This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യുക്യുലിഫോര്‍മിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യുക്യുലിഫോര്‍മിസ്

Cuculiformes

ക്യുക്യുലിഫോര്‍മിസ് ഗോത്രത്തിലെ ഒരു പക്ഷി

ഒരു പക്ഷിഗോത്രം. മ്യൂസോഫാഗിഡേ, ക്യുക്യുലിഡേ എന്നീ രണ്ടു കുടുംബങ്ങളാണ് ഈ ഗോത്രത്തിലുള്ളത്. ഈ രണ്ടു കുടുംബങ്ങളിലെയും അംഗങ്ങള്‍ തമ്മില്‍ ഒറ്റനോട്ടത്തില്‍ യാതൊരു സാദൃശ്യവും കാണാനാവുകയില്ലെങ്കിലും പാദാഗ്രങ്ങളുടെ യുഗ്മാംഗുലിത്വം (zygodactyly), കട്ടി കുറഞ്ഞതും നനുനനുത്തതുമായ ചര്‍മാവരണം, ഭ്രൂണവളര്‍ച്ചയിലെ ചില സവിശേഷതകള്‍ എന്നിവയില്‍ പ്രകടമായ സാമ്യം കാണുന്നുണ്ട്.

മ്യൂസോഫാഗിഡേ കുടുംബത്തിലെ പക്ഷികള്‍ ടൂറാക്കോകള്‍ അഥവാ 'വാഴപ്പഴം തീനികള്‍' എന്നാണറിയപ്പെടുന്നത്. ടുറാകോ, മ്യൂസോഫാഗ, കൊറിത്തായ്സോയ്ഡെസ്, ക്രിനിഫെര്‍, റുവെന്‍സോ റോര്‍ണിസ് എന്നിവയാണ് പ്രധാന ജീനസുകള്‍. ഇവയുടെ ആവാസമേഖല ആഫ്രിക്ക മാത്രമായി ചുരുങ്ങിയിരിക്കുന്നു. അര മീറ്ററിലേറെ നീളം വയ്ക്കുന്ന വലിയ പക്ഷികളാണിവ. നിറപ്പകിട്ടുള്ള തൂവലുകള്‍, നീണ്ട വാല്‍, തലയില്‍ ശിഖ എന്നിവ ഇവയുടെ പ്രത്യേകതകളാണ്. സഹാറയ്ക്ക് തെക്കുള്ള വനപ്രദേശങ്ങളിലാണിവ ധാരാളമായി കാണപ്പെടുന്നത്. മരങ്ങളില്‍ വസിക്കുന്ന ഈ പക്ഷികള്‍ മരങ്ങളുടെ ശാഖകളില്‍ സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കും. കമ്പുകള്‍ കൂട്ടിയടുക്കി മരപ്പൊത്തുകളില്‍ ഇവ വലിയ കൂടുകള്‍ ഉണ്ടാക്കുന്നു. പ്രജനനകാലത്ത് ഒരു കൂട്ടില്‍ രണ്ടോ മൂന്നോ മുട്ടകള്‍ കാണും. ആണ്‍പക്ഷിയും പെണ്‍പക്ഷിയും മാറിമാറി അടയിരിക്കാറുണ്ട്.

മറ്റു പക്ഷികളില്‍ കാണാത്ത രണ്ടിനം വര്‍ണകങ്ങള്‍ (colour pigments) മ്യൂസോഫാഗിഡേ കുടുംബത്തിലെ പക്ഷികള്‍ ഉത്പാദിപ്പിക്കുന്നു. ഒരു വര്‍ണകം ടൂറാസിന്‍ (Turacin) എന്ന പേരിലറിയപ്പെടുന്നു. ഏതാണ്ട് 7 ശതമാനം ചെമ്പ് അടങ്ങിയിട്ടുള്ള ഈ ചുവന്ന വര്‍ണകം വെള്ളത്തില്‍ കുറേശ്ശെ അലിയും. ടൂറാകവര്‍ഡിന്‍ (Turacoverdin) എന്ന പേരിലറിയപ്പെടുന്ന രണ്ടാമത്തെ വര്‍ണകവസ്തുവിന്റെ നിറം പച്ചയാണ്. വാഴപ്പഴം ഭക്ഷിക്കുന്നയിനത്തില്‍ മാത്രമേ ടൂറാകവര്‍ഡിന്‍ കാണാറുള്ളൂ.

ക്യുക്യുലിഫോര്‍മിസ് ഗോത്രത്തിന്റെ രണ്ടാമത്തെ കുടുംബമായ ക്യുക്യുലിഡേയില്‍ കുയിലിന്റെ ഇനങ്ങളായ കുക്കു, ഏഷ്യന്‍ കോയല്‍, റോഡ് റണ്ണേഴ്സ്, ആനിസ്, കൗവാസ് , കൗകാള്‍സ്, മല്‍കോഹ എന്നിവയുടെ 130-ലധികം സ്പീഷീസുകളോളം ഉണ്ട്. യു.എസ്സിലാണിവ അധികമായും കണ്ടുവരുന്നത്. ഈ കുടുംബത്തിലെ അംഗങ്ങള്‍ തമ്മില്‍ സാജാത്യങ്ങളെക്കാള്‍ കൂടുതല്‍ വൈജാത്യങ്ങളാണുള്ളത്. നീണ്ടുവളഞ്ഞ കൊക്ക്, തവിട്ടുനിറത്തിലോ കറുപ്പുനിറത്തിലോ ഉള്ള തൂവലുകള്‍, പ്രത്യേക കൂടുനിര്‍മാണ സവിശേഷതകള്‍, മുട്ട വിരിയിക്കുന്നതിനുള്ള പരാദസ്വഭാവം എന്നിവയില്‍ ഈ പക്ഷികള്‍ സാദൃശ്യം പുലര്‍ത്തുന്നു. കുക്കുലസ് കനോറസ് എന്നു ശാസ്ത്രനാമമുള്ള യൂറോപ്യന്‍ കുക്കു, ജിയോകോക്കിക്സ് കാലിഫോര്‍ണിയാനസ് എന്നു ശാസ്ത്രനാമമുള്ള അമേരിക്കന്‍ റോഡ് റണ്ണര്‍, സെന്‍ട്രോപ്പസ് ജീനസ്സിലെ കൗകാള്‍ ഗ്രേറ്റര്‍ അനി എന്നറിയപ്പെടുന്ന ക്രോട്ടോഫാഗ മേജര്‍, ഫെനിക്കോഫെയസ് ജീനസ്സില്‍പ്പെട്ട മല്‍കോഹകള്‍, മഡഗാസ്കര്‍ ദ്വീപിലെ കൗവ്വ (Coua)കള്‍ എന്നിവയാണ് ഈ കുടുംബത്തിലെ പ്രധാന അംഗങ്ങള്‍. ആദ്യകാലത്ത് ഒപ്പിസ്തോകോമിഡേ എന്ന കുടുംബത്തെ ഈ ഗോത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മിക്ക പക്ഷിശാസ്ത്രജ്ഞരും ഇവയെ പ്രത്യേക ഗോത്രമായാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍