This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസ്പാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോസ്പാര്‍

Cospar

അന്താരാഷ്ട്രതലത്തില്‍ ബഹിരാകാശ ശാസ്ത്രപ്രവര്‍ത്തനങ്ങളെ എകോപിപ്പിച്ചുകൊണ്ടു പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള ബഹിരാകാശ ഗവേഷണ കമ്മിറ്റി (Committee on Space Research). ഇംഗ്ലീഷിലുള്ള പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ സംക്ഷിപ്ത സംജ്ഞയാണ് കോസ്പാര്‍. അന്താരാഷ്ട്ര ഭൂഭൗതികവര്‍ഷ(IGY)മായിരുന്ന 1957-58-ല്‍ റോക്കറ്റുകളും ഉപഗ്രഹങ്ങളും ഉപയോഗിച്ചു നടത്തിയ വിജയപ്രദമായ ഗവേഷണപരിപാടികള്‍ സഹകരണാടിസ്ഥാനത്തില്‍ തുടരുന്നതിനുവേണ്ടി ശാസ്ത്രയൂണിയനുകളുടെ അന്തര്‍ദേശീയ കൗണ്‍സില്‍-ഇന്റര്‍നാണഷല്‍ കൗണ്‍സില്‍ ഒഫ് സയന്റിഫിക് യൂണിയന്‍സ് (ICSU) ആണ് കോസ്പാര്‍ സ്ഥാപിച്ചത് (1958). കോസ്പാറിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യം ലോകത്തിലെ ശാസ്ത്രസമൂഹങ്ങള്‍ക്ക് ഉപഗ്രഹങ്ങളുടെയും ബഹിരാകാശ നിരീക്ഷണത്തിനുള്ള മറ്റ് ഉപാധികളുടെയും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള സൗകര്യം പ്രദാനം ചെയ്യുകയും ഇതുമൂലം ലഭ്യമാകുന്ന വിവരങ്ങള്‍ അന്യോന്യം താരതമ്യപഠനത്തിനു കൈമാറുകയുമായിരുന്നു. അന്താരാഷ്ട്രതലത്തില്‍ ബഹിരാകാശസംബന്ധമായി വിവിധ ശാസ്ത്രവിഭാഗങ്ങളില്‍ നടക്കുന്ന എല്ലാ ഗവേഷണങ്ങളും കോസ്പാര്‍ പദ്ധതിയില്‍ ഉള്‍പ്പെടും.

കോസ്പാറിന്റെ അധികാരപത്രത്തില്‍ സംഘടനയുടെ മൗലികലക്ഷ്യമായി പറഞ്ഞിരിക്കുന്നത്, റോക്കറ്റും റോക്കറ്റുകൊണ്ടു വിക്ഷേപിക്കുന്ന എല്ലാവിധ വാഹനങ്ങളും വഴി, അന്തര്‍ദേശീയമായി നടത്തുന്ന എല്ലാവിധ ശാസ്ത്ര പര്യവേക്ഷണങ്ങളുടെയും പുരോഗതിക്കു സഹായിക്കുക എന്നതാണ്. ബലൂണ്‍ ഉപയോഗിച്ചുള്ള ബഹിരാകാശപരിപാടികള്‍ കൂടി കോസ്പാറിന്റെ പ്രവര്‍ത്തനപരിധിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ ഐ.സി.എസ്.യുവിന്റെ പൊതുകമ്മിറ്റി 1975 സെപ്തംബറില്‍ തീരുമാനിക്കുകയുണ്ടായി. ഐ.സി.എസ്.യുവിന്റെ നിയമങ്ങളുടെ അടിസ്ഥാനത്തില്‍, രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി, ശാസ്ത്രീയമായ കാഴ്ചപ്പാടില്‍ കോസ്പാര്‍ എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നു. അന്തര്‍ദേശീയ ബഹിരാകാശപരിപാടികളില്‍ ഇപ്പോള്‍ സജീവമായി പങ്കെടുക്കാത്ത രാജ്യങ്ങളുടെ സഹകരണം കൂടുതലായി നേടുന്നതും കോസ്പാറിന്റെ ഒരു പ്രധാന ലക്ഷ്യമാണ്.

കോസ്പാറിന്റെ അംഗത്വം താഴെക്കൊടുത്തിരിക്കുന്ന പ്രകാരമാകുന്നു: (1) ഐ.സി.എസ്.യുവുമായി ബന്ധപ്പെട്ടതും ബഹിരാകാശഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതുമായ ഓരോ ദേശീയസ്ഥാപനത്തിന്റെയും ഒരു പ്രതിനിധി; (2) ഐ.സി.എസ്.യുവിനോടു ബന്ധപ്പെട്ടതും കോസ്പാര്‍ പ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നതുമായ ഓരോ അന്തര്‍ദേശീയ ശാസ്ത്രസംഘടനയുടെയും ഒരു പ്രതിനിധി. കോസ്പാര്‍ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനം പാരിസാണ് (Cospar Secretariat, 51 bd. de Montmorency, 75016, Paris, France).

കോസ്പാറിനുവേണ്ടി ആണ്ടില്‍ മൂന്നു പ്രാവശ്യം ഒരു വിജ്ഞാപകപത്രം ഇംഗ്ലണ്ടില്‍ നിന്നു പെര്‍ഗാമണ്‍ പ്രസ്സ് പ്രസിദ്ധീകരിക്കുന്നുണ്ട്. കോസ്പാറിന്റെ സംവിധാനത്തെപ്പറ്റിയും അംഗങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന ഒരു ലഘുഗ്രന്ഥം (ഫെബ്രുവരി 1980) ആവശ്യപ്പെടുന്നവര്‍ക്ക് സെക്രട്ടേറിയറ്റില്‍നിന്നു ലഭിക്കുന്നതാണ്; ബഹിരാകാശ പര്യവേക്ഷണത്തിന്റെ പുരോഗമനം എന്ന പ്രസിദ്ധീകരണം പല വാല്യങ്ങളിലായി കോസ്പാര്‍ പുറത്തിറക്കി വരുന്നു. 1980 വസന്തത്തിലെ വാല്യത്തില്‍ 'ബഹിരാകാശവും വികസനവും' എന്ന വിഷയത്തെപ്പറ്റിയുള്ള വിക്രം സാരാഭായി സിംപോസിയത്തിന്റെ നടപടിക്രമം അടങ്ങിയിരുന്നു. മേല്പറഞ്ഞ പ്രസിദ്ധീകരണത്തിന്റെ പല വാല്യങ്ങളുടെയും ശാസ്ത്ര പത്രാധിപസ്ഥാനം വഹിച്ചിരുന്നത് ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരാണ്.

ആദ്യഘട്ടത്തില്‍ത്തന്നെ കോസ്പാര്‍ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ ബഹിരാകാശ ശാസ്ത്രസംബന്ധമായ സെമിനാറുകള്‍ സംഘടിപ്പിക്കുക, അന്തരീക്ഷോപരിതലത്തിന്റെ സ്വഭാവത്തെപ്പറ്റിയുള്ള പട്ടികകള്‍ തയ്യാറാക്കുക, വിവിധ ശാസ്ത്രവിഭാഗങ്ങള്‍ നടത്തുന്ന ബഹിരാകാശ ഗവേഷണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക, വിവിധ രാജ്യങ്ങള്‍ നിര്‍മിക്കുന്ന ഉപകരണങ്ങളെ ബഹിരാകാശത്തിലേക്ക് അയയ്ക്കാന്‍ റോക്കറ്റ് സൗകര്യം ഉണ്ടാക്കിക്കൊടുക്കുക, ബഹിരാകാശ പരീക്ഷണങ്ങള്‍ നടത്തുന്നവരുടെ ഉപയോഗത്തിനുള്ള റേഡിയോ ആവൃത്തി ക്രമീകരിച്ചു വിതരണം ചെയ്യുന്നതിനുവേണ്ടി അന്തര്‍ദേശീയ ടെലികമ്യൂണിക്കേഷന്‍ സംഘടനയുടെ ശ്രദ്ധ ക്ഷണിക്കുക എന്നിങ്ങനെ പ്രയോജനപ്രദമായ പല പരിപാടികളും കോസ്പാര്‍ നടത്തിവരുന്നു.

(പ്രൊഫ. ടി.ബി. തോമസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍