This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രമഭംഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രമഭംഗം

Mitosis

ജന്തുക്കളിലും സസ്യങ്ങളിലും നടക്കാറുള്ള ഒരിനം കോശവിഭജനം. സമവിഭജനം എന്നും പറയാം. ഈ വിഭജനപ്രക്രിയയിലൂടെ രൂപമെടുക്കുന്ന പുത്രികാകോശങ്ങളില്‍ ക്രോമസോമുകളുടെ സംഖ്യ മാതൃകോശങ്ങളിലുണ്ടായിരുന്നതിനോട് തുല്യമായിരിക്കും.

ചരട് എന്നര്‍ഥമുള്ള മൈറ്റോസ് എന്ന ഗ്രീക് പദത്തില്‍നിന്നാണ് മൈറ്റോസിസ് എന്ന ഇംഗ്ലീഷ്പദം നിഷ്പന്നമായത്. കോശവിഭജനം ആരംഭിക്കുമ്പോള്‍ കോശകേന്ദ്രത്തിനുള്ളിലെ സൂക്ഷ്മങ്ങളായ ക്രൊമാറ്റിന്‍ജാലം നീണ്ടുനേര്‍ത്ത് ചരടുകളായി രൂപാന്തരപ്പെടുന്നു. കോശകേന്ദ്രത്തിലെ ക്രേമസോമുകളാണ് ഇപ്രകാരം ചരടുകളുടെ രൂപം കൈവരിക്കുന്നത്. കോശകേന്ദ്രവിഭജനത്തിലെ ആദ്യത്തെ സ്പഷ്ടവ്യതിയാനവും ഇതുതന്നെയാണ്.

ചിത്രം:Pg344_scree005.png‎

സസ്യങ്ങളിലും ജന്തുക്കളിലും ഏറ്റവും കൂടുതല്‍ കോശവിഭജനവും വളര്‍ച്ചയും സംഭവിക്കുന്നത് ക്രമഭംഗത്തിലൂടെയാണ്. വളരെ ക്രമീകൃതമായ വേഗത്തിലും തോതിലും മാത്രമേ ഇത് നടക്കാറുള്ളൂ. അനവധി മാറ്റങ്ങളുള്ള അവിരാമമായൊരു പരമ്പരയാണിതെങ്കിലും പഠനസൗകര്യത്തിനായി ഇതിനെ പ്രൊഫെയ്സ് (പ്രാരംഭഘട്ടം), മെറ്റാഫെയ്സ് (മധ്യഘട്ടം), അനാഫെയ്സ് (പുരോഘട്ടം), ടീലോഫെയ്സ് (വിഭജനഘട്ടം) എന്നിങ്ങനെ നാലുഘട്ടങ്ങളിലായി വേര്‍തിരിച്ചിട്ടുണ്ട്. കോശവിഭജനത്തോടെ അവസാനിക്കുന്ന ഈ മാറ്റങ്ങള്‍ക്കുശേഷം കോശകേന്ദ്രം അടുത്ത വിഭജനത്തിനു തൊട്ടുള്ള വിശ്രമാവസ്ഥയി(Resting Stage)ലേക്കു പ്രവേശിക്കുന്നു.

വിശ്രമാവസ്ഥ. രണ്ടു വിഭജനങ്ങള്‍ക്കിടയ്ക്കുള്ള ഘട്ടത്തില്‍ കോശകേന്ദ്രം വിശ്രമിക്കുകയാണെന്ന് സാമാന്യമായി പറയാം. സൂക്ഷ്മദര്‍ശിനിയിലൂടെ വീക്ഷിക്കുമ്പോള്‍ കോശകേന്ദ്രത്തിന് പ്രകടമായ മാറ്റങ്ങളൊന്നുംതന്നെ ഈ അവസ്ഥയില്‍ കാണാറില്ല. വിശ്രമാവസ്ഥയിലുള്ള കോശകേന്ദ്രത്തിനകത്ത് വളരെയധികം ജൈവരാസപ്രവര്‍ത്തനങ്ങളും, അടുത്ത വിഭജനത്തിനുള്ള തയ്യാറെടുപ്പും നടക്കുന്നുണ്ട്. രണ്ടു വിഭജനങ്ങള്‍ക്കിടയ്ക്കുള്ള വിശ്രമാവസ്ഥയിലെ 'വിശ്രമം' വെറും സാങ്കല്പികമാണ്. ഈ ഘട്ടത്തില്‍ കോശകേന്ദ്രസ്തരത്തിനു മാറ്റമൊന്നും സംഭവിക്കുന്നില്ല. മാത്രമല്ല. ന്യൂക്ലിയോലസും (Nucleolus) ക്രൊമാറ്റിന്‍ജാലവും അതില്‍ വ്യക്തമായിത്തന്നെ കാണാം.

പ്രൊഫെയ്സ് (പൂര്‍വാവസ്ഥ). ക്രമഭംഗത്തിന്റെ പ്രാരംഭഘട്ടത്തിലുള്ള കോശകേന്ദ്രം വ്യക്തമായ കോശകേന്ദ്രസ്തരത്തിനകത്തായി കാണപ്പെടുന്നു. ഇതിന്റെ ക്രൊമാറ്റിന്‍ജാലം നിശ്ചിതമായ ക്രോമസോമുകളായി രൂപപ്പെടുന്നതോടെ പ്രൊഫെയ്സ് ആരംഭിക്കുന്നു. പ്രാരംഭഘട്ടം പുരോഗമിക്കുന്തോറും ക്രൊമാറ്റിന്‍ജാലം അതിന്റെ ജടിലരൂപം കൈവിട്ട് സരളതന്തുരൂപം കൈവരിക്കാനാരംഭിക്കുന്നു. ഇതിന്റെ നീണ്ടുനേര്‍ത്ത കെട്ടുപിണഞ്ഞ നാരുകള്‍ അയഞ്ഞുവരുന്നു. പ്രാരംഭഘട്ടം അവസാനിക്കാറാകുമ്പോഴേക്ക് ഈ നാരുകള്‍ കൂടുതല്‍ വ്യക്തമാകുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ ഓരോ ക്രോമസോമിനും നടുവിലൂടെ നെടുനീളത്തില്‍ ഒരു വിഭജനരേഖ ദൃശ്യമാവുന്നു. ഓരോ ക്രോമസോമും ക്രൊമാറ്റിഡുകള്‍ (Chromatids) എന്നറിയപ്പെടുന്ന ഒരു നേര്‍ത്ത ചരടുകളായി വേര്‍തിരിയുന്നു. ഇരു ക്രൊമാറ്റിഡുകളെയും സെന്‍ട്രോമിയര്‍ എന്ന ഒരു നേരിയഭാഗംകൊണ്ട് യോജിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഈ അവസ്ഥയില്‍ ക്രോമസോമുകളുടെ ഇരട്ടി എണ്ണം ക്രൊമാറ്റിഡുകള്‍ ഉണ്ടാകും. ഒരു കോശത്തിലെ തന്നെ വിവിധ ക്രോമസോമുകള്‍ക്ക് പല ആകൃതിയാണുള്ളത്. കൊളുത്തിന്റെ ആകൃതിയിലോ ദണ്ഡിന്റെ രൂപത്തിലോ ഒരു കുത്തുമാത്രമായോ ഇവ കാണപ്പെടാറുണ്ട്. സാധാരണയായി ക്രോമസോമുകള്‍ ജോടികളായിട്ടാണ് കാണപ്പെടുക. മനുഷ്യന് 23 ജോടിയും നായയ്ക്ക് 39 ജോടിയും ക്രോമസോമുകളാണുള്ളത്.

കോശകേന്ദ്രത്തിനുള്ളില്‍ ഈ മാറ്റങ്ങള്‍ നടക്കുന്നതോടൊപ്പം തന്നെ കോശത്തിനകത്തും നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്നു. ന്യൂക്ലിയോലസുകള്‍ അവ്യക്തമാവുകയും ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. കോശകേന്ദ്രസ്തരത്തിന് പുറമെയായി ഉണ്ടായിരുന്ന സെന്‍ട്രിയോള്‍ രണ്ടായി വിഭജിക്കപ്പെടുന്നു. ഇവ പരസ്പരം അകലുകയും കോശകേന്ദ്രത്തിന്റെ വിപരീതധ്രുവങ്ങളില്‍ ചെന്നെത്തുകയും ചെയ്യുന്നു. സെന്‍ട്രിയോളുകളെ ചുറ്റിയുള്ള സൈറ്റോപ്ലാസമാണ് കീലതന്തുക്കള്‍ (spindle fibers) ആയി രൂപാന്തരപ്പെടുന്നത്. ഈ നേര്‍ത്ത കിരണങ്ങളോടുകൂടിയ സെന്‍ട്രിയോളിനെ ആസ്റ്റര്‍ (Aster-താരകം) എന്നു പറയുന്നു. സസ്യകോശങ്ങളില്‍ ഇത്തരം ആസ്റ്ററുകള്‍ കാണാറില്ല.

മെറ്റാഫെയ്സ് (മധ്യാവസ്ഥ). കോശകേന്ദ്രസ്തരവും ന്യൂക്ലിയോലസും അപ്രത്യക്ഷമാകുന്നതോടെ കോശം വിഭജനത്തിന്റെ രണ്ടാമത്തെ ഘട്ടമായ മധ്യാവസ്ഥയില്‍ പ്രവേശിക്കുന്നു. ക്രോമസോമുകള്‍ കൂടുതല്‍ ചുരുങ്ങുന്നു. അതിനാല്‍ പൂര്‍വാവസ്ഥയുടെ അവസാനം കാണപ്പെടുന്നതിനെക്കാള്‍ വളരെ വ്യക്തമായി അവയെ മധ്യാവസ്ഥയില്‍ കാണാന്‍ കഴിയും. കോശകേന്ദ്രത്തിന്റെ മധ്യഭാഗത്താണ് ഈ ക്രോമസോമുകള്‍ സ്ഥിതിചെയ്യുന്നത്. ഓരോ ക്രോമസോമിനും നടുവിലൂടെ നേരത്തേതന്നെ ഉണ്ടായ നെടുനീളത്തിലുള്ള വിഭജനരേഖ ഈയവസരത്തില്‍ കൂടുതല്‍ ആഴത്തില്‍ ചാലുപോലെ ആയിത്തീരുന്നു. ഈ ചാലിന്റെ ആഴം കൂടിക്കൂടിവന്ന്, ഓരോ ക്രൊമാറ്റിഡും നെടുനീളത്തില്‍ രണ്ടായി പിളരുന്നു. ഈ ഘട്ടത്തിലെത്തുമ്പോഴേക്കും ക്രോമസോമുകള്‍ പഴയതിലും നീളംകുറഞ്ഞ് വണ്ണംകൂടിയ സ്ഥിതിയിലായിരിക്കും. ഓരോ ക്രോമസോമിന്റെയും ഇരട്ടരൂപം തികച്ചും വ്യക്തമായിത്തീരുന്നു. ഇത്തരം ക്രോമസോമുകള്‍ കോശത്തിന്റെ മധ്യഭാഗത്ത് ഒരേതലത്തില്‍ വിന്യസിച്ചിരിക്കുന്നു എന്നതാണ് മധ്യാവസ്ഥയുടെ പ്രത്യേകത. ഇപ്രകാരം ക്രോമസോമുകള്‍ കാണപ്പെടുന്ന തലമാണ് മധ്യവര്‍ത്തീതലം (Equatorial plane) എന്നറിയപ്പെടുന്നത്. മെറ്റാഫെയ്സിന്റെ ഈ ഘട്ടത്തില്‍ ക്രോമസോമുകളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനാവും.

മധ്യാവസ്ഥയിലുണ്ടാകുന്ന മറ്റൊരു മാറ്റം സൈറ്റോപ്ലാസത്തില്‍നിന്ന് കീലതന്തുക്കള്‍ രൂപമെടുക്കുന്നു എന്നതാണ്. വളരെ ലോലമായ നാരുകളാണിവ. ഇവയുടെ ഒരറ്റം മധ്യതലത്തിലുള്ള ക്രോമസോമുകളുടെ സെന്‍ട്രോമിയറിനോടു യോജിച്ചിരിക്കുന്നു. സെന്റട്രോമിയറിനോടു യോജിക്കാത്ത അറ്റങ്ങള്‍ രണ്ട് എതിര്‍ ധ്രുവങ്ങളിലും കേന്ദ്രീകരിച്ചിരിക്കും.

മധ്യാവസ്ഥയില്‍ ഓരോ ക്രോമസോമും സെന്‍ട്രോമിയര്‍ ഒഴികെ നെടുനീളത്തില്‍ വിഭജിച്ചിരിക്കുന്നു. ഓരോ അര്‍ധക്രോമസോമും ഒരു ക്രൊമാറ്റിഡ് ആണ്. മധ്യാവസ്ഥ അവസാനിക്കുമ്പോഴേക്കും ഓരോ ക്രൊമാറ്റിഡിലും നേരത്തേ ക്രോമസോമില്‍ ഉണ്ടായിരുന്നതുപോലെ തന്നെ നെടുനീളത്തില്‍ ഓരോ വിഭജനരേഖ പ്രത്യക്ഷപ്പെടുന്നു.

അനാഫെയ്സ് (പുരോവസ്ഥ). കോശവിഭജനത്തിലെ മൂന്നാമത്തെ ഘട്ടമാണിത്. ഈ ഘട്ടത്തിന്റെ ആരംഭത്തില്‍ ഓരോ ക്രോമസോമിന്റെയും സെന്‍ട്രോമിയര്‍ അതതിന്റെ ക്രൊമാറ്റിഡുകള്‍ വെവ്വേറെയാകത്തവിധം നെടുനീളത്തില്‍ മുറിയുന്നു. പക്ഷേ. ഇത് സംഭവിക്കുന്നത് മധ്യാവസ്ഥയുടെ അവസാനഘട്ടത്തിലാണോ അനാഫെയ്സിന്റെ ആദ്യത്തിലാണോ എന്നത് കൃത്യമായി പറയാനാവില്ല. സെന്‍ട്രോമിയര്‍ നെടുനീളത്തില്‍ വിഭജിച്ച് ക്രൊമാറ്റിഡുകള്‍ വേര്‍പെടുന്നു. വേര്‍പെട്ടശേഷമുള്ള ഓരോ ക്രൊമാറ്റിഡും ഓരോ ക്രോമസോം തന്നെയായി കണക്കാക്കാവുന്നതാണ്. ഈ ക്രോമസോമുകള്‍ ഓരോന്നും കീലതന്തുവിന്റെ അഗ്രത്തായി സെന്‍ട്രോമിയര്‍വഴി ബന്ധപ്പെട്ടിരിക്കുന്നു. പിന്നീട് ഇരുധ്രുവങ്ങളിലേക്കും ക്രോമസോമുകള്‍ നീങ്ങാന്‍ തുടങ്ങുന്നു. ഇപ്രകാരം ഇവ നീങ്ങുമ്പോള്‍ ഇവയുടെ സെന്‍ട്രോമിയര്‍ഭാഗം മുന്നിലും ബാക്കിഭാഗം പിന്നിലുമായിരിക്കും. മാതൃക്രോമസോമിന്റെ സെന്‍ട്രോമിയര്‍ നെടുനീളത്തില്‍ വിഭജിക്കുമ്പോള്‍ പുതിയതായുണ്ടാകുന്ന പുത്രികാക്രോമസോമുകള്‍ പരസ്പരവികര്‍ഷണ സ്വഭാവം കാണിക്കുന്നു. മാതൃകോശകേന്ദ്രത്തിലുണ്ടായിരുന്നത്രയും എണ്ണം ക്രോമസോമുകള്‍ രണ്ടു ധ്രുവങ്ങളിലേക്കും നീങ്ങുന്നതോടെ അനാഫെയ്സിന്റെ അന്ത്യഘട്ടത്തിലെത്തിയതായി കരുതാം.

ടീലോഫെയ്സ് (അന്ത്യാവസ്ഥ). മാതൃകോശകേന്ദ്രത്തിലുണ്ടായിരുന്നതിനു സമമായ തോതില്‍ ക്രോമസോമുകള്‍ ഇരുധ്രുവങ്ങളിലും എത്തിച്ചേരുന്നതോടെ കീലതന്തുക്കള്‍ അപ്രത്യക്ഷമാവുന്നു. ഈ ഘട്ടത്തില്‍ ക്രോമസോമുകള്‍ നീണ്ടുനേര്‍ത്ത ക്രൊമാറ്റിന്‍ നാരുകളായിത്തീരുന്നു. ഓരോ ധ്രുവത്തിലുമുള്ള ക്രോമസോമുകള്‍ ചേര്‍ന്ന് പുത്രികാകോശങ്ങളില്‍ കോശകേന്ദ്രങ്ങള്‍ രൂപീകരിക്കപ്പെടുന്നു. ഓരോ കോശകേന്ദ്രത്തിലും പിതൃകോശത്തിലെന്നതുപോലെ തുല്യമായ എണ്ണവും രൂപവുമുള്ള ക്രോമസോമുകളുണ്ട്. കോശകേന്ദ്രവിഭജനവേളയില്‍ ഓരോ ക്രോമസോമും മുമ്പത്തേതുപോലെയുള്ള ഒരു ക്രൊമാറ്റിഡിനെ പുനരുത്പാദിപ്പിച്ചു എന്നതാണ് ഇതിനുകാരണം. ന്യൂക്ലിയോലസും കോശകേന്ദ്രസ്തരവും പുതിയതായി ഉണ്ടാകുന്നു. മാതൃകോശത്തിലുണ്ടായിരുന്ന കോശകേന്ദ്രത്തിനു സമമായ രണ്ട് കോശകേന്ദ്രങ്ങള്‍ ഒരേ കോശത്തിനകത്ത് രൂപംകൊള്ളുന്നതോടെ ടീലോഫെയ്സ് അവസാനിക്കുന്നു.

സൈറ്റോപ്ലാസാവിഭജനവും ഭിത്തിനിര്‍മാണവും. ഒരു കോശത്തിലെ മുഴുവന്‍ സൈറ്റോപ്ലാസവും ഏകദേശം തുല്യമായ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെടുന്നു. ജന്തുകോശങ്ങളില്‍ സൈറ്റോപ്ലാസവിഭജനം വെറും ഉപസങ്കോചനംമൂലമാണ് സംഭവിക്കുന്നത്. മൈറ്റോസിസിന്റെ അനാഫെയ്സില്‍ ആരംഭിക്കുന്ന സൈറ്റോപ്ലാസവിഭജനം അന്ത്യാവസ്ഥയുടെ അവസാനത്തോടെ പൂര്‍ണമാവുകയും ചെയ്യുന്നു. സസ്യകോശങ്ങളില്‍ സൈറ്റോപ്ലാസവിഭജനം ആരംഭിക്കുന്നത് അന്ത്യഅനാഫെയ്സ് ദശയില്‍ കോശമധ്യത്തില്‍ ഒരു കോശഫലക(cell plate)ത്തിന്റെ രൂപീകരണത്തോടെയാണ്.

ടീലോഫെയ്സില്‍ത്തന്നെ കീലതന്തുക്കള്‍ അപ്രത്യക്ഷമാവുന്നു എങ്കിലും കോശത്തിനു മധ്യഭാഗത്ത് അവ കുറച്ചുസമയം കൂടി അവശേഷിക്കുന്നു. ഇങ്ങനെ നമുക്ക് അവശേഷിക്കുന്ന കീലതന്തുക്കള്‍ക്ക് കുറുകെയാണ് പുതിയ ഭിത്തിയുണ്ടാകുന്നത്. ചില പെക്റ്റിക് രാസവസ്തുക്കളടങ്ങിയ പദാര്‍ഥങ്ങള്‍ ചെറുതരികള്‍പോലെ കീലതന്തുക്കള്‍ക്കു കുറുകെ കോശത്തിന്റെ മധ്യഭാഗത്തായി നിക്ഷേപിക്കപ്പെടാന്‍ തുടങ്ങുന്നതോടെ കോശഭിത്തിനിര്‍മാണവും ആരംഭിക്കുന്നു. ഇങ്ങനെയുണ്ടാകുന്നതലം ക്രമേണ സൈറ്റോപ്ലാസത്തെ രണ്ടായി വിഭജിച്ചുകൊണ്ട്, ലോലമായ ഒരു സ്തരംപോലെ മാതൃകോശഭിത്തിയുടെ ദിശയിലേക്കു വളരുന്നു. ഈ വളര്‍ച്ചയ്ക്കു കാരണം കൂടുതല്‍ കൂടുതല്‍ നിക്ഷേപിക്കപ്പെടുന്ന പെക്റ്റിക് പദാര്‍ഥങ്ങളുടെയും സെല്ലുലോസ് വസ്തുക്കളുടെയും കണികകളാണ്. ഈ പദാര്‍ഥങ്ങള്‍ സൈറ്റോപ്ലാസത്തില്‍നിന്നുതന്നെയാണ് ഉണ്ടാകുന്നത്. ആദ്യമായുണ്ടാകുന്ന ഈ ലോലസ്തരം മധ്യലാമെല്ല (middle lamella) ആയിത്തീരുന്നു. ഈ മധ്യലാമെല്ലയ്ക്കിരുവശത്തും സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്റ്റിക് പദാര്‍ഥങ്ങള്‍ എന്നിവ ചേര്‍ത്ത് പ്രാഥമിക ഭിത്തി രൂപമെടുക്കുന്നു. പുതിയതായുണ്ടാകുന്ന മധ്യലാമെല്ലയും പ്രാഥമിക ഭിത്തിയും മാതൃകോശത്തിലൂടെ മധ്യലാമെല്ലയോടും പ്രഥമഭിത്തിയോടുകൂടിച്ചേരുന്നു. ഇങ്ങനെ യോജിക്കുന്ന കോണില്‍ ഒരു ചെറിയ വായു അറ ഉണ്ടായിരിക്കും. ഇതാണ്, കോശാന്തരീയവായു അറ (Inter Cellur air space) ആയിത്തീരുന്നത്. കോശഭിത്തിയുടെ രൂപവത്കരണത്തോടെ സൈററോപ്ലാസവിഭജനം സൈറ്റോകൈനെസിസ് (Cytokinesis) എന്നും കോശകേന്ദ്രവിഭജനം കാരിയോകൈനെസിസ് (Karyokinesis) എന്നും അറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍