This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യുസോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യുസോ

Kyuso (1658 - 1734)

നിയോ-കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തകന്‍. 1658-ല്‍ ഇടോവില്‍ (ഇന്നത്തെ ടോക്കിയോ) ജനിച്ചു. ജപ്പാനിലെ പ്രശസ്ത ഭിഷഗ്വരനായിരുന്ന മുറോ ജംബോകു(Muro Gemboku)വായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. ക്യുസോവിന്റെ 14-ാമത്തെ വയസ്സില്‍ കനസാവാ (Kanazawa) പ്രവിശ്യയിലെ ഫ്യൂഡല്‍ പ്രഭുവിന്റെ സേവനത്തിനായി ഇദ്ദേഹം നിയോഗിക്കപ്പെട്ടു. പ്രവിശ്യാഭരണകൂടം തത്ത്വചിന്താ പഠനത്തിനായി ക്യുസോയെ ക്യുട്ടോ(Kyoto)യിലെ നിയോ-കണ്‍ഫ്യൂഷ്യന്‍ പണ്ഡിതനായ കിനോഷിതാ ജുനാന്‍ (Kinoshita Junan)ന്റെ സമീപത്തേക്ക് അയച്ചു. 1711-ല്‍ പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന അരൈ ഹക്കുസിക്കി (Arai Hakuseki)ന്റെ നിര്‍ദേശാനുസരണം ക്യുസോയെ ജാപ്പനീസ് സര്‍വസൈന്യാധിപന്റെ തത്ത്വചിന്താ ഉപദേഷ്ടാവായി നിയമിച്ചു. 1719-ല്‍ കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്താ പഠനത്തിനായി പുതുതായി ആരംഭിച്ച അക്കാദമിയിലെ അധ്യാപകനായി ഇദ്ദേഹത്തെ നിയമിച്ചു. 1722-ല്‍ ജപ്പാനിലെ സര്‍വസൈന്യാധിപന്റെ സ്വകാര്യ ഉപദേഷ്ടാവായി ക്യുസോ നിയുക്തനായി.

ക്യുസോയുടെ സമകാലീനരില്‍ പലരും കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയെ ജാപ്പനീസ് തത്ത്വചിന്തയുമായി കുട്ടിക്കുഴയ്ക്കാന്‍ ശ്രമിച്ചെങ്കിലും ക്യുസോ അതിനു തയ്യാറായിരുന്നില്ല. കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയുടെ തനിമ നിലനിര്‍ത്തുന്നതില്‍ ക്യുസോ ബദ്ധശ്രദ്ധനായിരുന്നു. 1702-ല്‍ പ്രസിദ്ധീകരിച്ച ദെയ്ഗാകു ഷോകു ഷിന്‍സോ (Daigaku shoku shinso) എന്ന കൃതിയിലാണ് ക്യുസോ തന്റെ തത്ത്വചിന്താപരമായ ആശയങ്ങള്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 1703-ല്‍ പ്രസിദ്ധീകരിച്ച അകോ ജിജീന്‍കോ (Ako gijinroko) എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രധാന പ്രസിദ്ധീകരണം.

1734-ല്‍ ക്യുസോ അന്തരിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%AF%E0%B5%81%E0%B4%B8%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍