This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യൂറിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യൂറിയം

Curium

റേഡിയോ ആക്റ്റിവതയുള്ള ഒരു മൂലകം. അറ്റോമിക സംഖ്യ. 96 അറ്റോമികഭാരം (ഏറ്റവും സ്ഥിരമായ ഐസോടോപ്പിന്റേത്) 247. സിംബല്‍ Cm. ഇതു പ്രകൃതിയില്‍ ലഭ്യമല്ല; കൃത്രിമമായി നിര്‍മിച്ചെടുക്കുന്നു. ക്യൂറി ദമ്പതിമാരോടുള്ള ബഹുമാനസൂചകമായാണ് ഈ മൂലകത്തിനു ക്യൂറിയം എന്ന പേര് നല്കിയത്. ആവര്‍ത്തനപ്പട്ടികയില്‍ ആക്റ്റിനൈഡുശ്രേണിയിലെ അംഗമാണ് ക്യൂറിയം. 96 Cm247 ആണ് ക്യൂറിയത്തിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോടോപ്പ്. ഇതിന്റെ അര്‍ധായുസ്സ് 1.64 x 107 വര്‍ഷമാണെന്ന് കണക്കാക്കിയിരിക്കുന്നു. മറ്റു പ്രധാനപ്പെട്ട ഐസോടോപ്പുകളും അവയുടെ അര്‍ധായുസ്സും താഴെ കൊടുക്കുന്നു. ഇവയെല്ലാം ആല്‍ഫാകണം ഉത്സര്‍ജിക്കുന്നവയാണ്.

ചിത്രം:Page340_screen.png‎

ക്യൂറിയത്തിന്റെ ഉരുകല്‍നില 1340 ± 40oC ആണ്. അയോണിക ത്രിജ്യ (ionic radius) Cm 3+ = 0.98A. ഇലക്ട്രോണിക വിന്യാസം ഇപ്രകാരമാണ്; 1s2, 2s2, 2p6, 3s2, 3p6, 3d10, 4s2, 4p6, 4d10,4f14, 5s2, 5p6, 5d10, 5f7, 6s2, 6p6, 6d1, 7s2.

1944-ലാണ് ഈ ലോഹം ആദ്യമായി നിര്‍മിച്ചത്. ഗ്ളെന്‍.ടി. സീബോര്‍ഗ്, ആര്‍.എ.ജയിംസ്, എ. ഗിറോസേവ് എന്നിവരുടെ ശ്രമഫലമായാണ് ഈ മൂലകം കണ്ടെത്താന്‍ കഴിഞ്ഞത്. പ്ളൂട്ടോണിയം ഐസോടോപ്പിനെ (94Pu239) ആല്‍ഫാകണങ്ങള്‍ കൊണ്ടു പായിച്ചാണ് ക്യൂറിയം ഐസോടോപ്പിനെ (Cm242) സൃഷ്ടിച്ചത്. പിന്നീട് അമേരിക്കം ഐസോടോപ്പും (95Am241) ന്യൂട്രോണുകളും തമ്മില്‍ പ്രതിപ്രവര്‍ത്തിച്ച് ഐ. വേള്‍മാന്‍, എല്‍.ബി. വെര്‍മാ എന്നിവരും ക്യൂറിയം ഐസോടോപ്പിനെ സൃഷ്ടിച്ചു (1947). ഈ പ്രക്രിയ ഇങ്ങനെ സംഗ്രഹിക്കാം:

ചിത്രം:Pg340scree02.png‎

ക്യൂറിയം ട്രൈഫ്ളൂറൈഡിനെ ശൂന്യതയില്‍ വച്ച് ബേരിയം ബാഷ്പത്തിന്റെ സാന്നിധ്യത്തില്‍ ചൂടാക്കി (1100 - 1300oC) ശുദ്ധലോഹത്തെ വേര്‍തിരിക്കാം.

വെള്ളിയുടെ നിറമാണ് ക്യൂറിയത്തിന്. ഘനത്വം വളരെ കുറഞ്ഞ ഈ ലോഹം ആവശ്യാനുസരണം വലിച്ചു നീട്ടാനും അടിച്ചുപരത്താനും കഴിയും. വായു സാന്നിധ്യത്തില്‍ ലോഹത്തിന്റെ നിറംമങ്ങും. ഹൈഡ്രജനുമായിച്ചേര്‍ന്ന് ഒരു ഹ്രൈഡ്രൈഡ് ഉണ്ടാകുന്നു. അത്യധികം പ്രതിപ്രവര്‍ത്തനശേഷിയുള്ളതാണ് ക്യൂറിയം. ഇതിന്റെ ലവണലായനികള്‍ ജലത്തെ വിഘടിപ്പിക്കുന്നു. എന്നിരുന്നാലും ക്യൂറിയത്തിന്റെ പല സംയുക്തങ്ങളും നിര്‍മിച്ചിട്ടുണ്ട്. Cm (III)ന്റെ എല്ലാ ഖരസംയുക്തങ്ങള്‍ക്കും പൊതുവേ മഞ്ഞനിറമാണുള്ളത്. Cm (III) സംയുക്തങ്ങളുടെ ലേയത്വസ്വഭാവങ്ങള്‍ മറ്റു ട്രൈപോസിറ്റീവ് ആക്റ്റിനൈഡ് മൂലകങ്ങള്‍ക്കും ക്ഷാരമൃത്തു ലോഹങ്ങള്‍ക്കും ഏതാണ്ടു സമാനമാണ്. ക്യൂറിയത്തിന്റെ ഫ്ളൂറൈഡുകളും ഓക്സലേറ്റുകളും അമ്ളലായനികളില്‍ അലേയമാണ്. എന്നാല്‍ നൈട്രേറ്റുകള്‍, ഹാലൈഡുകള്‍, സള്‍ഫേറ്റുകള്‍, പെര്‍ക്ലോറേറ്റുകള്‍, സള്‍ഫൈഡുകള്‍ എന്നിവ അമ്ളലായനികളില്‍ ലയിക്കും. ദൃശ്യസ്പെക്ട്രത്തില്‍ Cm (III) യ്ക്ക് അവശോഷണ ബാന്‍ഡുകളില്ല; എന്നാല്‍ അള്‍ട്രാവയലറ്റ് മേഖലയില്‍ ഉണ്ടുതാനും. ക്യൂറിയത്തിന്റെ ഈ സ്വഭാവം ഗഡോലിനിയത്തിനു സമാനമാണ്.

96Cm242, 96Cm244 എന്നിവയുടെ റേഡിയോ ആക്റ്റിവ് അപക്ഷയ താപത്തെ തെര്‍മോ അയോണിക സംവിധാനങ്ങളുപയോഗിച്ച് വൈദ്യുതിയാക്കി മാറ്റാന്‍ കഴിയും. ഇങ്ങനെ ഉപയോഗിക്കുന്ന ബാറ്ററി സംവിധാനങ്ങള്‍ വളരെ ഒതുക്കമുള്ളതും ഭാരക്കുറവുള്ളതും ആയതിനാല്‍ ബഹിരാകാശ ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കാന്‍ സാധിക്കുന്നു.

(ചുനക്കര ഗോപാലകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍