This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളാമ്പിച്ചെടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോളാമ്പിച്ചെടി

കോളാമ്പിച്ചെടി

അപ്പോസൈനേസി (Apocyanaceae) സസ്യകുടുംബത്തില്‍പ്പെട്ട ഒരു ഉദ്യാനസസ്യം. തുപ്പാനുപയോഗിക്കുന്ന പാത്രമായ കോളാമ്പിയുടെ ആകൃതിയുള്ള പുഷ്പങ്ങളായതുകൊണ്ടാവാം ഇവയ്ക്ക് കോളാമ്പിച്ചെടി എന്ന പേരു ലഭിച്ചത്. അലമാന്‍ഡ (Allamanda) ജീനസ്സില്‍പ്പെടുന്ന ഇതിന് രണ്ടു സ്പീഷീസുകളുണ്ട്; അലമാന്‍ഡ കതാര്‍ട്ടിക്ക (Allamanda cathartica)യും അലമാന്‍ഡ നെരിഫോളിയ (Allamanda nerifolia)യും. ആദ്യത്തെ സ്പീഷീസ് പടര്‍ന്നു വളരുന്നയിനവും രണ്ടാമത്തേത് കുറ്റിച്ചെടിയുമാണ്. കോളാമ്പിച്ചെടിയുടെ ജന്മദേശം തെക്കേ അമേരിക്കയാണെന്നു കരുതപ്പെടുന്നു. കേരളത്തില്‍ ഇവ ധാരാളമായി കാണപ്പെടുന്നുണ്ട്. കടുംപച്ച നിറമുള്ള ചെറിയ ഇലകളാണിവയ്ക്കുള്ളത്. തളിരിലകള്‍ക്ക് വൃത്താകാരമാണ്. ഇവയുടെ പുറവശം പച്ച നിറവും അടിവശം ഇളം തവിട്ടുനിറവുമാണ്. മൂപ്പെത്തുമ്പോള്‍ ഇലകള്‍ക്ക് കടുംപച്ച നിറമാകുന്നു. ഒരു മുട്ടില്‍ രണ്ടോ നാലോ ഇലകളുണ്ടായിരിക്കും. വീതി കുറഞ്ഞ ഇലകള്‍ക്ക് നാലിഞ്ചോളം നീളംവരും.

കേരളത്തിലെ കാലാവസ്ഥയില്‍ കോളാമ്പിച്ചെടി പലയിടങ്ങളിലും നന്നായി വളരുന്നു. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ പുഷ്പങ്ങളുണ്ടാകുന്നത്. ശാഖാഗ്രങ്ങളിലെ ചെറിയ ശാഖകളിലാണ് പുഷ്പങ്ങളുണ്ടാവുക. വിടരുന്നത് ഒന്നിലധികം മൊട്ടുകള്‍ ഒന്നിച്ചാണ്. മൊട്ടുകള്‍ക്ക് നല്ല നീളമുണ്ടായിരിക്കും.

മഞ്ഞനിറമുള്ള ഈ പുഷ്പങ്ങള്‍ക്ക് സുഗന്ധമില്ല. പുഷ്പങ്ങള്‍ക്ക് അഞ്ച് ബാഹ്യദളങ്ങളുണ്ട്. ഇവ നീളംകൂടി വണ്ണം കുറഞ്ഞിരിക്കുന്നു. ദളങ്ങള്‍ യോജിച്ച് കോളാമ്പിയുടെ ആകൃതിയാവുന്നു. ഇവയുടെ അഗ്രഭാഗം സ്വതന്ത്രമായിരിക്കും. കടുംമഞ്ഞ നിറമുള്ള സിരകളും ദളങ്ങളില്‍ കാണപ്പെടുന്നു. അഞ്ച് കേസരങ്ങളുണ്ട്. കേസരതന്തുക്കള്‍ ദളങ്ങളോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു. കേസരങ്ങള്‍ക്കിടയില്‍ ലോമങ്ങളുണ്ട്. ഇവയില്‍ ഒരു ജനി മാത്രമേ കാണാറുള്ളൂ. അണ്ഡാശയം ഉയര്‍ന്നിരിക്കുന്നതും ഒറ്റ അറ മാത്രമുള്ളതുമാണ്.

ഇലകളിലും തണ്ടിലും വെളുത്ത കറയുണ്ട്. ഇതിനാലാവാം ഈ ചെടിക്ക് കാര്യമായ രോഗ-കീട ബാധകളൊന്നുംതന്നെ ഉണ്ടാകാത്തത്. വളര്‍ന്നു കഴിഞ്ഞാല്‍ പ്രത്യേകിച്ച് യാതൊരു ശ്രദ്ധയും കൂടാതെതന്നെ ഈ ചെടി വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്നു. മൂന്നോ നാലോ മുട്ടുകളുള്ള മൂപ്പെത്തിയ തണ്ട് മുറിച്ചുനട്ടാണ് പ്രജനനം നടത്താറുള്ളത്. ഒരു അലങ്കാരസസ്യമായും വേലിപ്പടര്‍പ്പിനുവേണ്ടിയും ഈ ചെടി വളര്‍ത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍