This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോള്‍ലഹള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോള്‍ലഹള

Kol revolt

1931-32 കാലത്ത് ബീഹാറിലെ കോള്‍വര്‍ഗക്കാര്‍ നടത്തിയ കലാപം. ഛോട്ടാനാഗ്പൂര്‍, പലമൗ (Palamau), പട്കം (Patkam)തുടങ്ങിയ ദേശങ്ങളില്‍ കോള്‍വര്‍ഗക്കാര്‍ ഗോത്രേതരരായ ജന്മിമാര്‍, വന്‍കിടകൃഷിക്കാര്‍, പണമിടപാടുകാര്‍, ധാന്യവ്യാപാരികള്‍, ഉപ്പുകച്ചവടക്കാര്‍ തുടങ്ങിയവര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരായി നടത്തിയ രക്തരൂഷിതമായ ഈ കലാപത്തില്‍ അനേകംപേര്‍ കൊല്ലപ്പെട്ടു. ബുദ്ധഭഗത് (Buddha Bhagat), ജാ ഭഗത് (Joa Bhagat). കേശോ ഭഗത് (Kesho Bhagat), നരേന്ദ്ര സാമങ്കി (Narendra Sha Manki) എന്നിവരായിരുന്നു ഈ കലാപത്തിനും ചെറുത്തുനില്പിനും നേതൃത്വം നല്കിയത്.

ഗോത്രേതരരായ ജന്മിമാരുടെയും പണമിടപാടുകാരുടെയും മറ്റും ചൂഷണത്തില്‍ നിന്ന് നിയമസഹായവും നീതിയും തങ്ങള്‍ക്ക് ലഭിക്കുകയില്ലെന്നുറപ്പായതോടെ കോളുകള്‍ സായുധ കലാപത്തിലേക്കു നീങ്ങുകയാണുണ്ടായത്. സോണേപൂര്‍ പര്‍ഗാനയിലാണ് കലാപത്തിന്റെ പ്രഥമ സ്ഫുലിംഗങ്ങള്‍ പ്രത്യക്ഷമായത്. സമ്പന്നരുടെ ഏതാനും കന്നുകാലികളെ തട്ടിയെടുത്തുകൊണ്ട് കലാപത്തിന് തുടക്കം കുറിച്ചു. ജന്മിമാരോ ബ്രിട്ടീഷുകാരോ ഇതിനെതിരായി ഉടനെതന്നെ നടപടികളൊന്നുമെടുക്കാതിരുന്നത് കോളുകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കി. തുടര്‍ന്ന് കൊള്ളയും കൊലയും വ്യാപകമായി നടന്നു. പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടു. പൊലീസുകാര്‍, ചൌക്കിദാര്‍മാര്‍ തുടങ്ങിയവരും കോളുകളുടെ പ്രതികാരത്തിനിരയായി. അമ്പും വില്ലും കോടാലികളുമായി ആയിരക്കണക്കിനു കോള്‍ കലാപകാരികള്‍ തങ്ങളുടെ ശത്രുക്കളെത്തേടി ഗ്രാമങ്ങളിലേക്കു പാഞ്ഞുകയറി.

കോളുകള്‍ക്കിടയില്‍ത്തന്നെ ലാര്‍ക്കകോള്‍, മുണ്ടാകോള്‍, ധന്‍കാര്‍കോള്‍ തുടങ്ങി വിവിധ ഗ്രൂപ്പുകളുണ്ടായിരുന്നു. എന്നാല്‍ കലാപകാലത്ത് ഇവര്‍ പരസ്പരധാരണയോടെയാണ് നീങ്ങിയിരുന്നത്. ഒരു പച്ച മരച്ചില്ല (പലപ്പോഴും അതൊരു മാങ്കൊമ്പായിരുന്നു) കൈമാറിയാണ് കലാപത്തില്‍ ഏര്‍പ്പെട്ട കോള്‍ഗ്രൂപ്പുകള്‍ ദൂരെയുള്ള തങ്ങളുടെ വര്‍ഗക്കാരെ വിവരമറിയിച്ചിരുന്നത്. മരച്ചില്ല വാടുന്നതിനുമുമ്പ് സമരസന്നദ്ധരായി രംഗത്തിറങ്ങാനാണുദ്ദേശിച്ചിരുന്നത്.

കോളുകള്‍ വളരെ ക്രൂരമായിത്തന്നെ തങ്ങളുടെ പ്രതിയോഗികളോടു പകവീട്ടി. കൊലയും കൊള്ളയും നിര്‍ബാധം തുടര്‍ന്നു. ഗര്‍ഭിണികളെപ്പോലും രക്ഷപ്പെടാനനുവദിച്ചില്ല. വെട്ടിയെടുത്ത തലകള്‍ തുണിയില്‍പ്പൊതിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിച്ചുകളയുക പതിവായിരുന്നു. പണംവാങ്ങിക്കൊണ്ട് കോളുകള്‍ ചില ശത്രുക്കളെ രക്ഷപ്പെടാനനുവദിച്ചെങ്കിലും പിന്നീടവരെ നിഷ്കരുണം വധിച്ചിരുന്നു. കൊലചെയ്യപ്പെട്ടവരില്‍ പലരുടെ ദേഹത്തും ഏഴുമുറിവുകള്‍ ഉണ്ടായിരുന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ബ്രിട്ടീഷുകാരും ജന്മിമാരും ചേര്‍ന്ന് കോളുകളുടെ മേല്‍ ചുമത്തിയിരുന്ന ഏഴു നികുതികള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചനയായിരുന്നത്രേ ഇത്.

ഹൈന്ദവരില്‍ ഉന്നതജാതിക്കാരെയും മുസ്ലിങ്ങളില്‍ ഉന്നത വര്‍ഗത്തെയും മാത്രമാണ് കോളുകള്‍ ആക്രമിച്ചിരുന്നതെന്നു പറയപ്പെടുന്നു. അതുപോലെ എല്ലാ ഗോത്രേതരവര്‍ഗക്കാരെയും അവര്‍ ശത്രുക്കളായി കരുതിയിരുന്നില്ല. ആശാരിമാരെയും കൊല്ലന്മാരെയും വെറുതെവിട്ടു. തങ്ങള്‍ക്കുവേണ്ട അസ്ത്രങ്ങളും കോടാലികളും നിര്‍മിക്കുവാന്‍ കോളുകള്‍ കൊല്ലന്മാരുടെ സഹായം തേടിയിരുന്നു. എന്നാല്‍ സമ്പന്നര്‍ക്കായി സ്വര്‍ണാഭരണങ്ങളും മറ്റും തീര്‍ത്തിരുന്ന തട്ടാന്മാരെ അവര്‍ വധിക്കുകയുണ്ടായി.

ഏതാനും മാസങ്ങളോളം നീണ്ടുനിന്ന കോള്‍കലാപത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി.

(പ്രൊഫ. തോളൂര്‍ ശശിധരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍