This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളമ്പിഫോര്‍മിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോളമ്പിഫോര്‍മിസ്

Columbiformes

പക്ഷികളുടെ ഒരു ഗോത്രം. പ്രാവുകളും അവയോട് സാദൃശ്യമുള്ള മറ്റു പക്ഷികളുമാണ് ഈ ഗോത്രത്തിലെ പ്രമുഖ അംഗങ്ങള്‍. 'കോളംബിഫോം' എന്നതിന് 'പ്രാവുകളെപ്പോലുള്ളവ' എന്നാണര്‍ഥം. ഈ പക്ഷിഗോത്രത്തില്‍ കൊളംബിഡേ, റാഫിഡേ എന്നീ രണ്ടു കുടുംബങ്ങളാണുള്ളത്. ആദ്യകാലങ്ങളില്‍ പ്ടീറോക്ലിഡേ എന്ന കുടുംബത്തിനെയും ഈ ഗോത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന പഠനങ്ങളുടെ ഫലമായി പ്ടീറോക്ലിഡേ കുടുംബത്തെ പ്ടീറോക്ലിഡിഫോര്‍മിസ് എന്ന ഗോത്രത്തില്‍ ഉള്‍പ്പെടുത്തുകയുണ്ടായി.

ചിത്രം:Pg250scree05.png‎

ഡോഡോ പക്ഷിയുടെ മാതൃക

ഏറ്റവും വലിയ കുടുംബമായ കോളംബിഡെയിലാണ് പ്രാവുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 313 ഓളം സ്പീഷീസുകളുണ്ട്. ഇവയില്‍ 28 സ്പീഷീസ് ഇന്ത്യയില്‍ കണ്ടുവരുന്നു. പ്രാവുകള്‍ക്ക് ആഗോളവ്യാപകത്വം ഉണ്ടെങ്കിലും ഉഷ്ണമേഖലാപ്രദേശങ്ങളിലാണിവ കൂടുതലായും കാണപ്പെടുന്നത്. ധ്രുവപ്രദേശങ്ങളിലും സമുദ്രങ്ങളിലുള്ള ദ്വീപുകളിലും ഇവ അപൂര്‍വമാണ്. ഇവയുടെ ഉദ്ഭവകേന്ദ്രമെന്നു വിശേഷിപ്പിക്കപ്പെടാവുന്ന ആസ്റ്റ്രലേഷ്യന്‍ പ്രദേശങ്ങളില്‍ ഇന്നും ഇവ യഥേഷ്ടം കാണപ്പെടുന്നു. അനാദികാലം മുതല്‍ക്കേ മനുഷ്യരുമായി ബന്ധപ്പെട്ട ഒരു പക്ഷിവര്‍ഗം കൂടിയാണിവ. ഇണക്കി വളര്‍ത്തപ്പെടുന്ന ഇനങ്ങളുമുണ്ട്. 30 ഗ്രാം ഭാരമുള്ള ആസ്റ്റ്രേലിയന്‍ ഡയമണ്ട് പ്രാവ് മുതല്‍ 3 ഗ്രാം ഭാരമുള്ള വിക്ടോറിയ ക്രൗണ്‍ഡ് പ്രാവുവരെ ഈ കുടുംബത്തില്‍ ഉള്‍പ്പെടുന്നു. കൊളംബ, ലിവിയ, സ്ട്രെപ്ടോപേലിയ, റൈസോറിയ തുടങ്ങിയ ഇനങ്ങള്‍ വളര്‍ത്തുപക്ഷികളാണ്. മറ്റു പക്ഷികളെപ്പോലെ തല ചരിച്ചുപിടിക്കാതെതന്നെ വെള്ളം വലിച്ചുകുടിക്കാന്‍ സഹായിക്കുന്ന സവിശേഷവത്കൃത ക്കൊക്കുകള്‍, കുഞ്ഞുങ്ങളെ പാലൂട്ടി (pigeon's milk) വളര്‍ത്താനുള്ള കഴിവ് എന്നിവ ഈ ഗോത്രത്തിലെ പക്ഷികളുടെ സവിശേഷതകളാണ്. ശത്രുക്കളില്‍ നിന്നു രക്ഷനേടാനായി പ്രത്യേകമാര്‍ഗമാണ് പ്രാവുകള്‍ അവലംബിക്കുന്നത്. ഇവയുടെ തൂവലുകള്‍ ശരീരത്തോട് വളരെ മൃദുവായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ശത്രുക്കളുടെ പിടിയില്‍ അകപ്പെട്ടാല്‍ ഇവ വളരെയധികം തൂവലുകള്‍ ഒരുമിച്ചു കൊഴിച്ചുകളയുന്നു. അങ്ങനെ ശത്രുവിന്റെ വായ്ക്കുള്ളില്‍ തൂവലുകള്‍ മാത്രം അവശേഷിപ്പിച്ച് ശരീരത്തില്‍ കടിയേല്‍ക്കാതെ രക്ഷപ്പെടുകയാണ് പ്രാവുകള്‍ ചെയ്യുന്നത്. കോളമ്പിഫോര്‍മിസ് ഗോത്രത്തിലെ റാഫിഡേ കുടുംബത്തിലെ അംഗങ്ങള്‍ 17-ഉം 18-ഉം ശതകങ്ങളോടെ മൊത്തമായി വംശനാശം സംഭവിച്ചുപോയവയാണ്. റാഫസ് കാല്‍കുലേറ്റസ് എന്ന ശാസ്ത്രനാമമുള്ള ഡോഡോ പക്ഷിയായിരുന്നു ഇവയില്‍ പ്രധാനം. പറക്കാന്‍ കഴിവില്ലാതിരുന്ന ഇവ പ്രാവിനോട് ആകാരസാദൃശ്യമുണ്ടായിരുന്ന വന്‍പക്ഷികളായിരുന്നു. റാഫിഡേ കുടുംബാംഗങ്ങള്‍ മഡഗാസ്കറിനു സമീപത്തായുള്ള ആഫ്രിക്കന്‍ തീരത്തെ ചെറിയ ദ്വീപുകളിലാണ് വസിച്ചിരുന്നത്. 1598-ല്‍ മൗറീഷ്യസിലാണ് ആദ്യമായി ഡോഡോ പക്ഷിയെ കണ്ടെത്തിയത്. 1681 വരെ അവ അവിടെ സുലഭമായിരുന്നു. ഡോഡോയുടെ മറ്റൊരിനം ചില ദ്വീപുകളില്‍ 1699 വരെ ജീവിച്ചിരുന്നു. സ്വാദേറിയ ഇറച്ചിയുള്ള ഇവ ക്രൂരമായി വേട്ടയാടപ്പെടുകയും അവസാനം ഈ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാകുകയാണുണ്ടായതെന്നു കരുതപ്പെടുന്നു. നോ. പ്രാവുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍