This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യൂമുലസ്-ക്യൂമുലോനിംബസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യൂമുലസ്-ക്യൂമുലോനിംബസ്

ആര്‍ദ്രോഷ്ണാവസ്ഥാപരമായി ഗണ്യമായ പ്രാധാന്യമുള്ള രണ്ടിനം മേഘങ്ങള്‍; ക്യൂമുലസ് (Cumulus)മേഘങ്ങളുടെ പരിണത രൂപമാണ് ക്യൂമുലോനിംബ്സ് (Cumulonimbus).

ക്യൂമുലസ് (Cu) മേഘങ്ങള്‍ ഇടതൂര്‍ന്നവയെങ്കിലും ശകലീകൃതങ്ങളായും അരികുകള്‍ വ്യക്തമായി വേര്‍തിരിഞ്ഞും പ്രത്യക്ഷപ്പെടുന്നു. തിരശ്ചീനമായ അടിത്തട്ടുള്ള ഈയിനം മേഘങ്ങള്‍ പടര്‍ന്നു പന്തലിച്ച് കോളിഫ്ളവറിന്റെ ആകൃതിയിലോ സ്തൂപാകാരമായോ ആയിരിക്കും പ്രത്യക്ഷമാവുക. സൂര്യപ്രകാശത്തിനെ നേരിടുന്ന വശങ്ങളില്‍ ധവളാഭമായി കാണപ്പെടുന്ന ഇവയുടെ അടിഭാഗങ്ങള്‍ക്ക് ഇരുണ്ട നിറമായിരിക്കും. കാറ്റിന്റെ ദിശയില്‍ ചലിക്കുമ്പോള്‍ പഞ്ഞിക്കെട്ടുപോലെയോ വ്യത്യസ്ത ദിശകളിലേക്ക് സഞ്ചരിക്കുന്ന തന്തുക്കള്‍പോലെയോ ഇവ പ്രത്യക്ഷപ്പെടാം. ഈയിനം മേഘങ്ങളിലെ നീരാവി തണുത്തുറഞ്ഞ് ഏറിയകൂറും ഹിമപരലുകളും നേര്‍ത്ത ജലകണങ്ങളുമായി മാറിയിട്ടുണ്ടാവും.

ക്യൂമുലസ് മേഘങ്ങള്‍ ഏറിയകൂറും രൂപംകൊള്ളുന്നത് സംവഹന പ്രക്രിയയുടെ (convection ) ഫലമായാണ്. ഇവ സാമാന്യേന മഴമേഘങ്ങളുമായിരിക്കും. ഈ മേഘങ്ങള്‍ തടിച്ചുകൂടി അടയിരുമ്പിന്റെ ആകൃതിയിലോ കോട്ടമതിലുകള്‍പോലെ അവിച്ഛിന്നമായി എഴുന്നുനിന്നോ ആയിത്തീരുമ്പോഴാണ് ക്യൂമുലോനിംബസ് (Cb) എന്നു വിശേഷിപ്പിക്കപ്പെടുന്നത്. കനത്ത മഴ പെയ്യിക്കുന്ന ഈയിനം കാര്‍മേഘങ്ങള്‍ക്കുള്ളില്‍ വൈദ്യുതപ്രവര്‍ത്തനം സാധാരണമാണ്. മിന്നലും ഇടിയും കലര്‍ന്ന പേമാരികള്‍ക്ക് കാരണമാകുന്നത്. ക്യൂമുലോനിംബസ് ഇനത്തില്‍പ്പെട്ട മേഘങ്ങളാണ്. നോ. മേഘങ്ങള്‍

(എന്‍.ജെ.കെ.നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍