This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കോശം

Cell

ജീവന്റെ അടിസ്ഥാനസ്വതന്ത്രഘടകം. വളര്‍ച്ചയ്ക്കും വികാസത്തിനും കഴിവുള്ള പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ ഘടകമാണ് കോശം. സസ്യങ്ങളുടെയും ജന്തുക്കളുടെയും ശരീരങ്ങള്‍ പ്രോട്ടോപ്ലാസനിര്‍മിതമായതുകൊണ്ട് അവ ഒരു പ്രോട്ടോപ്ലാസസംഘാതമാണെന്നു പറയാം. ഓരോ ശരീരവും പ്രോട്ടോപ്ലാസത്തിന്റെ അനേകകോടി സ്വതന്ത്രഘടകങ്ങള്‍ അടങ്ങിയതാണ്. യഥാര്‍ഥത്തില്‍ കോശമെന്നത്, ഈ സ്വതന്ത്രഘടകമാണ്. 'കോശഭിത്തിയാല്‍ ആവൃതമായതോ അല്ലാത്തതോ ആയ പ്രോട്ടോപ്ലാസഘടകം മാത്രമാണ് കോശം.

ചരിത്രം

കോശങ്ങളെക്കുറിച്ച് ആദ്യമായി പരിജ്ഞാനം ലഭിച്ചത് സൂക്ഷ്മദര്‍ശിനിയിലൂടെയാണ്. ആംഗലേയശാസ്ത്രജ്ഞനായ റോബര്‍ട്ട് ഹൂക്ക് സാധാരണരീതിയിലുള്ള സൂക്ഷ്മദര്‍ശിനി ഉപയോഗിച്ച് കോര്‍ക്കിന്റെ ഒരു ചെറിയ പരിച്ഛേദം പരിശോധിച്ചപ്പോള്‍ (1665) കോര്‍ക്ക് വളരെയധികം ചെറുപേടകങ്ങള്‍ (യൂണിറ്റുകള്‍) കൊണ്ടുണ്ടാക്കിയതാണെന്ന് കാണാന്‍ കഴിഞ്ഞു. തേനീച്ചക്കൂടിന്റെ അറകള്‍പോലെയുള്ളവയായതിനാല്‍ ഇവയ്ക്ക് അറകള്‍ എന്നര്‍ഥം വരുന്ന 'സെല്‍' എന്നു പേരിട്ടു. ഹൂക്ക് നിരീക്ഷണത്തിനുപയോഗിച്ച കോര്‍ക്ക് കഷണം യഥാര്‍ഥത്തില്‍ മൃതകല(dead tissue)യായിരുന്നു. കോശങ്ങളുടെ പഞ്ജരം അഥവാ, മൃതഭിത്തികളാല്‍ ആവൃതമായ വായു നിറഞ്ഞ ഇടങ്ങള്‍ മാത്രമേ അദ്ദേഹം നിരീക്ഷിച്ചിരുന്നുള്ളൂ. പിന്നീട് ശാസ്ത്രജ്ഞന്മാര്‍ സചേതനങ്ങളില്‍ ഗവേഷണം നടത്തിയപ്പോള്‍ ജന്തുസസ്യാദികളെല്ലാം കോശനിര്‍മിതമാണെന്നും കോശത്തിനുള്ളില്‍ അര്‍ധഖരവസ്തുവായ ജെല്ലിപോലുള്ള പദാര്‍ഥം നിറഞ്ഞിരിക്കുന്നുവെന്നും കണ്ടെത്തി. 1831-ല്‍ റോബര്‍ട്ട് ബ്രൌണ്‍ എന്ന ആംഗലേയ ജീവശാസ്ത്രജ്ഞന്‍ കോശങ്ങള്‍ക്കകത്ത് ഗോളാകാരമായ ഒരു കട്ടികൂടിയ വസ്തു ഉണ്ടെന്നു കണ്ടെത്തി. ഇതിന് അദ്ദേഹം 'ഏരിയോള' എന്നു പേരിട്ടു. 'ഏരിയോള'യാണ് പിന്നീട് കോശകേന്ദ്രം ((Nucleus) എന്ന പേരില്‍ അറിയപ്പെട്ടത്. ന്യൂക്ലിയസ് എന്ന ലാറ്റിന്‍പദംകൊണ്ട് വിവക്ഷിക്കുന്നത് കഴമ്പ്, ഉള്ള് എന്നൊക്കെയാണ്.

1839-ല്‍ ജര്‍മന്‍ ജീവശാസ്ത്രജ്ഞന്മാരായ ജേക്കബ് ഷ്ളീഡനും (1804-81) തിയൊഡോര്‍ ഷ്വാനും (1810-82) കൂടി 'കോശസിദ്ധാന്തം' ആവിഷ്കരിച്ചു. ഇതിനുശേഷമാണ് കോശത്തെപ്പറ്റിയുള്ള അടിസ്ഥാനവിവരങ്ങള്‍ ലോകമെങ്ങും അംഗീകരിക്കപ്പെട്ടത്. കോശസിദ്ധാന്തം ഇപ്രകാരമാണ്: 'സകല സസ്യങ്ങളുടെയും ജന്തുക്കളുടെയും ഘടനാപരവും പ്രവര്‍ത്തനപരവുമായ കണികയാണ് കോശം; മാത്രമല്ല, എല്ലാ കോശങ്ങളും നേരത്തേയുള്ള കോശങ്ങളുടെ വിഭജനംമൂലമാണ് ഉടലെടുക്കുന്നത്. ഈ സിദ്ധാന്തപ്രഖ്യാപനത്തിന് ഇരുപതുവര്‍ഷത്തിനുശേഷം റുഡോള്‍ഫ് വിര്‍ഷോ (Rudulf Virchow-1885) എന്ന ജര്‍മന്‍ ഭൗതികശാസ്ത്രജ്ഞന്‍ കോശങ്ങള്‍, അവയ്ക്കു മുമ്പുണ്ടായിരുന്ന കോശങ്ങളില്‍നിന്നു മാത്രമാണ് ഉണ്ടാകുന്നതെന്ന്; അതായത്, സസ്യകോശങ്ങള്‍ അതിന്റെ മുന്‍ഗാമിയുടെ കോശങ്ങളില്‍നിന്നു ജന്തുകോശങ്ങള്‍ അവയുടെ പൂര്‍വികരില്‍നിന്നുമാണെന്ന് അഭിപ്രായപ്പെട്ടു. ബീജസങ്കലനപ്രക്രിയയില്‍ അന്യോന്യം ചേര്‍ന്ന് ഏകീഭവിക്കുന്ന പുംസ്ത്രീബീജങ്ങളും വാസ്തവത്തില്‍ കോശങ്ങളാണെന്ന് ജൈവശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയതോടെ ഒരു തലമുറയില്‍നിന്ന് മറ്റൊരു തലമുറയിലേക്കുള്ള ജീവന്റെ പരിവഹണം കോശങ്ങളുടെ നിര്‍വിഘ്നമായ ഒരു തുടര്‍ച്ചതന്നെയാണെന്ന് മനസ്സിലായി. വളര്‍ച്ച, വികാസം, രോഗം, വാര്‍ധക്യം, മരണം, പാരമ്പര്യം, പരിണാമം ഇവയെല്ലാംതന്നെ കോശസ്വഭാവത്തിന്റെ വിവിധവശങ്ങള്‍ മാത്രമാണ്.

ജന്തുകോശം

കോര്‍ട്ടിയും (Corti, 1773), ഫോണ്‍ടാനയും (Fontana; 1781) ആണ് കോശത്തിലടങ്ങിയിരിക്കുന്ന ജൈവഭാഗങ്ങളെക്കുറിച്ച് ആദ്യം ഗവേഷണം നടത്തിയത്. 1846-ല്‍ ഹ്യൂഗോ വോള്‍ മോള്‍ (Hugo Van Mohl) സസ്യകോശത്തിലെ ജൈവഭാവത്തിന് പ്രോട്ടോപ്ലാസം എന്നു പേരു നിര്‍ദേശിച്ചു. പ്രോട്ടോപ്ലാസം എന്ന ഗ്രീക്കുപദത്തിന്റെ അര്‍ഥം 'ഏറ്റവും ആദ്യം രൂപീകൃതമായ പദാര്‍ഥം' എന്നാണ്. 1840-ല്‍ പര്‍ക്കിഞ്ച് (Purkinje) ആണ് ജന്തുഭ്രൂണത്തിലെ പ്രോട്ടോപ്ലാസം കണ്ടുപിടിച്ചത്.

സസ്യലോകത്തിലും ജന്തുലോകത്തിലും വെറും ഒരു കോശം മാത്രമുള്ളവയുണ്ട്. ഇവയില്‍ ചിലത് സൂക്ഷ്മദര്‍ശിനിയുടെ സഹായത്താലല്ലാതെ കാണാന്‍ സാധിക്കുകയില്ല. മറ്റു ചിലതാകട്ടെ നഗ്നനേത്രത്താല്‍ കാണാന്‍ സാധിക്കും. കോഴിമുട്ടയുടെ പീതകം (മഞ്ഞക്കരു) ഒരൊറ്റ കോശമാണ്. അറിയപ്പെടുന്നതില്‍ വച്ച് ഏറ്റവും വലിയ കോശം ഒട്ടകപ്പക്ഷിയുടെ മുട്ടയാണ്. ഈ മുട്ടയ്ക്ക് ഏഴു സെന്റിമീറ്ററോളം നീളം കാണും. നമ്മുടെ ശരീരത്തിലെ നാഡീകോശങ്ങളുടെ 'വാലുകള്‍'ക്ക് നൂറു സെന്റിമീറ്ററിലധികം നീളമുണ്ടെങ്കിലും വ്യാസം തീരെക്കുറവായിരിക്കും. മാനിലചണത്തിന്റെ ഓരോ നാരിനും 100 സെന്റിമീറ്ററോളം നീളമുണ്ട്. ഇന്ന് അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ കോശം ബാക്റ്റീരിയകളുടേതാണ്. എന്നാല്‍, കോശീയഘടനതന്നെ വൈറസുകള്‍ക്ക് കാണാറില്ല. ഇവയെ ക്രിസ്റ്റലീകരിക്കാനും ലവണ-പഞ്ചസാര ക്രിസ്റ്റലുകളെപ്പോലെ വളരെ വര്‍ഷങ്ങളോളം സൂക്ഷിക്കുവാനും സാധിക്കും. ജൈവകോശത്തിനു വെളിയില്‍വച്ച് വളരാനോ പുനരുത്പാദനം നടത്താനോ ഇവയ്ക്ക് കഴിവില്ല. ഉദ്ദീപനങ്ങളോട് പ്രതികരിക്കാനും ശ്വസിക്കാനും ഇവയ്ക്ക് സാധിക്കുകയുമില്ല. എങ്കിലും മറ്റ് കോശത്തിനകത്ത് എത്തിക്കഴിഞ്ഞാല്‍ അവ പുനരുത്പാദനം നടത്തുകയോ വിഭജിച്ചു പെരുകുകയോ ചെയ്യുന്നു.

ബാക്റ്റീരിയകളുടെ കോശങ്ങള്‍ ഗോളാകാരമോ ദണ്ഡാകാരമോ സര്‍പിലാകാരമോ ആയിരിക്കും. ഡെസ്മിഡുകളും ഡയാറ്റമുകളും ഏകകോശ ആല്‍ഗകളാണ്; യീസ്റ്റ് ഒരു ഏകകോശ ഫംഗസും. അമീബ, പാരമേസിയം എന്നിവ ഏകകോശ ജീവികളാണ്. ചില ജീവികളില്‍ ഒരൊറ്റ കോശംതന്നെ എല്ലാ ശാരീരികകര്‍മങ്ങളും നിര്‍വഹിക്കുമ്പോള്‍, മറ്റു ചിലവയില്‍ കോടാനുകോടി കോശങ്ങളാണ് ശരീരനിര്‍മിതിയില്‍ പങ്കെടുക്കുന്നത്.

ആകൃതി

സസ്യങ്ങളിലും ജന്തുക്കളിലും വിവിധതരത്തിലും ആകൃതിയിലുമുള്ള കോശങ്ങളാണുള്ളത്. കോശങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ള ധര്‍മത്തിന് അനുസരണമായ ആകൃതിയാണ് പലപ്പോഴും കാണാറുള്ളത്. ജന്തുകോശങ്ങള്‍ മൊത്തത്തില്‍ ഗോളാകാരമാണ്. എന്നാല്‍ ത്രികോണാകൃതിയിലും സിലിണ്ടറാകൃതിയിലും അണ്ഡാകൃതിയിലും ഉള്ള കോശങ്ങളും കാണാറുണ്ട്. വിവിധ അവയവങ്ങളിലും കോശങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. ചിലപ്പോള്‍ ഒരേ അവയവത്തിലെതന്നെ വിവിധ ഭാഗങ്ങളിലുള്ള കോശങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കാറുമുണ്ട്. എപ്പിത്തീലിയല്‍ കോശങ്ങള്‍ പരന്നതും പേശീകോശങ്ങള്‍ നീണ്ടവയുമാണ്. നാഡീകോശങ്ങള്‍ക്ക് 0.9-1.05 മീ. നീളംവരെയുണ്ടാകാറുണ്ട്.

കോശഭിത്തി

സസ്യകോശം

എല്ലാ സസ്യകോശങ്ങള്‍ക്കും കോശഭിത്തിയുണ്ട്. ജന്തുകോശങ്ങള്‍ക്ക് നിയതമായ ഒരു ഭിത്തിയില്ല. സസ്യകോശവും ജന്തുകോശവും തമ്മിലുള്ള ഏറ്റവും പ്രകടമായ വ്യത്യാസമാണിത്. കോശഭിത്തി സാമാന്യം കട്ടിയുള്ള ഒരു നിര്‍ജീവ ആവരണമാണ്. കോശഭിത്തിയില്‍ ഇടയ്ക്കിടെയുള്ള ചെറിയ സുഷിരങ്ങള്‍ പ്ലാസ്മോഡെസ്മേറ്റ (Plasmodesmata) എന്നറിയപ്പെടുന്നു. ഇവ കോശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു. പ്രാരംഭദിശയില്‍ എല്ലാ കോശഭിത്തികളും സെല്ലുലോസ് (cellulose) നിര്‍മിതമായിരിക്കും. സെല്ലുലോസ് കോശങ്ങളുടെതന്നെ സ്രവമാണ്. കോശഭിത്തിയുടെ സെല്ലുലോസ് അട്ടികള്‍ക്ക് പുറമെയോ സെല്ലുലോസ് തന്മാത്രകള്‍ക്കിടയിലോ ആയി ലിഗ്നിന്‍, ക്യൂട്ടിന്‍, സ്യൂബെറിന്‍, മ്യൂസിലേജ്, 'ഗം' എന്നീ രാസപദാര്‍ഥങ്ങളും ഉണ്ടാകാറുണ്ട്. വാണിജ്യപ്രാധാന്യമുള്ള പരുത്തിനാര്, ഫ്ളാക്സ്, ഹെംപ്, കടലാസ്, പള്‍പ്പ് മുതലായവയിലെ പ്രധാനഘടകം സെല്ലുലോസാണ്. ലിഗ്നിന്‍ കോശഭിത്തിക്ക് കട്ടി വര്‍ധിപ്പിക്കാനുതകുന്നു. ക്യൂട്ടിനും സ്യൂബെറിനും സസ്യത്തില്‍ പുറം സ്തരങ്ങളിലാണുണ്ടാവുക. ഇവ ബാഷ്പീകരണംമൂലം സസ്യത്തില്‍നിന്ന് അധികജലം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. മ്യൂസിലേജും ഗമ്മും ജലസസ്യങ്ങളിലും വിത്തുകളുടെ പുറന്തോടിലുമാണുള്ളത്.

കോശഭിത്തിയില്‍ ചിലയിടങ്ങളില്‍ വിവിധയിനം അകാര്‍ബണിക പദാര്‍ഥങ്ങള്‍ നിക്ഷേപിക്കപ്പെടാറുണ്ട്. പുല്ല്, സെഡ്ജ് (sedge) എന്നീ ഇനങ്ങളില്‍പ്പെടുന്ന സസ്യങ്ങളിലെ കോശങ്ങളില്‍ സിലിക്ക കാണപ്പെടുന്നു. ചില കോശഭിത്തികളില്‍ കാത്സ്യം ഓക്സലേറ്റ് നിക്ഷേപമുണ്ട്. മൊറേസി, അര്‍ട്ടിക്കേസി, കുക്കുര്‍ബിറ്റേസി എന്നീ കുടുംബങ്ങളില്‍പ്പെട്ട സസ്യങ്ങളില്‍ സിസ്റ്റോളിത്തുകളുടെ രൂപത്തില്‍ കാത്സ്യം കാര്‍ബണേറ്റ് നിക്ഷേപങ്ങള്‍ കാണാം. ഇവയ്ക്കെല്ലാം പുറമേ റെസിന്‍, ടാനിന്‍, കൊഴുപ്പു പദാര്‍ഥങ്ങള്‍, സുഗന്ധതൈലങ്ങള്‍ മുതലായ കാര്‍ബണിക പദാര്‍ഥങ്ങളും കോശഭിത്തിയില്‍ വിവിധരൂപങ്ങളില്‍ ഉണ്ടാകാറുണ്ട്.

കോശഭിത്തി രൂപീകരണം

കോശവിഭജനസമയത്ത് ന്യൂക്ലിയവിഭജനത്തിന്റെ അവസാന ഘട്ടത്തിലായിട്ടാണ് കോശഭിത്തി രൂപീകരണം. കോശഭിത്തിയില്‍ പ്രധാനമായി മധ്യലാമെല്ല, പ്രാഥമികഭിത്തി, ദ്വിതീയഭിത്തി എന്നിങ്ങനെ മൂന്നു സ്തരങ്ങളുണ്ട്. ഇരുവശങ്ങളിലുമുള്ള രണ്ടു കോശങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്നത് മധ്യലാമെല്ലയാണ്. കാത്സ്യം പെക്ടേറ്റ്, മഗ്നീഷ്യം പെക്ടേറ്റ് എന്നീ പദാര്‍ഥങ്ങള്‍കൊണ്ട് നിര്‍മിതമാണ് മധ്യലാമെല്ല. പ്രോട്ടോപ്ലാസത്തില്‍ നിന്നു സ്രവിക്കുന്ന കോശഭിത്തി പദാര്‍ഥങ്ങള്‍ മധ്യലാമെല്ലയുടെ ഉപരിതലങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു. വളരെ ലോലവും പ്ലാസ്തികവുമായ ഈ പുതിയസ്തരമാണ് പ്രാഥമിക ഭിത്തി. ഇത് കോശത്തിന്റെ അന്ത്യം വരെ നിലനില്ക്കുന്നു. സെല്ലുലോസും പെക്റ്റിനുംകൊണ്ട് നിര്‍മിതമാണ് ഈ ഭിത്തി. കോശഭിത്തിയിലെ ഖനിജനിക്ഷേപങ്ങള്‍ പ്രധാനമായും ഈ ഭാഗത്താണുണ്ടാവുക. കോശങ്ങള്‍ വളരുമ്പോള്‍ പ്രാഥമിക ഭിത്തിയുടെ ചിലയിടങ്ങളില്‍ കട്ടികൂടിയും ചിലയിടങ്ങളില്‍ കട്ടികുറഞ്ഞും ഇരിക്കുന്നു. ഈ കട്ടികുറഞ്ഞ ഭാഗമാണ് പ്രാഥമിക ഗര്‍ത്തമണ്ഡലങ്ങള്‍ (primary pit fields) എന്നറിയപ്പെടുന്നത്.

കോശം വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പ്രാഥമിക കോശഭിത്തി വലിയുകയും നീളം കൂടുകയും ചെയ്യുന്നു. പുതുതായി ഉണ്ടാകുന്ന കോശഭിത്തി പദാര്‍ഥങ്ങള്‍ ഈ പ്രാഥമിക ഭിത്തിയുടെ ഉപരിതലത്തില്‍ നിക്ഷേപിക്കപ്പെടുന്നു. അതിനാല്‍ ഇതിനു പുറമെയായി പുതിയൊരു സ്തരം രൂപംകൊള്ളുന്നു. ഇതാണ് ദ്വിതീയഭിത്തി. പ്രാഥമിക ഭിത്തിയെക്കാള്‍ കട്ടികൂടിയതും വലുതുമായ സെല്ലുലോസ് ഭിത്തിയാണിത്. ദ്വിതീയ ഭിത്തിക്ക് മൂന്നു വ്യത്യസ്ത പാളികളുണ്ട്. ഈ മൂന്നു പാളികളുടെയും ഭൗതികപ്രകൃതിയും രാസപ്രകൃതിയും വ്യത്യസ്തമാണ്.

പ്രോട്ടോപ്ലാസം

സസ്യകോശത്തില്‍ പ്രോട്ടോപ്ലാസം കോശഭിത്തിക്കുള്ളിലായിരിക്കും. ജന്തുകോശത്തില്‍ നിയതവും ദൃഢവുമായ കോശഭിത്തി ഇല്ലാത്തതിനാല്‍ പ്ലാസ്മാപാളിയാല്‍ പ്രോട്ടോപ്ലാസം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ രാസവസ്തുവാണ് പ്രോട്ടോപ്ലാസം. 'ജീവന്റെ ഭൗതിക ആധാരമാകുന്നു' പ്രോട്ടോപ്ലാസമെന്ന് ഹക്സ്ലി അഭിപ്രായപ്പെട്ടപ്പോള്‍ 'ചലനാത്മകമായ ഒരു സമതുലിതവ്യൂഹം' എന്നാണ് ഷാര്‍പ്പ് പ്രോട്ടോപ്ലാസത്തെ വിശേഷി പ്പിച്ചത്.

‌സൂക്ഷ്മദര്‍ശിനിയിലൂടെ നിരീക്ഷിക്കുമ്പോള്‍ പ്രോട്ടോപ്ലാസം ഏകാത്മകവും തെളിഞ്ഞതും ധാരാളം ജലം ഉള്‍ക്കൊള്ളുന്നതുമായ ഒരു ദ്രവപദാര്‍ഥമാണെന്ന് കാണാം. ഇതിന്റെ ആപേക്ഷികഘനത്വം വെള്ളത്തിന്റേതിനെക്കാള്‍ അല്പം കൂടുതലാണ്. ഇതില്‍ ധാരാളം ചെറുകണികകളും ഗോളീയങ്ങളും ഉള്ളതുകൊണ്ട് എപ്പോഴും കണികാമയമായിരിക്കും. പ്രോട്ടോപ്ലാസത്തില്‍ ധാരാളം ജലം അടങ്ങിയിട്ടുണ്ടെങ്കിലും ഇത് ജലത്തില്‍ ലയിച്ചുചേരുന്നില്ല. വെള്ളം വലിച്ചെടുത്ത് 'ഖര'രൂപത്തിലാകാനും വെള്ളം പുറന്തള്ളി 'കുഴമ്പുരൂപം' സ്വീകരിക്കാനും ഇതിനു കഴിവുണ്ട്. 60°-ല്‍ അധികം താപനില ആയാല്‍ പ്രോട്ടോപ്ലാസം കട്ടയാവുകയും പ്രവര്‍ത്തനരഹിതമാവുകയും ചെയ്യുന്നു. പ്രോട്ടോപ്ലാസം ഒരു പ്രത്യേക ക്രമമനുസരിച്ച് ചലിച്ചുകൊണ്ടിരിക്കും. ഇതാണ് 'പ്രോട്ടോപ്ലാസഭ്രമണം' എന്നറിയപ്പെടുന്നത്.

പ്രോട്ടോപ്ലാസത്തില്‍ രണ്ടുതരം പദാര്‍ഥങ്ങളടങ്ങിയിരിക്കുന്നു. കാര്‍ബോ ഹൈഡ്രേറ്റുകള്‍, പ്രോട്ടീനുകള്‍, കൊഴുപ്പുകള്‍ എന്നീ കാര്‍ബണിക പദാര്‍ഥങ്ങളാണ് ആദ്യത്തെയിനം. സോഡിയം, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സള്‍ഫേറ്റുകളും ഫോസ്ഫേറ്റുകളും ക്ലോറൈഡുകളും കാത്സ്യം കാര്‍ബണേറ്റും രണ്ടാമത്തെയിനമായ അകാര്‍ബണിക പദാര്‍ഥങ്ങളില്‍പ്പെടുന്നു. പ്രോട്ടോപ്ലാസത്തിന് പ്രധാനമായി രണ്ടു ഭാഗങ്ങളാണുള്ളത്. കോശമധ്യത്തില്‍ സ്ഥിതിചെയ്യുന്നതും ഏതാണ്ട് ഗോളാകാരവുമായ കോശകേന്ദ്രവും, കോശകേന്ദ്രത്തിന്റെയും കോശഭിത്തിയുടെയും ഇടയ്ക്കു കാണുന്ന സൈറ്റോപ്ലാസവും.

കോശകേന്ദ്രം

സാധാരണ എല്ലാ സസ്യകോശങ്ങളിലും കോശകേന്ദ്രം കാണും. എന്നാല്‍ നീലഹരിത ആല്‍ഗകളിലും ബാക്റ്റീരിയകളിലും സ്പഷ്ടവും വ്യക്തവുമായ ഒരു കോശകേന്ദ്രം ഇല്ല. ഇവയുടെ കോശങ്ങളിലടങ്ങിയിരിക്കുന്ന ക്രൊമാറ്റിന്‍ പദാര്‍ഥമാണ് ഇന്‍സിപ്പിയന്റ് ന്യൂക്ലിയസ് അഥവാ പ്രാരംഭ കോശകേന്ദ്രം എന്നറിയപ്പെടുന്നത്.

ഒരു കോശകേന്ദ്രം മാത്രമുള്ള കോശം 'ഏക ന്യൂക്ലിയ കോശ'വും ഒന്നിലധികം കോശകേന്ദ്രങ്ങളുള്ള കോശം 'ബഹു ന്യൂക്ലിയകോശ'വുമാണ്. ജന്തുകോശങ്ങളില്‍ സാധാരണയായി കോശ മധ്യത്തിലായിട്ടാണ് കോശകേന്ദ്രം കാണപ്പെടുന്നത്. എന്നാല്‍ സസ്യങ്ങളില്‍, വലുപ്പം കുറഞ്ഞ രിക്തികകള്‍ അടങ്ങിയ മെരിസ്റ്റമിക കലയിലെ കോശങ്ങളില്‍ കോശമധ്യത്തിലും, ഒന്നിലധികം രിക്തികകള്‍ കൂടിച്ചേര്‍ന്ന് കോശമധ്യത്തില്‍ ഒരു വലിയ രിക്തിക രൂപംകൊള്ളുമ്പോള്‍ കോശഭിത്തിയോടു തൊട്ടുള്ള ഭാഗത്തേക്കു തള്ളി നീക്കപ്പെട്ടതുപോലെയും കോശകേന്ദ്രം കാണപ്പെടുന്നു. എന്നാല്‍ സ്പൈറോഗൈറ (Spirogyra) എന്ന ശൈവാലത്തില്‍ കോശമധ്യത്തിലുള്ള വലിയ രിക്തികയുടെ നടുവിലായി സൈറ്റോപ്ളാസ്മികപാര്‍ശ്വങ്ങളാല്‍ നിലംബിതമായ നിലയിലാണ് കോശകേന്ദ്രം ഉണ്ടാവുക.

കോശകേന്ദ്രം സാധാരണയായി ഗോളാകൃതിയിലോ ദീര്‍ഘവൃത്താകൃതിയിലോ ആണ്. നീളംകൂടിയ കോശങ്ങളില്‍ താരതമ്യേന നീളംകൂടിയ കോശകേന്ദ്രമാണുള്ളത്. ചന്ദ്രക്കലയുടെ ആകൃതിയും 'ഡംബെല്‍' ആകൃതിയും മറ്റും കോശകേന്ദ്രത്തിന് അപൂര്‍വമായി കാണുന്നുണ്ട്.

കോശത്തിന്റെ ആകെ വലുപ്പത്തിന്റെ ചെറിയൊരംശം മാത്രമാണ് കോശകേന്ദ്രത്തിനുള്ളത്. എന്നാല്‍ വിഭജനസമയത്ത് കോശകേന്ദ്രത്തിന് വലുപ്പം കൂടുന്നു. സസ്യങ്ങളിലെ മെരിസ്റ്റമിക കലകളിലെ കോശകേന്ദ്രം സാധാരണ കോശങ്ങളിലേതിനെക്കാള്‍ വലുപ്പമുള്ളതാണ്. കോശത്തിന്റെ വലുപ്പം കൂടുന്നതനുസരിച്ച് കോശകേന്ദ്രത്തിന്റെ വലുപ്പം കൂടുന്നില്ല. അതിനാല്‍ കോശത്തിലെ കോശകേന്ദ്രം വലുപ്പംകൊണ്ടുമാത്രം ശ്രദ്ധേയമാവുന്നില്ല. മ്യൂക്കര്‍ (Mucor) തുടങ്ങിയ ചില ആദിമസസ്യങ്ങളില്‍ കോശകേന്ദ്രത്തിന്റെ വ്യാസം 1 μ (μ = 10-6 മീ.) മാത്രമാണ്. സാധാരണ കോശങ്ങളില്‍ കോശകേന്ദ്രത്തിന് 10 -15 μ വരെ വ്യാസമുണ്ട്. ഡയൂണ്‍ (Dioon) എന്ന അനാവൃതബീജസസ്യ (Gymnosperms) ത്തിന്റെ കോശകേന്ദ്രത്തിന് 600 μ വരെ വ്യാസം കണ്ടുവരുന്നു.

ഒരു മെറ്റബോളിക ന്യൂക്ലിയസ് അഭിരഞ്ജനം(staining)ചെയ്ത് സൂക്ഷ്മദര്‍ശിനിയില്‍ക്കൂടി നിരീക്ഷിക്കുമ്പോള്‍ കോശകേന്ദ്രസ്തരവും ന്യൂക്ലിയോപ്ലാസവും 'ക്രോമോനീമ'കളും കാണുന്നു.

ക്രോമസോം

സസ്യങ്ങളുടെയും ജന്തുക്കളുടെയും കോശകേന്ദ്രങ്ങളില്‍, നിശ്ചിത സംഖ്യകളില്‍മാത്രം കാണുന്നവയും, കോശവിഭജനം വഴി പെരുകുന്നവയും ആയ പ്രോട്ടോപ്ലാസ്മിക ഭാഗങ്ങളാണ് ക്രോമസോമുകള്‍. മൈറ്റോസിസ് (Mitosis) വിഭജനത്തിന്റെ മെറ്റാഫെയ്സ് (Metaphase), അനാഫെയ്സ് (Anaphase) എന്നീ ഘട്ടങ്ങളില്‍ ക്രോമസോമുകള്‍ സൂക്ഷ്മദര്‍ശിനിയിലൂടെ വ്യക്തമായി കാണാം. അഭിരഞ്ജനം ചെയ്ത കോശങ്ങളില്‍ ക്രോമസോമുകള്‍ നന്നായി അസെറ്റോകാര്‍മൈന്‍ ചായം വലിച്ചെടുക്കുന്നു.

കോശവിഭജനം, വളര്‍ച്ച, പ്രത്യുത്പാദനം എന്നിവയില്‍ ക്രോമസോം വളരെ പ്രധാനമായ പങ്കുവഹിക്കുന്നുണ്ട്. പാരമ്പര്യസ്വഭാവങ്ങളെ തലമുറകളിലേക്ക് പകര്‍ന്നുകൊടുക്കുന്നതിലും ക്രോമസോമുകള്‍ക്ക് മുഖ്യപങ്കാണുള്ളത്.

സൈറ്റോപ്ലാസം

സൈറ്റോപ്ലാസം കണികാമയമാണ്. ഇതിന് സങ്കീര്‍ണമായ ഭൗതികസ്വഭാവവും രാസപ്രകൃതിയുമാണുള്ളത്. കാര്‍ബണികവും അകാര്‍ബണികവുമായ വസ്തുക്കള്‍ ലേയാവസ്ഥയിലോ അല്ലാതെയോ ഇതിലുണ്ടാവാം. ഇത് ഹയാലോപ്ലാസം (Hyaloplasm) എന്നറിയപ്പെടുന്നു. പ്രോട്ടോപ്ലാസത്തിനു പുറമെയുള്ള സ്തരം ഹയാലോപ്ലാസത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. മറ്റു ഭാഗങ്ങളെയപേക്ഷിച്ച് ദൃഢതയുള്ള കണികകള്‍ ഇവിടെ കാണാറില്ല. ഇത് ബാഹ്യപ്ലാസം (Ectoplasm) ആണ്. ഈ ബാഹ്യപ്ലാസം അഥവാ പ്ലാസ്മാചര്‍മം (Plasma membrane) ഒഴിച്ചുള്ള സൈറ്റോപ്ലാസഭാഗമാണ് അന്തര്‍പ്ലാസം (Endoplasm) എന്നറിയപ്പെടുന്നത്.

ജൈവ അന്തര്‍വേശനങ്ങള്‍

പ്ലാസ്ററിഡുകള്‍ (Plastids), മൈറ്റോകോണ്‍ഡ്രിയകള്‍ (Mitochondrias), എന്‍ഡോപ്ലാസ്മിക റെറ്റിക്കുലം (Endoplasmic reticulam), റൈബോസോമുകള്‍ (Ribosomes), ഗോള്‍ജി വസ്തുക്കള്‍ (Golgi bodies), ലൈസോസോമുകള്‍ (Lysosomes ), മൈക്രോബോഡീസ് (Microbodies) , മൈക്രോട്യൂബ്യുള്‍സ് (Microtubules), മൈക്രോഫിലമെന്റ്സ് (Microfilaments), സെന്‍ട്രിയോള്‍സ് (Centriols) എന്നിവയാണ് സൈറ്റോപ്ലാസത്തിലെ പ്രധാന ജൈവ അന്തര്‍വേശനങ്ങളായി കാണപ്പെടുന്നത്.

പ്ലാസ്റ്റിഡുകള്‍ സസ്യകോശങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഹരിതനിറമുള്ള ക്ലോറോപ്ലാസ്റ്റുകള്‍ (Chloroplasts), മഞ്ഞ, ഓറഞ്ച് മുതലായ നിറങ്ങളില്‍ കാണുന്ന ക്രോമോപ്ലാസ്റ്റുകള്‍ (Chromoplasts), നിറമില്ലാത്ത ല്യൂക്കോപ്ലാസ്റ്റുകള്‍ (Leucoplasts) എന്നിങ്ങനെ മൂന്നിനം പ്ലാസ്റ്റിഡുകളാണുള്ളത്. ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് ക്ലോറോപ്ലാസ്റ്റ് ആണ്.

പച്ചനിറമൊഴികെ ബാക്കി നിറങ്ങളടങ്ങുന്ന പ്ലാസ്റ്റിഡുകളാണ് ക്രോമോപ്ലാസ്റ്ററുകള്‍. ഇതില്‍ കരോട്ടിന്‍, സാന്‍തോഫില്‍ (Xanthophyll) എന്നിവയുടെ പ്രവര്‍ത്തനഫലമായി ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളുണ്ടാകുന്നു. പ്രത്യേക നിറങ്ങളൊന്നുംതന്നെയില്ലാത്ത പ്ലാസ്റ്റിഡുകളാണ് ല്യൂക്കോപ്ലാസ്റ്റുകള്‍. സൂര്യപ്രകാശം തട്ടുമ്പോള്‍ ഇവ ക്ലോറോപ്ലാസ്റ്റുകളായിത്തീരുന്നു. വലുപ്പം കൂടിയ ല്യൂക്കോപ്ലാസ്റ്റുകളാണ് അമൈലോപ്ലാസ്റ്റുകളെന്ന് (Amyloplasts) അറിയപ്പെടുന്നത്. അമൈലോപ്ലാസ്റ്റുകള്‍ സരളഘടനയുള്ള പഞ്ചസാരയെ അലേയ അന്നജ (റിസര്‍വ് സ്റ്റാര്‍ച്ച്) കണങ്ങളാക്കിത്തീര്‍ക്കുന്നു. ഇലയോപ്ലാസ്റ്റുകള്‍ (Elaioplasts)കൊഴുപ്പുപദാര്‍ഥങ്ങളുടെ സംഭരണവുമായി ബന്ധപ്പെട്ടതാണ്. കോശകേന്ദ്രത്തിനടുത്താണ് ഇവ കാണുക. കോശം വളര്‍ന്ന് വികസിക്കുന്നതോടൊപ്പംതന്നെ പോപ്ലാസ്റ്റിഡുകളുടെ എണ്ണം കൂടുന്നു. ഇവ ഏതെങ്കിലും ഇനത്തിലുള്ള പ്ലാസ്റ്റിഡുകളായിത്തീരുകയും ചെയ്യുന്നു. പ്രോപ്ലാസ്റ്റിഡിന്റെ വിഭജനവും ന്യൂക്ലിയസ്സിന്റെയും മറ്റു കോശങ്ങളുടെയും വിഭജനവും തമ്മില്‍ പറയത്തക്ക ബന്ധമൊന്നുമില്ല. ഒരു സസ്യത്തില്‍ ആകെയുള്ള പ്ലാസ്റ്റിഡ് ശേഖരണത്തെ പ്ലാസ്റ്റിഡോം (Plastidome) എന്ന് വിശേഷിപ്പിക്കുന്നു.

മൈറ്റോകോണ്‍ഡ്രിയ

എല്ലാ ജൈവകോശങ്ങളിലും കാണാറുള്ള മൈറ്റോകോണ്‍ഡ്രിയകള്‍ കോശത്തിന്റെ ശക്തികേന്ദ്രങ്ങളാണ്. ഇവയാണ് കോശത്തിനാവശ്യമായ ഊര്‍ജം നല്കുന്നത്. 2 μ − 3 μ വലുപ്പമുള്ള ഇവയ്ക്ക് ഗോളാകൃതിയോ ദണ്ഡാകൃതിയോ ആയിരിക്കും. ചിലപ്പോള്‍ ഇവ ഒരു കൂട്ടമായും കാണാറുണ്ട്.

യുകാരിയോട്ടിക കോശങ്ങളിലെ മൈറ്റോകോണ്‍ഡ്രിയ, ക്ലോറോപ്ലാസ്റ്റ് എന്നീ കോശാംഗങ്ങള്‍, ചിലതരം ബാക്റ്റീരിയകളില്‍ നിന്നാണുണ്ടായതെന്ന് എന്‍ഡോസിംബയോട്ടിക് സിദ്ധാന്തം (Theory of Endosymbiotics) സമര്‍ഥിക്കുന്നു.

എന്‍ഡോപ്ലാസ്മിക റെറ്റിക്കുലം

സൈറ്റോപ്ലാസത്തില്‍ അവിടവിടെയായി കിടക്കുന്ന സ്തരവ്യൂഹമാണിത്. ഒട്ടിച്ചേര്‍ക്കപ്പെട്ടതുപോലുള്ള കുറേ ആന്തരികനാളങ്ങള്‍ ഒന്നിച്ചു കെട്ടിപ്പിണഞ്ഞുണ്ടാകുന്ന ഒരു ജാലത്തിന്റെ രൂപമാണിതിനുള്ളത്. ഇതിലെ ഓരോ നാളത്തിനും വ്യക്തമായ പുറഭാഗവും അകഭാഗവും ഉണ്ടായിരിക്കും. എന്‍ഡോപ്ലാസ്മിക റെറ്റിക്കുലത്തിന്റെ ഉപരിതലത്തിനു ചുറ്റും അര്‍ധഗോളാകാരങ്ങളായ റൈബോസോമുകളുള്ളതിനാല്‍ അവ പരുക്കനായി തോന്നിക്കുന്നു.

ചിത്രം: Kosagal.png‎

റൈബോസോമുകള്‍

റൈബോന്യൂക്ലിക് ആസിഡും പ്രോട്ടീനും ചേര്‍ന്നു നിര്‍മിതമായ ജൈവ അന്തര്‍വേശനമാണിത്. പ്രോട്ടീന്‍ സംശ്ലേഷണം നടക്കുന്നത് ഈ റൈബോസോമുകളിലാണ്. റൈബോസോമുകളിലും ആര്‍.എന്‍.എ-യും പ്രോട്ടീനുകളുമുണ്ട്. എല്ലാ സസ്യങ്ങളുടെയും പ്രോട്ടീന്‍ കോംപ്ലക്സ് നിര്‍മാണത്തില്‍ റൈബോസോമുകള്‍ പ്രധാനപങ്കു വഹിക്കുന്നു. ഗ്ലൈക്കോജന്‍, കൊളസ്ട്രോള്‍, ഗ്ലിസറൈഡ്സ്, ഹോര്‍മോണുകള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിലും ഇവയ്ക്ക് വളരെ പ്രധാനമായ പങ്കാണുള്ളത്.

ഗോള്‍ജി വസ്തുക്കള്‍

എല്ലാ ജീവജാലങ്ങളുടെയും കോശങ്ങളില്‍ ഗോള്‍ജിവസ്തുക്കളുണ്ട്. ഗോള്‍ജിവസ്തുവിന്റെ നടുവിലായി ഡിസ്കുകളുടെ ഒന്നിലധികം കൂട്ടങ്ങളുണ്ടാകാറുണ്ട്. ഓരോ ഡിസ്കിനും ഇരട്ടസ്തരവും വക്കിനുചുറ്റും വരിവരിയായി വിന്യസിച്ചിട്ടുള്ള വെസിക്കിളുമാണ് ഉള്ളത്. സസ്യകോശങ്ങളില്‍ ഗോള്‍ജി വസ്തുക്കള്‍ ഡിക്ടിയോസോം (Dictyosome) എന്നാണ് അറിയപ്പെടുന്നത്. പ്രോകാരിയോട്ടിക കോശങ്ങളിലും ചില ഫംഗസുകളിലും ബ്രയോഫൈറ്റുകളുടെയും പന്നലുകളുടെയും പുരുഷബീജത്തിലും ചുവന്ന രക്താണുക്കളിലും മറ്റും ഗോള്‍ജിവസ്തുക്കള്‍ കാണാറില്ല.

ലൈസോസോമുകള്‍

ലൈസോസോമുകള്‍ക്ക് ഏതാണ്ട് മൈറ്റോകോണ്‍ഡ്രിയകളുടെ ആകൃതിതന്നെയാണുള്ളത്. എന്നാല്‍ മൈറ്റോകോണ്‍ഡ്രിയകളില്‍ ഇല്ലാത്ത ചില എന്‍സൈമുകള്‍ ലൈസോസോമുകളിലുണ്ട്. ലൈസോസോമുകള്‍ക്ക് പുറത്ത് ഒരു സ്തരം മാത്രമേയുള്ളൂ. വളരെ ചെറിയ ഉരുണ്ടതോ നീണ്ടതോ ആയ വസ്തുക്കളായാണ് ഇവ ജന്തുക്കളില്‍ കാണപ്പെടുന്നത്. ഇവ ഗോള്‍ജി വസ്തുക്കളില്‍ നിന്നാണുണ്ടായിട്ടുള്ളതെന്ന് അനുമാനിക്കുന്നു. സസ്യങ്ങളിലെ ലൈസോസോമുകളില്‍ സ്ഫിറോസോമുകളും (Spherosomes) അല്യുറോണ്‍ഗ്രെയിനും (Aleurongrain), രിക്തിക (Vacuoles)കളും ഉണ്ട്. 1955-ല്‍ ഡി ഡ്യൂവ് (De Duve) ആണ് ലൈസോസോമിനെ വിശദീകരിച്ചത്. പാന്‍ക്രിയാസിലും കരളിലും പ്ലീഹകളിലും വൃക്കകളിലും ഉള്ള കോശങ്ങളില്‍ ധാരാളം ലൈസോസോമുകളുണ്ട്. സാധാരണ വൃക്കകോശങ്ങളില്‍ കാണുന്ന ലൈസോസോമുകള്‍ വലുപ്പമുള്ളവയാണ്.

മൈക്രോബോഡികള്‍

എന്‍ഡോപ്ലാസ്മിക റെറ്റിക്കുലത്തിനോടും മൈറ്റോകോണ്‍ഡ്രിയയോടും ക്ലോറോപ്ലാസ്റ്റിനോടും ഒക്കെ ചേര്‍ന്ന് കാണാറുള്ളതും 0.2 μ − 1.5 μ വ്യാസമുള്ളതുമായ വസ്തുക്കളാണ് മൈക്രോബോഡികള്‍ (Microbodies) എന്നറിയപ്പെടുന്നത്. ഇവ രണ്ടിനമാണ്. പെറോക്സിസോമുകളും (Peroxisomes) ഗ്ലയോക്സിസോമുകളും (Glyoxysomes). ഇവ രണ്ടും തമ്മില്‍ തിരിച്ചറിയുന്നത് ഓരോന്നിലുമുള്ള എന്‍സൈമുകളെയും ഏതുവിധത്തിലുള്ള കലകളില്‍ അവ കാണപ്പെടുന്നു എന്നതിനെയും അടിസ്ഥാനമാക്കിയാണ്. പെറോക്സിസോമുകള്‍ ജന്തുകോശങ്ങളിലും ഉയര്‍ന്നയിനം സസ്യങ്ങളിലും കാണപ്പെടുന്നു. മുളയ്ക്കുന്ന വിത്തുകളില്‍ കോട്ടിലിഡനുകളിലാണ് ഗ്ലയോക്സിസോമുകളുള്ളത്. സ്ഫിറോസോമുകളോട്, അതായത്, ലിപ്പിഡ് വസ്തുക്കളോട് ചേര്‍ന്നാണ് ഇവ കാണപ്പെടുക. ഇതില്‍ 'ഫാറ്റി ആസിഡ് മെറ്റബോളിസ' (fatty acid metabolism)ത്തെയും ഗ്ലൈക്കോനിയോജെനെസിസി (glyconeogenesis)നെയും സഹായിക്കുന്ന എന്‍സൈമുകളുണ്ട്. സൈറ്റോസോമുകളും (Cytosomes) ഫ്രാഗ്മോസോമുകളും (Phragmosomes) ക്രിസ്റ്റലുകളുള്ള വസ്തുക്കളും മൈക്രോബോഡികളാണ്. യഥാര്‍ഥ ന്യൂക്ളിയസുള്ള ജീവകോശങ്ങളായ യുകാരിയോട്ടിക കോശങ്ങളില്‍ സൈറ്റോപ്ലാസത്തില്‍ മൈക്രോട്യൂബ്യുളുകളും (Microtubules) മൈക്രോഫിലമെന്റുകളും (Micro Filaments) ഉണ്ട്. സീലിയകള്‍, ഫ്ലജല്ലകള്‍, മൈറ്റോട്ടിക അപ്പാരറ്റസുകള്‍, സസ്യങ്ങളിലെ മെരിസ്റ്റമിക കലകള്‍ എന്നിവയില്‍ മൈക്രോ ട്യൂബ്യുകളുണ്ട്. മൈക്രോ ഫിലമെന്റുകള്‍ക്ക് മൈക്രോട്യൂബ്യുളുകളെക്കാള്‍ വീതി കുറവാണ്.

സെന്‍ട്രിയോള്‍

കോശകേന്ദ്രത്തിനു പുറമേയായി തൊട്ടടത്തുതന്നെ കാണപ്പെടുന്ന ചെറിയ ഗോളാകാരവസ്തുവാണ് സെന്‍ട്രിയോള്‍. സസ്യവര്‍ഗത്തില്‍ ചില ആല്‍ഗകളിലും ഫംഗസുകളിലും മാത്രം കാണപ്പെടുന്ന സെന്‍ട്രിയോള്‍ ജന്തുശരീരകോശങ്ങളില്‍ സര്‍വസാധാരണമാണ്. കോശവിഭജനത്തില്‍ സെന്‍ട്രിയോളുകള്‍ സുപ്രധാന പങ്കുവഹിക്കുന്നു. ഇവയ്ക്കു ബാഹ്യസ്തരവും ഡി.എന്‍.എ.യും ആര്‍.എന്‍.എ.യും കാണാറില്ല.

രിക്തികകള്‍

സസ്യകോശങ്ങളില്‍ സാധാരണ കാണാറുള്ള ദ്രവപദാര്‍ഥങ്ങളടങ്ങിയ കോടരങ്ങളാണ് രിക്തികകള്‍. മെരിസ്റ്റമിക കലയിലെ കോശങ്ങളില്‍ വളരെ ചെറിയ രിക്തികകളാണുള്ളത്. ഇവ എന്‍ഡോപ്ളാസ്മിക റെറ്റിക്കുലത്തില്‍ നിന്നോ ഗോള്‍ജിവസ്തുക്കളില്‍ നിന്നോ ഉണ്ടായതായി അനുമാനിക്കുന്നു. ജന്തുകോശങ്ങളിലെ രിക്തികകള്‍ക്ക് വ്യക്തമായ ഒരു ലിപ്പോപ്രോട്ടീന്‍ സ്തരമുണ്ട്. രിക്തികയുടെ രൂപീകരണത്തിന്റെ ആദ്യദശയില്‍ ഇത് വളരെ ചെറുതായിരിക്കും. പൂര്‍ണവളര്‍ച്ചയെത്തിയ കോശത്തില്‍ കോശമധ്യത്തിലായി വലുപ്പംകൂടിയ ഒരു രിക്തിക മാത്രമേ കാണാറുള്ളൂ. തന്മൂലം കോശഭിത്തിക്കകത്തുള്ള പ്രോട്ടോപ്ളാസം മധ്യഭാഗത്തുനിന്ന് നീങ്ങി, കോശഭിത്തിയുടെ തൊട്ടുതാഴെ ഒരു ലോലമായ പാളിയായിത്തീരുന്നു. ഇതാണ് ആദിമകോശദൃതി (Primordial utricle) എന്നറിയപ്പെടുന്നത്. ഓരോ രിക്തികയും രിക്തികാചര്‍മം (Tonoplast)കൊണ്ട് സൈറ്റോപ്ലാസത്തില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. രിക്തികയിലെ ദ്രാവകം കോശരസമാണ്. അന്നജം, പഞ്ചസാര, വര്‍ണകങ്ങള്‍, കാര്‍ബണിക അമ്ലങ്ങള്‍, ലവണങ്ങള്‍ ഇവയെല്ലാമാണ് കോശരസത്തിലുള്ളത്. പൂര്‍ണവളര്‍ച്ചയെത്തിയ കോശരസം അമ്ലീയമാണ്. രിക്തികകള്‍ കോശങ്ങളുടെ ദൃഢത നിലനിര്‍ത്താനുതകുന്നു. ഭക്ഷ്യപദാര്‍ഥങ്ങള്‍, ജലം, പ്രോട്ടോപ്ലാസത്തിന്റെ ഉപാപചയ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മറ്റു പദാര്‍ഥങ്ങള്‍ തുടങ്ങിയവ ശേഖരിച്ചുവയ്ക്കുന്നത് രിക്തികയിലാണ്. ചില ആദിമ ആല്‍ഗകളില്‍ സങ്കുഞ്ചനശീല രിക്തികകള്‍ കാണുന്നുണ്ട്. ദ്രവപദാര്‍ഥം രിക്തികകളില്‍ നിറയുമ്പോള്‍ സങ്കോചനം വഴി അതിനെ ഇവ മോചിപ്പിക്കുന്നു.

സൈറ്റോപ്ലാസത്തിലെ അജൈവ അന്തര്‍വേശനങ്ങള്‍

കോശത്തിലുള്ള സൈറ്റോപ്ലാസ്മികമല്ലാത്ത എല്ലാ പദാര്‍ഥങ്ങളെയുംകൂടി 'അജൈവ അന്തര്‍വേശനങ്ങള്‍' (Non-living inclusions) എന്നു നിര്‍വചിക്കാം. രിക്തികയുടെ കോശരസത്തില്‍ ലേയാവസ്ഥയിലോ കൊളോയ്ഡീയ രൂപത്തിലോ അവിടവിടെയായി കാണപ്പെടുന്ന അലേയകണികകളും ക്രിസ്റ്റലുകളുമാണ് ഇവ. ഈ അജൈവ പദാര്‍ഥങ്ങള്‍ സസ്യങ്ങള്‍ക്ക് യാതൊരു വിധത്തിലും ഉപകാരപ്രദമല്ല എന്നു കരുതപ്പെടുന്നു. എന്നാല്‍ ചിലവ സൈറ്റോപ്ലാസരൂപീകരണത്തെ സഹായിക്കുകയും ചെറിയതോതിലെങ്കിലും സസ്യത്തിന്റെ വിവിധ ജൈവപദാര്‍ഥങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നു. അജൈവ അന്തര്‍വേശനങ്ങള്‍ മൂന്നു തരമുണ്ട്; നിചിത പദാര്‍ഥങ്ങളും (Reserve food) സ്രവണ പദാര്‍ഥങ്ങളും (Secretory materials) വിസര്‍ജ്യപദാര്‍ഥങ്ങളും (Excretory materials). നിചിത പദാര്‍ഥങ്ങള്‍ സജീവകോശങ്ങളില്‍ത്തന്നെ ഉണ്ടാക്കപ്പെട്ടിട്ടുളളവയാണ്.

കാര്‍ബോഹൈഡ്രേറ്റുകള്‍, നൈട്രോജനിക പദാര്‍ഥങ്ങള്‍, കൊഴുപ്പുകളും എണ്ണകളും എന്നിങ്ങനെ നിചിത പദാര്‍ഥങ്ങള്‍ മൂന്നിനമാണ്. കാര്‍ബോഹൈഡ്രേറ്റുകളില്‍ പഞ്ചസാരകള്‍ (sugar), ഇനുലിന്‍ (Inulin), സ്റ്റാര്‍ച്ച് കണങ്ങള്‍ (starch), ഗ്ലൈക്കോജന്‍ (Glycogen), സെല്ലുലോസ് (Cellulose), ഹെമിസെല്ലുലോസ് (Hemicellulose), പെക്ടിന്‍ (Pectin), ഗമ്മുകളും മ്യൂസിലേജും (Gums and Mucilages) തുടങ്ങിയവ ഉള്‍പ്പെടുന്നു. നൈട്രോജനിക പദാര്‍ഥങ്ങള്‍ അമിനോ അമ്ലങ്ങള്‍ (Amino acides), പ്രോട്ടിഡ് കണങ്ങള്‍ (Protide particles), അല്യൂറോണ്‍ കണങ്ങള്‍ (Aleurone particles) എന്നിവയാണ്. കൊഴുപ്പുകള്‍ 'യൗഗികീകൃത എണ്ണകള്‍' (fixed oils) എന്നും അറിയപ്പെടുന്നു.

വര്‍ണകങ്ങളും എന്‍സൈമുകളും തേനും സ്രവണ പദാര്‍ഥങ്ങളാണ്. വിസര്‍ജ്യപദാര്‍ഥങ്ങളെല്ലാംതന്നെ മനുഷ്യര്‍ക്ക് ഉപകാരപ്രദമാണ്. ആല്‍ക്കലോയ്ഡുകള്‍ (Alkaloids), ഗ്ലൂക്കോസൈഡുകള്‍ (Glucosides), ടാനിന്‍ (Tanin), ലാറ്റക്സ് (Latex) സുഗന്ധതൈലങ്ങള്‍, റെസിനുകള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു.

ചിലയിനം സസ്യങ്ങളുടെ ഇലകള്‍, പഴങ്ങള്‍ തുടങ്ങിയ ഭാഗങ്ങളില്‍ ജലലേയങ്ങളായ പലയിനം കാര്‍ബണിക അമ്ലങ്ങളുണ്ടാകാറുണ്ട്. പുളിയില്‍ കാണുന്ന ടാര്‍ടാറിക് അമ്ലം, നാരങ്ങയിലെ സിട്രിക് അമ്ലം, ആപ്പിളിലെ മാലിക് അമ്ലം തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ഇവ സസ്യങ്ങളുടെ ശ്വാസോച്ഛ്വാസം തുടങ്ങിയ ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നു.

കോശവിഭജനം

ജന്തുക്കളുടെയും സസ്യങ്ങളുടെയും വളര്‍ച്ചയ്ക്ക് നിദാനം ജീവനുള്ള കോശങ്ങളാണ്. കോശവിഭജനവും പുത്രികാകോശങ്ങളുടെ രൂപാന്തരണവുമാണ് വളര്‍ച്ചയുടെ സൂചകമായി കണക്കാക്കപ്പെടുന്നത്. ജീവികളുടെ അടിസ്ഥാനഘടകം കോശങ്ങളാണെന്ന് അറിയപ്പെട്ടതുമുതല്‍ പുതിയ കോശങ്ങള്‍ ഉദ്ഭവിക്കുന്ന മാര്‍ഗങ്ങളെപ്പറ്റി വളരെയധികം ഗവേഷണങ്ങളും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. റുഡോള്‍ഫ് വിര്‍ഷോവ് (1858) ആണ് നിലവിലുള്ള കോശങ്ങളുടെ വിഭജന ത്തില്‍ക്കൂടിയാണ് പുതിയ കോശങ്ങള്‍ ഉദ്ഭവിക്കുന്നത് എന്നു കണ്ടുപിടിച്ചത്. കോശവിഭജനത്തിന്റെ ആദ്യത്തെ രൂപരേഖ നല്കിയത് വാല്‍ഥര്‍ ഫ്ളെമിങ് ആണ്. അനുയോജ്യമായ ചായങ്ങളുപയോഗിച്ച് കോശങ്ങളെ അഭിരഞ്ജിപ്പിക്കുകയും അതുവഴി ഇതരഭാഗങ്ങളെക്കാളേറെ വ്യക്തമായി കോശകേന്ദ്രത്തിനെ കാണാനും പഠനവിധേയമാക്കാനും സാധിക്കുകയും ചെയ്തു. എല്ലാ ജീവികളിലും കോശവിഭജനപ്രക്രിയ അടിസ്ഥാനപരമായി ഒന്നുതന്നെയാണെന്നുള്ളത് പ്രകൃതിയുടെ ശ്രദ്ധേയമായ പ്രതിഭാസങ്ങളിലൊന്നാണ്. സാര്‍വത്രികമായ ഈ കോശവിഭജനപ്രക്രിയ കോശകേന്ദ്രത്തിലാണ് പ്രധാനമായും കേന്ദ്രീകൃതമായിരിക്കുന്നത്. അതുപോലെതന്നെ സൈറ്റോപ്ലാസത്തിലും സുപ്രധാനമായ അനേകം മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

കോശവിഭജനം പ്രധാനമായും മൂന്നുവിധമാണ്. എമൈറ്റോസിസ് (Amitosis) അഥവാ അസമവിഭജനം, മൈറ്റോസിസ് (Mitosis) അഥവാ ക്രമഭംഗകോശവിഭജനം, മിയോസിസ് (Meiosis) അഥവാ ക്രമാര്‍ധഭംഗകോശവിഭജനം.

എമൈറ്റോസിസ്

(Amitosis)

ക്രോമസോമുകള്‍ക്ക് പങ്കില്ലാതെ നടക്കുന്നയിനം കോശവിഭജനമാണിത്. ഇവിടെ കോശകേന്ദ്രത്തിന്റെ മധ്യഭാഗം മുറിഞ്ഞ് രണ്ടായിത്തീരുന്നു. പല പ്രോട്ടോസോവകളിലും കോശകേന്ദ്രത്തിന്റെ വിഭജനം എമൈറ്റോസിസ്മൂലമാണ് നടക്കുന്നത്. ലളിതമായ കോശവിഭജനമാര്‍ഗമാണിത്. ഇതില്‍ നിന്നാണ് സങ്കീര്‍ണസ്വഭാവമുള്ള മൈറ്റോട്ടിക് കോശവിഭജനം അഥവാ ക്രമഭംഗവിഭജനം ഉരുത്തിരിഞ്ഞതെന്ന് ശാസ്ത്രകാരന്മാര്‍ അഭ്യൂഹിക്കുന്നു.

ക്രമഭംഗം

(Mitosis)

മൈറ്റോസിസ് രീതിയിലുള്ള കോശവിഭജനംമൂലമുണ്ടാകുന്ന പുത്രികാകോശങ്ങളുടെ ക്രോമസോം എണ്ണം മാതൃകോശത്തിന്റേതിനോടു തുല്യമായിരിക്കും. എല്ലാ സസ്യങ്ങളിലും ജന്തുക്കളിലും പ്രജനനസമയത്തോ അല്ലാതെയോ പല പ്രാവശ്യം ക്രമഭംഗകോശവിഭജനം നടക്കാറുണ്ട്. ഏറ്റവും കൂടുതല്‍ കോശവിഭജനവും വളര്‍ച്ചയും സംഭവിക്കുന്നതും ഈ വിഭജനംമൂലമാണ്.

ക്രമാര്‍ധഭംഗം

(Meiosis)

പാരമ്പര്യഗുണവാഹകരായ ക്രോമസോമുകളുടെ എണ്ണം അതേപടി പുതിയ തലമുറയിലും നിലനിര്‍ത്തുന്നയിനം കോശവിഭജനമാണിത്. പുരുഷബീജവും സ്ത്രീബീജവും രൂപപ്പെടുമ്പോള്‍ സംഭവിക്കുന്ന ഈ ക്രമാര്‍ധഭംഗംമൂലം ഈ രണ്ടിനം ബീജകോശങ്ങളിലും മാതൃകോശങ്ങളിലുള്ളതിനെക്കാള്‍ പകുതി ക്രോമസോമുകള്‍ വീതമേ കാണപ്പെടുന്നുള്ളൂ. നിരവധി സങ്കീര്‍ണ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു വിഭജനപ്രക്രിയവഴിയാണിത് സാധിക്കുന്നത്. ഈ ബീജകോശങ്ങളുടെ സംയോഗംമൂലം ഉണ്ടാവുന്ന പുതിയ കോശത്തിന് മാതൃകോശത്തിലെ ക്രോമസോം സംഖ്യ കൈവരികയും ചെയ്യുന്നു.

കോശഗവേഷണങ്ങള്‍-ഇന്ന്

കോശത്തെ സംബന്ധിച്ച ഗവേഷണപ്രവര്‍ത്തനങ്ങള്‍ അനുനിമിഷം നടന്നുകൊണ്ടിരിക്കുന്നു. ആദിമകോശങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍, കൃത്രിമ പ്രോട്ടോസെല്‍ ഉണ്ടാക്കാന്‍ സാധിക്കുമോ എന്ന് ശാസ്ത്രജ്ഞര്‍ പരീക്ഷിക്കുന്നുണ്ട്. സംശ്ലേഷണ ജീവശാസ്ത്രം, പ്രോട്ടോസെല്‍ സിസ്റ്റം ബയോളജി എന്നീ ആധുനിക ജീവശാസ്ത്രശാഖകള്‍ ഇത്തരം പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. റൈബോസോമുകളുടെ ഘടനയും പ്രവര്‍ത്തനവും നോബല്‍ സമ്മാന ജേതാക്കളായ (2009) വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ (ഇന്ത്യ), തോമസ് എ. സ്റ്റീറ്റ്സ് (യു.എസ്.), അദാ ഇ. യോനാത്ത് (ഇസ്രയേല്‍) എന്നീ ജൈവശാസ്ത്രജ്ഞര്‍ ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട് (2009). എക്സ്-റേ ക്രിസ്റ്റലോഗ്രഫിയിലൂടെയുള്ള ഈ കണ്ടെത്തല്‍, പുതിയ ആന്റി ബയോട്ടിക്കുകള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. കോശപ്രതലത്തെക്കുറിച്ച് മഹത്തായ കണ്ടെത്തലുകളാണ് ഇക്കാലത്ത് ഉണ്ടായിട്ടുള്ളത്. ശരീരകോശങ്ങളുടെ സംവേദനക്ഷമതയ്ക്കും അവ തമ്മിലുള്ള ആശയവിനിമയ പ്രക്രിയയ്ക്കും ഹേതുവായിട്ടുള്ള ജി-പ്രോട്ടീന്‍ അധിഷ്ഠിത സരണികളുടെ (G-Protein couple receptor- ജിപിസിആര്‍) പ്രവര്‍ത്തനരീതി അമേരിക്കന്‍ വൈദ്യശാസ്ത്രജ്ഞരായ കോബില്‍ക്ക ബ്രിയന്‍ കെന്റും റോബര്‍ട്ട് ലെഫ് കോവിറ്റ്സും ചേര്‍ന്ന് കണ്ടെത്തി (2012). ഈ കണ്ടെത്തല്‍ 2012-ലെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹമായി. പ്രമേഹം, കാന്‍സര്‍, വിഷാദരോഗം, ഹൃദ്രോഗം, നാഡീരോഗങ്ങള്‍ തുടങ്ങിയവയ്ക്കെതിരെയുള്ള മരുന്നുകളുടെ കണ്ടുപിടിത്തങ്ങളില്‍ വഴിത്തിരിവ് ഉണ്ടാക്കുന്ന സുപ്രധാന കണ്ടെത്തലാണിത്. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ കൂടുതല്‍ ഗുണകരമായ മരുന്നുകള്‍ കണ്ടുപിടിക്കുവാനും ഇതിലൂടെ ലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍