This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യാമറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ക്യാമറ

Camera

ഛായാഗ്രഹണത്തിനുള്ള ശാസ്ത്രീയോപകരണം. ഫോട്ടോഗ്രാഫി (ഛായാഗ്രഹണം) എന്ന ശാസ്ത്രീയകല ഒരു പ്രത്യേകവ്യക്തിയുടെ മാത്രം കണ്ടുപിടിത്തമല്ല. പലരുടെയും പലനാളത്തെ സംഭാവനകള്‍കൊണ്ടു ക്രമേണ വളര്‍ന്നുവന്ന ഒരു ശാഖയാണിത്. ഫോട്ടോഗ്രാഫിയിലെ ഏറ്റവും മര്‍മപ്രധാനമായ ഉപകരണമാണ് ക്യാമറ.

ആമുഖം

കാച (lens)ത്തില്‍ക്കൂടി പ്രകാശം കടന്ന് പ്രതിബിംബം ഉണ്ടാകുന്ന ലളിതമായ ശാസ്ത്രതത്ത്വമാണ് ക്യാമറയുടെ പ്രവര്‍ത്തനത്തിനടിസ്ഥാനം. വസ്തുവില്‍ തട്ടി ഒരു ചെറുസുഷിരത്തില്‍ക്കൂടി കടക്കുന്ന പ്രകാശരശ്മികള്‍ ഇരുട്ടുമുറിയുടെ ചുവരിലോ സ്ക്രീനിലോ ആ വസ്തുവിന്റെ പ്രതിബിംബം ഉണ്ടാക്കുമെന്ന് 14-ാം ശതകത്തിനു മുമ്പുതന്നെ കണ്ടുപിടിച്ചിരുന്നു.1569-ല്‍ ഡെല്ലാ പോര്‍ട്ട (Della Porta) എന്ന ഇറ്റലിക്കാരന്‍, ചെറു സുഷിരത്തിന്റെ സ്ഥാനത്ത് ഒരു ഗ്ലാസ്ലെന്‍സുപയോഗിച്ചാല്‍ കൂടുതല്‍ തെളിഞ്ഞതും വ്യക്തവുമായ പ്രതിബിംബം കിട്ടുമെന്നു മനസ്സിലാക്കി. 1686-ല്‍ യൊഹാന്‍ സാന്‍ (Johann Zahn) എന്ന ശാസ്ത്രകാരന്‍ കാചവും കണ്ണാടിയുമുപയോഗിച്ചു പ്രതിബിംബം രൂപപ്പെടുത്തുന്ന ഒതുക്കമുള്ള ഒരുപകരണം നിര്‍മിച്ച വിവരം ഒരു പ്രസിദ്ധീകരണത്തില്‍ വിവരിച്ചിരുന്നു. ക്യാമറയുടെ ജനനമായിരുന്നു ഇതെന്നു വിശേഷിപ്പിക്കാം.

എന്നാല്‍ മേല്പറഞ്ഞ തരത്തിലുള്ള പ്രതിബിംബം സ്ഥിരമായി രേഖപ്പെടുത്തി വയ്ക്കാനുള്ള സാങ്കേതികജ്ഞാനം അന്നുണ്ടായിരുന്നില്ല. ഫോട്ടോഗ്രാഫിക് ഫിലിം പിന്നീടു വളരെ നാളുകള്‍ക്കുശേഷമാണ് രൂപപ്പെടുത്തിയെടുക്കാന്‍ സാധിച്ചത്. 1898-ല്‍ ഹാനിബാള്‍ ഗുഡ്വിന്‍ (Hannibal Goodwin) എന്ന അമേരിക്കക്കാരന്‍ റോള്‍ഫിലിം (Roll film) കണ്ടുപിടിച്ചു. ഇത്തരം റോള്‍ഫിലിമുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇദംപ്രഥമമായി ഈസ്റ്റ്മാന്‍ കൊഡാക് കമ്പനി (Eastman Kodak Company)യാണ് നിര്‍മാണമാരംഭിച്ചത്.

ഘടന

കാചം, കണ്ണാടി എന്നീ ഘടകങ്ങള്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു പ്രാകാശികോപകരണം (optical instrument) ആണ് ക്യാമറ. മനുഷ്യനേത്രത്തിന്റെ ഏതാണ്ടൊരു തനിപ്പകര്‍പ്പാണ് ക്യാമറയെന്നു വിശേഷിപ്പിക്കാം.

ക്യാമറയ്ക്കു പ്രധാനമായി നാലു ഭാഗങ്ങളാണുള്ളത്. ചട്ടക്കൂട്, കാചം, കവാടം (shutter), ദൃശ്യദര്‍ശി (view finder).

ചട്ടക്കൂട്

പ്രത്യേകതരം ലോഹംകൊണ്ട് പ്രകാശം കടക്കാത്ത തരത്തിലാണ് ചട്ടക്കൂട് ഉണ്ടാക്കുന്നത്. കാചത്തില്‍ക്കൂടിയല്ലാതെ ഇതിനുള്ളില്‍ പ്രകാശം കടക്കുകയില്ല; കടക്കാന്‍ പാടില്ല. കാചം ഘടിപ്പിച്ചിരിക്കുന്ന ഭാഗത്തെ ക്യാമറയുടെ മുന്‍ഭാഗമെന്നു പറയുന്നു. പിന്‍ഭാഗം തുറക്കാന്‍ സാധിക്കും. ഫിലിം വയ്ക്കുന്നത് ഇവിടെയാണ്. റോള്‍ഫിലിം ഉപയോഗിക്കുന്ന ക്യാമറയുടെ പിന്‍ഭാഗത്ത് രണ്ട് അറകളുണ്ട്; ഫിലിംറോള്‍ വയ്ക്കുന്നതിനും ഫിലിം ചുറ്റാന്‍ ഉപയോഗിക്കുന്ന ചക്രം (spool) ഘടിപ്പിക്കുന്നതിനുംവേണ്ടിയാണ് ഈ അറകള്‍. ഈ രണ്ട് അറകള്‍ക്കുമിടയ്ക്ക് ഒരു ദീര്‍ഘവിടവുണ്ട്. ഫിലിമില്‍ രൂപപ്പെടേണ്ട ചിത്രത്തിന്റെ വലുപ്പത്തിനു തുല്യമായ അളവിലായിരിക്കും ഈ ദ്വാരം. 35 മില്ലിമീറ്റര്‍ ക്യാമറയാണെങ്കില്‍ ഈ ദ്വാരം 3.6 സെ.മീ.x 2.4 സെ.മീ. വലുപ്പമുള്ള ഒരു ദീര്‍ഘചതുരമായിരിക്കും. അതുപോലെ 120 മില്ലിമീറ്റര്‍ ക്യാമറയാണെങ്കില്‍ ദ്വാരം 6 സെ.മീ. വലുപ്പമുള്ള സമചതുരമായിരിക്കും. റോളില്‍നിന്ന് ഫിലിം ചാലിതചക്ര(driven spool)ത്തിലേക്ക് ചാലകചക്ര(drivingspool)ത്തിന്മേല്‍ക്കൂടി ഘടിപ്പിക്കുന്നു. ചാലകചക്രത്തിന്റെ രണ്ടറ്റത്തുമുള്ള കൂര്‍ത്തപല്ലുകള്‍ ഫിലിമിന്റെ അരികിലുള്ള ചെറിയ ദ്വാരങ്ങളിലേക്കു കൃത്യമായി കടക്കുന്നവയാണ്. ചുറ്റുന്ന ലിവര്‍ (winding lever) തിരിക്കുമ്പോള്‍ ചാലകചക്രം ഫിലിമിനെ റോളില്‍നിന്നു വലിക്കുന്നു (ചിത്രത്തില്‍ വലത്തോട്ട്). മുമ്പോട്ടു നീങ്ങുന്ന ഫിലിം ചാലിതചക്രത്തിന്മേല്‍ അമര്‍ന്ന് ചുറ്റപ്പെടുന്നു. ചുറ്റുന്ന ലിവര്‍ ഒരു പ്രാവശ്യം തിരിച്ചാല്‍ പടത്തിന്റെ വിസ്തൃതി (picture area)ക്കു തുല്യ അളവില്‍ ഫിലിം മുമ്പോട്ടു നീങ്ങും. പിന്‍ഭാഗം തുറക്കാനും അടയ്ക്കാനും ഉപയോഗിക്കുന്ന മൂടിക്ക് ഒരു പ്രത്യേകതയുണ്ട്. ഈ മൂടിയുടെ ഉള്‍ഭാഗത്ത് സ്പ്രിങ്പോലെ പ്രവര്‍ത്തിക്കുന്ന ഒരു തകിട് (plate) ഉണ്ട്. മൂടി അടയ്ക്കുമ്പോള്‍ ഈ തകിട് ഫിലിമിന്മേല്‍ വേണ്ടത്ര അളവില്‍ അമരുന്നു.

കാചം

ക്യാമറയില്‍ ഉപയോഗിക്കുന്ന കാചം സാധാരണ തരമാണെങ്കില്‍ പ്രതിബിംബത്തിനു പല ന്യൂനതകളുമുണ്ടായിരിക്കും. പ്രധാനപ്പെട്ട ന്യൂനതകള്‍ ഇപ്പറയുന്നവയാണ്; 1. ഗോളീയ വിപഥനം (spherical aberration), 2. വര്‍ണവിപഥനം (chromatic aberration). ഇക്കാരണങ്ങളാല്‍ പ്രതിബിംബത്തിനു വൈരൂപ്യം, അസ്പഷ്ടത, അരികുകളില്‍ നിറം എന്നീ ദോഷങ്ങളുണ്ടായിരിക്കും. എന്നാല്‍ ഈ ദോഷങ്ങളില്ലാതാക്കുന്നതിന് ഒരു കാചം മാത്രമുപയോഗിക്കുന്നതിനു പകരം പലതരം കാചങ്ങള്‍ വേണ്ടവിധത്തില്‍ സംയോജിപ്പിച്ചെടുക്കുന്നു. ഇങ്ങനെ വികസിപ്പിച്ചെടുക്കുന്ന കാചങ്ങളെ അബിന്ദുക(anastigmat)കാചങ്ങള്‍ അല്ലെങ്കില്‍ ദര്‍ശന വൈകല്യമില്ലാത്ത കാചങ്ങള്‍ എന്നു പറയുന്നു. ഇത്തരം കാചങ്ങളുടെ നിര്‍മാണത്തിനു ചെലവുകൂടുതലാണ്. ഈ കാചം പരമാവധി തുറന്നുവച്ചാല്‍ അതില്‍ക്കൂടി ധാരാളം പ്രകാശം കടന്നുപോകും. എന്നാല്‍ പ്രതിബിംബം സ്പഷ്ടമായിരിക്കുകയും ചെയ്യും. അതുകൊണ്ട് ഇത്തരം കാചത്തെ വേഗംകൂടിയ കാചം( fast lens) എന്നു പറയും.

വിലകുറഞ്ഞ ബോക്സ് ക്യാമറയില്‍ വര്‍ണവിഭേദനമില്ലാത്ത ഒരൊറ്റ കാചമാണുപയോഗിക്കുന്നത്. അതിനാല്‍ ഈ കാചം ഒരു പരിധിവിട്ടു തുറന്നാല്‍ ഗോളീയ വിപഥനം കാരണം പ്രതിബിംബം അസ്പഷ്ടമായിരിക്കും.

ഇതിനുംപുറമെ, കാചത്തിനു മറ്റൊരു ന്യൂനതകൂടിയുണ്ട്. പ്രകാശം കാചത്തിന്റെ പ്രതലത്തില്‍ പതിക്കുമ്പോള്‍ ഒരംശം പ്രതിഫലനംമൂലം പുറത്തേക്കു പോകുന്നു. ഇങ്ങനെ, കാചങ്ങളുടെ സംയോഗത്തില്‍(combination) കൂടി പ്രകാശം കടന്നുപോകുമ്പോള്‍ നല്ലൊരംശം, പ്രതിഫലനംകൊണ്ട് നഷ്ടപ്പെട്ടിരിക്കും. പ്രകാശനഷ്ടം ഗണ്യമായാല്‍ പ്രതിബിംബം മങ്ങിയിരിക്കും. ഈ ന്യൂനത ദൂരീകരിക്കുന്നതിന് ഓരോ കാചത്തിന്മേലും ഒരുതരം വിലേപനം(coating) കൊടുക്കുക പതിവാണ്. സുതാര്യമായ ഒരു പദാര്‍ഥം (മഗ്നീഷ്യം ഫ്ളൂറൈഡ്) കൊണ്ടു വളരെ ലോലമായി വിലേപനം ചെയ്തിട്ടാണ് പ്രതിഫലിക്കാത്ത (non-reflecting) കാചമുണ്ടാക്കുന്നത്. ഉപയോഗത്തില്‍വരുന്ന പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യ (wave length)ത്തില്‍ നാലിലൊന്ന് മാത്രമാണ് ഈ വിലേപനത്തിന്റെ കനം. വിലേപനഫിലിമിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും പ്രതലങ്ങളില്‍നിന്നു പ്രതിഫലിക്കുന്ന കിരണപുഞ്ജങ്ങള്‍ക്ക് (beams of light) വിനാശക വ്യതികരണം (destructive interference) സംഭവിക്കുന്നതുകൊണ്ട് പ്രകാശം നഷ്ടപ്പെട്ടുപോകാതെ കാചത്തില്‍ക്കൂടി കടന്നുപോകുന്നു. ആധുനിക ക്യാമറകളുടെ കാചങ്ങളെല്ലാം ഇത്തരം വിലേപനം കൊടുത്തവയാണ്. ഈ വിലേപനമുള്ളതുകൊണ്ട് ക്യാമറയുടെ കാചത്തിന് നീലാരുണവര്‍ണം (purple) ആയിരിക്കും.

കവാടം

ഒരു വസ്തുവില്‍നിന്നുള്ള പ്രകാശം നിശ്ചിത അളവില്‍ വേണ്ടത്ര സമയത്തോളം മാത്രമേ കാചത്തില്‍ക്കൂടി കടന്ന് ഫിലിമില്‍ പതിക്കാന്‍പാടുള്ളൂ. കൂടുതല്‍ സമയം പ്രകാശം ഫിലിമില്‍ പതിക്കുകയാണെങ്കില്‍ ഫിലിമിന് അമിത ഉദ്ഭാസനം (over exposure) ഏല്ക്കേണ്ടിവരും; എന്നാല്‍ ആവശ്യത്തില്‍ കുറവു പ്രകാശമേ ഫിലിമില്‍ പതിക്കുന്നുള്ളൂവെങ്കില്‍ ഫിലിമിന് അപര്യാപ്ത ഉദ്ഭാസന (under exposure)വും. ആവശ്യമുള്ള സമയത്തുമാത്രം പ്രകാശത്തെ കാചത്തില്‍ക്കൂടി ഫിലിമിലേക്കു കടത്തിവിടുന്നതിനുവേണ്ടിയുള്ള യാന്ത്രികസംവിധാനം (mechanical device) ആണ് ക്യാമറയുടെ കവാടം (Shutter). ക്യാമറ ക്ലിക് ചെയ്താല്‍ ആവശ്യമുള്ളത്ര സമയം കവാടം തുറന്നിരിക്കുകയും പിന്നെ അടയുകയും ചെയ്യുന്നു. കവാടത്തിന്റെ പ്രവര്‍ത്തനം പലതരത്തിലുണ്ട്. സാധാരണതരം ബോക്സ് ക്യാമറയില്‍ തിരിയുന്ന ദ്വാരമുള്ള ഒരു ലോഹഡിസ്ക് ആണ് കവാടമായി വര്‍ത്തിക്കുന്നത്. എന്നാല്‍ മിക്കവാറും എല്ലാ 'എസ്.എല്‍.ആര്‍. ക്യാമറ'കളിലും ഫോക്കസ് തല കവാടം (focal plane shutter) ആണുള്ളത്. ഇതില്‍ ചില പ്രത്യേകതരം തുണികൊണ്ടോ ലോഹംകൊണ്ടോ ഉള്ള ഒരു മറയുണ്ട്. ടി.എല്‍.ആര്‍. ദൂരമാപി, മടക്കുന്നതരം എന്നീ ക്യാമറകളിലെല്ലാം മറ്റൊരുതരം കവാട(compour)മാണുള്ളത്. ഏതാനും അതിവ്യാപന (overlapping) സ്റ്റീല്‍ ബ്ളെയ്ഡുകളാണിതിന്റെ പ്രത്യേകത.

ദൃശ്യദര്‍ശി

പടം എടുക്കേണ്ട വസ്തുവിനെ ക്യാമറയില്‍ക്കൂടി നോക്കി സ്ഥാനം നിര്‍ണയിക്കുന്നതിനും ചിത്രത്തിന്റെ വിസ്തൃതിയില്‍പ്പെടുന്ന ഭാഗങ്ങള്‍ തിട്ടപ്പെടുത്തുന്നതിനുംവേണ്ടി ക്യാമറയില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനമാണിത്. ക്യാമറയുടെ സ്വഭാവമനുസരിച്ച് പലതരത്തിലുള്ള ദൃശ്യദര്‍ശിനികളുണ്ട്. (1) നേരെ കണ്ണിന്റെ വിതാനത്തില്‍ നോക്കാന്‍ പറ്റുന്നത്. (2) അരയാള്‍ പൊക്കംവരുന്ന വിതാനത്തിലുള്ള പ്രതിഫലനദര്‍ശി, (3) ഗ്രൌണ്ട് ഗ്ലാസ് (ground glass) സ്ക്രീനിനോടുകൂടിയ ദര്‍ശി, (4) പ്രിസവും ഗ്രൌണ്ട്ഗ്ലാസുമുള്ള ദര്‍ശി.

സാധാരണ ക്യാമറകള്‍

ക്യാമറകള്‍, അവയിലെടുക്കുന്ന ചിത്രത്തിന്റെ വലുപ്പമനുസരിച്ച് പല പേരിലാണറിയപ്പെടുന്നത്. 35 മില്ലി മീറ്റര്‍ ഫിലിം ഉപയോഗിക്കുന്ന ക്യാമറയെ 35 മില്ലി മീറ്റര്‍ ക്യാമറ എന്നു പറയും. ഇതില്‍ ഒരുപ്രാവശ്യമെടുക്കുന്ന ചിത്രത്തിന്റെ വലുപ്പം 36 സെ.മീ.x 2.4 സെ.മീ. ആണ്. 120 എന്ന പേരിലറിയുന്ന ഫിലിം ഉപയോഗിക്കുന്ന ക്യാമറയെ 120 (One twenty camera) ക്യാമറ എന്നുപറയുന്നു. ഇതില്‍ ഒരു ചിത്രത്തിന് 6 സെ.മീ.x 6 സെ.മീ. (സമചതുരം) വലുപ്പമുണ്ടായിരിക്കും. അതുപോലെ 620 (Six twenty), 127 (One twenty seven) ക്യാമറകളുമുണ്ട്.

ബോക്സ് ക്യാമറ

റോള്‍ഫിലിമുകള്‍ ഉപയോഗിക്കുന്ന ക്യാമറയാണിത്. 120, 620, 127 എന്നീ വലുപ്പങ്ങളിലുള്ള ചിത്രങ്ങള്‍ എടുക്കുന്നവയാണിത്.

ദ്യശ്യക്യാമറ

ദ്യശ്യക്യാമറ (View camera). ഇതു സാധാരണയായി സ്റ്റുഡിയോകളില്‍ ഉപയോഗിക്കുന്നു. ഇതില്‍ മുറിച്ചെടുക്കുന്ന ഫിലിമാണ് ഉപയോഗിക്കുന്നത്. ഒരു പ്രാവശ്യം ചിത്രമെടുത്തു കഴിഞ്ഞാല്‍ വേറെ ഫിലിംവച്ചു തുടര്‍ന്നും ചിത്രമെടുക്കാം.

പ്രതിഫലനക്യാമറ

പ്രതിഫലനക്യാമറ (Reflex camera). പ്രതിഫലനക്യാമറകള്‍ നല്ല പ്രചാരമുള്ളവയാണ്. രണ്ടുതരം പ്രതിഫലന ക്യാമറകളുണ്ട്: (1) ഏകകാച പ്രതിഫലനക്യാമറ (Single Lens Reflex- S.L.R..) (2) ഇരട്ടക്കാച പ്രതിഫലനക്യാമറ (Twin Lens Reflex- T.L.R).

ഏകകാച പ്രതിഫലനക്യാമറ

ഇത്തരം ക്യാമറകള്‍ നല്ല പ്രചാരമുള്ളവയാണ്. ഇവയില്‍ മിക്കതിലും 35 മില്ലി മീറ്റര്‍ ഫിലിമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ 120 ഫിലിം ഉപയോഗിക്കുന്നവയുമുണ്ട്.

വസ്തുവില്‍ നിന്ന് പ്രകാശം കാചത്തില്‍ക്കൂടി കടന്ന് സമതലദര്‍പ്പണത്തില്‍ വീഴുന്നു. ഫിലിമിന്റെയും കാചത്തിന്റെയും ഇടയ്ക്കുള്ള അക്ഷത്തിനു 45ബ്ബ ചരിച്ചാണ് ഈ ദര്‍പ്പണം വച്ചിരിക്കുക. അതുകൊണ്ട് ദര്‍പ്പണത്തില്‍ വീഴുന്ന പ്രകാശം പ്രതിഫലിച്ച് ഗ്രൌണ്ട് ഗ്ലാസ് സ്ക്രീനില്‍ പ്രതിബിംബം ഉണ്ടാകുന്നു. ഈ പ്രതിബിംബം മുകളില്‍ക്കൂടി നോക്കി മനസ്സിലാക്കാം. കാചത്തില്‍നിന്ന് ക്ഷൈതിജഗ്ലാസ് സ്ക്രീനിലേക്കും ഫിലിമിലേക്കുമുള്ള പ്രാകാശികദൂരം (optical distance) തുല്യമാണ്. അതുകൊണ്ട് ഗ്ലാസ് സ്ക്രീനില്‍ വളരെ സ്പഷ്ടമായ പ്രതിബിംബം കിട്ടിയാല്‍ ഫിലിമിലും സ്പഷ്ടമായ പ്രതിബിംബം രൂപപ്പെടുമെന്നത് തീര്‍ച്ചയാണ്. ക്യാമറ ക്ലിക് ചെയ്താല്‍ ദര്‍പ്പണം മുകളിലേക്കുയരുകയും കാചത്തില്‍ നിന്നുള്ള പ്രകാശം ഫിലിമില്‍ പതിക്കുകയും ചെയ്യുന്നു. ഈ ക്യാമറയില്‍ വസ്തുവിനെ വീക്ഷിക്കുന്നതിനും അതിന്റെ പ്രതിബിംബം ഫിലിമില്‍ പകര്‍ത്തുന്നതിനും ഒരൊറ്റ കാചമേ ഉപയോഗിക്കുന്നുള്ളൂ. സാധാരണ എസ്.എല്‍.ആര്‍. ക്യാമറകളില്‍ ഫിലിം ഒരു പ്രാവശ്യംകൂടി ചുറ്റിയതിനുശേഷമേ കണ്ണാടി അതിന്റെ പഴയ സ്ഥാനത്ത് മടങ്ങിയെത്തുകയുള്ളൂ. എന്നാല്‍ വിലകൂടിയ ആധുനിക എസ്.എല്‍.ആര്‍. ക്യാമറകളില്‍ പെട്ടെന്നുതന്നെ കണ്ണാടി മടങ്ങിവരുന്ന സംവിധാനമുണ്ട്. ഈ ക്യാമറയുടെ ദൃശ്യദര്‍ശിനിയില്‍ കാണുന്നതു തന്നെയായിരിക്കും ഫിലിമിലും കിട്ടുന്നത്. 120, 220 എന്നീ വലുപ്പത്തിലുള്ള ചിത്രങ്ങള്‍ എടുക്കുന്ന എസ്.എല്‍.ആര്‍. ക്യാമറകളുമുണ്ട്. കണ്ണിന്റെ തലത്തില്‍ ദൃശ്യദര്‍ശി വരുന്ന ക്യാമറയില്‍ പ്രിസവും ഗ്രൗണ്ട് ഗ്ലാസ് സ്ക്രീനുമുണ്ടായിരിക്കും.

35 മില്ലിമീറ്റര്‍ എസ്.എല്‍.ആര്‍. ക്യാമറയ്ക്ക് സാധാരണയായി 50 മില്ലിമീറ്റര്‍ ഫോക്കസ് നീളമുള്ള കാചമാണുപയോഗിക്കുന്നത്. എന്നാല്‍ 120 സൈസ് ക്യാമറയ്ക്ക് ഉപയോഗിക്കുന്നത് 80 മില്ലിമീറ്റര്‍ ഫോകസ് നീളമുള്ള കാചമാണ്. എസ്.എല്‍.ആര്‍. ക്യാമറയുടെ ഏറ്റവും പ്രധാനമായ ഒരു സവിശേഷത, അതിന്റെ കാചങ്ങള്‍ അന്യോന്യം മാറ്റാമെന്നുള്ളതാണ്.

അന്യോന്യം മാറ്റാവുന്ന കാചങ്ങള്‍ ഇപ്പറയുന്നവയാണ്; ക്ലോസ്-അപ് ലെന്‍സ് (close-up lens), വൈഡ് ആംഗിള്‍ ലെന്‍സ് (wide-angle lens), ദൂരത്തിലുള്ള ചിത്രങ്ങളെടുക്കുന്നതിനുള്ള ടെലിഫോട്ടോ ലെന്‍സ്, മാറ്റാവുന്ന ഫോക്കല്‍ ദൂരത്തോടുകൂടിയ സൂം ലെന്‍സ് (zoom lens). ക്യാമറയുടെ സാധാരണ ഉപയോഗത്തിനുള്ള ലെന്‍സുപയോഗിച്ച് വളരെ ദൂരത്തിലുള്ളതു മുതല്‍ ഏകദേശം ഒരു മീറ്റര്‍ അടുത്തുവരെയുള്ള വസ്തുക്കളുടെ ചിത്രങ്ങളെടുക്കാന്‍ കഴിയും. എന്നാല്‍ വസ്തുക്കളെ വളരെ അടുത്തെടുക്കുന്നതിനുവേണ്ടി ക്ലോസ്-അപ് ലെന്‍സുപയോഗിക്കുന്നു. സാധാരണ ക്യാമറയിലെ കാചത്തിന്റെ ഫോക്കസ് നീളത്തെക്കാള്‍ കൂടുതല്‍ ഫോക്കസ് നീളമുള്ള കാചങ്ങളെ ദൂരചിത്ര (telephoto) കാചങ്ങളെന്നു പറയുന്നു. അകലെയുള്ള വസ്തുക്കളുടെ, വലുതാക്കിക്കാണിക്കുന്ന ചിത്രങ്ങളെടുക്കുന്നതിന് ഇവ വളരെ ഉപകരിക്കുന്നു.

എസ്.എല്‍.ആര്‍. ഇനത്തില്‍ 35 മില്ലി മീറ്റര്‍ ക്യാമറകള്‍ ധാരാളമുണ്ട്. നിക്കോണ്‍(Nikon), ക്യാനണ്‍(Canon), മിനോള്‍ട്ടാ(Minolta), അസാഹി പെന്‍ടാക്സ്(Asahi pentax), നിക്കോര്‍മറ്റ് (Nikkormat), ലീക്കാ ഫ്ളെക്സ് (Leica flex) എന്നിങ്ങനെ പലതും. 120 ഇനത്തില്‍ പ്രധാന എസ്.എല്‍.ആര്‍. ക്യാമറകള്‍ താഴെപ്പറയുന്നവയാണ്; മമിയ RB 6, ഹസ്സല്‍ ബ്ളാഡ് (Hassel blad), ബ്രോണികാ (Bronica) റോളി-66 (Rollei).

ഇരട്ടക്കാച പ്രതിഫലനക്യാമറ

ഇരട്ടക്കാച പ്രതിഫലനക്യാമറ (T.L.R. Twin Lens Reflex). തുല്യഫോക്കസ് നീളമുള്ള രണ്ടു ലെന്‍സുകളാണ് ഇതിലുപയോഗിക്കുന്നത്. മുകളിലെ കാചം പ്രതിബിംബ കേന്ദ്രീകരണത്തിനും (focussing), താഴെയുള്ളത് ചിത്രമെടുക്കുന്നതിനും. മുകളിലേതില്‍ക്കൂടി പ്രകാശം ദര്‍പ്പണത്തില്‍ വീണു പ്രതിഫലനത്തിനുശേഷം ഗ്രൌണ്ട് ഗ്ലാസ് സ്ക്രീനില്‍ പ്രതിബിംബം രൂപപ്പെടുന്നു. മുകളിലേതില്‍ നിന്ന് ഗ്ലാസ് സ്ക്രീനിലേക്കും രണ്ടാമത്തേതില്‍ നിന്നു ഫിലിമിലേക്കുമുള്ള പ്രാകാശികദൂരം തുല്യമായിരിക്കും.

ടി.എല്‍.ആര്‍.

ഈ ഇനത്തില്‍പ്പെട്ട ക്യാമറകള്‍ 120, 220, 620, 127 എന്നീ വലുപ്പത്തിലുള്ള ഫിലിമുകള്‍ ഉപയോഗിക്കാന്‍ പറ്റിയവയാണ്. എന്നാല്‍ ചിലതിനു 35 മി.മീ. ഫിലിംകൂടി ഉപയോഗിക്കാനുള്ള സംവിധാനമുണ്ടായിരിക്കും. ടി.എല്‍.ആര്‍. ക്യാമറകളില്‍ കാചങ്ങള്‍ അന്യോന്യം മാറ്റാന്‍ സാധ്യമല്ല. ചില ഒന്നാന്തരം ടി.എല്‍.ആര്‍. ക്യാമറകള്‍ ഇപ്പറയുന്നവയാണ്. റോളി ഫ്ളെക്സ് (ഞീഹഹലശ ളഹലഃ), മമിയാ(ങമാശ്യമ), യാഷികാ.

ചെറിയ ക്യാമറ

ചെറിയ ക്യാമറ (Simple Miniature Camera). 6 സെ.മീ.x 6 സെ.മീ.-നെക്കാള്‍ ചെറിയ വലുപ്പമുള്ള ചിത്രങ്ങള്‍ എടുക്കുന്നവയെ പൊതുവേ ചെറിയ ക്യാമറകളുടെ കൂട്ടത്തില്‍പ്പെടുത്താം. ഇവ മിക്കതും യുഗ്മദൂരമാപി (Couple-Range finder type) എന്ന ഇനമാണ്. ചിലതില്‍ 'ഉദ്ഭാസനമാപി' (Exposure meter) കൂടി ക്യാമറയുടെകൂടെ ഘടിപ്പിച്ചിരിക്കും. 8 മില്ലി മീറ്റര്‍, 16 മില്ലി മീറ്റര്‍ എന്നീ വലുപ്പത്തിലുള്ള ഫിലിമുകള്‍ ഉപയോഗിക്കുന്ന ചെറിയ ക്യാമറകളുണ്ട്.

ഉപയോഗരീതി

ക്യാമറ ഉപയോഗിച്ചു പടമെടുക്കുമ്പോള്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

കേന്ദ്രീകരണം

കേന്ദ്രീകരണം (Focussing). കാചത്തില്‍ക്കൂടി കടന്നുപോകുന്ന പ്രകാശം കൃത്യമായി ഫിലിമിലേക്കു കേന്ദ്രീകരിച്ചാലേ പ്രതിബിംബം വ്യക്തവും സ്പഷ്ടവുമായിരിക്കുകയുള്ളൂ. ഇതിനായി വസ്തുവും കാചവും തമ്മിലുള്ള ദൂരം ക്രമപ്പെടുത്തുന്ന പ്രക്രിയയെയാണ് കേന്ദ്രീകരണം എന്നു പറയുന്നത്. പ്രതിഫലനക്യാമറകളില്‍ കാചം മുന്നോട്ടോ പിന്നോട്ടോ നീക്കി പ്രതിബിംബം ശരിയാക്കുന്ന സംവിധാനമാണുള്ളത്. ഇതിനുവേണ്ട സജ്ജീകരണവും ക്യാമറയിലുണ്ടായിരിക്കും. യുഗ്മ-ദൂരമാപി ഇനം ക്യാമറകളില്‍, വിഭക്തമായ രണ്ടു പ്രതിബിംബങ്ങള്‍ (two split images) ഒന്നാക്കിയാല്‍ കേന്ദ്രീകരണം കൃത്യമായിരിക്കും. സാധാരണതരം ബോക്സ് ക്യാമറകളില്‍ കേന്ദ്രീകരണ സജ്ജീകരണമില്ല. എല്ലാ വസ്തുക്കളുടെയും പ്രതിബിംബം കിട്ടുന്ന തരത്തില്‍ കാചത്തിന്റെ രന്ധ്രമാനം (aperture) '8'ലോ '11'ലോ വച്ചിരിക്കുകയാണ്. വസ്തുവിലേക്കുള്ള ദൂരം ഏകദേശം ഊഹിച്ചു തീരുമാനിക്കുന്നതരം ക്യാമറകളുമുണ്ട്.

രന്ധ്രമാനം

കാചത്തില്‍ക്കൂടി പ്രകാശം കടന്നുപോകുന്ന ദ്വാരത്തിന്റെ വിസ്തൃതിയെയാണ് രന്ധ്രമാനം എന്നു പറയുന്നത്. ഫോക്കസ് നീളവും കാചത്തിന്റെ വ്യാസവും തമ്മിലുള്ള അനുപാതമാണ് രന്ധ്രമാനം. പ്രകാശം കടത്തിവിടുന്ന ക്ഷമതയുടെ സാര്‍വത്രികമായ അളവാണ് രന്ധ്രമാനമെന്നു പറയാം. രന്ധ്രമാനത്തെ സാധാരണയായി 'f മൂല്യങ്ങള്‍' (f values) എന്നു പറയാറുണ്ട്. സാര്‍വത്രികമായി ഈ f മൂല്യങ്ങളെ ചില സംഖ്യകളായാണ് എഴുതുന്നത്. f=22, 16, 11, 8, 5, 6, 4, 3.5, 2.8, 2, 1.4 ഉദാ. ക്യാമറയുടെ രന്ധ്രമാനം 1.4 ആണെന്നിരിക്കട്ടെ. ഫോക്കസ്നീളം 50 മില്ലി മീറ്ററും.

ചിത്രം:Pg315screen06.png‎

അതായത് രന്ധ്രമാനം 1.4-ല്‍ വച്ചാല്‍, ആ സമയത്ത് കാചത്തിന്റെ വ്യാസം 3.571 സെ.മീ. ആയിരിക്കും. ഇനി രന്ധ്രമാനം 22 ആണെന്നിരിക്കട്ടെ.

ചിത്രം:Pg316scree01.png‎

ഇപ്പോള്‍ കാചത്തിന്റെ വ്യാസം വളരെ കുറഞ്ഞു. രന്ധ്രമാനം മാറ്റുന്നതിനനുസരിച്ച് കാചത്തിന്റെ തുറന്നിരിക്കുന്ന ഭാഗത്തിനു വ്യാസം കൂടുകയും കുറയുകയും ചെയ്യുമെന്നുസാരം.

രന്ധ്രമാനം (സംഖ്യ) കുറവാണെങ്കില്‍ (ഉദാ. 2.8 അല്ലെങ്കില്‍ 1.4) കാചത്തില്‍ക്കൂടി കടന്നുപോകുന്ന പ്രകാശത്തിന്റെ അളവ് ഏറ്റവും കൂടിയിരിക്കും. അതുപോലെ രന്ധ്രമാനം കൂടുതലാണെങ്കില്‍ (ഉദാ. 11 അല്ലെങ്കില്‍ 16) പ്രകാശം വളരെക്കുറച്ചേ കടന്നുപോകുകയുള്ളൂ. ഇങ്ങനെ കാചത്തില്‍ക്കൂടി കടന്നുപോകുന്ന പ്രകാശത്തിന്റെ അളവ് ഏറ്റവും കൂടിയിരിക്കും. അതുപോലെ രന്ധ്രമാനം കൂടുതലാണെങ്കില്‍ (ഉദാ. 11 അല്ലെങ്കില്‍ 16) പ്രകാശം വളരെ കുറച്ചേ കടന്നുപോകുകയുള്ളൂ. ഇങ്ങനെ കാചത്തില്‍ക്കൂടി കടന്നുപോകുന്ന പ്രകാശത്തിന്റെ അളവിനെ നിയന്ത്രിക്കാനുള്ള ഒരു നിര്‍ണായക ഘടകമാണ് രന്ധ്രമാനം. ക്യാമറാകാചത്തിനു ചുറ്റുമുള്ള തലത്തിന്റെ അരികില്‍ രന്ധ്രമാനത്തിന്റെ മൂല്യം അടയാളപ്പെടുത്തിയിരിക്കും.

കവാടക്ഷിപ്രത

കവാടക്ഷിപ്രത (shutter speed). പടമെടുക്കുമ്പോള്‍ ഉദ്ഭാസനം (exposure) കൃത്യമായിരിക്കണം. ഇതിനു കവാടക്ഷിപ്രത അതിപ്രധാനമായ ഒരു ഘടകമാണ്. ക്യാമറയുടെ കവാടം എത്രനേരംതുറന്നിരിക്കുന്നു എന്നതിനെയാണ് കവാടക്ഷിപ്രത എന്നു പറയുന്നത്. കവാടക്ഷിപ്രത സാധാരണയായി (സാര്‍വത്രികമായി) ഒരു സെക്കന്‍ഡിന്റെ ഭിന്നിതങ്ങളായാണ് എഴുതുന്നത്. ഈ ഭിന്നിതങ്ങള്‍ ക്യാമറമേല്‍ എഴുതിയിരിക്കും. ആധുനിക ക്യാമറകളില്‍ താഴെപ്പറയുന്ന തരത്തിലാണ് ഈ ഭിന്നതകള്‍ കൊടുത്തിരിക്കുന്നത്. 1, 2, 5, 10, 30, 60, 125, 250, 500, 1000, 2000, ആ. ചില ക്യാമറകളില്‍ അല്പം വ്യത്യാസമുണ്ടായിരിക്കും. 1, 2, 4, 8, 15, 30, 60, 125, 250, 500, B.1 എന്നാല്‍ കവാടം ഒരു സെക്കന്‍ഡ് നേരം തുറന്നിരിക്കും. 5 എന്ന സംഖ്യയില്‍വച്ച്, ക്യാമറ ക്ലിക് ചെയ്താല്‍ ചിത്രം:Pg316_scree04.png ‎സെക്കന്‍ഡ്നേരം കവാടം തുറന്നിരിക്കും. അതുപോലെ 1000-ത്തിലാണെങ്കില്‍ ചിത്രം:Pg316_scree06.png‎ സെക്കന്‍ഡു നേരമേ തുറന്നിരിക്കുകയുള്ളൂ. അതായത് കവാടം വളരെ വേഗത്തില്‍ തുറന്നടയുന്നു. 'B' എന്നാല്‍ കുറഞ്ഞസമയം (brief time) എന്നാണര്‍ഥം. ആ-യില്‍ വച്ച് ക്ലിക് ചെയ്യാനുള്ള പിടിയമര്‍ത്തി കൈ എടുക്കുന്നതുവരെ കവാടം തുറന്നിരിക്കും. 1000, 2000 എന്നീ കവാടക്ഷിപ്രത വളരെ വിലകൂടിയ ആധുനിക ക്യാമറകള്‍ക്കേ ഉണ്ടായിരിക്കുകയുള്ളൂ. പഴയ ക്യാമറകളില്‍ ഠ എന്നുകൂടി രേഖപ്പെടുത്തിയിരിക്കും. T എന്നാല്‍ ഉദ്ഭാസനസമയം (Time exposure) എന്നാണര്‍ഥം. കൂടുതല്‍ സമയം ഉദ്ഭാസനം ആവശ്യമാണെങ്കില്‍ T-യില്‍ വച്ചാല്‍മതി.

ബോക്സ് ക്യാമറകളില്‍ കവാടക്ഷിപ്രത ഒന്നുകില്‍ 25 അല്ലെങ്കില്‍ ചിത്രം:Pg316_scree07.png‎ സ്ഥിരമായിരിക്കും. ഇത്തരം ക്യാമറകളില്‍ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ പടമെടുക്കാന്‍ സാധ്യമല്ല. ഉദാ. മണിക്കൂറില്‍ 72 കി.മീ. സെക്കന്‍ഡില്‍ 20 മീറ്റര്‍ വേഗത്തില്‍ ഓടുന്ന ഒരു കാറിന്റെ പാര്‍ശ്വഭാഗം ഫോട്ടോ എടുക്കണമെന്നിരിക്കട്ടെ. കവാടക്ഷിപ്രത ചിത്രം: Pg316_screen08.png സെക്കന്‍ഡ് ആണെങ്കില്‍ ആ സമയംകൊണ്ട് 0.67 മീറ്റര്‍ ദൂരം കാര്‍ നീങ്ങുന്നു. തന്മൂലം ഫിലിമില്‍ പതിയുന്ന പ്രതിബിംബം സ്പഷ്ടമായിരിക്കയില്ല. പ്രതിബിംബം സ്പഷ്ടമായി കിട്ടണമെങ്കില്‍ കവാടക്ഷിപ്രത കൂട്ടണം. ക്ഷണദീപ(flash)വുമായുള്ള ബന്ധം പൊരുത്തപ്പെടുത്തുക എന്ന കടമകൂടി കവാടത്തിനുണ്ട്.

കാചത്തിന്റെ തുറന്നിരിക്കുന്ന ഭാഗത്തിന്റെ വ്യാസം d യും ഫോക്കസ് നീളം f ഉം ആണെങ്കില്‍ ഫിലിമില്‍ പതിക്കുന്ന പ്രകാശതീവ്രത ചിത്രം:Pg316_scr001.png‎ ന് ആനുപാതികമാണ്. അതായത് ചിത്രം:Pg316scr002.png‎. 50 മില്ലി മീറ്റര്‍ ഫോക്കസ് നീളമുള്ള ഒരു ക്യാമറയുടെ കാചവ്യാസം 12.5 മില്ലി മീറ്റര്‍ ആണെങ്കില്‍ ഫിലിമില്‍ വീഴുന്ന പ്രകാശതീവ്രത, ചിത്രം:Pg316scree003.png‎ -ന് ആനുപാതികമായിരിക്കും. 80 മില്ലി മീറ്റര്‍ ക്യാമറയിലും പ്രകാശതീവ്രത തുല്യമാകണമെങ്കില്‍, ചിത്രം:Pg316scre004.png മില്ലി മീറ്റര്‍. അതായത് വ്യാസം = 20 മില്ലി മീറ്റര്‍.

80 മില്ലി മീറ്റര്‍ ക്യാമറയില്‍ ലെന്‍സിന്റെ വ്യാസം കൂടിയിരിക്കണം. 50 മില്ലി മീറ്റര്‍ ലെന്‍സ് ക്യാമറയുടെ രന്ധ്രമാനം = ചിത്രം:Pg316scre005.png‎

80 മില്ലി മീറ്റര്‍ ലെന്‍സ് ക്യാമറയുടെ രന്ധ്രനാമം ചിത്രം:Pg316scrre006.png‎

രണ്ടിലും പ്രകാശസംഭരണശേഷി (light admitting capacity) തുല്യമായതുകൊണ്ട് രന്ധ്രമാനം തുല്യമാണ്. പക്ഷേ, തുറന്നിരിക്കുന്ന ഭാഗത്തിന്റെ വ്യാസം വ്യത്യസ്തമായിരിക്കും.

പ്രത്യേകതരം ക്യാമറകള്‍

ഫോട്ടോയില്‍ പകര്‍ത്തപ്പെടേണ്ട വസ്തുക്കളുടെയോ രംഗങ്ങളുടെയോ സ്വഭാവത്തിനും സാഹചര്യത്തിനും അനുസൃതമായി രൂപകല്പന ചെയ്ത ചില പ്രത്യേകതരം ക്യാമറകളുണ്ട്.

മൂവി ക്യാമറ

നിശ്ചലഫോട്ടോഗ്രാഫുകളുടെ ഒരു ശ്രേണിയാണ് മൂവിക്യാമറയില്‍ ഉപയോഗിക്കുന്ന ഫിലിം. ഈ ഫിലിമിന്റെ ഓരോ ഫ്രെയിമും ക്യാമറയുടെ കാചത്തിനു പിന്നില്‍ ഒരു തവണ പൂര്‍ണമായി നിന്ന് കവാടം(shutter) തുറന്ന് ഉദ്ഭാസനം നടക്കുകയാണ് ചെയ്യുക; അല്ലാതെ ഫലിം തുടര്‍ച്ചയായി നീങ്ങുകയല്ല. നമ്മുടെ കണ്ണിന്റെ ദൃഷ്ടിസ്ഥായിത (persistence of vision)മൂലമാണ് ചിത്രങ്ങള്‍ക്കു തുടര്‍ച്ചാസ്വഭാവം ഉള്ളതായി തോന്നുന്നത്.

ഉപയോഗിക്കുന്ന ഫിലിമിന്റെ വലുപ്പത്തിനും തരത്തിനും അനുസൃതമായിരിക്കും മൂവിക്യാമറയുടെ ചട്ടക്കൂടിന്റെ മൊത്ത ആകാരം.

മൂവിക്യാമറയുടെ പ്രധാനഭാഗങ്ങള്‍ താഴെപ്പറയുന്നു.

വിവിധയിനം ടെലിവിഷന്‍ ക്യാമറകള്‍

ലെന്‍സ്. സാധാരണയായി ഒന്നുമുതല്‍ നാലുവരെ കാചങ്ങള്‍ മൂവിക്യാമറയില്‍ ഉണ്ടായിരിക്കും. ഉപയോഗിക്കുന്ന ഫിലിമിന്റെ വലുപ്പത്തിന് അനുസരിച്ചായിരിക്കും കാചത്തിന്റെ ഫോക്കല്‍ദൂരം. ഈ കാചങ്ങള്‍ എളുപ്പത്തില്‍ കറക്കാവുന്ന ഒരു പീഠത്തിന്മേല്‍ ഉറപ്പിച്ചിരിക്കും. ഈ പീഠം കറക്കി ആവശ്യമുള്ള ഫോക്കല്‍ ദൂരത്തോടുകൂടിയ കാചം കൃത്യസ്ഥാനത്തു കൊണ്ടുവരാന്‍ കഴിയും. ലെന്‍സ്ഷെയ്ഡ് ഉപയോഗിച്ച് അധികപ്രകാശവും അസ്ഥിരപ്രകാശ(flare) വും തടയാം. കുറഞ്ഞ ഫോക്കല്‍ ദൂരകാചം ഉപയോഗിക്കുമ്പോള്‍ വിസ്തൃതമണ്ഡലദൃശ്യം കിട്ടുന്നു; കൂടിയ ഫോക്കല്‍ദൂര കാചമുപയോഗിക്കുമ്പോള്‍ വലുപ്പം കൂടിയ പ്രതിബിംബവും. ആധുനിക മൂവിക്യാമറകളില്‍ സൂം ലെന്‍സുകള്‍ (Zoom Lenses) ഘടിപ്പിച്ചിരിക്കും. വിവിധ പരാസ (range)ത്തോടുകൂടിയ, മാറ്റാവുന്ന ഫോക്കല്‍ദൂര കാചങ്ങളാണ് സൂം ലെന്‍സുകള്‍. ഇവ ഉപയോഗിച്ച് വളരെ വൈവിധ്യമുള്ള ചിത്രവലുപ്പങ്ങള്‍ ലഭ്യമാക്കാം.

ഷട്ടര്‍. ക്യാമറയില്‍ കാചത്തിന്റെയും ഫിലിമിന്റെയും ഇടയ്ക്കാണ് ഷട്ടറിന്റെ സ്ഥാനം. ഈ കവാടം തിരിയുമ്പോള്‍ തുറക്കപ്പെടുന്ന കോണിന് ആനുപാതികമായി ഫിലിമിന് ഉദ്ഭാസനം നടക്കുന്നു. ഷട്ടര്‍ ഏറ്റവും കൂടിയ കോണില്‍ തുറക്കുമ്പോഴായിരിക്കും ഫിലിമിന് ഉച്ചതമാവസ്ഥയിലുള്ള ഉദ്ഭാസനം കിട്ടുക. ഇപ്രകാരം 235 o വരെ തുറക്കാവുന്ന ഷട്ടറുകളുണ്ട്. വേരിയബിള്‍ ഷട്ടറുകള്‍ ഉപയോഗിച്ച് ഇഷ്ടമുള്ള കോണില്‍ ഉദ്ഭാസനം നടത്താം.

ഗെയ്റ്റ്. ഉദ്ഭാസന സമയത്ത് ഫിലിം കടന്നുപോകുന്ന വഴിയാണ് ഗെയ്റ്റ് (gate). അപെര്‍ച്ചര്‍ പ്ളെയ്റ്റ്, പ്രഷര്‍പ്ളെയ്റ്റ്, എഡ്ജ്ഗൈഡ് എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു.

ഫിലിംചേംബര്‍. ഉദ്ഭാസനം ചെയ്യപ്പെടാത്ത ഫിലിം ഒരറ്റത്തു വച്ചുകൊണ്ടിരിക്കുകയും ഉദ്ഭാസനം ചെയ്യപ്പെട്ട ഫിലിം മറ്റൊരറ്റത്ത് ശേഖരിക്കുകയും ചെയ്യുന്ന അറയാണ് ഫിലിം ചേംബര്‍. ചിലയിനം മൂവിക്യാമറകളില്‍ ഫിലിം ചേംബര്‍ ഉള്ളില്‍ത്തന്നെ ഘടിപ്പിച്ചിരിക്കും. മറ്റു പലതിലും അത് 'ഫിലിം മാഗസിന്‍' എന്നറിയപ്പെടുന്ന ഒരുപസജ്ജീകരണമാണ്. ഈ ഫിലിം മാഗസിനുള്ളില്‍ പ്രകാശം കടക്കാത്ത സാഹചര്യത്തില്‍ മുമ്പേതന്നെ ഫിലിം ലോഡുചെയ്തിരിക്കും.

വലിച്ചിറക്കല്‍ പ്രവിധി (Pulldown Mechanism). ഓരോ സ്ട്രോക്കിലും ഫിലിമിന്റെ ഓരോ ഫ്രെയിമിനെ മാത്രം ഉദ്ഭാസന വിധേയമാകത്തവിധം കടത്തിവിടുക എന്നതാണ് ഇതിന്റെ ധര്‍മം. ഇങ്ങനെ ഒന്നിനുപുറകെ മറ്റൊന്നായി ഓരോ ഫ്രെയ്മും നീങ്ങി ഫിലിംറോള്‍ പൂര്‍ത്തിയാകുന്നു.

ടെലിവിഷന്‍ ക്യാമറ

ടെലിവിഷന്‍ ക്യാമറയില്‍ പ്രകാശതരംഗങ്ങളെ വൈദ്യുതതരംഗങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഈ വൈദ്യുത തരംഗങ്ങള്‍ ട്രാന്‍സ്മിറ്റര്‍ മുഖേന വീഡിയോതരംഗങ്ങളായി ഏരിയല്‍വഴി പ്രക്ഷേപണം ചെയ്യപ്പെട്ട് സ്വീകരണിയില്‍ (ടെലിവിഷന്‍ സെറ്റ്) എത്തി ചിത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു.

ടെലിവിഷന്‍ ക്യാമറയുടെ പ്രധാനഭാഗങ്ങളാണ് ഓപ്റ്റിക്കല്‍ സിസ്റ്റം, പിക്ചര്‍ പിക്അപ്ട്യൂബുകള്‍, പ്രീ ആംപ്ലിഫയറുകള്‍, സ്കാനിങ് സര്‍ക്യൂട്ടുകള്‍, സിങ്ക്രണസര്‍ക്യൂട്ടുകള്‍, വീഡിയോ പ്രോസസിങ് സര്‍ക്യൂട്ടുകള്‍, കണ്‍ട്രോള്‍ സര്‍ക്യൂട്ടുകള്‍ എന്നിവ. ഇതില്‍ എല്ലാ ഘടകങ്ങളും ഒറ്റ അസംബ്ലിയില്‍ ഒതുങ്ങുന്നവയാണ് വണ്‍പീസ്-ക്യാമറകള്‍. മറ്റുള്ളവയില്‍ ക്യാമറാശീര്‍ഷം (head), ക്യാമറാ കണ്‍ട്രോള്‍ യൂണിറ്റ്(CCU) എന്നീ രണ്ടു യൂണിറ്റുകളെ ക്യാമറാചെയിന്‍ കൊണ്ടു ബന്ധിപ്പിച്ചിരിക്കും. ലെന്‍സ്, പിക്ചര്‍ പിക്അപ് ട്യൂബുകള്‍ എന്നിവ ക്യാമറാശീര്‍ഷത്തിലും മറ്റു നിയന്ത്രിതഭാഗങ്ങള്‍ ക്യാമറാ കണ്‍ട്രോള്‍ യൂണിറ്റിലും ആയിരിക്കും. ട്രയാക്സ് ക്യാമറയില്‍ ശീര്‍ഷത്തെയും ക്യാമറാ കണ്‍ട്രോള്‍ യൂണിറ്റിനെയും കുറഞ്ഞ വ്യാസമുള്ള ഒരു ട്രയാക്സിയല്‍ കേബിള്‍കൊണ്ടു ബന്ധിപ്പിച്ചിരിക്കും.

സ്റ്റുഡിയോ ക്യാമറ, പോര്‍ട്ടബിള്‍ ക്യാമറ, ടെലിസൈന്‍ ക്യാമറ എന്നിങ്ങനെ വിവിധയിനം ടി.വി. ക്യാമറകളുണ്ട് (ചിത്രം). കൂടാതെ മനുഷ്യന് അപ്രാപ്യമോ ആപത്ക്കരമോ ആയ ഇടങ്ങളിലെ ചിത്രങ്ങളെടുക്കുന്നതിനായി പ്രത്യേകം സജ്ജീകരിക്കപ്പെട്ട ക്യാമറകളും നിലവിലുണ്ട്. ന്യൂക്ലിയര്‍ പവര്‍ റിയാക്റ്ററിന്റെ ഉള്‍ഭാഗം, കടലിന്റെ അടിത്തട്ട് എന്നിവയുടെയൊക്കെ ചിത്രമെടുക്കുന്നത് ഇപ്രകാരമുള്ള സവിശേഷയിനം ക്യാമറകള്‍ കൊണ്ടാണ്.

സാധാരണ ടി.വി. ക്യാമറയുടെ വൃത്താകൃതിയിലുള്ള ഒരു പ്ളെയ്റ്റില്‍ മൂന്നോ നാലോ കാചങ്ങള്‍ ഘടിപ്പിച്ചിരിക്കും. ചില പ്രത്യേക അവസരങ്ങളില്‍ കാചങ്ങളുടെ എണ്ണം അമ്പതുവരെ ആകാറുണ്ട്. പ്ളെയ്റ്റ് ചുറ്റുമ്പോള്‍ ആവശ്യമുള്ള കാചം നിശ്ചിത സ്ഥാനത്തുവന്നു നില്‍ക്കത്തക്കവിധത്തിലാണ് അവയുടെ ഘടന. ഓരോ പ്രാവശ്യവും ഒരു കാചം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഇവ ആവശ്യാനുസരണം തിരഞ്ഞെടുത്തു ക്രമീകരിച്ച് സമീപമോ(close up), ഇടത്തരമോ (medium shot) വിസ്കൃതകോണോ (wide angle) ഉള്ള ചിത്രം എടുക്കുന്നു. ടെലിഫോട്ടോലെന്‍സ്, സൂം ലെന്‍സ് എന്നിവ ഘടിപ്പിച്ചിട്ടുള്ള ടി.വി. ക്യാമറകളുമുണ്ട്.

ക്യാമറയുടെ കാചങ്ങള്‍ പരിപാടികളുടെ പ്രതിഫലിപ്പുകളെ ക്യാമറാ ട്യൂബിന്റെ നിശ്ചിതഭാഗത്തു പതിപ്പിക്കുന്നു. ഉപയോഗിക്കുന്ന ക്യാമറാട്യൂബുകളുടെ ഇനമനുസരിച്ച് ക്യാമറയുടെ മൊത്തം ആകൃതിയും വ്യത്യാസപ്പെട്ടിരിക്കും. ഇക്നോസ്കേപ്പ്, ഇമേജ് ഓര്‍ത്തിക്കോണ്‍, വീഡികോണ്‍ എന്നിങ്ങനെ വിവിധയിനം ക്യാമറാട്യൂബുകളുണ്ട്. ഇതില്‍ വീഡികോണ്‍ താരതമ്യേന ചെറുതാണ്. ക്യാമറാട്യൂബ് പ്രകാശരശ്മികളെ വൈദ്യുതതരംഗങ്ങളാക്കി മാറ്റി ആംപ്ലിഫയറിലേക്കു കടത്തുന്നു.

വര്‍ണ ടി.വി. ക്യാമറകള്‍ക്ക് ബ്ളാക്ക് ആന്‍ഡ് വൈറ്റ് ടി.വി. ക്യാമറകളെക്കാള്‍ വലുപ്പം ഏറിയിരിക്കും. അവയ്ക്ക് കൂടുതല്‍ പ്രകാശവും ആവശ്യമാണ്. വര്‍ണക്യാമറയില്‍ ചിത്രത്തിലെ ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങള്‍ വേര്‍തിരിക്കപ്പെട്ട് ഓരോ പ്രത്യേക ട്യൂബുകളിലെത്തി വൈദ്യുതസ്പന്ദനങ്ങളായി മാറിയാണ് പ്രേഷണം ചെയ്യപ്പെടുക.

ഫുട്ബോള്‍, ഹോക്കി പോലുള്ള കളികള്‍ ടി.വി.യില്‍ പകര്‍ത്തുമ്പോള്‍ പല ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ച് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ച് ഏറ്റവും നന്നായ ഭാഗങ്ങള്‍ മാത്രമാണ് പ്രേഷണം ചെയ്യുക. വാര്‍ത്തകള്‍, പ്രത്യേക സംഭവങ്ങള്‍ എന്നിവയെടുക്കുന്ന ടി.വി. ക്യാമറകള്‍ക്ക് ഒരു വയര്‍ലസ് ബാഹ്യക്യാമറയും ആവശ്യമായ പ്രേഷക ഉപകരണവും വാഹനയൂണിറ്റും ഉണ്ടായിരിക്കും.

ഇലക്ട്രോണ്‍ ട്യൂബുകള്‍ക്കു പകരം ട്രാന്‍സിസ്റ്ററുകള്‍ ഉപയോഗിക്കുന്നവയാണ് ചില ടി.വി. ക്യാമറകള്‍. ഇവ ചെറുതും ഘനംകുറഞ്ഞതും പ്രവര്‍ത്തിക്കാന്‍ താരതമ്യേന കുറഞ്ഞ വൈദ്യുതി വേണ്ടവയുമാണ്. ഉപഗ്രഹങ്ങള്‍, സ്പേസ് വാഹനങ്ങള്‍ എന്നിവയില്‍ ഇവ ഉപയോഗിക്കുന്നു. സോളിഡ് സ്റ്റേറ്റ് സര്‍ക്യൂട്ട് ഉപയോഗിക്കുന്ന ചില ആധുനിക ടി.വി. ക്യാമറകളുമുണ്ട്.

അന്തര്‍ജലക്യാമറ

ജലത്തിനടിയില്‍ വച്ചുള്ള ഛായാഗ്രഹണത്തിനാണ് അന്തര്‍ജലക്യാമറ (Under water camera) ഉപയോഗിക്കുന്നത്. റിഫ്രാക്ഷന്‍മൂലം ജലത്തിനടിയിലെ വസ്തുക്കള്‍ സാധാരണ കാഴ്ചയ്ക്ക് യഥാര്‍ഥത്തില്‍ ഉള്ളതിനെക്കാള്‍ അടുത്തും വലുതുമായാണ് തോന്നുക. അതിനാല്‍ അവയുടെ ചിത്രമെടുക്കുമ്പോള്‍ കേന്ദ്രീകരണത്തില്‍ (focussing) തെറ്റുപറ്റാനിടയുണ്ട്. ഇതു പരിഹരിക്കുന്നതിനായി ക്യാമറയുടെ കാച (lens)ത്തിനോടു ചേര്‍ന്ന് സാധാരണ പ്ളെയിന്‍ഗ്ലാസ് ഉപയോഗിക്കുന്നതിനു പകരം കറക്ഷന്‍സ് ലെന്‍സ് ഉപയോഗിക്കുന്നു. മുഖ്യമായും രണ്ടിനം അന്തര്‍ജല ക്യാമറകള്‍ പ്രയോഗത്തിലുണ്ട്. അന്തര്‍ജല ഉപയോഗത്തിനായി മാത്രം രൂപകല്പന ചെയ്തിട്ടുള്ള ക്യാമറകളും വാട്ടര്‍പ്രൂഫ്, പ്രഷര്‍ റസിസ്റ്റന്റ് എന്നീ സൗകര്യങ്ങളോടെ പ്ലാസ്റ്റിക് ബാഗുകളില്‍ ഒതുക്കിയിട്ടുള്ള സാധാരണ ക്യാമറകളും. അന്തര്‍വാഹിനിക്യാമറകള്‍ക്ക് വിസ്തൃതകോണ്‍ കാചങ്ങള്‍ (wide angle lenses ആണ് ഉപയോഗിക്കുക.

ഏരിയല്‍ ക്യാമറ

ആധുനിക ഫോട്ടോഗ്രാഫി ലെന്‍സുകള്‍

ഭൂനിരപ്പില്‍നിന്ന് വളരെ ഉയര്‍ന്ന് വിമാനത്തിലോ ഉപഗ്രഹത്തിലോ വച്ചുള്ള ഛായാഗ്രഹണത്തിന് ഉപയോഗിക്കുന്നവയാണ് ഏരിയല്‍ക്യാമറകള്‍. ഇവിടെ കേന്ദ്രീകരണം 'അനന്തത'(infinity)യില്‍ ആകയാല്‍ ക്യാമറാകാചങ്ങള്‍ക്കു പൊതുവെ സ്ഥിരഫോക്കസ്, കൂടിയ ഫോക്കല്‍ദൂരം എന്നീ പ്രത്യേകതകള്‍ കാണും. വിമാനം പറക്കുമ്പോഴുള്ള കമ്പനങ്ങള്‍ ചെറിത്തുനില്ക്കുവാനും ഫിലിംവേഗതയും വിമാനവേഗതയും സിങ്കറണൈസു ചെയ്യാനുമുള്ള സംവിധാനം ഇത്തരം ക്യാമറകളില്‍ ഉണ്ടായിരിക്കും. സവിശേഷയിനം ഫിലിമുകളും ഫില്‍ട്ടറുകളുമുള്ള ഇത്തരം ക്യാമറകള്‍വഴി എടുക്കുന്ന ചിത്രങ്ങളുടെ പഠനങ്ങളില്‍നിന്ന് ഭൂവിഭാഗങ്ങളുടെ കിടപ്പ്, ധാതുനിക്ഷേപം, സസ്യജാലങ്ങള്‍, കൃഷി, അന്തരീക്ഷമലിനീകരണം എന്നിവയെല്ലാം മനസ്സിലാക്കാം. ഉപഗ്രഹങ്ങളില്‍നിന്നുള്ള പ്രതിബിംബങ്ങള്‍ ടെലിവിഷന്‍ സിസ്റ്റം മുഖേന ഭൂമിയില്‍ എത്തിക്കാന്‍ കഴിയും.

പോളറോയ്ഡ് ക്യാമറ

ഉദ്ഭാസന(exposure) ശേഷം ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രോസസിങ് മുഴുവന്‍ തീര്‍ത്ത് പ്രിന്റ് നല്‍കുന്നവയാണ് പോളറോയ്ഡ് ക്യാമറകള്‍. ഫിലിമിനോടു ചേര്‍ന്നുള്ള സഞ്ചിയില്‍ ശേഖരിച്ചിട്ടുള്ള ജല്ലിസമാനമായ ഡെവലപ്പിങ് രാസവസ്തുക്കള്‍ പെട്ടെന്ന് പ്രോസസ് ചെയ്താണ് ക്യാമറയില്‍നിന്നു പുറത്തെടുക്കുന്ന ഉടനെ പ്രിന്റ് ലഭ്യമാകുന്നത്. സാധാരണ കിട്ടുന്ന ഒറ്റ പ്രിന്റിന് പുറമെ, എന്‍ലാര്‍ജ് ചെയ്യാവുന്ന നെഗറ്റീവ് കൂടി തരുന്ന ഒരിനം ആധുനിക പോളറോയ്ഡ് ക്യാമറയും ഉണ്ട്. ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ പോളറോയ്ഡ് ക്യാമറകള്‍ക്ക് വളരെ ഉപയോഗമുണ്ട്. ഉദാ. ഓസിലോസ്കാപ് ട്രേസുകള്‍, കേടായ യന്ത്രഭാഗങ്ങള്‍ എന്നിവ റെക്കോര്‍ഡു ചെയ്യാന്‍.

പനോരമിക് ക്യാമറ

ഒറ്റ ഉദ്ഭാസനം കൊണ്ട് വിശാലമായൊരു വിസ്തൃതി പകര്‍ത്താനും വളരെക്കൂടിയ ദൃശ്യകോണ്‍ (ultra vide angle views) ഉള്ള ചിത്രങ്ങള്‍ എടുക്കാനും ഉപയോഗിക്കുന്ന ക്യാമറയാണ് പനോരമിക് അഥവാ വൈഡ് ഫീല്‍ഡ് ക്യാമറ. ഉദ്ഭാസനനിമിഷത്തില്‍ കാചം (ചിലതില്‍ ഫിലിമും) ഒരറ്റത്തുനിന്നു മറ്റേയറ്റത്തേക്ക് ദോലനം ചെയ്യുന്നതുകൊണ്ട് വിസ്താരമേറിയ മണ്ഡലം കിട്ടുന്നു. 180 o മുതല്‍ 360o വരെയാകാം ദൃശ്യകോണിന്റെ പരാസം (range).

സ്റ്റീരിയോ ക്യാമറ

ശാസ്ത്ര, സാങ്കേതിക രംഗങ്ങളില്‍ വളരെ പ്രയോജനമുള്ളവയാണ് സ്റ്റീരിയോ ക്യാമറകള്‍. രണ്ടു ലെന്‍സുകള്‍ വഴി അടുത്തടുത്തായി എടുക്കുന്ന രണ്ടു ചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്ക് ത്രിമാനപ്രതീതി ഉളവാക്കുന്നു.

മെഡിക്കല്‍ ക്യാമറ

മെഡിക്കല്‍ ക്യാമറ വൈദ്യശാസ്ത്രത്തിന് ഒരനുഗ്രഹമാണ്. ഗ്യാസ്ട്രോസ്കോപ്പോ അതുപോലുള്ള മറ്റു ഉപകരണങ്ങളോകൊണ്ട് ശരീരത്തിനകത്തു കടത്തി അള്‍സര്‍പോലുള്ള ഭാഗങ്ങളുടെ കൃത്യമായ സ്ഥാനനിര്‍ണയനം നടത്തി അവയെക്കുറിച്ചു പഠിക്കാന്‍ ഇവ വഴിയെടുക്കുന്ന ഫോട്ടോഗ്രാഫുകള്‍ സഹായിക്കുന്നു. പല ശസ്ത്രക്രിയകളും ഒഴിവാക്കാമെന്നുള്ളതാണ് ഇതുകൊണ്ടുള്ള നേട്ടം.

അള്‍ട്രാമിനിയേച്ചര്‍ ക്യാമറ

വളരെ ചെറിയ (9.5-16 മി.മീ.). ഫിലിമുകള്‍ ഉപയോഗിക്കത്തക്കവിധം പ്രത്യേക രൂപകല്പനയോടുകൂടിയവാണ് അള്‍ട്രാമിനിയേച്ചര്‍ ക്യാമറകള്‍. സിഗററ്റ് ലൈറ്റര്‍, ഊന്നുവടി, വാച്ച് എന്നിവയിലൊക്കെ ഒളിപ്പിച്ചുവച്ചുകൊണ്ടു നടക്കാവുന്ന ഇതിനെ 'സ്പൈ ക്യാമറ' എന്നു വിശേഷിപ്പിക്കാറുണ്ട്.

ക്യാമറയിലെ ആധുനികവിപ്ലവം

1969-ല്‍ അമേരിക്കയിലെ ബെല്‍ ലബോറട്ടറീസില്‍ ചാര്‍ജ് കപ്ള്‍ഡ് ഡിവൈഡ് (CCD) കണ്ടെത്തിയതോടെ ക്യാമറകളുടെ നിര്‍മിതിയിലും ഉപയോഗത്തിലും വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. സാധാരണ ഫോട്ടോഗ്രാഫിയുടെ ഒരു പരിമിതി അതിലുപയോഗിക്കുന്ന ഫോട്ടോഗ്രാഫിക് പ്ലേറ്റിന്റെ/ഫിലിമിന്റെ കുറഞ്ഞ സംവേദനക്ഷമതയാണ്. ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റില്‍ പതിക്കുന്ന ഫോട്ടോണുകളില്‍ ഒരു ചെറിയ ശതമാനംമാത്രമേ യഥാര്‍ഥത്തില്‍ രേഖപ്പെടുത്തപ്പെടുന്നുള്ളൂ. വിദൂര ആകാശവസ്തുക്കളുടെ (ഗ്യാലക്സികള്‍, ക്വാസാറുകള്‍ മുതലായവ) ഫോട്ടോയെടുക്കുമ്പോള്‍ ഇത് പ്രശ്നം സൃഷ്ടിക്കുന്നു. സി.സി.ഡി.-കള്‍ ഇക്കാര്യത്തില്‍ ഏറെ മെച്ചമാണ്. ജ്യോതിശ്ശാസ്ത്രരംഗത്തെ ആവശ്യങ്ങള്‍ക്കുവേണ്ടി വികസിപ്പിച്ചെടുത്ത സി.സി.ഡി. സാങ്കേതികവിദ്യ ഇന്ന് എല്ലാവിധ ക്യാമറകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സി.സി.ഡി ഇല്ലായിരുന്നെങ്കില്‍ മൊബൈല്‍ ഫോണുകളിലും മറ്റും ക്യാമറസംവിധാനം സാധ്യമാകുമായിരുന്നില്ല.

ഒരു ചെസ്ബോര്‍ഡിലെ കളങ്ങള്‍പോലെ, അനേകായിരം പ്രകാശസംവേദക സംവിധാനങ്ങള്‍, വളരെ ചെറിയ വിസ്തൃതിയില്‍ വിതരണം ചെയ്തിരിക്കുന്നതാണ് ഒരു സി.സി.ഡി. ഓരോ സൂക്ഷ്മമായ കളവും ഒരു പിക്ചര്‍ എലമെന്റ് അഥവാ പിക്സല്‍ എന്നറിയപ്പെടുന്നു. ഒരു ചതുരശ്ര സെന്റിമീറ്ററില്‍ ഏതാനും ദശലക്ഷം പിക്സലുകള്‍ ഉണ്ടാകാം. ഒരു വസ്തുവിന്റെ പ്രതിരൂപം സി.സി.ഡി.-യിലേക്ക് ഫോക്കസ് ചെയ്യുമ്പോള്‍, വസ്തുവിന്റെ ഒരു നിശ്ചിതഭാഗത്തുനിന്നുവരുന്ന പ്രകാശം ഒരു പ്രത്യേക പിക്സലില്‍ പതിക്കുന്നു. പ്രസ്തുത പ്രകാശഭാഗത്തിന്റെ തീവ്രതയ്ക്കും ഉദ്ഭാസനസമയത്തിനും ആനുപാതികമായി പിക്സലില്‍ വൈദ്യുതചാര്‍ജ് സംഭരിക്കപ്പെടുന്നു. ഉദ്ഭാസനത്തിനൊടുവില്‍ ഓരോ പിക്സലും സംഭരിച്ച ചാര്‍ജുകള്‍ ഒരു കംപ്യൂട്ടറിന്റെ അഥവാ മൈക്രോചിപ്പിന്റെ സഹായത്തോടെ തിട്ടപ്പെടുത്തി ചിത്രത്തിനു രൂപംനല്‍കുന്നു. സാധാരണ ഫോട്ടോഗ്രാഫിക് പ്ലേറ്റുകളെക്കാള്‍ സംവേദനക്ഷമത കൂടുതലാണെന്നതുമാത്രമല്ല സി.സി.ഡി.-കളുടെ നേട്ടം; വീണ്ടും വീണ്ടും ഉപയോഗിക്കാം എന്നതുകൊണ്ട് ചെലവ് വളരെ കുറവുമാണ്. ഫോട്ടോഗ്രാഫിക് പ്ലേറ്റുകളെപ്പോലെ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഡെവലപ് ചെയ്യുകയോ വാഷ് ചെയ്യുകയോ വേണ്ട എന്നതും ഇവയുടെ ഒരു നേട്ടമാണ്. ദൃശ്യപ്രകാശത്തിനു പുറമേ, ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ്, എക്സ്-റേ തുടങ്ങിയ വിദ്യുത്കാന്തികതരംഗങ്ങളോടും പ്രതികരിക്കുന്ന സി.സി.ഡി.കള്‍ നിര്‍മിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളതുകൊണ്ട് ജ്യോതിശ്ശാസ്ത്രരംഗത്തും യുദ്ധരംഗത്തും (പ്രത്യേകിച്ച് രാത്രിയുദ്ധത്തില്‍) സി.സി.ഡി.കള്‍ പ്രാമുഖ്യം കൈവരിച്ചിട്ടുണ്ട്. ഏതൊരു സാധാരണക്കാരനും വാങ്ങാന്‍ കഴിയുംവിധം ക്യാമറകളുടെ വില കുറയാനും ക്യാമറ നിര്‍മാണം ഒരു വന്‍വ്യവസായമായി മാറാനും സി.സി.ഡി.കള്‍ കാരണമായിട്ടുണ്ട്. സിനിഫോട്ടോഗ്രാഫിയില്‍ ഇതു സൃഷ്ടിച്ച മാറ്റം വളരെ വലുതാണ്. നോ. ഛായാഗ്രഹണം, സിനിമ

(പ്രൊഫ. കെ. പാപ്പൂട്ടി, സി.കെ. ബാലകൃഷ്ണന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AE%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍