This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യുറിയാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യുറിയാ

Curia

പ്രാചീന റോമിലെ ഭരണപരമായ ഒരു വിഭജന യൂണിറ്റ്. റോമിലെ ആദ്യത്തെ രാജാവായ റോമുലസ് (Romulus) ജനങ്ങളെ മൂന്ന് വര്‍ഗങ്ങളും (സമുദായം), ഓരോ വര്‍ഗത്തെയും പത്തു ക്യുറിയാകളും ആയി വിഭജിച്ചിരുന്നു. ക്യുറിയാകളില്‍ വ്യക്തികള്‍ക്കുണ്ടായിരുന്ന സ്ഥാനമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൗരാവകാശം നല്‍കിയിരുന്നത്. കുലീനകുടുംബത്തിലെ അംഗങ്ങളും സാധാരണ ജനങ്ങളും പൗരാവകാശം ലഭിച്ചിരുന്നവരില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ ഘടകങ്ങളായിരുന്ന ക്യുറിയാകള്‍ സംഘടിത സൈനിക ശക്തികേന്ദ്രങ്ങളുടെ ഉറവിടങ്ങള്‍ കൂടിയായിരുന്നു. കാലക്രമത്തില്‍ ക്യുറിയാകളുടെ രാഷ്ട്രീയവും സൈനികവുമായ ശക്തി നഷ്ടപ്പെടുകയും മതപരമായ കാര്യങ്ങളിലുണ്ടായിരുന്ന പ്രത്യേക അവകാശം നിലനില്‍ക്കുകയും ചെയ്തു.

മതപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഓരോ ക്യുറിയായ്ക്കും പ്രത്യേകം സംഘടനകള്‍ ഉണ്ടായിരുന്നു. ഈ സംഘടനയുടെ നേതാവ് 'ക്യുറിയോ' (Curio) എന്ന് അറിയപ്പെട്ടിരുന്നു. കൃത്യനിര്‍വഹണത്തില്‍ ക്യുറിയോവിനെ സഹായിക്കാന്‍ ഒരു പുരോഹിതനെയും നിയമിച്ചിരുന്നു. ക്യുറിയോമാരുടെ വൈദിക കോളജിന്റെ തലവന്റെ പേര്‍ 'ക്യുറിയോ മാക്സിമസ്' (Curio maximus) എന്നായിരുന്നു. പരമ്പരാഗതമായി പ്രഭുക്കന്മാരായിരുന്നു ഈ സ്ഥാനം അലങ്കരിച്ചിരുന്നത്. ബി.സി. 209-ല്‍ ഒരു സാധാരണക്കാരന്‍ ഈ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടു.

ക്യുറിയാ സമിതികളുടെ യോഗസ്ഥലത്തിനും 'ക്യുറിയാ' എന്ന പേരുണ്ടായിരുന്നു. മതസംബന്ധമായ കലണ്ടര്‍ വിളംബരം ചെയ്തിരുന്ന യോഗസ്ഥലത്തിന് 'ക്യുറിയാ കലാബ്രാ' (Curia Calabra) എന്നായിരുന്നു പേര്‍. ഇറ്റലിയിലും മററു ചില പടിഞ്ഞാറന്‍ രാജ്യങ്ങളിലും വോട്ടുരേഖപ്പെടുത്തുവാനുള്ള നിയോജകമണ്ഡലങ്ങളും ക്യുറിയാ എന്ന് അറിയപ്പെട്ടിരുന്നു. മധ്യകാലഘട്ടത്തില്‍ റോമാക്കാര്‍ 'കോടതി' എന്ന അര്‍ഥത്തിലും ക്യുറിയാ എന്ന പദം പ്രയോഗിച്ചിരുന്നു. പോപ്പിന്റെ കോടതി (Papal Court) മാത്രമേ ഇപ്പോള്‍ ക്യുറിയാ എന്ന് അറിയപ്പെടുന്നുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍