This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഴി

ഏറ്റവുമധികം സാമ്പത്തികപ്രാധാന്യമുള്ള ഒരിനം വളര്‍ത്തുപക്ഷി. ഗാലിഫോമിസ് (Galliformes) പക്ഷിവര്‍ഗത്തിലാണിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജന്തുശാസ്ത്രപ്രകാരം കോഴി ഗാലസ് എന്ന ജീനസില്‍പ്പെടുന്നു.

ചുവന്ന കാട്ടുകോഴിയായ ഗാലസ് ഗാലസ്
ജാവന്‍ കാട്ടുകോഴിയിനമായ ഗാലസ് വേരിയസ്
ശ്രീലങ്കന്‍ കാട്ടുകോഴിയിനമായ ഗാലസ് ലഫായെറ്റി

ഇന്ന് ലോകത്താകമാനമായി അനേകയിനം വളര്‍ത്തു കോഴികള്‍ കാണപ്പെടുന്നുണ്ടെങ്കിലും അവയുടെ പൂര്‍വികഗൃഹം ഇന്ത്യയും അയല്‍രാജ്യങ്ങളുമാണെന്നു പറയാം. കോഴിയുടെ പൂര്‍വികര്‍ വസിച്ചിരുന്നത് ദക്ഷിണ-മധ്യേന്ത്യയിലും മ്യാന്‍മര്‍, ശ്രീലങ്ക, സുമാത്രാ, ജാവ എന്നിവിടങ്ങളിലുമായിരുന്നു. ഇവയെല്ലാം തന്നെ കാട്ടുകോഴികളായിരുന്നു എന്നും കരുതപ്പെടുന്നു. പ്രധാനമായും നാലിനം കാട്ടുകോഴികളില്‍ നിന്നാണ് ഇന്നത്തെ വളര്‍ത്തുകോഴിയിനങ്ങളെല്ലാം ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. ചുവന്ന കാട്ടുകോഴിയായ ഗാലസ് ഗാലസ് അഥവാ ഗാലസ് ബാങ്കിവ, ശ്രീലങ്കന്‍ കാട്ടുകോഴിയിനമായ ഗാലസ് ലഫായെറ്റി, ചാരനിരമുള്ള കാട്ടുകോഴിയിനമായ ഗാലസ് സൊണറാട്ടി, ജാവന്‍ കാട്ടുകോഴിയിനമായ ഗാലസ് വേരിയസ് എന്നിവയാണ് പ്രധാന യിനങ്ങള്‍. ഇവയില്‍ ചുവന്ന കാട്ടുകോഴി ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ വ്യാപകമായി കണ്ടു വരുന്നു. ഇതുകൂടാത മ്യാന്‍മര്‍ സയാം, സുമാത്രാ എന്നിവിടങ്ങളിലും ഇവ വളരുന്നുണ്ട്. ചാരനിറത്തോടുകൂടിയ കാട്ടുകോഴികള്‍ പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും സുലഭമാണ്. ജാവന്‍ കാട്ടുകോഴി ജാവയിലും സമീപസ്ഥ ദ്വീപുകളിലുമാണ് കാണപ്പെടുന്നത്.

ഈ നാലിനം കാട്ടുകോഴികള്‍ക്കും പരസ്പരം ഇണചേരാന്‍ കഴിയും. അപ്രകാരം പ്രത്യുത്പാദനശേഷിയുള്ള നിരവധി സങ്കരയിനങ്ങള്‍ (Hybrids) ഉണ്ടാവുകയും ചെയ്യുന്നു.

കോഴിപ്പോരെന്ന വിനോദമാവണം കാട്ടുകോഴികളെ ഇണക്കിവളര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിച്ചത്. ക്രിസ്തുവിന് ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഭാരതത്തില്‍ കോഴിപ്പോര് നടന്നിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഇതിനായി മനുഷ്യന്‍ കോഴികളെ വളര്‍ത്താനാരംഭിക്കുകയും പിന്നീട് അതിന്റെ മറ്റ് സാമ്പത്തികപ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരിക്കണം. മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി മനുഷ്യന്‍ വാണിജ്യാടിസ്ഥാനത്തില്‍ പിന്നീട് കോഴികളെ വളര്‍ത്താനാരംഭിക്കുകയും ചെയ്തു.

മറ്റു പക്ഷികളെപ്പോലെ കോഴികള്‍ക്ക് ബഹുദൂരം പറക്കാന്‍ കഴിയില്ല. എങ്കിലും മറ്റു പക്ഷികള്‍ക്കുള്ളതുപോലുള്ള സവിശേഷഘടനയാണ് ഇവയ്ക്കും ഉള്ളത്. ജീവിവര്‍ഗത്തില്‍ പക്ഷികള്‍ക്കു മാത്രമേ തൂവല്‍ കാണപ്പെടുന്നുള്ളൂ. ഉരഫലകം (Breast) ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. ഇവയ്ക്ക് താടിയെല്ലുകളുണ്ടെങ്കിലും പല്ലുകളില്ല. കോഴികളില്‍ കാണപ്പെടുന്ന ഉച്ചിപ്പൂവ് (Comb) മറ്റു പല പക്ഷികളിലും കാണപ്പെടാത്ത ഒരു ബാഹ്യഘടനയാണ്.

മറ്റു വളര്‍ത്തുജീവികളെ അപേക്ഷിച്ച് അല്പായുസുകളാണ് കോഴികള്‍. രണ്ടു കാലില്‍ ചാടി നടക്കുകയും വേഗത്തില്‍ ശ്വസിക്കുകയും ചെയ്യുന്ന കോഴിയുടെ ഹൃദയസ്പന്ദനം ഒരു മിനിട്ടില്‍ 300-നും 370-നും ഇടയ്ക്കാണ്. ഇവ ഭക്ഷിക്കുന്ന ആഹാരം താരതമ്യേന വേഗത്തില്‍ ദഹിക്കുന്നു. മറ്റു ജന്തുക്കളുടെ അന്നനാളത്തില്‍ നിന്നും വ്യത്യസ്തമാണ് കോഴികളിലുള്ളത്. ഇത് കഴുത്തിനു താഴെയായി താത്കാലികമായി ഭക്ഷണം ശേഖരിച്ചു വയ്ക്കുവാന്‍ പാകത്തിലുള്ള ഒരു അന്നപുടമായി രൂപാന്തരപ്പെട്ടിരിക്കുന്നു. ആമാശയം ചെറുതാണ്. ഇവയ്ക്ക് ഗിസാര്‍ഡ് എന്നൊരു പ്രത്യേക ഭാഗമുണ്ട്. ഭക്ഷണം മര്‍ദിച്ചൊതുക്കി മയപ്പെടുത്തുവാന്‍ പറ്റിയവിധം ശക്തമായ പേശികളോടുകൂടിയ ഭാഗമാണിത്. ചെറുകുടലിന് ഒന്നരമീറ്ററോളം നീളം വരും. ദഹനം പൂര്‍ത്തിയാകുന്നത് ഇവിടെവച്ചാണ്. ചെറുകുടലും വന്‍കുടലും ചേരുന്നിടത്തു നിന്ന് സീക്കം പുറപ്പെടുന്നു. വന്‍കുടലിന് 10-12 സെന്റിമീറ്ററിലധികം നീളമില്ല. വന്‍കുടലിനെ ഗുദവുമായി ഒരു അവസ്കരം (Cloaca) ബന്ധിപ്പിക്കുന്നു. ഇവിടെയാണ് മലവും അണ്ഡവാഹിനിയില്‍ നിന്നു വരുന്ന മുട്ടയും വൃക്കയില്‍ നിന്നുള്ള മൂത്രവും എത്തിച്ചേരുന്നത്. ഏറ്റവും കൂടിയ ശരീരതാപം കോഴികള്‍ക്കും മറ്റ് പക്ഷികള്‍ക്കുമാണുള്ളത്. കോഴികളുടെ ശരീരോഷ്മാവ് ഉദ്ദേശം 105ംഎ മുതല്‍ 109.5ംഎ വരെയാണ്. മറ്റു പക്ഷികളിലുള്ളതുപോലെ ശ്വാസകോശങ്ങളുമായി ബന്ധപ്പെട്ട വായുസഞ്ചികളും അവയോടു ബന്ധപ്പെട്ട പൊള്ളയായ അസ്ഥിനാളങ്ങളും ഉള്ളതിനാല്‍ ശ്വസനം ഇവയില്‍ സസ്തനികളുടേതില്‍ നിന്നു വ്യത്യസ്തവുമാണ്.

കോഴിയുടെ ബാഹ്യശരീരാവരണം തൊലിയും തൂവലുകളുമാണ്. തണുപ്പില്‍ നിന്നും രോഗാണുക്കളില്‍ നിന്നും ഇവ കോഴിയെ സംരക്ഷിക്കുന്നു. കോഴികളുടെ ചര്‍മത്തില്‍ ഗ്രന്ഥികളില്ല. എന്നാല്‍ വാലിന്റെ അടിയിലായി വഴുവഴുത്ത ഒരു ദ്രാവകം ഉത്പാദിപ്പിക്കുന്ന 'സ്നേഹഗ്രന്ഥി' (Oil gland) ഉണ്ട്. ഇതിനെ 'പ്രീണ്‍ ഗ്ളാന്‍ഡ്' എന്നും വിളിക്കാറുണ്ട്. ഇതില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ദ്രാവകത്തെ ചുണ്ടുകൊണ്ടു കൊത്തിയെടുത്ത് കോഴികള്‍ അവയുടെ തൂവലുകളില്‍ പുരട്ടുന്നതായി കാണാം. ചര്‍മത്തിന് ബാഹ്യപാളി(Epidermis)യെന്നും ആന്തരികപാളി(Dermis)യെന്നും വിളിക്കപ്പെടുന്ന രണ്ടു ഭാഗങ്ങളുണ്ട്. കോഴിയുടെ ചുണ്ട്, കണങ്കാലിലുള്ള ശല്ക്കങ്ങള്‍, തൂവലുകള്‍ എന്നിവ ബാഹ്യചര്‍മത്തില്‍ നിന്ന് വികാസം പ്രാപിക്കുന്ന ഘടകങ്ങളാണ്. ഇവയുടെ ഉച്ചിപ്പൂവ്, ചില്ലികള്‍ (Wattles), കര്‍ണപുടങ്ങള്‍ എന്നിവ ആന്തരികചര്‍മത്തില്‍ നിന്നു രൂപമെടുക്കുന്നു.

ഒരു പിടക്കോഴി അണ്ഡനിര്‍മോചനാവസ്ഥയിലാണോ എന്നു മനസ്സിലാക്കുന്നതിനുവേണ്ടി അതിന്റെ ഉച്ചിപ്പൂവിന്റെയും ചില്ലിയുടെയും വലുപ്പം; മൃദുത്വം എന്നിവ പരിശോധിക്കുന്നു. കോഴിയുടെ മഞ്ഞനിറമുള്ള കണങ്കാലുകളില്‍ ലിപ്പോക്രോം എന്ന വര്‍ണവസ്തു നിക്ഷിപ്തമായിരിക്കുന്നു. അതേസമയം കറുത്ത നിറമുള്ള കണങ്കാലുകളോടുകൂടിയ കോഴികളുമുണ്ട്. ഇവിടെ കാണപ്പെടുന്ന വര്‍ണവസ്തു മെലാനിന്‍ (Melanin) ആണ്. ഇത് ബാഹ്യചര്‍മത്തിലും ആന്തരിക ചര്‍മത്തിലും കാണപ്പെടുന്നുണ്ട്.

ശരീരതാപത്തെ സംരക്ഷിക്കുന്നതിനും കൊടുംതണുപ്പില്‍ നിന്നു രക്ഷനേടുന്നതിനും മുറിവുകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനും ആവശ്യമായ ബാഹ്യാവരണമാണ് കോഴികളുടെ തൂവലുകള്‍. രോഗബാധയുണ്ടാകുമ്പോള്‍ കോഴികളുടെ തൂവലുകളില്‍ പ്രകടമായ ചില മാറ്റങ്ങളുണ്ടാകുന്നതായി നിരീക്ഷിക്കപ്പെടുന്നു. കൂടാതെ കോഴികള്‍ക്ക് പോഷണയുക്തമായ ഭക്ഷണം ലഭിക്കാതിരിക്കുന്ന അവസ്ഥകളിലും തൂവലുകളുടെ നിറത്തിലും രൂപമാതൃകയിലും അപസാമാന്യതകള്‍ കാണപ്പെടാറുണ്ട്. ശാസ്ത്രീയമായ കോഴിവളര്‍ത്തലില്‍ ഈ ദൃശ്യലക്ഷണങ്ങള്‍ വളരെയേറെ പ്രായോഗികപ്രാധാന്യമുള്ളവയാണ്.

കോഴികളുടെ വലുപ്പം കൂടുന്നതിനനുസരണമായി തൂവലുകളുടെ വലുപ്പവും കൂടുന്നതായി കാണാം. തൂവലുകളുടെ എണ്ണത്തിലും ഏറ്റക്കുറച്ചിലനുഭവപ്പെടാം. അമേരിക്കന്‍ കോഴികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തൂവലുകള്‍ (ഉദ്ദേശം 80,000) ഉള്ളതായി കണ്ടുവരുന്നത്.

അനേകം ഇനങ്ങളിലും (Breeds) ഉപ ഇനങ്ങളിലും (Varieties) ഉള്‍പ്പെടുന്ന വളര്‍ത്തുകോഴികളുണ്ട്. കോഴികളുടെ ഉത്പത്തിയെ അടിസ്ഥാനപ്പെടുത്തിയാണ് അവയെ തരംതിരിക്കുക. ശരീരത്തിന്റെ ആകൃതി, തൂവലുകളുടെ പ്രത്യേകത എന്നിവയെ അടിസ്ഥാനപ്പെടുത്തി ഈ മാതൃകകളെ (Breed types) നിര്‍ണയിക്കുന്നു. അതേസമയം തൂവലുകളുടെ നിറവ്യത്യാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഉപ ഇനങ്ങളെ തരംതിരിക്കുന്നത്.

ചിത്രം:Kozhi0001.png‎

1873-ല്‍ സ്ഥാപിക്കപ്പെട്ട അമേരിക്കന്‍ പൗള്‍ട്രി അസോസിയേഷന്‍ ആണ് ആദ്യമായി വളര്‍ത്തുകോഴികളെ ശാസ്ത്രീയാടിസ്ഥാനത്തില്‍ തരംതിരിച്ചത്. ഇതിന്റെ വെളിച്ചത്തില്‍ വളര്‍ത്തുകോഴികളെ ചുവടെ കൊടുത്തിരിക്കുന്നതുപോലെ വിഭാഗീകരിക്കാം.

അമേരിക്കന്‍ ഇനങ്ങള്‍ (American Breeds). അമേരിക്കയില്‍ ഒട്ടേറെ ഇനം വളര്‍ത്തുകോഴികളെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മഞ്ഞനിറത്തിലുള്ള ചര്‍മമാണ് ഇവയ്ക്കുള്ളത്; കണങ്കാലില്‍ തൂവലുകളില്ല. ലമോണ (Lemona) എന്ന ഇനം ഒഴിച്ചുള്ള എല്ലാ ഇനങ്ങള്‍ക്കും ചുവന്ന കര്‍ണപുടങ്ങളാണുള്ളത്. ഇവ തവിട്ടു നിറമുള്ള മുട്ടയിടുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ 18-ാം ശതകത്തിന്റെ മധ്യപകുതിവരെ സുലഭമായി കാണപ്പെട്ടിരുന്ന ഒരിനമായിരുന്നു ഡോമിനിക് (Dominic) എന്ന വളര്‍ത്തുകോഴി. ഇതില്‍ നിന്ന് ക്രമേണ വികസിപ്പിച്ചെടുത്ത പ്രധാനപ്പെട്ട അമേരിക്കന്‍ കോഴിയിനങ്ങളെപ്പറ്റിയാണ് ചുവടെ പ്രതിപാദിക്കുന്നത്.

1. പ്ളിമത്ത് റോക്ക് (Plymouth Rock). ഡൊമിനിക്ക് എന്ന ഇനത്തിനെയും കറുത്ത കൊച്ചിന്‍ ഇനങ്ങളെയും ഇണചേര്‍ത്ത് 1865-ല്‍ വികസിപ്പിച്ചെടുത്ത ഒരിനമാണിത്. നീണ്ടു തടിച്ച ശരീരത്തോടുകൂടിയ കോഴികളാണിവ. പിടക്കോഴി ധാരാളം മുട്ട നല്കുന്നു. ഇന്ത്യയില്‍ നാടന്‍ കോഴിയിനങ്ങളുടെ വര്‍ഗഗുണമുയര്‍ത്താന്‍ പ്ളിമത്ത് റോക്ക് പൂവന്‍കോഴികള്‍ ഉപയോഗപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഈ ഇനത്തില്‍ ഒട്ടേറെ ഉപ ഇനങ്ങളുണ്ട്. തൂവലുകളില്‍ വരയോടുകൂടിയവ (Bar Red), വെള്ളനിറമുള്ളവ, നീല നിറമുള്ളവ എന്നിങ്ങനെ മൂന്നു പ്രധാന ഉപ ഇനങ്ങളുണ്ട്. ഇവയില്‍ വരയോടുകൂടിയതും വെള്ള നിറത്തോടു കൂടിയതും ആയ ഉപയിനങ്ങളാണ് പ്ളിമത്ത് റോക്കില്‍വച്ച് ഏറ്റവും പ്രധാനപ്പെട്ടവയായി കരുതപ്പെടുന്നത്.

2. ചുവന്ന റോഡ് ഐലന്‍ഡ് (Rhode Island Red). ഏതാണ്ട് ചതുരാകൃതിയില്‍ തടിച്ച ശരീരത്തോടുകൂടിയ ഒരു ഇനമാണിത്. ചുവന്ന മലയന്‍ പൂവന്‍കോഴികളെയും റോഡ് ഐലന്‍ഡ് ഇനത്തിലെ സാധാരണ പിടക്കോഴികളെയും ഇണചേര്‍ത്തു വികസിപ്പിച്ചെടുത്തതാണിത്. ഇതിന്റെ തൂവലുകള്‍ക്ക് കടുത്ത തവിട്ടുകലര്‍ന്ന ചുവപ്പാണുള്ളത്; വാലിലെ തൂവലുകള്‍ക്ക് അരിവാളിന്റെ ആകൃതിയും. പ്രധാനപ്പെട്ട വാല്‍ത്തൂവലുകള്‍ക്ക് കറുപ്പുനിറമാണ്. റോഡ് ഐലന്‍ഡിലെ പിടക്കോഴികളുടെ ഗളഭാഗത്ത് കറുത്ത തൂവലുകളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ഒരു ചെറിയ ഭാഗമുണ്ട്. റോഡ് ഐലന്‍ഡ് ഇനത്തില്‍പ്പെട്ട കോഴികളുടെ കണങ്കാലുകള്‍ക്കും വിരലുകള്‍ക്കും കടുത്ത മഞ്ഞനിറമാണുള്ളത്.

മറ്റൊരു ഉപയിനമായ വെളുത്ത റോഡ് ഐലന്‍ഡിന് ചുവന്ന ഉപ ഇനത്തില്‍ കാണപ്പെടുന്നതുപോലെയുള്ള ഇളം ചുവപ്പോടുകൂടിയ ഉച്ചിപ്പൂവുണ്ട്. ശരീരവലുപ്പത്തിലും ആകൃതിയിലും ഈ രണ്ട് ഉപയിനങ്ങളും ഏറെക്കുറെ സാദൃശ്യം പുലര്‍ത്തുന്നു. വെളുത്ത വയന്‍ഡോട്ട്സ് (White Wyan dottes), പാര്‍ട്രിഡ്ജ് (Partidge), കൊച്ചിന്‍സ് (Cochines), വെള്ളക്കാലന്‍കോഴി (White Leghorn) എന്നിവയുടെ ഒരു സങ്കരഇനമാണിത്. എന്നാല്‍ ഇതിന്റെ തൂവലുകള്‍ വെളുത്തതാണെന്നു മാത്രം.

3. ന്യൂഹാമ്ഷയര്‍ (New Hamshire). ന്യൂഹാമ്ഷയര്‍ എന്ന പ്രദേശത്തു കണ്ടുവരുന്ന ചുവന്ന റോഡ് ഐലന്‍ഡുകളുടെ ഇളം നിറത്തോടുകൂടിയതും വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്നതുമായ ഒരു ഉപയിനത്തില്‍ നിന്ന് വികസിപ്പിച്ചെടുത്തതാണിത്. ഇതിന് ഒരൊറ്റ ഉച്ചിപ്പൂവാണുള്ളത്. ഇതിന്റെ ശരീരം ചുവന്ന റോഡ് ഐലന്‍ഡിലേതുപോലെ അത്ര ചതുരാകൃതിയിലുള്ളതല്ല.

ഈ ഇനത്തില്‍പ്പെട്ട പൂവന്‍കോഴികളുടെ മുതുകിന് വെട്ടിത്തിളങ്ങുന്ന ചുവപ്പു കലര്‍ന്ന തവിട്ടു നിറമാണുള്ളത്; ശരീരത്തിനും ചിറകുകള്‍ക്കും താരതമ്യേന മങ്ങിയ തവിട്ടു നിറവും. കഴുത്തിലുള്ള തൂവലുകള്‍ക്ക് വെട്ടിത്തിളങ്ങുന്ന ചുവപ്പും പ്രധാനപ്പെട്ട വാല്‍ത്തൂവലുകള്‍ക്ക് കറുപ്പുമാണുള്ളത്. ഇവയുടെ മുട്ടകള്‍ക്ക് തവിട്ടു നിറമാണുള്ളത്. അടുത്തകാലത്തായി ഈ ഇനം കോഴികളെ ഇന്ത്യയിലും വളര്‍ത്തിവരുന്നു.

4. ഡെലാവറുകള്‍ (Delawares). അമേരിക്കന്‍ വളര്‍ത്തുകോഴികളില്‍ ഏറ്റവും പുതിയ ഒരിനമാണിത്. വരകളോടുകൂടിയ പ്ളിമത്ത്റോക്കിന്റെ പൂവന്‍കോഴികളെയും ന്യൂ ഹാമ്ഷയറിന്റെ പിടക്കോഴികളെയും ഇണചേര്‍ത്താണ് ഈ ഇനത്തെ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

ഡെലാവറിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞിന് തനി വെളുപ്പു നിറമാണുള്ളത്. പ്രായമാകുന്നതോടെ കഴുത്ത്, ചിറക്, വാല് എന്നിവിടങ്ങളില്‍ കറുപ്പും വെളുപ്പും ഇടകലര്‍ന്നുള്ള വരകള്‍ പ്രത്യക്ഷപ്പെടുന്നു. ശരീരത്തിന്റെ മറ്റുഭാഗങ്ങള്‍ വെള്ളത്തൂവലുകളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കും.

ഡെലാവര്‍ കോഴികള്‍ വളരെ വേഗത്തില്‍ വളര്‍ച്ചപ്രാപിക്കുന്നു. അതുപോലെതന്നെ അവയുടെ തൂവലുകളുടെ വളര്‍ച്ചയും വേഗത്തിലാണെന്നു പറയാം.

ഏഷ്യാറ്റിക് ഇനങ്ങള്‍. ഏഷ്യയിലെ പ്രധാന കോഴിയിനങ്ങളെപ്പറ്റി പൊതുവായി പരാമര്‍ശിക്കുന്നതിനു മുമ്പ് ഇന്ത്യയിലെ നാടന്‍ ഇനങ്ങളെ പരിശോധിക്കാം. ഇന്ത്യയിലെ ബഹുഭൂരിപക്ഷം കോഴികളും പ്രത്യേക സവിശേഷതകള്‍ പ്രകടിപ്പിക്കുന്നവയല്ല. ഇവയെ മൊത്തത്തില്‍ നാടന്‍കോഴികള്‍ എന്നാണു വിളിക്കാറുള്ളത്. നാടന്‍ കോഴികളുടെ നിറത്തിലും വലുപ്പത്തിലും രൂപത്തിലും വലിയ വ്യത്യാസങ്ങള്‍ കണ്ടുവരുന്നു. ഇവയ്ക്ക് വലുപ്പവും വളര്‍ച്ചയും പൊതുവെ കുറവാണുതാനും. മുട്ടയിടുന്നതിലും ഇവ പിന്നിലാണ്. ഇവയുടെ മുട്ട വലുപ്പത്തിലും പിന്‍പന്തിയില്‍ത്തന്നെ. എങ്കിലും സ്വയം തീറ്റ കണ്ടുപിടിക്കുക, അടയിരിക്കുക, കുഞ്ഞുങ്ങളെ പരിരക്ഷിക്കുക എന്നീ കാര്യങ്ങളില്‍ അസാധാരണ കഴിവു പ്രദര്‍ശിപ്പിക്കുന്നവയാണ് ഈ നാടന്‍ കോഴിയിനങ്ങള്‍. രോഗപ്രതിരോധശക്തിയും ഇവയ്ക്ക് കൂടുതലാണ്.

ഇന്ത്യയില്‍ കാണപ്പെടുന്ന നാടന്‍കോഴികളില്‍ വര്‍ഗശുദ്ധിയുള്ള ഇനങ്ങള്‍ അസീല്‍, ചിറ്റഗോങ്, ഘാഗൂസ് എന്നിവയാണ്.

അസീല്‍. 'ഇന്ത്യന്‍ ഗെയിം ഫൗള്‍' എന്ന പേരിലാണിവ അറിയപ്പെടുന്നത്. കോഴിപ്പോരിനു പേരുകേട്ട ഇനമാണിത്. രുചിയേറിയതും പ്രത്യേകവാസനയുള്ളതുമായ ഇറച്ചി ധാരാളമുണ്ട്. എങ്കിലും മുട്ടയിടുന്ന കാര്യത്തില്‍ ഇവ പിന്നോക്കമാണ്.

ആന്ധ്രപ്രദേശിലെ ഹൈദരാബാദിനു ചുറ്റുമുള്ള പ്രദേശങ്ങള്‍, ഉത്തര്‍പ്രദേശിലെ ലഖ്നൌ-രാംപൂര്‍ ജില്ലകള്‍ എന്നിവിടങ്ങളിലാണ് അസീല്‍ ധാരാളമായി കാണപ്പെടുന്നത്. ഇവയ്ക്ക് ഒരു പ്രത്യേക നിറമുണ്ടെന്നു പറയാനാവില്ല. ഇവയുടെ ഉച്ചിപ്പൂവ് താരതമ്യേന ചെറുതും അമരപ്പയറിന്റെ ആകൃതിയുള്ളതുമാണ്. നീണ്ടതല, അവികസിതമായ കഴുത്തിലെ ഞാത്ത്, കഴുത്തിലെ പൂടയുടെ അഭാവം, നീളംകുറഞ്ഞ വാല്‍ എന്നിവ ഈ ഇനത്തിന്റെ മറ്റു പ്രത്യേകതകളാണ്.

കൊച്ചീനുകള്‍

ചിറ്റഗോങ്. ചിറ്റഗോങ് ജില്ലയില്‍ ധാരാളമായി കാണപ്പെടുന്ന കോഴിയിനമായതിനാലാണ് ഇവയ്ക്ക് ഈ പേരു ലഭിച്ചത്. വളരെ വേഗം വളര്‍ന്നു വലുതാവുന്ന കോഴികളാണിവ. ഇവയുടെ മാംസത്തിന് വളരെ സ്വാദുണ്ട്. ഇവയുടെ തൂവലുകള്‍ക്ക് സാധാരണയായി വെള്ളനിറമാണുള്ളത്. ചിറകുകളിലെ തൂവലുകള്‍ക്ക് സ്വര്‍ണനിറത്തിലുള്ള പൊട്ടുകളും കാണാറുണ്ട്. ഇവയുടെ ഉച്ചിപ്പൂവ് ചെറുതാണ്. കര്‍ണപുടങ്ങളും കഴുത്തിലെ ഞാത്തും ചുവന്ന നിറമുള്ളതാണ്. നല്ല നീളമുള്ള കഴുത്തും ചെറിയ ഉടലും വണ്ണമുള്ള കാലുകളും ചുമലില്‍ നിന്ന് ഉയര്‍ന്നു നില്ക്കുന്ന ചിറകുകളും ഇവയുടെ പ്രത്യേകതകളാണ്.

ഘാഗൂസ്. വലുപ്പമേറിയ ഒരു കോഴിയിനമാണിത്. ഇവ മാംസത്തിനും പേരുകേട്ടവയാണ്. ധാരാളം മുട്ടയിടുന്ന ഇനം കൂടിയാണിത്. ഇവയുടെ തൂവലിന്റെ നിറം ചുവപ്പോ, തവിട്ടുനിറമോ, കറുപ്പോ ആയിരിക്കും. നീണ്ടതും ഉറപ്പുള്ളതുമായ കാലുകള്‍ ഇവയുടെ പ്രത്യേകതയാണ്. ഉച്ചിപ്പൂവ് ചെറുതും പയറിന്റ ആകൃതിയിലുള്ളതുമാണ്. ആന്ധ്രപ്രദേശിലെയും മൈസൂറിലെയും നാടോടികളായ ആളുകളാണ് ഈ കോഴികളെ അധികമായി വളര്‍ത്തിവരുന്നത്.

ഇന്ത്യന്‍ നാടന്‍കോഴിയിനങ്ങളെ കൂടാതെ പ്രധാന ചില ഏഷ്യാറ്റിക് ഇനങ്ങളുമുണ്ട്. ബ്രഹ്മ, കൊച്ചിന്‍, ലാങ്ഷാന്‍ എന്നീ പേരുകളിലാണിവ അറിയപ്പെടുന്നത്. അമേരിക്കന്‍ സങ്കരയിനം കോഴികളെ വികസിപ്പിച്ചെടുക്കുന്നതില്‍ ഏഷ്യാറ്റിക് ഇനങ്ങള്‍ സാരമായ പങ്കു വഹിച്ചിട്ടുണ്ട്. ഈ ഇനങ്ങളില്‍പ്പെട്ട കോഴികള്‍ക്ക് തടിച്ച ശരീരവും തൂവലുകളോടുകൂടിയ കണങ്കാലുകളുമാണുള്ളത്. സാധാരണയായി ഇവയുടെ അസ്ഥികള്‍ താരതമ്യേന കൂടുതല്‍ ഭാരമുള്ളതായിരിക്കും. മിക്കവയ്ക്കും മഞ്ഞനിറത്തോടുകൂടിയ ചര്‍മമാണുള്ളത്. കറുത്ത ലാങ്ഷാന്‍ (Black Langshan) ഇതിനൊരു അപവാദമാണ്. ഇളം ചുവപ്പുള്ള ചര്‍മമാണിതിനുള്ളത്. ഇവയുടെ കര്‍ണപുടങ്ങള്‍ ചുവന്നിരിക്കും. മുട്ടത്തോടിന് തവിട്ടുനിറമാണുള്ളത്. പ്രധാനപ്പെട്ട ഏഷ്യാറ്റിക് കോഴിയിനങ്ങള്‍ ചുവടെ വിവരിക്കുന്നവയാണ്.

1. ബ്രഹ്മ (Brahma). ഇന്ത്യയിലെ ബ്രഹ്മപുത്രജില്ലയില്‍ നിന്നായിരുന്നു ഇത് ആദ്യമായി രൂപംകൊണ്ടത്. ചാരനിറത്തിലുള്ള ചിറ്റഗോങ് ഇനത്തില്‍പ്പെട്ട കോഴികളോട് ഇതിനു സാദൃശ്യമുണ്ട്. ഈ ഇനത്തില്‍ നേരിയ നിറമുള്ളതും കറുത്ത നിറമുള്ളതുമായ രണ്ട് ഉപയിനങ്ങള്‍ കൂടിയുണ്ട്.

2. കൊച്ചിനുകള്‍ (Cochines). ചൈനയിലെ ഷാന്‍ഗായി ജില്ലയാണ് ഈ ഇനത്തില്‍പ്പെട്ട കോഴികളുടെ അസ്സലായ ജന്മസ്ഥലം. അക്കാരണത്താല്‍ ഇതിനെ ഷാന്‍ഗായി കോഴി എന്നുകൂടി വിളിക്കുന്നു. കൂറ്റന്‍ ശരീരപ്രകൃതം ഇതിന്റെ ഏറ്റവും പ്രകടമായ സവിശേഷതയാണ്. ഇതിന്റെ കണങ്കാലുകളില്‍ തൂവലുകളുമുണ്ട്; ഇതിന്റെ തൂവലുകള്‍ നീണ്ടതും ഇടതൂര്‍ന്നതുമാണ്. ഇവയ്ക്ക് വിഭജിക്കപ്പെടാത്ത ഒരൊറ്റ ഉച്ചിപ്പൂവാണുള്ളത്. വെളുത്തത്, കറുത്തത് എന്നിങ്ങനെ രണ്ട് ഉപ ഇനങ്ങളും ഉണ്ട്.

3. ലാങ്ഷാന്‍ (Langshan). ചൈനയിലെ ലാങ്ഷാന്‍ എന്ന ജില്ലയാണ് ഇതിന്റെ ജന്മനാട്. ബ്രഹ്മ ഇനത്തില്‍പ്പെട്ട കോഴികളോടു താരതമ്യപ്പെടുത്തുമ്പോള്‍ ഇതിന്റെ ശരീരം ചെറുതാണെന്നു കാണാം. അതുപോലെ തന്നെ ഇതിന്റെ കാലുകള്‍ക്കും വാലിലെ തൂവലുകള്‍ക്കും നീളക്കൂടുതലുമുണ്ട്. വിഭജിക്കപ്പെടാത്ത ഒരൊറ്റ ഉച്ചിപ്പൂവാണ് ഈ ഇനത്തില്‍പ്പെട്ട കോഴികള്‍ക്കുള്ളത്.

ഇംഗ്ലീഷ് ഇനങ്ങള്‍ (English Breeds). ഈ വിഭാഗത്തില്‍പ്പെട്ട മിക്ക ഇനം കോഴികളും കൂടുതല്‍ ഇറച്ചി നല്കുന്നവയാണ്. കോര്‍ണിഷ് ഇനത്തില്‍പ്പെട്ടവയൊഴികെ മറ്റെല്ലാ ഇനങ്ങള്‍ക്കും വെളുത്ത ചര്‍മമാണുള്ളത്. ഇവയുടെ കര്‍ണപുടങ്ങള്‍ ചുവന്നതും മുട്ട തവിട്ടുനിറത്തോടുകൂടിയതുമാണ്. ഈ ഇനത്തില്‍പ്പെട്ട എല്ലാ കോഴികളും അടയിരിക്കുന്നവയാണ്. പ്രധാനപ്പെട്ട ഇനങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.

1. സസ്സെക്സ് (Sussex). ഈ ഇനത്തില്‍പ്പെട്ട കോഴികള്‍ക്ക് നീണ്ട ശരീരവും വീതികൂടിയ ഭുജങ്ങളുമാണുള്ളത്. കൂടുതല്‍ ഇറച്ചി പ്രദാനം ചെയ്യുന്ന ഒരിനമാണിത്. ഈ ഇനത്തില്‍പ്പെട്ട കോഴികള്‍ക്ക് വിഭജിക്കപ്പെടാത്ത ഒരൊറ്റ ഉച്ചിപ്പൂവാണ് കാണപ്പെടുന്നത്. ഇളം നിറമുള്ളവ, പുള്ളികളുള്ളവ ചുവന്ന നിറമുള്ളവ എന്നിങ്ങനെ മൂന്നൂ ഉപ ഇനങ്ങളില്‍പ്പെട്ട സസ്സെക്സ് കോഴികളുണ്ട്.

2. ഓര്‍പ്പിങ്ടണ്‍ (Orpington). ഈ ഇനത്തില്‍പ്പെട്ട കോഴികള്‍ക്ക് സവിശേഷമായ ശരീരവലുപ്പവും ആകൃതിയുമുണ്ട്. ഇതിന്റെ ശരീരം തടിച്ചുരുണ്ടിരിക്കുന്നു. പൃഷ്ഠഭാഗം വീതികൂടിയതുമാണ്. ഇതിന്റെ അസ്ഥികള്‍ ഭാരിച്ചതുമാണ്. ഒരൊറ്റ ഉച്ചിപ്പൂവു മാത്രമേ ഇവയ്ക്കുള്ളൂ. മുഖ്യമായി ഇത് ഇറച്ചിക്കോഴിയാണ്. എങ്കിലും നിര്‍ധാരണപരമായ ഇണചേര്‍ക്കലിലൂടെ കൂടുതല്‍ മുട്ടയിടുന്ന ഉപ ഇനങ്ങളെ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

3. ആസ്റ്റ്രേലോപ് (Australop). ആസ്റ്റ്രേലിയന്‍ കറുത്ത ഓര്‍പ്പിങ്ടണ്‍ എന്ന ഇനത്തില്‍നിന്നു വികസിപ്പിച്ചെടുത്ത ഒരിനമാണിത്. ഏറ്റവും കൂടുതല്‍ മുട്ടയിടാന്‍ കഴിവുള്ള ആസ്റ്റ്രേവൈറ്റ് സങ്കരയിനങ്ങളെ ഉത്പാദിപ്പിക്കുന്നതിനുവേണ്ടി ഈ ഇനത്തില്‍പ്പെട്ട പൂവന്‍കോഴികളെയും വെള്ളക്കാലന്‍ കോഴികളുടെ പിടകളെയും തമ്മില്‍ ഇണചേര്‍പ്പിക്കുന്നു. ആസ്റ്റ്രേലോപ് ഇനത്തില്‍പ്പെട്ട വളര്‍ത്തുകോഴികള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്നു. കൂടുതല്‍ ഇറച്ചിയും മുട്ടയും പ്രദാനം ചെയ്യാന്‍ കഴിവുള്ള ഒരിനമാണിത്.

4. കോര്‍ണിഷ് (Cornish). ഏറ്റവും കൂടുതല്‍ ഇടതിങ്ങിയ തൂവലുകളോടുകൂടിയ ഒരിനം കോഴിയാണിത്. കറുത്തതും വെളുത്തതും വെളുപ്പും ചുവപ്പും ചേര്‍ന്നതും ആയ മൂന്ന് ഉപയിനങ്ങളുണ്ട്. വെള്ളനിറമുള്ള കോര്‍ണിഷ് കോഴികളാണ് ഏറ്റവും കൂടുതല്‍ ഇറച്ചി പ്രദാനം ചെയ്യുന്നത്.

മെഡിറ്ററേനിയന്‍ ഇനങ്ങള്‍ (Mediterranean). ആറ് ഇനത്തില്‍പ്പെട്ട മെഡിറ്ററേനിയന്‍ കോഴികളുണ്ട്. ഇവയുടെ യഥാര്‍ഥ ജന്മദേശം മെഡിറ്ററേനിയന്‍ ഭൂപ്രദേശമായിരുന്നു. ഈ ഇനത്തില്‍പ്പെട്ട എല്ലാ കോഴികള്‍ക്കും അവയുടെ കണങ്കാലുകളില്‍ തൂവലുകള്‍ കാണപ്പെടുന്നില്ല. ഇവയുടെ കര്‍ണപുടങ്ങള്‍ മിക്കവാറും വെളുത്തതാണ്. മിനോര്‍ക്കകള്‍ ഇതിനൊരു അപവാദമാണ്. ഇതൊഴിച്ചുള്ള എല്ലാ മെഡിറ്ററേനിയന്‍ ഇനങ്ങളും ശരീരവലുപ്പത്തില്‍ താരതമ്യേന ചെറുതാണ്. വളരെ വേഗത്തില്‍ ഇവ പ്രായപൂര്‍ത്തി പ്രാപിക്കുന്നു. ഭക്ഷണപ്രിയരായ ഈ കോഴികള്‍ അടങ്ങിയിരിക്കാറുമില്ല. ഏറ്റവും കൂടുതല്‍ മുട്ടയിടാന്‍ കഴിവുള്ള പക്ഷികളാണിവ. ഇവയുടെ മുട്ടകള്‍ക്ക് തനി വെളുപ്പു നിറമാണുള്ളത്. ഏറ്റവും പ്രധാനപ്പെട്ട മെഡിറ്ററേനിയന്‍ കോഴികള്‍ ചുവടെ വിവരിക്കുന്നവയാണ്.

ഇംഗ്ലീഷ് ഇനങ്ങള്‍:1.സസ്ലെക്സ്, 2.സസ്ലെക്സ് പൂവന്‍, 3. ആസ്റ്റ്രേലോപ്, 4. കോര്‍ണിഷ്, 5. ഓര്‍പ്പിങ്ടണ്‍

1. ലെഗോണ്‍ (Leghorn). ഇറ്റലിയാണ് ഇതിന്റെ ജന്മദേശം. ചുറുചുറുക്കുള്ള ചെറിയ കോഴികളാണിവ. ഏറ്റവും ആകര്‍ഷകമായ ഉച്ചിപ്പൂവും ചില്ലികളും ഉള്ള ഈ ഇനം കോഴികള്‍ക്ക് താരതമ്യേന ചെറിയ തലയാണുള്ളത്. ഇതിന്റെ പൃഷ്ഠഭാഗം നീണ്ടതും ഉരസ്സ് വീതികൂടിയതും കണങ്കാലുകള്‍ നീണ്ടതുമാണ്. വെളുപ്പ്, കറുപ്പ്, മങ്ങിയനിറം എന്നിങ്ങനെയുള്ള ഉപയിനത്തില്‍പ്പെട്ട സാധാരണ ലെഗോണുകളുണ്ട്. വെളുത്ത ലെഗോണുകളാണ് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത്. വെളുത്ത ലെഗോണുകളെ ഇന്ത്യയില്‍ ആദ്യമായി കൊണ്ടുവന്നതും പ്രചരിച്ചതും വിദേശ മിഷണറിമാരും യൂറോപ്യന്‍ തോട്ടക്കൃഷിക്കാരുമായിരുന്നു.

മുട്ട ഉത്പാദനത്തിന്റെ കാര്യത്തില്‍ ലോകപ്രസിദ്ധമായ കോഴി വര്‍ഗങ്ങളില്‍ ഒന്നായാണ് വൈറ്റ് ലെഗോണിനെ കരുതി വരുന്നത്. ധാരാളം മുട്ട ഇവ നല്കുന്നുണ്ടെങ്കിലും മാംസത്തിന്റെ കാര്യത്തില്‍ ഇവയോടു പ്രിയക്കുറവുണ്ട്.

2. അന്‍കോണ (Ancona). ലെഗോണ്‍ മാതൃകയില്‍പ്പെട്ട കോഴികളോട് സാദൃശ്യം പുലര്‍ത്തുന്ന കോഴിയിനമാണിത്. എന്നാല്‍ ഇതിന്റെ തൂവലുകള്‍ക്ക് പൊതുവില്‍ കറുത്ത നിറമാണുള്ളത്. എങ്കിലും ഇടയ്ക്കിടയ്ക്ക് വെളുത്ത അഗ്രത്തോടുകൂടിയ തൂവലുകളുമുണ്ട്. ഈയിനത്തില്‍പ്പെട്ട പൂവന്‍ കോഴികളുടെ മുതുകിലും ഇടുപ്പിലുമുള്ള തൂവലുകളുടെ അഗ്രഭാഗത്തായി വെള്ള നിറവും കാണപ്പെടുന്നു.

3. മിനോര്‍ക്ക (Minorca). മെഡിറ്ററേനിയന്‍ വിഭാഗങ്ങളിലെ ഏറ്റവും വലിയ ഒരു ഇനമാണിത്. ഇതിന്റെ ശരീരനീളം മറ്റുള്ളവയുടേതിനേക്കാള്‍ കൂടുതലാണ്. ഈ ഇനത്തില്‍പ്പെട്ട കോഴികളുടെ ഉച്ചിപ്പൂവും ചില്ലികളും വലുതാണ്. ഉച്ചിപ്പൂവുകള്‍ക്ക് ഇളം ചുവപ്പു നിറമാണുള്ളത്. കറുത്തതും വെളുത്തതുമായ രണ്ട് ഉപയിനങ്ങള്‍ ഇതിലുള്‍പ്പെടുന്നു.

മധ്യദേശവര്‍ഗങ്ങളില്‍ വലുപ്പമുള്ള ഒരു കോഴിയിനമാണ് കറുത്ത മിനോര്‍ക്ക. വലുപ്പമേറിയ മുട്ടകളും ഇവയുടെ ഒരു പ്രത്യേകതയാണ്. എങ്കിലും മുട്ടയുടെ എണ്ണത്തില്‍ പിന്‍പന്തിയിലായതിനാല്‍ ഈ ഇനത്തിന്റെ പ്രചാരം കുറവായിട്ടുണ്ട്.

വൈറ്റ് ലോക്ക്, വൈറ്റ് കോര്‍ണിഷ് എന്നീ ഇനങ്ങളും ഇന്ത്യയില്‍ പ്രചാരം നേടിയവയാണ്. മാംസത്തിനുമാത്രം പറ്റിയ ബ്രോയിലര്‍ കോഴികളെ വളര്‍ത്തിയെടുത്തതില്‍ ഇവയ്ക്കു പ്രധാന പങ്കാണുള്ളത്.

(പ്രൊഫ. എം. സ്റ്റീഫന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍