This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഴിപ്പോര്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഴിപ്പോര്

പ്രത്യേക പരിശീലനം നേടിയ പൂവന്‍കോഴികളെക്കൊണ്ട് അന്യോന്യം പോരടിപ്പിക്കുന്ന ഒരു വിനോദം.

അനിമല്‍ ബെയ്റ്റിങ്' എന്ന പേരില്‍ അറിയപ്പെടുന്നതും പക്ഷിമൃഗാദികളെ ഉപയോഗിക്കുന്നതുമായ വിനോദവിഭാഗങ്ങളിലെ പഴക്കംചെന്ന ഒരിനമാണ് കോഴിപ്പോര്. തീറ്റി തിന്നുന്നതിനിടയ്ക്കും പിടക്കോഴികളില്‍ അവകാശം ഉറപ്പിക്കുന്നതിനും പൂവന്‍കോഴികള്‍ പരസ്പരം പൊരുതുന്നതും സാധാരണ കാഴ്ചയാണ്. പ്രകൃതിസാധാരണമായ ആ പോരാട്ടം കണ്ടിട്ടായിരിക്കണം അതിനെ ഒരു വിനോദമായി മനുഷ്യന്‍ വളര്‍ത്തിയെടുത്തത്. ആദ്യമെല്ലാം വളര്‍ത്തുകോഴികളെയാണ് പോരിനുവേണ്ടി പോര്‍ക്കളത്തിലിറക്കിയിരുന്നത്. സംഘടിതമായ ഒരു വിനോദം എന്ന നിലയില്‍ കോഴിപ്പോരിനു പ്രചാരം ലഭിച്ചതോടെ മെയ്യൊതുക്കവും സമരാസക്തിയുമുള്ള പോരുകോഴികളെ പ്രത്യേകം വളര്‍ത്തിയെടുക്കുന്ന സമ്പ്രദായം ആരംഭിച്ചു. ചുണ്ടും കാലിലെ നഖങ്ങളും മുള്ളും ഉപയോഗിച്ച് ജന്മവാസനപ്രകാരം പൊരുതി വന്നിരുന്ന പൂവന്‍കോഴികളെ പുതിയ പയറ്റുമുറകള്‍ പരിശീലിപ്പിക്കുക, അവയുടെ നഖങ്ങളിലും മുള്ളിലും 'അള്ളുകള്‍' എന്നും 'ആണി' എന്നും പറഞ്ഞുവരുന്ന കൂര്‍ത്തുമൂര്‍ത്ത ലോഹനിര്‍മിതമായ നഖങ്ങളും മുള്ളും വച്ചുപിടിപ്പിക്കുക തുടങ്ങിയ സമ്പ്രദായങ്ങള്‍ക്കും പ്രചാരം ലഭിച്ചു. നട്ടെല്ലിന്റെ മുകളിലും ഇരുവശങ്ങളിലും കഴുത്തിലും തലയിലും തൂവല്‍കുറഞ്ഞതും ചെറിയ കോഴിപ്പൂവുള്ളതുമായ ഇനങ്ങളെയാണ് പോരിനുവേണ്ടി പ്രത്യേകം വളര്‍ത്തിയെടുത്തിരുന്നത്. പോരിന് പേരുകേട്ട ചില പ്രത്യേകയിനങ്ങള്‍ പൈല്‍സ്, ബ്ലാക്ക്റെഡ്സ്, പോള്‍ ക്യാറ്റ്സ്, ഡക്ക്സ്റ്റ്, അസീല്‍ തുടങ്ങിയവയാണ്. ഇംഗ്ലണ്ടില്‍ പണ്ട് രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കാലക്രമേണ സാധാരണക്കാരുടെയും ഇഷ്ടവിനോദമായിരുന്ന കോഴിപ്പോരിന് 'പിറ്റ്' എന്ന പേരില്‍ പ്രത്യേകം പോര്‍ക്കളവുമുണ്ടായിരുന്നു. കോഴിപ്പോരില്‍ കുതിരപ്പന്തയത്തിലെന്നപോലെ പന്തയംവയ്ക്കുന്ന പതിവുണ്ടായിരുന്നു.

കോഴിപ്പോര്

പൊരുതാന്‍ പ്രത്യേകം പരിശീലിപ്പിച്ച കോഴികള്‍ പ്രകോപനം കൂടാതെതന്നെ പരസ്പരം പൊരുതും. ചിറകുവിരിച്ചോ ചിറകിട്ടടിച്ചോ അല്പനേരം പരസ്പരം തുറിച്ചുനോക്കിക്കൊണ്ട് അനങ്ങാതെ നിന്നശേഷം ഓടിയടുത്തു കൊത്തുക, ഒഴിഞ്ഞുമാറി തലയുടെ പല ഭാഗത്തും പൂവിലും മുതുകിലും കഴുത്തിലും കൊത്തുക, കൊത്തിവലിക്കുക, കൊത്തുന്നതോടൊപ്പം ചിറകിട്ടടിക്കുക, ചാടിയും പറന്നും കൊത്തുക, ഒറ്റക്കാലില്‍ നിന്നുകൊണ്ടും മുകളിലേക്കു ചാടിക്കൊണ്ടും ഒരു കാലുകൊണ്ടോ ഇരുകാലുകളും കൊണ്ടോ നഖങ്ങളും മുള്ളുകളും കൊള്ളുമാറ് തലയിലും മറ്റു ഭാഗങ്ങളിലും ആഞ്ഞടിക്കുക, മുള്ളുകൊണ്ട് അള്ളുക തുടങ്ങിയവയാണ് പയറ്റുമുറകള്‍. കാലാന്തരത്തില്‍ വാതുവയ്പുകളുടെ രീതിയില്‍ വന്ന മാറ്റങ്ങള്‍ കോഴിപ്പോരിലും പ്രതിഫലിച്ചു. വാതുവയ്പുകളിലെ വന്‍തുകയുടെ ആകര്‍ഷണീയത കൂടിയതോടെ മത്സരത്തിനിറങ്ങുന്ന അങ്കക്കോഴികളുടെ കാലില്‍ മുള്ളുകള്‍ക്കുപകരം ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന രൂപത്തിലുള്ള മൂര്‍ച്ചയേറിയ കത്തി കാലിന്റെ പിറകില്‍ കെട്ടിവയ്ക്കുന്ന രീതി ഉടലെടുത്തു. പോരിനിടയ്ക്കു പല ഭാഗങ്ങളും മുറിഞ്ഞ് രക്തം പൊടിയും. കോഴികളിലൊന്ന് തളര്‍ന്നോ പോരില്‍ തോറ്റോ പിന്‍വാങ്ങുന്നതുവരെ പോര് നീണ്ടുനില്‍ക്കും.

കേരളത്തില്‍ കാസര്‍കോടുമാത്രം കാണപ്പെടുന്ന ഈ വിനോദം കോഴിക്കെട്ട് എന്ന പേരിലാണ് പ്രാദേശികമായി അറിയപ്പെടുന്നത്. കേരളത്തിലാണ് ആദ്യം ഇത് നിലനിന്നിരുന്നതെങ്കില്‍ പിന്നീട് ഒരു പൊതുവിനോദമായി വ്യാപിക്കുകയുണ്ടായി. നിറം, ചിറകിന്റെയും കാലിന്റെയും രൂപം എന്നിവയെ അടിസ്ഥാനമാക്കിയാണ് തലയെടുപ്പുള്ള അങ്കക്കോഴികളെ അഥവാ കെട്ടുകോഴികളെ കണ്ടെത്തുന്നത്. അങ്കക്കോഴികളെ മറ്റുള്ളവയുടെ കൂടെ വിടാതെ കെട്ടിയിട്ട് പരിപാലിക്കും. തൂക്കത്തിന്റെയും ഇനത്തിന്റെയും അടിസ്ഥാനത്തില്‍ പലവിഭാഗങ്ങളായാണ് മത്സരം നടത്തുക. അവയെ പരിശീലിപ്പിക്കുന്നതിന് പ്രത്യേക ചിട്ടവട്ടങ്ങളും പ്രത്യേക പരിശീലകരുമുണ്ട്. ഒഴുക്കിനെതിരെ നീന്തിക്കുക, പറന്നുചാടി പോരടിക്കുവാന്‍ പഠിപ്പിക്കുക എന്നിവയൊക്കെ ചില രീതികളാണ്.

കോഴിപ്പോരുദിവസം കോഴികളുമായി പുറപ്പെടുന്നതിനുമുമ്പ് ശകുനങ്ങള്‍ നോക്കുന്ന വിശ്വാസം നിലനിന്നിരുന്നു. കോഴിപ്പോരുമായി ബന്ധപ്പെട്ട് ഒരു കോഴിപഞ്ചാംഗവും കുക്കുടമന്ത്രവും നിലവിലുണ്ട്. ഒരു ക്രൂരവിനോദമായി കണക്കാക്കപ്പെടുന്ന കോഴിപ്പോര് വീക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. നിരോധിക്കപ്പെട്ടിട്ടുള്ള വിനോദമാണിതെങ്കിലും ഇപ്പോഴും വിവിധ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചും തെയ്യങ്ങളോടനുബന്ധിച്ചും കാസര്‍കോട് ജില്ലയില്‍ കോഴിക്കെട്ട് അരങ്ങേറാറുണ്ട്.

(ശ്യാമളാലയം കൃഷ്ണന്‍നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍