This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോളറ

Cholera

ശക്തിയായ വയറിളക്കം, ഛര്‍ദി എന്നീ ലക്ഷണങ്ങളുള്ള ഒരു സാംക്രമികരോഗം. വിഷൂചിക എന്നും പേരുണ്ട്. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് കോളറരോഗത്തിനു ഹേതു.

1883-ല്‍ ഈജിപ്തില്‍ കോളറബാധയുണ്ടായപ്പോഴാണ് ഇതിനു കാരണമായ ബാക്റ്റീരിയത്തെ കണ്ടെത്താന്‍ സാധ്യമായത്. റോബര്‍ട്ട് കോഹ് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് കോളറ അണുജീവിയെ (വിബ്രിയോ കോളറേ) കണ്ടുപിടിച്ചത് (1883). അത്യധികം ചലനശേഷിയുള്ള ഒരു ബാസിലസാണ് വിബ്രിയോ കോളറേ. ഇതിനു അല്പവിരാമ ചിഹ്ന(,)ത്തിന്റെ ആകൃതിയാണ്. വ്യക്തികളില്‍ നിന്നു വ്യക്തികളിലേക്കു നേരിട്ടോ ഭക്ഷണപാനീയങ്ങളിലൂടെയോ രോഗാണു നിറഞ്ഞ മറ്റു വസ്തുക്കളിലൂടെയോ അതിവേഗം ഇത് പടര്‍ന്നു പിടിക്കുന്നു. പെട്ടെന്നു വളര്‍ന്നു പെരുകാനുള്ള കഴിവ് ഈ രോഗാണുക്കള്‍ക്കുണ്ടെങ്കിലും ചെറിയ പ്രതികൂലാവസ്ഥയെപ്പോലും നേരിടാന്‍ ഇവയ്ക്കാവില്ല; പെട്ടെന്നു നശിച്ചുപോകും.

മനുഷ്യമലത്തിലും വെള്ളത്തിലും ജീവിക്കുന്ന വിബ്രിയോകോളറേ ഉത്പാദിപ്പിക്കുന്ന പ്രതിവിഷമാണ് രോഗാവസ്ഥയുണ്ടാക്കുന്നത്. ശരീരകലകളില്‍ നിന്നു ദ്രാവകം ആമാശയത്തില്‍ ഊറിക്കൂടി ശരീരത്തിന്റെ ലവണ സന്തുലനം നശിപ്പിക്കാനുള്ള കഴിവ് ഈ പ്രതിവിഷത്തിനുണ്ട്. മഗ്നീഷ്യം സള്‍ഫേറ്റ് കൂടുതലായ അളവില്‍ കഴിക്കാനിടയാക്കുന്ന ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന അതേ സ്ഥിതിവിശേഷമാണ് ഇവിടെയും സംഭവിക്കുന്നത്. ഈ വിഷം ആമാശയം ഒഴിച്ച് ശരീരത്തിലെ മറ്റൊരു അവയവത്തെയും ബാധിക്കുകയില്ല. മാത്രമല്ല, വിബ്രിയോ കോളറേ ആമാശയത്തിന്റെ ശ്ളേഷ്മസ്തരം ഭേദിച്ചു കടക്കാറുമില്ല.

ഈ ബാക്റ്റീരിയ 2 തരത്തിലുണ്ട്. ക്ളാസ്സിക്കലും. എല്‍ടോറും

ക്ലാസ്സിക്കല്‍. പണ്ട് ലോകത്താകമാനം മരണത്തിനിടയാക്കിയ, രോഗതീവ്രത കൂടിയ ഈ കോളറ അണു ഇപ്പോള്‍ വളരെ അപൂര്‍വമാണ്.

എല്‍ടോര്‍. 1960-കള്‍ക്കുശേഷം പ്രത്യക്ഷപ്പെട്ട 'എല്‍ടോര്‍' ആണ് ഇപ്പോള്‍ സാധാരണ കാണുന്ന ബയോടൈപ്പ്. ഈജിപ്തില്‍ എല്‍ടോര്‍ എന്ന സ്ഥലത്ത് മക്കയില്‍നിന്ന് മടങ്ങിയ ഹജ്ജ് തീര്‍ഥാടകരിലാണ് ഇതാദ്യം കണ്ടെത്തിയത്.

എല്‍ടോര്‍ ഉണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ ക്ലാസ്സിക്കലിന്റേതു പോലെ തീവ്രമല്ല. രോഗാണുബാധയുണ്ടായാലും ഉദ്ദേശം 100 പേരില്‍ 2 പേര്‍ക്കുമാത്രമേ തീവ്രമായ വയറിളക്കമുണണ്ടാവുകയുള്ളൂ. തീരെ രോഗലക്ഷണമില്ലാത്ത 'രോഗാണുവാഹകരുടെ' മലത്തിലൂടെ കോളറ അണുക്കള്‍ പുറത്തുവരികയും കൂടുതല്‍ ആളുകളിലേക്ക് പടരുകയും ചെയ്യും. കൂടാതെ, എല്‍ടോര്‍ അണുക്കള്‍ മനുഷ്യര്‍ക്കു പുറമേ ക്ഷാരഗുണമുള്ള പരിസ്ഥിതിയിലും (മണ്ണ്, വെള്ളം) കടല്‍ ജലത്തിലും താപനില ഉയര്‍ന്ന വെള്ളത്തിലും കൂടുതല്‍ നാള്‍ ജീവിക്കും. അതിനാല്‍ ആഗോള താപനം(global warming)മൂലം കോളറ അണുക്കളുടെ എണ്ണം കൂടുന്നതിന് സാധ്യതയുണ്ട്.

ക്ലാസ്സിക്കല്‍, എല്‍ടോര്‍ എന്നിവയെക്കൂടാതെ 1992-ല്‍ തമിഴ്നാട്ടില്‍ പുതിയതായി കണ്ടെത്തിയ ഒ 139 എന്ന ഭീകര കോളറ ബാക്റ്റീരിയയും ഇപ്പോള്‍ ഉണ്ട്.

രോഗലക്ഷണങ്ങള്‍. കോളറ അണുക്കളുടെ ഊഷ്മായനകാലം അഞ്ചുമണിക്കൂര്‍ മുതല്‍ മൂന്നുദിവസം വരെയാണ്. രോഗം പൊടുന്നനെയാണ് ആരംഭിക്കുക. വേദനയില്ലാതെ ശക്തിയായി വയറിളകാന്‍ തുടങ്ങും. മലം ഒഴിഞ്ഞു കഴിഞ്ഞാല്‍ ചാരനിറത്തില്‍ വെള്ളംപോലെ വയറ്റില്‍ നിന്നുപോകും. ഇതില്‍ ശ്ലേഷ്മകലകളും അടര്‍ന്നു കിടക്കുന്നുണ്ടാകും. വയറിളക്കത്തെ തുടര്‍ന്ന് ഛര്‍ദി ആരംഭിക്കുന്നു. ഓക്കാനമോ പ്രയാസമോ ഒന്നുമില്ലാത്ത ഈ ഛര്‍ദിയും ധാരമുറിയാത്ത വയറിളക്കവുംമൂലം രോഗിയില്‍ നിര്‍ജലാവസ്ഥയുണ്ടാകുന്നു. ഇതോടൊപ്പം പെരിഫെറല്‍ ചംക്രമണവ്യവസ്ഥ കുഴപ്പത്തിലാക്കുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്യും. രക്തചംക്രമണം നിലയ്ക്കുന്നതുമൂലമാണ് സാധാരണഗതിയില്‍ മരണം സംഭവിക്കുന്നത്. നാഡിമിടിപ്പു ദ്രുതതരമാകും. ത്വക്കിന്റെ ഊഷ്മാവ് കുറയുകയും ഗുദത്തിലെ ഊഷ്മാവ് കൂടുകയും ചെയ്യും. രക്തസമ്മര്‍ദം കുറയുന്നു. ശ്വാസഗതി വര്‍ധിക്കുന്നു. ഛര്‍ദി, വയറിളക്കം എന്നിവകൊണ്ട് ലവണങ്ങള്‍ നഷ്ടപ്പെടുന്നതിനാല്‍ പേശി കോച്ചിപ്പിടിക്കുന്നു. കാലിലെ പേശിയെയാണ് ഇത് അധികവും ബാധിക്കുക. ത്വക്കിന്റെ ഇലാസ്തികത നഷ്ടപ്പെടുകയും തൊലി അയഞ്ഞു ചുളിഞ്ഞുപോവുകയും ചെയ്യുന്നു. കവിളുകള്‍ കുഴിഞ്ഞ്, വയറൊട്ടി, രോഗി അത്യധികം അവശനിലയിലായിരിക്കുമെങ്കിലും അയാളുടെ മാനസികനിലയ്ക്ക് യാതൊരു മാന്ദ്യവും ഉണ്ടാവുകയില്ല. രോഗിയുടെ ശബ്ദം നേര്‍ത്ത് കേള്‍ക്കാന്‍തന്നെ പ്രയാസമുള്ളതായി തീരാറുണ്ട്. കോളറയുടെ ഒപ്പംതന്നെ ന്യുമോണിയയും മൂത്രതടസ്സവും ഉണ്ടാകാറുണ്ട്. രക്തത്തില്‍ യൂറിയയുടെ അളവു വര്‍ധിക്കുന്നു. ഈ കാരണങ്ങളാലും മരണം സംഭവിക്കാറുണ്ട്.

ഭക്ഷ്യവിഷബാധ, മറ്റു ബാക്റ്റീരിയമൂലമുണ്ടാകുന്ന ഉദരരോഗം എന്നിവയ്ക്കു തുല്യമാണ് കോളറയുടെ മിക്ക ലക്ഷണങ്ങളും. മലമ്പനി പിടിപെടുമ്പോഴുണ്ടാകാറുള്ള ഉദരരോഗവും തളര്‍ച്ചയും കോളറയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വേദനയും ഓക്കാനവും ഇല്ല എന്നതാണ് കോളറ തിരിച്ചറിയുന്നതിനുള്ള പ്രത്യക്ഷ ലക്ഷണം. ശരിയായ ചികിത്സാ സൌകര്യങ്ങളില്ലാത്ത സാഹചര്യത്തില്‍ നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗബാധിതരില്‍ 70 ശതമാനവും മരണമടയും. ശരിയായ ചികിത്സ നടത്തുന്നപക്ഷം പെട്ടെന്നുതന്നെ രോഗശാന്തിയുണ്ടാകുന്നതാണ്; മരണവും വിരളമായിരിക്കും. ഉദരരോഗ ലക്ഷണങ്ങള്‍ കാണുമ്പോള്‍ അത് കോളറയാണോ എന്നു പരിശോധിക്കുകയാണു സുരക്ഷിതമാര്‍ഗം. പകര്‍ച്ചവ്യാധിപ്രദേശത്തു നിന്നു വന്നയാളാണ് രോഗിയെങ്കില്‍ ഇത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. അതിവിദൂരമായ ഒരു സ്ഥലത്തുനിന്നു കോളറ പിടിപെടാനും വളരെ ദൂരത്തുള്ള മറ്റൊരു പ്രദേശത്തുവച്ച് രോഗലക്ഷണങ്ങള്‍ കാണിക്കാനുമിടയുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ മലം പരിശോധിച്ച് ബാക്റ്റീരിയയെ കണ്ടെത്തി രോഗം ഉറപ്പുവരുത്തേണ്ടതാണ്. മരണം സംഭവിച്ചില്ലെങ്കില്‍ 7 ദിവസംകൊണ്ട് രോഗത്തിനു കുറവുണ്ടാകും. ശരീരത്തിന്റെ നിര്‍ജലാവസ്ഥ പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ജലവും സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും ഛര്‍ദിയിലൂടെയും വയറിളക്കത്തിലൂടെയും നഷ്ടപ്പെട്ടുപോകുന്നതുകൊണ്ട് ഞരമ്പില്‍ക്കൂടി ലവണങ്ങള്‍ അടങ്ങിയ ദ്രാവകം രോഗിക്കു നല്കേണ്ടതാണ്. മിനിട്ടില്‍ 50 മുതല്‍ 100 വരെ മില്ലിലിറ്റര്‍ ലവണദ്രാവകം കൊടുക്കേണ്ടതുണ്ട്. നാഡിമിടിപ്പ് സാധാരണഗതിയിലാകുന്നതുവരെ ലവണദ്രാവകം കൊടുത്തുകൊണ്ടിരിക്കണം. പിന്നീട് ശരീരത്തില്‍നിന്നു പുറത്തുപോകുന്ന ദ്രാവകത്തിന്റെയും മലത്തിന്റെയും അളവിനു തുല്യമായ തോതില്‍ ലവണജലം നല്‍കണം. ഏറ്റവും ഭയപ്പെടേണ്ടതു നിര്‍ജലാവസ്ഥയാണ്. രോഗം ഗുരുതരാവസ്ഥയിലാകുമ്പോള്‍ ആദ്യത്തെ ഏതാനും മണിക്കൂറില്‍ മണിക്കൂറൊന്നിന് 1 ലിറ്റര്‍ എന്ന തോതില്‍ ദ്രാവകം ശരീരത്തില്‍ നിന്നു നഷ്ടപ്പെടാറുണ്ട്. ആവശ്യമായ തരത്തില്‍ ദ്രാവകം നല്കാത്തപക്ഷം വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുകയും മരണം സംഭവിക്കുകയും ചെയ്യും. ദ്രാവകനില പുനഃസ്ഥാപിക്കുന്നതോടൊപ്പം ടെട്രാസൈക്ളിന്‍ പോലെ ഫലവത്തായ ആന്റിബയോട്ടിക്കുകള്‍ നല്‍കി കോളറ ബാസിലകളെ നശിപ്പിക്കേണ്ടതുണ്ട്.

രോഗാവസ്ഥയില്‍ മരുന്നിനോടൊപ്പം ശുശ്രൂഷയ്ക്കും പ്രാധാന്യമുണ്ട്. തണുപ്പു തട്ടാത്തതരത്തില്‍ രോഗിയെ കിടത്തണം. മലവിസര്‍ജനത്തിനുപോലും രോഗിയെ ആയാസപ്പെടുത്തരുത്. വൃത്തിഹീനമായ തുണികളും മറ്റും ഉടനുടന്‍ അണുവിമുക്തമാക്കണം. വിസര്‍ജ്യവസ്തുക്കള്‍ നശിപ്പിച്ചുകളയണം. രോഗവിമുക്തി നേടിയശേഷം രണ്ടാഴ്ചയെങ്കിലും പരിപൂര്‍ണവിശ്രമം എടുക്കണം. രോഗവിമുക്തി നേടിയ 5 ശതമാനം പേരുടെ പിത്തകോശത്തില്‍ കോളറാബാക്റ്റീരിയ ധാരാളം ഉണ്ടാവും. എന്നാല്‍ ഇവരിലൂടെ രോഗം പകരുമെന്ന് തെളിഞ്ഞിട്ടില്ല.

രോഗിയുടെ മലത്തിലൂടെ വിസര്‍ജിക്കപ്പെടുന്ന അണുക്കള്‍ വെള്ളം, ഭക്ഷണം വഴിയോ നേരിട്ടോ മറ്റൊരാളിന്റെ വയറ്റില്‍ പ്രവേശിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. 'സാനിട്ടറി കക്കൂസു'കളിലല്ലാതെ മലവിസര്‍ജനം ചെയ്യപ്പെടുമ്പോഴോ രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍ കഴുകുന്നതുമൂലമോ കിണര്‍, കുളം, തോടുകള്‍, പുഴകള്‍ ഇവയിലെ ജലം മലിനീകരിക്കപ്പെടുമ്പോഴോ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ വൃത്തിയായി കഴുകാതെ ഉപയോഗിക്കുമ്പോഴോ മലിനമായ വെള്ളത്തില്‍ കഴുകുമ്പോഴോ ശരിയായി വേവിക്കാത്തതോ പഴകിയതോ ആയ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുമ്പോഴോ കോളറ ഉണ്ടാകാം. സാധാരണ ജലദൌര്‍ഭ്യതയുള്ള വേനല്‍ക്കാലങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്ന മഴക്കാലത്തും കോളറ പടരാന്‍ സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങളുണ്ടാകാന്‍ 'ഒരു കോടിയിലധികം' രോഗാണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ചിരിക്കണം എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഉള്ളിലെത്തിയ അണുക്കളുടെ എണ്ണത്തിനനുസരിച്ച് രോഗതീവ്രത കൂടാം. രോഗാണു ശരീരത്തിലെത്തിയാല്‍ പരമാവധി 5 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നു. ഇന്ത്യയിലും പാകിസ്താനിലും ബംഗ്ളാദേശിലും ഈ രോഗം ഇടവിട്ടു പടര്‍ന്നുപിടിച്ചിട്ടുണ്ട്. 19-ാം ശതകത്തിലെ ഭയങ്കരമായ കോളറ ആക്രമണം അതിശൈത്യമുള്ള രാജ്യങ്ങളെ മാത്രമേ ബാധിക്കാതെയിരുന്നുള്ളൂ.

ബി.സി. 5-ാം ശതകത്തില്‍ ആഥന്‍സില്‍ പടര്‍ന്നുപിടിച്ച കോളറയുടെ ഭീകരതയെക്കുറിച്ച് തൂസിഡിഡെസ് വിവരിക്കുന്നുണ്ട്. 1503 കാലത്ത് കോഴിക്കോട്ടെ സാമൂതിരിയുടെ പട്ടാളക്കാരില്‍ 20,000 പേര്‍ കോളറ ബാധിച്ചാണ് മരണമടഞ്ഞത്. ഗാസ്ചര്‍ കൊറിയ എന്ന പോര്‍ച്ചുഗീസുകാരന്റെ ലെന്‍ഡാസ് ദ് ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. 1543-ല്‍ ഗോവയിലുണ്ടായ കോളറബാധയെപ്പറ്റിയും അദ്ദേഹംതന്നെ വിവരിക്കുന്നുണ്ട്. തുടര്‍ന്ന് 1609-ല്‍ മധുരയിലും 1629-ല്‍ ജക്കാര്‍ത്തയിലും 1638-ല്‍ ഗോവയിലും 1678-ല്‍ സൂററ്റിലും കോളറ ബാധിച്ചു. 1783-ല്‍ ഹരിദ്വാറില്‍ പടര്‍ന്നുപിടിച്ച കോളറ എട്ടുദിവസംകൊണ്ട് 20,000 തീര്‍ഥാടകരുടെ ജീവന്‍ അപഹരിച്ചു. ബംഗാളില്‍നിന്നാണ് മിക്കപ്പോഴും കോളറ ആരംഭിക്കുക എന്നതു വിചിത്രമായ സംഗതിയായി അവശേഷിക്കുന്നു. കൊല്‍ക്കത്തയിലെ ശുചിത്വക്കുറവാകാം ഇതിനു കാരണമെന്നു കരുതപ്പെടുന്നു. ഉഷ്ണകാലങ്ങളില്‍ കോളറബാധയുണ്ടാകാറില്ല. മഴക്കാലം തുടങ്ങുന്നതോടെ കോളറ പ്രത്യക്ഷപ്പെടുന്നു.

19-ാം ശതകത്തിന്റെ ആദ്യനാളുകളില്‍ കോളറ ഇന്ത്യ, അഫ്ഗാനിസ്താന്‍, പേര്‍ഷ്യവഴി ദക്ഷിണ റഷ്യയിലേക്കും പിന്നീട് യൂറോപ്പൊട്ടാകെയും അതിനുശേഷം കപ്പല്‍യാത്രക്കാരിലൂടെ അത്ലാന്തിക്കു വഴി അമേരിക്കയിലേക്കും ഏദന്‍വഴി മെക്കയിലേക്കും പിന്നീട് ഈജിപ്ത്, വടക്കേ ആഫ്രിക്ക, സ്പെയിന്‍ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. കപ്പല്‍യാത്രക്കാരിലൂടെ കോളറ ചൈനയിലേക്കും പടര്‍ന്നു. 1826 മുതല്‍ അഞ്ചുവര്‍ഷംകൊണ്ട് ഇന്ത്യയില്‍ നിന്ന് ജര്‍മനി, സ്കോട്ട്ലന്‍ഡ്, ഇംഗ്ളണ്ട് എന്നിവിടങ്ങളില്‍ കോളറ ബാധിച്ചു. 1832-ല്‍ കോളറ കാനഡയില്‍ കാണപ്പെട്ടു. തുടര്‍ന്ന് അമേരിക്ക മുഴുവന്‍ ഈ രോഗം വ്യാപിച്ചു. 1838 വരെ ഇതു നിര്‍മാര്‍ജനം ചെയ്യാന്‍ കഴിഞ്ഞില്ല. റെയില്‍ ഗതാഗതവും ആവിക്കപ്പലും മറ്റു യാത്രാസൌകര്യങ്ങളും വികസിച്ചതോടെ 1892-ലെ കിഴക്കന്‍ ബംഗാളിലുണ്ടായ സംക്രമണം പശ്ചിമയൂറോപ്പിലെത്താന്‍ നാലുമാസമേ വേണ്ടിവന്നുള്ളൂ. 1840 മുതല്‍ 49 വരെ ലോകത്തെ മുഴുവന്‍ ആക്രമിച്ച കോളറ ദുരന്തത്തിലെ മരണനിരക്ക് സീമാതീതമായിരുന്നു. റഷ്യയില്‍ മാത്രം 10 ലക്ഷം പേരും ഗ്രേറ്റ് ബ്രിട്ടനില്‍ 53,000 പേരും മരണമടഞ്ഞു. 1886 ആയതോടെ പശ്ചിമാര്‍ധഗോളത്തില്‍ കോളറ നിയന്ത്രണാധീനമായി. 1900-നുശേഷം കോളറമൂലമുള്ള മരണം ഇന്ത്യയില്‍ കുറഞ്ഞുതുടങ്ങി. ശുചിത്വത്തിലുള്ള ശ്രദ്ധയും പ്രതിരോധ കുത്തിവയ്പിന്റെ പ്രചാരവും ഇതിനു വഴിതെളിച്ചു. 2010 ഒക്ടോബറില്‍ ഹെയ്തിയില്‍ രണ്ടായിരത്തി അറുന്നൂറോളം പേര്‍ക്ക് കോളറ ബാധിച്ചതില്‍ ഇരുന്നൂറോളം പേര്‍ മരണമടഞ്ഞു.

പരിസരശുദ്ധിയുടെ കാര്യത്തില്‍ നിഷ്കര്‍ഷത പാലിക്കുന്ന രാജ്യങ്ങളില്‍ കോളറ സാധാരണനിലയില്‍ ഉണ്ടാകാറില്ല; ഉണ്ടായാല്‍ത്തന്നെ പടര്‍ന്നുപിടിക്കാറുമില്ല. ശുദ്ധജലവിതരണവും പരിസര ശുചീകരണവും വേണ്ടപോലെ നടപ്പാക്കാന്‍ കഴിയാത്ത ദരിദ്രരാജ്യങ്ങളില്‍ കോളറ അതിവേഗം പടര്‍ന്നുപിടിക്കാറുണ്ട്. ഈ രാജ്യങ്ങളില്‍ കോളറബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തുന്നു. യു.എസ്. തുടങ്ങിയ വികസിതരാജ്യങ്ങളില്‍ കോളറ ഒരു മഹാമാരിയായി കണക്കാക്കപ്പെടുന്നില്ല. അവിടെ വന്നുചേരുന്നവര്‍ കോളറയ്ക്കെതിരായി കുത്തിവയ്പ്പെടുത്തിരിക്കണമെന്ന നിര്‍ബന്ധവും ഇപ്പോഴില്ല. പിടിപ്പെട്ടാല്‍ത്തന്നെ പെട്ടെന്ന് രോഗം നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8B%E0%B4%B3%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍