This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോളിയസ്

Coleus

ലാമിയേസീ സസ്യകുടുംബത്തില്‍പ്പെടുന്ന അലങ്കാര ഇലച്ചെടികളുടെ പൊതുനാമം. കോളിയസ് ജീനസ്സിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നൂറ്റമ്പതോളം സ്പീഷീസുകളുള്ള കോളിയസിന്റെ ജന്മദേശം ജാവയാണെന്നു കരുതപ്പെടുന്നു.

അലങ്കാര ഇലച്ചെടികള്‍

ജാലകോദ്യാനങ്ങളിലും ഗ്രീന്‍ഹൗസുകളിലും കോളിയസ് പ്രധാനമായും നട്ടുവളര്‍ത്തുന്നത് അതിന്റെ വര്‍ണഭംഗിയുള്ള ഇലകള്‍ക്കുവേണ്ടിയാണ്. എന്നാല്‍ ചിലയിനങ്ങള്‍ പുഷ്പങ്ങള്‍ക്കുവേണ്ടിയും വളര്‍ത്താറുണ്ട്. മഞ്ഞ, ചുവപ്പ്, പച്ച, പിങ്ക്, ഓറഞ്ച്, മെറൂണ്‍, മജന്ത തുടങ്ങി നിരവധി വര്‍ണങ്ങളിലുള്ള ഇനങ്ങളുണ്ട്.

ഓഷധികളോ ചെറിയ കുറ്റിച്ചെടികളോ ആയ കോളിയസുകളില്‍ ഏകവര്‍ഷികളും ബഹുവര്‍ഷികളുമുണ്ട്. കാണ്ഡത്തിന് ചതുരാകൃതിയാണ്. ഇലകള്‍ സമ്മുഖവിന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒറ്റ നിറമുള്ളതോ വരകള്‍പോലെ വിവിധ നിറങ്ങളുള്ളതോ ചെറിയ അടയാളങ്ങളോടുകൂടിയതോ ആയ ഇലകള്‍ ദന്തുരങ്ങളാണ്. 4-20 സെ.മീ. വരെ ഇലകളുടെ വലുപ്പം വ്യത്യാസപ്പെട്ടിരിക്കും. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ചെടികളുടെ ഇലകള്‍ തിളക്കമുള്ളവയായിരിക്കും. എന്നാല്‍ കഠിനമായ വെയിലത്തു നില്ക്കുന്ന ചെടികളുടെ ഇലകള്‍ നിറംമങ്ങിയിരിക്കും. ഇലകളുടെ ഭംഗിക്കുവേണ്ടി നട്ടുവളര്‍ത്തപ്പെടുന്ന ഇനങ്ങള്‍ പുഷ്പിക്കാന്‍ തുടങ്ങുമ്പോള്‍ പുഷ്പപ്രകീലങ്ങള്‍ നുള്ളിക്കളഞ്ഞാല്‍, ധാരാളം ശാഖോപശാഖകളോടെ ചെടികള്‍ വളര്‍ന്നുവരും.

അനിശ്ചിത പുഷ്പമഞ്ജരിയായോ അഗ്രറസീം ആയോ ഉണ്ടാകുന്ന പുഷ്പമഞ്ജരിയില്‍ നീലയോ മാന്തളിര്‍വര്‍ണമോ ഉള്ള പുഷ്പങ്ങള്‍ ആയിരിക്കും. പുഷ്പങ്ങള്‍ക്ക് അഞ്ചു ബാഹ്യദളങ്ങളും ദ്വിലേബീയ ദളങ്ങളും 4 ദ്വിദ്വീര്‍ഘകേസരങ്ങളുമുണ്ട്. നാലു കേസരതന്തുക്കളും യോജിച്ച് ട്യൂബുപോലെയായിരിക്കുന്നു. അണ്ഡാശയത്തിന് നാല് അറകളുണ്ട്. വര്‍ത്തികാഗ്രം രണ്ടായി പിളര്‍ന്നിരിക്കുന്നു. ധാരാളം ചെറിയ വിത്തുകളുണ്ട്.

മൂന്നോ നാലോ മുട്ടുകളടങ്ങിയ ചെടിത്തണ്ടുകള്‍ മുറിച്ചു നട്ട് പുതിയ ചെടികളുത്പാദിപ്പിക്കുന്നു. വിത്തുകള്‍ പാകിയും തൈകളുണ്ടാക്കുന്നു. ചിലയിനം കോളിയസുകളില്‍ ഉരുളക്കിഴങ്ങുപോലെ കിഴങ്ങ് ഉണ്ടാകാറുണ്ട്. ഇവ ഭക്ഷ്യയോഗ്യമാണ്. ക്ലോ. ബ്ലൂമി, കോ. ഹൈബ്രിഡസ്, കോ. ത്രിസോയ്ഡിയസ്, കോ. പ്യൂമിലസ്, കോ. വെര്‍ച്ചാഫെല്‍റ്റി എന്നിവയാണ് കോളിയസിന്റെ ചില പ്രധാന ഇനങ്ങള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍