This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഴഞ്ചേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഴഞ്ചേരി

പത്തനംതിട്ട ജില്ലയില്‍ അടൂര്‍ റവന്യൂ ഡിവിഷന്റെ പരിധിയില്‍പ്പെടുന്ന ഒരു താലൂക്ക്. ഇവിടെനിന്ന് 13 കി.മീ. തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പത്തനംതിട്ടയാണ് താലൂക്കാസ്ഥാനം. പത്തനംതിട്ട മുനിസിപ്പാലിറ്റി ഈ താലൂക്കില്‍പ്പെടുന്നു. പത്തനംതിട്ട, കോന്നി, ഇലന്തൂര്‍, കുളനട എന്നീ നാലു ഫര്‍ക്കകളിലായി 21 വില്ലേജുകളാണ് താലൂക്കിലുള്ളത്. ആറന്മുള, മെഴുവേലി, കുളനട, ചെന്നീര്‍ക്കര, ഓമല്ലൂര്‍, ഇലന്തൂര്‍, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി, നാരങ്ങാനം, വള്ളിക്കോട്, പ്രമാടം, മലയാലപ്പുഴ, കോന്നി, ചിറ്റാര്‍, തണ്ണിത്തോട്, അരുവാപ്പലം എന്നീ പഞ്ചായത്തുകള്‍ ഈ താലൂക്കില്‍പ്പെട്ടവയാണ്.

പമ്പയാറിന്റെ തീരത്തെ മാരാമണ്‍ കണ്‍വെന്‍ഷന്‍

പമ്പാനദീതീരത്തുള്ള കോഴഞ്ചേരി ഒരു പട്ടണം എന്ന നിലയില്‍ വികാസം പ്രാപിച്ചുവരുന്നു. ഇലന്തൂര്‍ വികസനബ്ലോക്കിന്റെ കീഴിലുള്ള ഒരു സ്പെഷല്‍ഗ്രേഡ് പഞ്ചായത്താണിത്. വിസ്തൃതി: 8.61 ച.കി.മീ.: ജനസംഖ്യ: 12,539 (2001). കാര്‍ഷികവിഭവങ്ങളുടെയും മലഞ്ചരക്കുകളുടെയും വിപണി എന്ന നിലയില്‍ കോഴഞ്ചേരിച്ചന്ത പ്രസിദ്ധമാണ്. ശില്പസൗന്ദര്യത്താല്‍ കമനീയമാണ് ഇവിടത്തെ മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ച്. കോഴഞ്ചേരി വില്ലേജിന്റെ വടക്കേ അതിര്‍ത്തിയില്‍ക്കൂടി ഒഴുകുന്ന പമ്പയാറിന്റെ തീരത്താണ് പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. 1895-ല്‍ തിത്തൂസ് ഒന്നാമന്‍ മെത്രാപ്പൊലീത്തായുടെ നേതൃത്വത്തില്‍ ആരംഭിച്ച ചെറിയ സുവിശേഷയോഗമാണ് ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വെന്‍ഷനായി വളര്‍ന്നു വികസിച്ചിരിക്കുന്നത്. മാര്‍ത്തോമാസഭയുടെ ആത്മീയ വളര്‍ച്ചയും വികസനവും കേരളക്രൈസ്തവസഭയുടെ ഉണര്‍വും സുവിശേഷതാത്പര്യത്തിന്റെ നിലനില്പും ലക്ഷ്യമാക്കുന്ന ഒന്നാണ് മാരാമണ്‍ കണ്‍വന്‍ഷന്‍. ഒരാഴ്ചക്കാലം നീണ്ടുനില്ക്കുന്ന ഈ കണ്‍വന്‍ഷന്‍ മാര്‍ത്തോമാ സിറിയന്‍ ഇവാന്‍ജലിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് അരങ്ങേറുന്നത്. ആറന്മുള ക്ഷേത്രത്തിനും മാരാമണ്‍ പള്ളിക്കും ഇടയ്ക്കുള്ള പമ്പാനദിയുടെ വിശാലമായ മണല്‍പ്പുറം ഒരാഴ്ചക്കാലം വിദേശസുവിശേഷകരടക്കമുള്ള പതിനായിരങ്ങളെക്കൊണ്ടു നിറയും. കണ്‍വെന്‍ഷന്‍ പ്രസംഗങ്ങള്‍ 'ദൂതുകള്‍' എന്നറിയപ്പെടുന്നു. വ്യക്തിയുടെ രക്ഷയെ മുന്‍നിര്‍ത്തിയുള്ള ദൂതുകള്‍ക്കായിരുന്നു ആദ്യകാലങ്ങളില്‍ മുന്‍തൂക്കം. സാമൂഹിക നന്മ ലാക്കാക്കിയുള്ള സന്ദേശങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാമുഖ്യം. ഇവിടെ വയോവൃദ്ധര്‍ക്കും വികലാംഗര്‍ക്കും അനാഥര്‍ക്കുംവേണ്ടിയുള്ള മന്ദിരങ്ങളും ബധിരവിദ്യാലയങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. കുമ്പനാട് ധര്‍മഗിരിമന്ദിരം, ഫെലോഷിപ്പ് ആശുപത്രി എന്നിവ ഇവയില്‍ ചിലതാണ്.

സെന്റ് തോമസ് കോളജാണ് (1952) കോഴഞ്ചേരിയിലെ ഉന്നത വിദ്യാകേന്ദ്രം. ഈ പഞ്ചായത്തില്‍ കോഴഞ്ചേരിയിലും കീഴുകരയിലും ഓരോ ഹൈസ്കൂളും മാരാമണ്ണില്‍ ഒരു ബേസിക് ട്രെയിനിങ് സ്കൂളുമുണ്ട്. കോഴഞ്ചേരി താലൂക്കിലൊട്ടാകെ 38 ഹൈസ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. റാന്നി-തിരുവല്ലാ, നാരങ്ങാനം-കോഴഞ്ചേരി, നാരങ്ങാനം-തെക്കേമല, ആറന്മുള-പത്തനംതിട്ട എന്നീ റോഡുകള്‍ കോഴഞ്ചേരിയിലൂടെ കടന്നുപോകുന്നു. കുന്നത്തുകരക്ഷേത്രമാണ് ഈ പഞ്ചായത്തിന്റെ മുഖ്യ ഹൈന്ദവാരാധനാകേന്ദ്രം. പത്തനംതിട്ട ജില്ലാ ആശുപത്രിയും ക്ഷയരോഗാശുപത്രിയും ജില്ലാ വ്യവസായകേന്ദ്രം, ടൂറിസ്റ്റ് ബംഗ്ലാവ് എന്നിവയും കോഴഞ്ചേരി വില്ലേജിലാണ്. കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയോടനുബന്ധിച്ച് ഒരു കാന്‍സര്‍ സെന്ററും പ്രവര്‍ത്തിച്ചു വരുന്നു. മുത്തൂറ്റ് ഹോസ്പിറ്റല്‍, പൊയ്യാനില്‍ ഹോസ്പിറ്റല്‍ എന്നിവയാണ് കോഴഞ്ചേരി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സ്വകാര്യ ആശുപത്രികള്‍.

കോഴഞ്ചേരി നഗരത്തിനടുത്ത് ചെറുകോല്‍പ്പുഴയില്‍ വിപുലമായ നിലയില്‍ ഹിന്ദുമത കണ്‍വെഷനും വര്‍ഷങ്ങളായി നടന്നു വരുന്നുണ്ട്.

ഇവിടെനിന്ന് 2.5 കി.മീ. പടിഞ്ഞാറാണ് പ്രസിദ്ധമായ ആറന്മുള പാര്‍ഥസാരഥിക്ഷേത്രം. മധ്യതിരുവിതാംകൂറിലെ ഒരു പ്രധാന ക്രൈസ്തവ തീര്‍ഥാടനകേന്ദ്രമായ മഞ്ഞനിക്കര ബാവാപ്പള്ളി, ഓമല്ലൂര്‍ രക്തകണ്ഠേശ്വര ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം എന്നിവ കോഴഞ്ചേരി താലൂക്കില്‍പ്പെടുന്നു. ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിച്ചുവരുന്ന ചരല്‍ക്കുന്ന് കോഴഞ്ചേരിക്കടുത്താണ്. അടുത്തകാലത്തായി ധാരളം സമ്മേളനങ്ങള്‍ ഇവിടെവച്ചു നടത്താറുണ്ട്.

പമ്പയാറും അച്ചന്‍കോവിലാറും ഈ താലൂക്കിലൂടെ ഒഴുകുന്നു. ഭൂപ്രകൃതി ചെറിയകുന്നുകളും സമതലപ്രദേശങ്ങളും ഇടകലര്‍ന്നതാണ്. റബ്ബര്‍, കുരുമുളക്, തെങ്ങ്, കമുക്, മരച്ചീനി, കരിമ്പ്, ഇഞ്ചി, ഏത്തവാഴ തുടങ്ങിയവയാണ് മുഖ്യകൃഷികള്‍.

തിരുവിതാംകൂര്‍ സംയുക്ത രാഷ്ട്രീയസമിതിയുടെ ആഭിമുഖ്യത്തില്‍ നിവര്‍ത്തനപ്രക്ഷോഭം നടന്നുകൊണ്ടിരിക്കേ, സമിതിയുടെ നേതാവായിരുന്ന സി. കേശവന്‍ 1935 മേയ് 11-ന് കോഴഞ്ചേരിയില്‍ പ്രസംഗിച്ചു. ഇതുമൂലം 35 ജൂണ്‍ 7-ന് അദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റുചെയ്യുകയും രണ്ടുവര്‍ഷത്തെ ജയില്‍വാസവും 500 രൂപ പിഴയും ശിക്ഷവിധിക്കുകയും ചെയ്തു. നോ. മാരാമണ്‍ കണ്‍വന്‍ഷന്‍

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍