This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോള്‍ടാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോള്‍ടാര്‍

Coal tar

കല്‍ക്കരി കാര്‍ബണീകരിക്കുമ്പോള്‍ ലഭിക്കുന്ന ഒരു പ്രാഥമിക സംഘനന (condensation) ഉത്പന്നം. ഉയര്‍ന്ന താപനിലകളില്‍ (900°C മുതല്‍ 1200°C വരെ) കല്‍ക്കരി വായുസാന്നിധ്യമില്ലാതെ ചൂടാക്കുന്ന പ്രക്രിയയാണ് കാര്‍ബണീകരണം. കറുത്ത, ശ്യാനതയുള്ള, ഒട്ടിപ്പിടിക്കുന്ന ഒരു ദ്രവമാണ് കോള്‍ടാര്‍. ജലത്തെക്കാള്‍ ഉയര്‍ന്ന ഘനത്വം ഇതിനുണ്ട്. വ്യാവസായികപ്രാധാന്യമുള്ള അനവധി രാസസംയുക്തങ്ങള്‍ കോള്‍ടാറില്‍നിന്ന് ഉത്പാദിപ്പിച്ചുവരുന്നു.

ജര്‍മനിയിലെ ഒരു വൈദ്യശാസ്ത്ര പ്രൊഫസറായിരുന്ന ജെ.ജെ. ബെക്കറാണ് കോള്‍ടാര്‍ ആദ്യമായി ഉത്പാദിപ്പിച്ചതെന്നു കരുതപ്പെടുന്നു. 1665-നു മുമ്പുതന്നെ ഈ പദാര്‍ത്ഥം കണ്ടെത്തിയിരുന്നു. കപ്പലുകളുടെ അടിത്തട്ടില്‍ പൂശുന്നതിനും മറ്റുമാണ് ആദ്യകാലത്ത് കോള്‍ടാര്‍ ഉപയോഗിച്ചിരുന്നത്. ഉപേക്ഷിക്കപ്പെടേണ്ട ഒരു മാലിന്യം എന്ന പദവിയേ ഇതിന് തുടക്കത്തില്‍ കല്പിച്ചിരുന്നുള്ളൂ. എന്നാല്‍ 1820-ല്‍ ചാള്‍സ് മക്കിന്‍റ്റോഷ് കോള്‍ടാര്‍ വ്യുത്പന്നമായ നാഫ്തകൊണ്ടു തുണിയെ ഈര്‍പ്പം പിടിക്കാതാക്കുന്ന ഒരു ലായനി നിര്‍മിച്ചതോടുകൂടി കോള്‍ടാറിനു വ്യാവസായികസാധ്യത കൈവന്നു. 1843-ല്‍ എ.ഡബ്ള്യു. വോണ്‍ ഹോഫ്മാന്‍ എന്ന രസതന്ത്രജ്ഞന്‍ കോള്‍ടാറില്‍ അനിലിന്‍ അടങ്ങിയിട്ടുണ്ടെന്നു തെളിയിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം കോള്‍ടാര്‍ സ്വേദനത്തില്‍ (distillate) നിന്ന് അദ്ദേഹം ബെന്‍സീന്‍ വേര്‍തിരിക്കുകയും ചെയ്തു. ഹോഫ്മാന്റെ ശിഷ്യനായ ഡബ്ല്യൂ .എച്ച്.പെര്‍ക്കിന്‍ 1856-ല്‍ അനിലിനില്‍ നിന്ന് ആദ്യത്തെ കോള്‍ടാര്‍ വര്‍ണകം-മൊവ് (Mauve)-നിഷ്കര്‍ഷണം ചെയ്തു. രസതന്ത്രത്തിലെ സുപ്രധാനമായ കണ്ടുപിടിത്തങ്ങളില്‍ ഒന്നാണിത്. ആന്ത്രസിന്‍, ആലിസറിന്‍ തുടങ്ങി നിരവധി യൗഗികങ്ങളും ഒട്ടനവധി മരുന്നുകളും ക്രമേണ കോള്‍ടാറില്‍ നിന്ന് ഉത്പാദിപ്പിച്ചു. റോഡുകള്‍ ടാര്‍ ചെയ്യാന്‍ 1901 മുതല്‍ കോള്‍ടാര്‍ ഉപയോഗിച്ചു തുടങ്ങി. 1907-ല്‍ ലിയൊ ബെക്കലാന്റ് ബേക്കലൈറ്റ് നിര്‍മിച്ചതോടെ കോള്‍ടാര്‍ പ്ലാസ്റ്റിക് വ്യവസായത്തിനും അടിത്തറയിട്ടു. നൈലോണ്‍, കൃത്രിമ നൂലുകള്‍ തുടങ്ങിയവയും കോള്‍ടാര്‍ ഉത്പന്നങ്ങളില്‍ നിന്നു നിര്‍മിച്ചുവരുന്നു. ഇന്ന് പ്രകൃതത്തിലും സ്വഭാവത്തിലും വ്യത്യസ്തങ്ങളായ ആയിരക്കണക്കിന് കോള്‍ടാര്‍ ഉത്പന്നങ്ങള്‍ ഉണ്ട്.

നിര്‍മാണരീതി. കാര്‍ബണീകരണം വഴിയാണ് കോള്‍ടാര്‍ നിര്‍മിക്കുന്നത്. രണ്ടു തരത്തിലുള്ള ചേംബറുകള്‍ കാര്‍ബണീകരണത്തിന് ഉപയോഗിക്കുന്നുണ്ട്. (1) വാതക റിട്ടോര്‍ട്ടുകള്‍: ഇവ താരതമ്യേന ചെറിയവയാണ്. ഇവയുടെ ഉപയോഗം പരിമിതവുമാണ്. (2) കോക്ക് ഓവനുകള്‍: ഇവയില്‍ വച്ചു കാര്‍ബണീകരണം നടക്കുമ്പോള്‍ കല്‍ക്കരിയുടെ വിഘടനംമൂലം പ്രധാനമായും താഴെപ്പറയുന്ന ഉത്പന്നങ്ങള്‍ ലഭിക്കുന്നു.

1. ബാഷ്പീകൃത ഉത്പന്നങ്ങള്‍ വേര്‍തിരിഞ്ഞു പോയതിനുശേഷം അവശേഷിക്കുന്ന ഖരവസ്തു. ഇതാണ് കോക്ക്. ലോഹനിഷ്കര്‍ഷണത്തിന് ആവശ്യമായ ഒരു വസ്തുവാണിത്. (2) കല്‍ക്കരി വാതകം (കോള്‍ഗ്യാസ്) ബാഷ്പീകൃത ഉത്പന്നങ്ങളില്‍ ഒന്നാണിത്. ഏതാനും രാസവിധികള്‍ക്കു വിധേയമാക്കിയ ശേഷം ഇതു പാചകവാതകമായി ഉപയോഗിക്കുന്നു. മീഥേന്‍, ഹൈഡ്രജന്‍, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവയാണ് കല്‍ക്കരി വാതകത്തിലെ പ്രധാന ഘടകങ്ങള്‍. (3) ബാഷ്പീകൃത ഉത്പന്നങ്ങളില്‍പ്പെടുന്ന സാന്ദ്രീകരണക്ഷമമായ ഘടകങ്ങള്‍. ഈ വിഭാഗത്തില്‍പ്പെടുന്ന മുഖ്യപദാര്‍ഥമാണ് കോള്‍ടാര്‍. (4) കാര്‍ബണീകരണത്തിലെ മറ്റൊരു ഉത്പന്നമാണ് അമോണിയാക്കല്‍ ലിക്ക്വര്‍. ഇതില്‍ നിന്നു സള്‍ഫ്യൂരിക്കമ്ളം ഉപയോഗിച്ച് അമോണിയം സള്‍ഫേറ്റ് ഉണ്ടാക്കുന്നു.

ഒരു ടണ്‍ കല്‍ക്കരിയില്‍ നിന്ന് പത്തു ഗ്യാലന്‍ കോള്‍ടാര്‍, 11,000 ഘന അടി കല്‍ക്കരി വാതകം, 1,500 പൗണ്ട് കോക്ക് എന്നിവ ഉത്പാദിപ്പിക്കാം. കോള്‍ടാറിന്റെ ഗുണമേന്മയെയും അതിന്റെ അളവിനെയും കാര്‍ബണീകരണ താപനില അങ്ങേയറ്റം സ്വാധീനിക്കുന്നു. പ്രധാനമായും രണ്ടുതരം കാര്‍ബണീകരണ പ്രക്രിയകളുണ്ട്. (i) താഴ്ന്ന ഊഷ്മാവില്‍ (450°C മുതല്‍ 700°C വരെ) നടത്തുന്ന കാര്‍ബണീകരണം. ഇംഗ്ലണ്ട് തുടങ്ങിയ ഏതാനും രാജ്യങ്ങളില്‍ ഈ രീതി ഉപയോഗപ്പെടുത്തിവരുന്നു. പുകയില്ലാത്ത ഒരു പാചക ഇന്ധനമായ അര്‍ധകോക്ക് മുഖ്യ ഉത്പന്നമായി ലഭ്യമാക്കാനാണ് കൂടുതലും ഈ രീതി ഉപയോഗിക്കുന്നത്. (ii) ഉയര്‍ന്ന ഊഷ്മാവില്‍ (900°C മുതല്‍ 1200°C വരെ) നടത്തുന്ന കാര്‍ബണീകരണം. ലോഹനിഷ്കര്‍ഷണത്തിനുപയോഗിക്കുന്ന കോക്ക് നിര്‍മിക്കുന്നതിനാണ് ഈ രീതി അധികവും ഉപയോഗിക്കുന്നത്. ഉത്പാദിപ്പിക്കപ്പെടുന്ന കോക്കിന്റെ അളവില്‍ രണ്ടുരീതികളിലും കാര്യമായ വ്യത്യാസമില്ല. എന്നാല്‍ ദ്രാവക, വാതക ഉത്പന്നങ്ങളുടെ കാര്യത്തില്‍ കാതലായ അന്തരം ഉണ്ട്. താഴ്ന്ന താപനിലയിലെ കാര്‍ബണീകരണത്തില്‍ പൊതുവേ വാതകോത്പന്നങ്ങള്‍ കുറവും ദ്രാവകോത്പന്നങ്ങള്‍ കൂടുതലുമായിരിക്കും. എന്നാല്‍ ഉയര്‍ന്ന താപനിലയിലെ കാര്‍ബണീകരണത്തില്‍ സ്ഥിതി നേരെ മറിച്ചായിരിക്കും. ആദ്യകാലത്ത് കാര്‍ബണീകരണത്തിന്റെ മുഖ്യലക്ഷ്യം കോള്‍ടാര്‍ ഉത്പാദനമായിരുന്നു. പക്ഷേ ഇന്നു ലോഹനിഷ്കര്‍ഷണത്തിനാവശ്യമായ കോക്കാണ് മുഖ്യലക്ഷ്യം. കോള്‍ടാറും ഒരു പ്രധാന ഉപോത്പന്നമായി ശേഖരിക്കപ്പെടുന്നുണ്ട്. 20-ാം ശതകത്തിന്റെ ആദ്യപകുതിവരെ ഫീനോളുകള്‍, ക്രിസോളുകള്‍, നാഫ്തലിനുകള്‍, ആന്ത്രസീനുകള്‍, പീച്ച്, സോള്‍വന്റ്, നാഫ്ത തുടങ്ങിയ നൂറുകണക്കിന് അത്യാവശ്യപദാര്‍ഥങ്ങളുടെ സ്രോതസ്സ് കോള്‍ടാറായിരുന്നു. എന്നാല്‍ പിന്നീട് ഈ യൗഗികങ്ങളുടെ നിര്‍മാണത്തിന് കൃത്രിമരീതികള്‍ കണ്ടുപിടിച്ചതോടെ പെട്രോളിയം ഇവയുടെ പ്രധാന സ്രോതസ്സായി മാറി. എങ്കിലും ദശലക്ഷക്കണക്കിനു ടണ്‍ കോള്‍ടാര്‍ ഇപ്പോഴും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്.

വ്യാവസായിക കാര്‍ബണീകരണത്തിന് സാധാരണയായി ഉപയോഗിക്കുന്നത് മൃദുകല്‍ക്കരി (Bituminous coal) ആണ്. കല്‍ക്കരിയില്‍ അടങ്ങിയിട്ടുള്ള ബാഷ്പശീല പദാര്‍ഥങ്ങളുടെ അളവനുസരിച്ചായിരിക്കും അതില്‍നിന്നു ലഭിക്കുന്ന കോള്‍ടാറിന്റെ അളവ്. ഉയര്‍ന്ന താപനിലയില്‍ നടത്തുന്ന കാര്‍ബണീകരണം വഴി ലയിക്കുന്ന കോള്‍ടാറിന്റെ ഗുണധര്‍മങ്ങളും കല്‍ക്കരിയിലെ ബാഷ്പശീലപദാര്‍ഥങ്ങളുടെ സ്വഭാവങ്ങളും തമ്മില്‍ പറയത്തക്ക ബന്ധമൊന്നുമില്ല.

കോള്‍ടാര്‍ സ്വേദനം. വ്യാവസായിക പ്രാധാന്യമുള്ള നിരവധി ഉത്പന്നങ്ങളുടെ സ്രോതസ്സാണ് കോള്‍ടാര്‍. കോള്‍ടാറിന്റെ സ്വേദനത്തിലൂടെയാണ് വിവിധ ഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത്. ഇതിനു പലതരം രാസപ്രക്രിയകളുണ്ട്. പ്രക്രിയ മാറുന്നതനുസരിച്ച് ഉത്പന്നങ്ങളുടെ സ്വഭാവത്തിലും ചില മാറ്റങ്ങള്‍ കാണാം. ഏറ്റവും പ്രധാനപ്പെട്ട രാസപ്രക്രിയ ഇനി ചേര്‍ക്കുന്നു.

അസംസ്കൃത കോള്‍ടാറില്‍നിന്ന് അമോണിയ തുടങ്ങിയ അപദ്രവ്യങ്ങള്‍ ആദ്യം നീക്കിയശേഷം പ്രാഥമിക സ്വേദനം നടത്തുന്നു. ഇതിനു 'ടോപ്പിങ്' എന്നു പറയുന്നു. ഉയര്‍ന്ന തിളനിലയും ശ്യാനതയുമുള്ള ടാര്‍ഘടകങ്ങളില്‍ നിന്ന് മിക്ക രാസപദാര്‍ഥങ്ങളും വേര്‍തിരിക്കാന്‍ ഈ പ്രക്രിയവഴി സാധ്യമാണ്. ടോപ്പിങ്ങില്‍ ലഭിക്കുന്ന സ്വേദ(രാസഎണ്ണ)ത്തില്‍ ഫീനോളുകള്‍ (ടാര്‍ അമ്ലങ്ങള്‍), നാഫ്തലിന്‍ (കോള്‍ടാറിലെ ഏറ്റവും പ്രധാനമായ ഘടകം), പ്രാഥമിക ക്ഷാരങ്ങള്‍ (ടാര്‍ബേസുകള്‍) എന്നിവ അടങ്ങിയിരിക്കും. കോള്‍ടാറില്‍ 1.5 മുതല്‍ 3 ശതമാനം വരെ ടാര്‍ അമ്ളങ്ങളുണ്ട്; നാഫ്തലിന്‍ 6 മുതല്‍ 10 ശതമാനം വരെയും.

രാസ എണ്ണയെ ജലീയ ക്ഷാരങ്ങള്‍ ഉപയോഗിച്ചു നിഷ്കര്‍ഷണം ചെയ്ത് ടാര്‍ അമ്ലങ്ങള്‍ വേര്‍തിരിക്കാം. ആദ്യം ജലീയസ്തരത്തെ വിമുക്തമാക്കുന്നു. ഇതിനെ അമ്ലീകരിച്ച് ലായനിയില്‍ നിന്നു ഫീനോളുകള്‍ വേര്‍തിരിക്കാം. അമ്ളീകരണത്തിനു സാധാരണയായി CO2 വാതകത്തെ കുമളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്ന ഫീനോള്‍ മിശ്രിതത്തെ ആംശികസ്വേദനം നടത്തി ഘടകങ്ങളെ (ഉദാ. ഫീനോള്‍, ക്രിസോള്‍) വേര്‍തിരിക്കാം.

ഫീനോള്‍ വിമുക്തമാക്കപ്പെട്ട എണ്ണയിലേക്കു ഖനിജാമ്ലങ്ങളുടെ ജലീയലായനി ചേര്‍ത്ത് ടാര്‍ ക്ഷാരകങ്ങളെ വേര്‍തിരിക്കുന്നു. ടാര്‍ക്ഷാരകങ്ങള്‍ ഖനിജാമ്ലങ്ങളുമായിച്ചേര്‍ന്ന് ജലലേയലവണങ്ങള്‍ ഉണ്ടാക്കുന്നു. ഇവയെ ജലീയക്ഷാരങ്ങള്‍ തളിച്ചു വേര്‍തിരിക്കുന്നു. താഴ്ന്ന തിളനിലയുള്ള ക്ഷാരങ്ങളില്‍ പ്രധാനം ലുട്ടിഡീനുകളായിരിക്കും. ക്യുനോളിന്‍, ഐസോക്യുനോളിന്‍ തുടങ്ങിയവയാണ് ഉയര്‍ന്ന തിളനിലയുള്ള ക്ഷാരകങ്ങളില്‍ പ്രമുഖങ്ങള്‍.

ബീറ്റാപികോളിന്‍, ഗാമാപികോളിന്‍, 2,6 ലൂട്ടിസിന്‍ തുടങ്ങിയവ ഏതാണ്ട് ഒരേ താപനിലയില്‍ തിളയ്ക്കുന്നു. അതിനാല്‍ ഇവയെ ആംശികസ്വേദനംമൂലം വേര്‍തിരിക്കുക സാധ്യമല്ല. 1941-ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ ആംശീകാരകസ്തംഭങ്ങള്‍ (fractional columns) ഉപയോഗിച്ച് ഇവയുടെ വേര്‍തിരിക്കല്‍ സാധ്യമാക്കി. നിക്കോട്ടിനിക് അമ്ലം ഉണ്ടാക്കാനുള്ള മുഖ്യപദാര്‍ഥമെന്ന നിലയില്‍ ബീറ്റാപികോളിന്റെ വേര്‍തിരിക്കല്‍ ഒരു വലിയ സംഭവമായിരുന്നു.

ഉദാസീന അമ്ലങ്ങളുടെ തിളനില കുറഞ്ഞ ഘടകങ്ങള്‍ നല്ല ലായകങ്ങളാണ്. ഇവ ഇന്‍ഡിന്‍, കൗമാറോണ്‍, റെസീനുകള്‍ തുടങ്ങിയ അപൂരിത യൗഗികങ്ങളുടെ ഒരു സ്രോതസ്സുമാണ്. ഈ ഘടകങ്ങള്‍ വേര്‍തിരിച്ചതിനുശേഷമുള്ള ദ്രാവകമാണ് സാധാരണയായി ലായകമായി ഉപയോഗിക്കുന്നത്.

ഉദാസീന എണ്ണകളില്‍ നിന്നു നാഫ്തലിന്‍ വേര്‍തിരിക്കുന്നതിനു ധാരാളം രീതികളുണ്ട്. ഉപയോഗിച്ചുവരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു രീതി സ്വേദനത്തിലൂടെ നാഫ്തലിനെ സാന്ദ്രീകരിക്കുകയെന്നതാണ്. തുടര്‍ന്ന് ക്രിസ്റ്റലീകരിക്കുമ്പോള്‍ നാഫ്തലിന്‍ ക്രിസ്റ്റലുകള്‍ വേര്‍തിരിയുന്നു. ആംശികസ്വേദനത്തിലൂടെയും നാഫ്തലിന്‍ വേര്‍തിരിക്കാം. താലിക് അന്‍ഹൈഡ്രൈഡിന്റെ നിര്‍മാണത്തിനാണ് നാഫ്തലിന്‍ അധികമായി ഉപയോഗിക്കുന്നത്. നാഫ്തലിന്റെ ഉറയല്‍നില 80.3°C ആണ്.

ടോപ്പ്ഡ്ടാര്‍ (cyclic structure) എന്നതു ടോപ്പിങ്ങിലൂടെ സ്വേദം നീക്കം ചെയ്യപ്പെട്ടശേഷം ലഭിക്കുന്ന ഖരവസ്തുവാണ്. റോഡ് ടാര്‍ ചെയ്യാന്‍ ഇത് ഉപയോഗിക്കുന്നു.

ടോപ്പ്ഡ്ടാറില്‍ അടങ്ങിയിരിക്കുന്ന ക്രയോസാട്ട് നിരവധി സംയുക്തങ്ങളുടെ ഒരു മിശ്രിതമാണ്. സൈക്ലികഘടനയുള്ള (cyclic structure) സംയുക്തങ്ങളാണ് മിശ്രിതത്തില്‍ ഏതാണ്ട് എല്ലാംതന്നെ. വിവിധ ഘടകങ്ങള്‍ വേര്‍തിരിക്കാനുള്ള ശ്രമങ്ങള്‍ കാര്യമായി വിജയിച്ചിട്ടില്ല. ക്രയോസാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം (12 മുതല്‍ 14 ശതമാനം വരെ) ഫിനാന്‍ത്രീന്‍ എന്നൊരു പദാര്‍ഥമാണെന്നു തെളിഞ്ഞിട്ടുണ്ട്. തടിയുടെ ഒരു നല്ല സംരക്ഷകവസ്തുവാണ് ക്രയോസാട്ട്. കോള്‍ ടാറില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന, ഔഷധമൂല്യമുള്ള സംയുക്തങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഒരു ക്ഷാരഗുണമുള്ള യൗഗികമാണ് പിരിഡിന്‍ (Pyridine).

കോള്‍ടാര്‍ സംസ്കരണത്തില്‍ ആത്യന്തികമായി ലഭിക്കുന്ന ഖരാവശിഷ്ടമാണ് പീച്ച്. കോള്‍ടാറിന്റെ ഭാരത്തില്‍ പകുതിയോളം പീച്ച് ആയിരിക്കും. 5,000 മുതല്‍ 10,000 വരെ സംയുക്തങ്ങള്‍ കോള്‍ടാറില്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ പകുതിയോളം യൗഗികങ്ങള്‍ പീച്ചില്‍ അടങ്ങിയിട്ടുണ്ടെന്നു കരുതപ്പെടുന്നു. പക്ഷേ അവയുടെ അളവു വളരെ കുറവാണെന്നു മാത്രം. വ്യാവസായികമായി അലുമിനിയം ലോഹം ഉത്പാദിപ്പിക്കുന്നതിന് ഇലക്ട്രോഡുകളുണ്ടാക്കാന്‍ ഉപയോഗിച്ചുവരുന്നു.

കാര്‍ബണ്‍ ഇലക്ട്രോഡുകള്‍, അഗ്നിസഹ-ഇഷ്ടികകള്‍, വാര്‍പ്പുകള്‍ മുതലായവയുടെ നിര്‍മാണത്തിന് പീച്ച് ഉപയോഗിച്ചുവരുന്നു.

കോള്‍ടാറില്‍ നിന്ന് ഔഷധവസ്തുക്കളും വെടിക്കോപ്പുനിര്‍മാണ വസ്തുക്കളും റോഡുനിര്‍മാണ സാമഗ്രികളും മറ്റുമായി നിരവധി സംയുക്തങ്ങള്‍ ഉത്പാദിപ്പിച്ചുവരുന്നു. ഇന്ത്യയിലും കോള്‍ടാര്‍ ഉത്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

(ചുനക്കര ഗോപാലകൃഷ്ണന്‍; ഡോ. പ്രസാദ്. വി. എസ്.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍