This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യൂരിയോസിറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യൂരിയോസിറ്റി

Curriocity

ക്യൂരിയോസിറ്റി ഉപഗ്രഹവാഹനം ചിത്രകാരന്റെ ഭാവനയില്‍
ക്യൂരിയോസിറ്റി അയച്ച ചൊവ്വയുടെ പ്രതലചിത്രം

നാസയുടെ ചൊവ്വ പര്യവേക്ഷണ വാഹനം. ചൊവ്വാഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം തേടുകയാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ നൂതന റോബോട്ടിക് പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റിയുടെ ദൗത്യം. ജല, ജൈവ, സാന്നിധ്യം പരിശോധിക്കുന്നതിനായാണ് ക്യൂരിയോസിറ്റി ചൊവ്വയുടെ മണ്ണില്‍ സഞ്ചരിക്കുക. ജീവന്റെ നിലനില്പിനു സഹായകമായ ഘടകങ്ങള്‍, കാലാവസ്ഥ, ആന്തരിക ഘടന എന്നീ വസ്തുതകളാണ് പ്രധാനമായും ഈ പേടകം പഠനവിധേയമാക്കുന്നത്. 2012 വരെ ചൊവ്വയില്‍ ഇറങ്ങിയ പര്യവേക്ഷണ വാഹനങ്ങളില്‍ ഏറ്റവും വലുത് എന്ന സവിശേഷതയും ആറു ചക്രങ്ങളുള്ള റോബോട്ടിക് വാഹനമായ ക്യൂരിയോസിറ്റിക്കുണ്ട്. 687 ഭൗമദിനങ്ങളാണ് ക്യൂരിയോസിറ്റിയുടെ കാലാവധി.

2011 ന. 26-ന് ഫ്ളോറിഡയിലെ കേപ് നൊവെറല്‍ നിലയത്തില്‍ നിന്നാണ് 'മാര്‍സ് സയന്‍സ് ലബോറട്ടറി' എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ക്യൂരിയോസിറ്റി വിക്ഷേപിക്കപ്പെട്ടത്. എട്ടുമാസം കൊണ്ട് 56.7 കോടി കി.മീ. പിന്നിട്ട് പേടകം ചൊവ്വയില്‍ എത്തിച്ചേര്‍ന്നു.

അറുപതുകളില്‍ ഒട്ടേറെ പര്യവേക്ഷണ പേടകങ്ങള്‍ ചൊവ്വയെക്കുറിച്ച് പഠിക്കുവാന്‍ ബഹിരാകാശത്ത് എത്തിയിരുന്നു. ഇത്തരത്തില്‍ അമേരിക്കയുടെ മറീനല്‍ പരമ്പരയും വൈക്കിങ് I, II ദൗത്യങ്ങളും ചൊവ്വയെ സംബന്ധിച്ച പല വിവരങ്ങളും ശേഖരിക്കുകയുണ്ടായി. 2004-ല്‍ ചൊവ്വയിലിറങ്ങിയ നാസയുടെ ഇരട്ട റോബോട്ടുകളായ സ്പിരിറ്റ്, ഓപ്പര്‍ച്ച്യൂണിറ്റി എന്നിവയുടെ തുടര്‍ച്ചയാണ് ക്യൂരിയോസിറ്റിയും.

ഒരു ചെറുകാറിന്റെ വലുപ്പവും 899 കിലോഗ്രാം ഭാരവുമുള്ള ക്യൂരിയോസിറ്റി പര്യവേക്ഷണ വാഹനത്തില്‍ പത്തോളം പരീക്ഷണ നിരീക്ഷണ ഉപകരണങ്ങളാണ് ഉള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് യു.എസ്. ഫ്രഞ്ച് നിര്‍മിത കെമസ്ട്രി ആന്‍ഡ് ക്യാമറ എന്ന ലേസര്‍ ഉപകരണം. കൂടാതെ ക്ലോസപ്പ് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന മാഴ്സ് ഹാന്‍ഡ് ലെന്‍സ് ഇമേജര്‍, വാഹനത്തിന്റെ ചുറ്റുമുള്ള ചിത്രങ്ങളെടുക്കാന്‍ സാധിക്കുന്ന മാസ്റ്റ് ക്യാമറ, ചൊവ്വയുടെ ഉപരിതലത്തിലെ വിവിധ മൂലകങ്ങളുടെ അളവ് കണ്ടെത്താനുള്ള ആല്‍ഫാ കണങ്ങള്‍, എക്സ്-റേ സ്പെക്ട്രാ മീറ്റര്‍, ഏഴുമീറ്റര്‍ അകലെയുള്ള പാറക്കഷണങ്ങളെയും മണ്ണിനെയും വരെ ലേസര്‍രശ്മികള്‍ ഉപയോഗിച്ചു ബാഷ്പീകരിച്ച് വിശകലനം ചെയ്യാനുള്ള കെംക്യാം, ചൊവ്വയുടെ അന്തരീക്ഷത്തിലെ അണുവികിരണത്തെക്കുറിച്ച് പഠിക്കുന്നതിനായുള്ള റേഡിയേഷന്‍ അസസ്മെന്റ് ഡിറ്റക്ടര്‍, ഗ്യാസ് ക്രോമോഗ്രാഫ്, മാസ് സ്പെക്ട്രോമീറ്റര്‍, ലേസര്‍ സ്പെക്ട്രോമീറ്റര്‍, എക്സ്-റേ അപവര്‍ത്തനം (Diffractio) തുടങ്ങിയവയും ഉള്‍പ്പെടുന്നു. ഇവയുടെ ആകെ ഭാരം 75 കിലോഗ്രാമാണ്. ആറു ചക്രമുള്ള പേടകം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആണവോര്‍ജമാണ് ഉപയോഗിക്കുന്നത്. പ്ളൂട്ടോണിയം ഉപയോഗിച്ചുള്ള മള്‍ട്ടിമിഷന്‍ റേഡിയോ ഐസോടോപ്പ് തെര്‍മോ ഇലക്ട്രിക് ജനറേറ്ററാണ് ക്യൂരിയോസിറ്റിയില്‍ ഇതിനായി ഘടിപ്പിച്ചിരുന്നത്. കുന്നും മലകളും മുന്‍കൂട്ടി കണ്ട് ഒഴിഞ്ഞുമാറി സഞ്ചരിക്കാനുള്ള സൗകര്യവും ഈ ചെറുവാഹനത്തിലുണ്ട്. പരമാവധി 200 മീറ്ററാണ് ക്യൂരിയോസിറ്റി ചൊവ്വയില്‍ സഞ്ചരിക്കുക. 65 സെ.മീ. ഉയരമുള്ള തടസ്സങ്ങള്‍ തരണം ചെയ്തു മുന്നോട്ടു പോകുവാനും പേടകത്തിനു കഴിയും. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ നിയന്ത്രണകേന്ദ്രത്തിലേക്ക് അയയ്ക്കുന്ന ക്യൂരിയോസിറ്റിക്ക് എന്നാല്‍ സൂര്യന്‍ ഭൂമിക്കും ചൊവ്വയ്ക്കും ഇടയ്ക്കു വരുന്ന സമയങ്ങളില്‍ അതിനു സാധിക്കാതെ വരുന്നു.

ചൊവ്വയുടെ മധ്യരേഖയോടു ചേര്‍ന്ന് 154 കി.മീ. വീതിയില്‍ കിടക്കുന്ന ഗേല്‍ ക്രേറ്ററിലെ അഞ്ചു കി.മീ. ഉയരമുള്ള പര്‍വതം കേന്ദ്രീകരിച്ചായിരിക്കും ക്യൂരിയോസിറ്റിയുടെ പ്രധാന അന്വേഷണങ്ങള്‍. പേടകത്തിന് ഈ മേഖലയില്‍ ഇറങ്ങാന്‍ ഉചിതമായ സ്ഥലം നിശ്ചയിച്ച പഠനസംഘത്തില്‍ നാസയിലെ ചൊവ്വാപര്യവേക്ഷണ ദൗത്യസംഘത്തിന്റെ സമിതി അധ്യക്ഷന്‍ കൂടിയായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ അമിതാഭ്ഘോഷും അംഗമായിരുന്നു. ഭ്രമണപഥത്തില്‍നിന്നുള്ള ഒട്ടേറെ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഭൂമിയില്‍നിന്ന് 24.78 കോടി കി.മീ. അകലെയുള്ള ഗെയ്ല്‍ ഗര്‍ത്തത്തിന്റെ സ്ഥാനം നിര്‍ണയിച്ചത്.

ഏതാണ്ട് 13,750 കോടി രൂപയ്ക്ക് തുല്യമായ തുകയാണ് ക്യൂരിയോസിറ്റിയുടെ നിര്‍മാണ ചിലവ്. ചൊവ്വയുടെ ആകാശമണ്ഡലത്തെക്കുറിച്ച് പഠിക്കാന്‍ 2013-ല്‍ വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന മാവെന്‍പേടകം, ചൊവ്വയില്‍ മനുഷ്യനെ എത്തിക്കുന്നതിന്റെ ഭാഗമായി 2018-20 വര്‍ഷങ്ങളില്‍ നടപ്പാക്കുവാനിരിക്കുന്ന റോബോട്ടിക് ദൗത്യം എന്നിവയ്ക്കു പുറമേ ഒരു ദശകത്തിനകം ചൊവ്വയിലേക്ക് മനുഷ്യന്റെ പ്രവേശനത്തിനുള്ള സാധ്യതയെക്കുറിച്ചും ക്യൂരിയോസിറ്റി പഠനം നടത്തുന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍