്റേതിനോട് വളരെ അടുത്തായതിനാല്‍ ഇതിന്റെ ക്രിസ്റ്റലുകളോ ചെറുതരികള്‍പോലുമോ ജലത്തില്‍ 'അദൃശ്യ'മാകുന്നു. മോണോക്ലിനിക് സിസ്റ്റത്തില്‍ ക്രിസ്റ്റലുകള്‍ രൂപംകൊള്ളുന്ന ഇതിന്റെ കാഠിന്യം മോ സ്കെയില്‍ (Moh's scale) പ്രകാരം 2.5; ആപേക്ഷികസാന്ദ്രത 2.95. നൈസര്‍ഗിക ധാതുവില്‍ 54.3 ശതമാനം ഫ്ളൂറിനും, 12.8 ശതമാനം അലുമിനിയവും 32.9 ശതമാനം സോഡിയവും അടങ്ങിയിരിക്കുന്നു.

ശിലാപരമായ ജനിതകസ്വഭാവപ്രകാരം പെഗ്മറ്റൈറ്റുകളില്‍ കാണപ്പെടുന്ന ഈ ധാതു, പ്രാഥമിക ജലതാപീയ ദ്രാവകങ്ങളില്‍ (Primary hydrothermal fluids) നിന്നു ക്രിസ്റ്റലീകരിക്കുന്നു. പൂര്‍വവര്‍ത്തികളായ സിലിക്കേറ്റ് ധാതുക്കളില്‍ ഫ്ളൂറിന്‍ വാഹികളായ ലായനികളുടെ പ്രവര്‍ത്തനഫലമായും ക്രയോലൈറ്റ് രൂപംകൊള്ളുന്നു. സിഡറൈറ്റ് (siderit), ഗലീന (galena), ചാല്‍കോപൈറൈറ്റ് (chalcopyrite) എന്നിവയാണ് ക്രയോലൈറ്റുമായി ചേര്‍ന്നു കാണുന്ന മറ്റു ധാതുക്കള്‍.

ഒരു അപൂര്‍വ ധാതുവായ ക്രയോലൈറ്റ് ആദ്യമായി കണ്ടെത്തിയത് ഗ്രീന്‍ലന്‍ഡിലെ ഇവിഗുട്ടി(Ivigtut)ലാണ്. ഇതുതന്നെയാണ് ക്രയോലൈറ്റിന്റെ അറിയപ്പെടുന്ന ഏക വ്യാവസായിക ഉറവിടവും. ഇവിടെ ഈ ധാതു പോര്‍ഫിറിറ്റിക് ഗ്രാനൈറ്റിനു കുറുകെയുള്ള ഒരു പെഗ്മറ്റൈറ്റില്‍ ഫ്ളൂവൊര്‍സ്പര്‍ (fluorspar), സിഡറൈറ്റ് (Siderite), പൈറൈറ്റ് (Pyrite), ആഴ്സനോ പൈറൈറ്റ് (Arsanopyrite), ഗലീന (galena), ടോപാസ് (Topaz), മോളിബ്ഡനൈറ്റ് (Molybdenite), മറ്റ് അസംഖ്യം അപൂര്‍വ അലുമിനിയം ഫ്ളൂറൈഡ് ധാതുക്കള്‍ എന്നിവയുമായി ചേര്‍ന്നുകാണുന്നു. മുന്‍ സോവിയറ്റ് യൂണിയന്‍, സ്പെയിന്‍, കാനഡ, കൊളറാഡോ, നൈജീരിയ തുടങ്ങിയ ചില സ്ഥലങ്ങളിലും ക്രയോലൈറ്റിന്റെ ചെറുനിക്ഷേപങ്ങളുണ്ട്.

ആദ്യം ക്രയോലൈറ്റിനെ ലോഹികസോഡിയത്തിന്റെയും അലുമിനിയത്തിന്റെയും ഒരു ഉറവിടമായാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇതു ക്രമേണ ലാഭകരമല്ലാതായതിനെത്തുടര്‍ന്ന് 1889-ല്‍ ഈ ധാതുവിന് മറ്റൊരു പ്രധാന പദവി ലഭ്യമായി. 'ഹാള്‍ പ്രക്രിയ'യില്‍ അലൂമിന ലഘൂകരിച്ച് അലുമിനിയം ലോഹമാകുന്നതിനുപയോഗിക്കുന്ന ഉരുകിയ ലായനി ഈ ധാതുവിന്റേതാണ്. ഇപ്രകാരം അലുമിനിയം-വ്യവസായത്തില്‍ ക്രയോലൈറ്റിന്റെ ആവശ്യകത വര്‍ധിച്ചതോടെ നൈസര്‍ഗികധാതുമാത്രം തികയാതെവന്നു. ഈ കുറവു നികത്തുന്നതിന് ഹൈഡ്രോഫ്ളൂറിക് ആസിഡ്, സോഡിയം കാര്‍ബണേറ്റ്, അലുമിനിയം ഹൈഡ്രേറ്റ് എന്നിവയില്‍നിന്ന് കൃത്രിമമായി ക്രയോലൈറ്റ് നിര്‍മിച്ചുപയോഗിക്കാനാരംഭിച്ചു. കളിമണ്‍ വ്യവസായത്തില്‍ ഇനാമലുകള്‍ക്ക് ശ്വേതനിറം നല്കുന്നതിനും സ്ഫടികത്തിന് അതാര്യത നല്കുന്നതിനും ക്രയോലൈറ്റ് ഉപയോഗിക്കുന്നു. ഗ്രൈന്റിങ് വീലുകളെയും അബ്രേസീവുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും, വെല്‍ഡിങ് ദണ്ഡുകളുടെ ആവരണത്തിലെ ഒരു ഘടകം എന്ന നിലയ്ക്കും ക്രയോലൈറ്റ് ഉപയോഗിക്കപ്പെടുന്നു. വളരെ നേര്‍മയായി പൊടിച്ച ക്രയോലൈറ്റ് ചില കീടനാശക മിശ്രങ്ങളിലെ ഒരു സജീവ അഭികാരകമാണ്.

(ഡോ. എം. സന്തോഷ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍